മതസൗഹാർദത്തിന്റെയും മാനവമൈത്രിയുടെയും പ്രതീകമായ പുതുപ്പള്ളി പെരുന്നാൾ ആചരണത്തിൽ പങ്കെടുക്കാൻ തീർഥാടകരുടെ ഒഴുക്കു തുടങ്ങി. പെരുന്നാളിനു കൊടിയേറിയതോടെ പുതുപ്പള്ളി കരകൾ ആഘോഷനിറവിലാണ്. മേയ് 6, 7 തീയതികളിലാണു പ്രധാന പെരുന്നാൾ. ആചാരാനുഷ്ഠാനങ്ങൾ ഏറെയാണ് പുതുപ്പള്ളി പള്ളിക്ക്. നാട്ടിൽ നിന്നു നേരത്തേ പോയവരും വിദേശത്തുള്ളവരുമെല്ലാം പെരുന്നാളായാൽ പുതുപ്പള്ളിയിൽ തിരിച്ചെത്തും. പാരമ്പര്യത്തനിമ ചോരാതെ നടക്കുന്ന ആഘോഷങ്ങളിൽ കണ്ണിമ ചിമ്മാതെ പങ്കെടുക്കും.
പ്രധാന പെരുന്നാൾ ദിനങ്ങളിൽ പള്ളിയും പരിസരവും ജനസമുദ്രമാകും. ഈ ജനക്കൂട്ടത്തെക്കുറിച്ച് ‘പുതുപ്പള്ളി പെരുന്നാളിന്റെ ആള്’ എന്ന ശൈലി തന്നെ തെക്കൻ കേരളത്തിലുണ്ട്. പഴയ കാലം മുതൽ മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ഭക്തജനപ്രവാഹമായിരുന്നു പെരുന്നാൾ ദിനങ്ങൾ. യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് കെട്ടുവള്ളങ്ങളിലും കാളവണ്ടികളിലും കാൽനടയായും തീർഥാടകരെത്തിയിരുന്നു. കൊടൂരാറ്റിൽ നിരനിരയായി വള്ളങ്ങൾ വന്നുകിടന്നതു പഴയ തലമുറയുടെ മനസ്സിൽ ഹരം കൊള്ളിക്കുന്ന ഓർമകളാണിപ്പോഴും. വരുന്നവർക്കെല്ലാം വീടുകളിൽ അന്ന് അഭയം കൊടുത്തിരുന്നു. ചെമ്പിലും വാർപ്പിലും അരി വച്ചാണ് അതിഥികളെ സ്വീകരിച്ചിരുന്നത്.