ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 2019 ഏപ്രിൽ 28 മുതൽ മേയ് 7 വരെ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങുകൾക്കു നേതൃത്വം നൽകും. കൊടിമരം ഇടീൽ, വിറകിടീൽ, അരിയിടീൽ, ദീപക്കാഴ്ച, വെച്ചൂട്ട്, പ്രദക്ഷിണം, കോഴി നേർച്ച തുടങ്ങി ഒട്ടേറെ പരമ്പരാഗത ആചാരങ്ങൾ പള്ളിയുമായി ബന്ധപ്പെട്ടുണ്ട്. വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യ അനുസ്മരണ ദിനങ്ങളായി ആചരിക്കും. ഏപ്രിൽ 28ന് കൊടിയേറ്റ്. ഏപ്രിൽ 30 മുതൽ മേയ് 5 വരെ പെരുന്നാൾ കൺവൻഷൻ.
മേയ് 5ന് സഭാ മേലധ്യക്ഷന്മാരും സാംസ്കാരിക നായകന്മാരും പങ്കെടുക്കുന്ന പൊതുസമ്മേളനം. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ശ്രീ ശ്രീ രവിശങ്കറിന് സമ്മാനിക്കും. ഏപ്രിൽ 30നാണ് കുടുംബസംഗമം. മേയ് ഒന്നു മുതൽ നാലുവരെ വൈകിട്ട് ആറിന് പുതുപ്പള്ളി കൺവൻഷൻ. മേയ് 5ന് തീർഥാടന സംഗമവും കുരിശടികളിൽ നിന്ന് പള്ളിയിലേക്കുള്ള പ്രദക്ഷിണവും.
മേയ് 6ന് അഞ്ചിന്മേൽ കുർബാന, പൊന്നിൻ കുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കൽ.
മേയ് രണ്ടിനാണ് വിറകിടീൽ ചടങ്ങ്. നാലിന് പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർഥയ്ക്കു ശേഷം പ്രദക്ഷിണം. തുടർന്ന് പ്രശസ്തമായ വെടിക്കെട്ട്.
മേയ് ഏഴിന് പുലർച്ചെ ഒന്നിന് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടീൽ. അന്ന് ഒമ്പതിന്മേൽ കുർബാന നടക്കും. തുടർന്ന് വെച്ചൂട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. 1001 പറ അരിയുടെ നേർച്ച സദ്യയാണ് ഈ വർഷം ഒരുക്കുന്നത്.
2ന് പ്രദക്ഷിണം, 4ന് അപ്പവും കോഴിയിറച്ചിയും നേർച്ച. 19ന് കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ ഗീവർഗീസ് സഹദായുടെ സാന്നിധ്യ അനുസ്മരണ ദിനങ്ങളായി ആചരിക്കും. പ്രത്യേകം മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും. 1001 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റികൾ രൂപീകരിച്ചു.