2024, ഏപ്രിൽ 24, ബുധനാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ 2024; കൊടിയേറ്റ് ഏപ്രിൽ 28ന്

 


പ്രധാന പെരുന്നാൾ മേയ് 5,6,7 തീയതികളിൽ

പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി  സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിന് ഏപ്രിൽ 28നു കൊടിയേറും. പുതുപ്പള്ളി, എറികാട് കരകളിൽ നിന്നു കൊടിമര ഘോഷയാത്ര 28ന് ഉച്ചയ്ക്ക് 2ന് ആരംഭിക്കും. വൈകിട്ട് 5നു വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കൊടിയേറ്റ് നിർവഹിക്കും. ഇന്നു മുതൽ 6.45നു പ്രഭാത നമസ്കാരം, 7.15നു കുർബാന.

മേയ് ഒന്നു മുതൽ 4 വരെ പുതു പ്പള്ളി കൺവൻഷൻ നടക്കും, ദിവസവും വൈകിട്ട് 6.15ന് ആണു കൺവൻഷൻ 4-ാം തീയതി രാവിലെ 9ന് വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ. സംസ്കാരിക സമ്മേളനം 5നു രാവിലെ 11.30നു മന്ത്രി വി. എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. അവയവദാനത്തിലൂടെ മാതൃകയായ ഫാ. കുര്യാക്കോസ് വർഗീസ്, ഫാ. നോബിൻ ഫിലിപ് എന്നിവർക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിക്കും.

6ന് രാവിലെ 11നു ചരിത്രപ്രസിദ്ധമായ പൊന്നിൻ കുരിശ് വിശുദ്ധ : മദ്ബഹയിൽ പ്രതിഷ്ഠിക്കും. ഉച്ചയ്ക്ക് 2നു വിറകിടിൽ ഘോഷയാത്ര, 4.30നു പന്തിരുനാഴി പുറത്തെടുക്കൽ. 5.15നു പെരുന്നാൾ സന്ധ്യാനമസ്കാരം. 6.30നു പ്രദക്ഷീണം: നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശടി ചുറ്റി പള്ളിയിലേക്ക്. രാത്രി ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടീൽ.

വലിയ പെരുന്നാൾ ദിനമായ 7-ാം തീയതി പുലർച്ചെ 5നു കുർബാന, 8.30ന് ഒൻപതിൻമേൽ കുർബാന: പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. 11.15നു വെച്ചുട്ട് നേർച്ചസദ്യ, വടക്കേ പന്തലിൽ കുട്ടികൾക്കുള്ള ആദ്യ ചോറൂട്ട്, ഉച്ചയ്ക്ക് 2നു പെരുന്നാൾ പ്രദക്ഷിണം: അങ്ങാടി-ഇരവിനല്ലൂർ കവലചുറ്റി, 4നു നേർച്ചവിളമ്പ്.

മേയ് 23നു രാവിലെ 7.15നു പെരുന്നാളിനു കൊടിയിറങ്ങുമെ ന്നും വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, ഫാ. വർഗീസ് പി.വർഗീസ് ആനിവേലിൽ, ഫിലിപ്പോസ് വി.ഏബ്രഹാം വന്നല, എൻ.കെ.മാത്യു നെല്ലിശേരിൽ, വി.എ.പോത്തൻ വന്നല, സജി കളപ്പുരയ്ക്കൽ എന്നിവർ അറിയിച്ചു.