2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ കൊടിയേറി

 


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനു കൊടിയേറി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ കൊടിയേറ്റിനു കാർമികത്വം വഹിച്ചു.

വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ.അലക്സി മാത്യൂസ് മുണ്ടുകുഴിയിൽ, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. കൈക്കാരന്മാരായ കെ.ജെ. സ്കറിയ കുന്നേൽ, പി.ടി.വർഗീസ് പറപ്പള്ളിൽ, സെക്രട്ടറി റോണി സി. വർഗീസ് ചാലാത്ത് എന്നിവർ നേതൃത്വം നൽകി.

മേയ് 7 വരെയാണ് പെരുന്നാൾ ആചരണം. കോവിഡ് സാഹചര്യത്തിൽ പുതുപ്പള്ളി, എറികാട് കരക്കാരുടെ കൊടിമരഘോഷയാത്രയും ആഘോഷങ്ങളും ഒഴിവാക്കി പള്ളിയങ്കണത്തിലെ കൊടിമരത്തിലാണ് കൊടിയേറ്റിയത്. വെച്ചുട്ട്, വെടിക്കെട്ട്, നേർച്ചവിളമ്പ് തുടങ്ങിയ ചടങ്ങുകളും കോവിഡ് സാഹചര്യത്തിൽ ഒഴിവാക്കി.

30-ന് കൊച്ചാലുമ്മൂട് ഓർത്തഡോക്സ് സെൻറർ, മേയ് ഒന്നിന് പാറക്കൽകടവ് കുരിശടി, മൂന്നിന് കൈതമറ്റം ചാപ്പൽ, നാലിന് കാഞ്ഞിരത്തിൻമൂട് കുരിശടി, അഞ്ചിന് നിലയ്ക്കൽ പള്ളിയുടെ വെട്ടത്തുകവല കുരിശടി എന്നിവിടങ്ങളിൽനിന്ന് പള്ളിയിലേക്ക് വാഹനങ്ങളിൽ പ്രദക്ഷിണങ്ങളുണ്ട്. മേയ് മൂന്നു മുതൽ അഞ്ചുവരെ പുതുപ്പള്ളി കൺവെൻഷന് ഫാ. അലക്സ് തോമസ്, ഫാ. മോഹൻ ജോസഫ്, ഫാ. പി.എ. ഫിലിപ്പ് എന്നിവർ നേതൃത്വം നൽകും.

ആചാരപരമായ ഏറെ ചടങ്ങുകളുള്ള ദേവാലയമാണ് പുതുപ്പള്ളി പളളി. പെരുന്നാൾ ചടങ്ങുകൾ ഓൺ ലൈനിൽ കാണുന്നതിനു ക്രമീകരണം ഏർപ്പെടുത്തി. പുതുപ്പള്ളി പള്ളി വാർത്തകൾ ആന്‍ഡ്രോയിഡ് അപ്പ്ലിക്കേഷനലിലും പെരുന്നാൾ ചടങ്ങുകൾ തത്സമയം ലഭ്യമാണ്.




2021, ഏപ്രിൽ 17, ശനിയാഴ്‌ച

പുതുപ്പള്ളി പെരുന്നാളിന് ഒരുക്കങ്ങളായി; 28ന് പെരുന്നാൾ കൊടിയേറ്റ്

ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 2021 ഏപ്രിൽ 28 മുതൽ മേയ് 7 വരെ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായും മെത്രാപ്പൊലീത്തമാരും പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.  വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷിത്വ ദിനമായ 23 മുതൽ സഹദാ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. 28ന് പെരുന്നാൾ കൊടിയേറ്റും മേയ് 2 മുതൽ 4 വരെ പുതുപ്പള്ളി കൺവൻഷനും നടക്കും. മേയ് 1 മുതൽ 5 വരെ വിവിധ കരകളിൽ നിന്ന് പ്രദക്ഷിണങ്ങൾ നടത്തും . മേയ്  6ന് അഞ്ചിന്മേൽ കുർബാനയെ തുടർന്ന് ഡൽഹി ഭദ്രാസന മെത്രാപ്പൊലീത്ത ഡോ.യൂഹാനോൻ മാർ ദിമെത്രയോസ് പൊന്നിൻകുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. സന്ധ്യാ നമസ്കാരത്തെത്തുടർന്ന് പുതുപ്പ്ള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം, ശൈഹിക വാഴ്വ്.

16ന് കൊടിയിറങ്ങുന്നതോടെ പെരുന്നാൾ ചടങ്ങുകൾ സമാപി ക്കും .

കോവിഡ് പാട്ടോക്കോൾ പാലിച്ച് വെടിക്കെട്ട്, വെച്ചുട്ട്, നേർച്ച വിളമ്പ് എന്നിവ ഒഴിവാക്കിയതാ യി വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറത്ത്, സഹവികാരിമാരായ ഫാ.അലക്സി മാത്യുസ് മുണ്ടുകുഴി, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറയിൽ എന്നിവർ അറിയിച്ചു. - കോവിഡ് സാഹചര്യത്തിൽ വാഹനങ്ങളിലാണ് പ്രദക്ഷിണങ്ങൾ. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരി ക്കും പെരുന്നാൾ നടത്തുകയെന്ന് കൈക്കാരന്മാരായ കെ.ജെ.സ്ക്കറിയ കുന്നേൽ, പി.ടി.വർഗീസ് പറപ്പള്ളിൽ, സെക്രട്ടറി റോണി സി.വർഗീസ് ചാലാത്ത് എന്നിവർ അറിയിച്ചു.

പ്രധാന പെരുന്നാൾ ദിവസമായ 7ന് രാവിലെ 5 ന് ഒന്നാമത്ത കുർബാന, 9ന് കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീ ത്ത ഡോ.യൂഹാനോൻ മാർ ദിയകോറസിന്റെ പ്രധാന കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. 2 മണിക്ക് അങ്ങാടി ചുറ്റി യുള്ള പ്രദക്ഷിണം, ആശീർവാദം.