2014, ഫെബ്രുവരി 26, ബുധനാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ ഏപ്രില്‍ 28നു കൊടിയേറ്റ്



കോട്ടയം: ദക്ഷിണേന്ത്യയിലെ പ്രഥമ ജോര്‍ജ്ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളിന് ഒരുക്കങ്ങള്‍ തുടങ്ങി. വികാരി ഫാ. മാത്യു വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം പെരുന്നാളിന്റെ നടത്തിപ്പിന് 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായും മെത്രാപ്പോലീത്തമാരും പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഏപ്രില്‍ 28നാണ് കൊടിയേറ്റ്. മേയ് 4, 5, 6, 7 തീയതികളിലാണ് പ്രധാന പെരുന്നാള്‍. മെയ് നാലിന് കുര്‍ബ്ബാനയ്ക്കുശേഷം ചേരുന്ന പൊതുയോഗത്തില്‍ മന്ത്രിമാര്‍, രാഷ്ട്രീയ സാമുദായിക നേതാക്കന്മാര്‍, സാംസ്കാരിക നായകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മെയ് അഞ്ചിന് പുതുപ്പള്ളി തീര്‍ത്ഥാടനം. നാടിന്റെ നാനാ ഭാഗത്തുനിന്നും എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പള്ളിയില്‍ സ്വീകരണം നല്‍കും. വൈകിട്ട് വിവിധ കുരിശടികളില്‍ നിന്നും പള്ളിയിലേക്ക് പ്രദക്ഷിണവും തുടര്‍ന്ന് മാര്‍ഗംകളി, പരിചമുട്ടുകളി തുടങ്ങിയവയും ഉണ്ടായിരിക്കും.

മെയ് ആറിന് കുര്‍ബ്ബാനയ്ക്കുശേഷം പുതുപ്പള്ളി പള്ളിയുടെ ഗതകാല പ്രൌഡിയും മഹത്വവും ഉദ്ഘോഷിക്കുന്ന പൊന്നിന്‍കുരിശ് പ്രധാന ത്രോണോസില്‍ ദര്‍ശനത്തിന് സ്ഥാപിക്കും. രണ്ട് മണിക്ക് വിറകിടീല്‍ ചടങ്ങ്. വൈകിട്ട് പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് കൊടികളും, മുത്തുക്കുടകളും പൊന്നിന്‍ കുരിശും അകമ്പടിയായി 101 വെള്ളിക്കുരിശുകളും വാദ്യമേളങ്ങളുമുണ്ടാകും. രാത്രിയില്‍ കരിമരുന്നു പ്രകടനം.

പ്രധാന പെരുന്നാള്‍ ദിനമായ ഏഴിന് ഒന്‍പതിന്മേല്‍ കുര്‍ബ്ബാനയ്ക്കുശേഷം ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്. രണ്ട് മണിക്ക് നടക്കുന്ന പ്രദക്ഷിണത്തിനുശേഷം വിശ്വാസികള്‍ക്ക് അപ്പവും കോഴിയിറച്ചിയും നേര്‍ച്ചയായി വിളമ്പും.