കോട്ടയം: പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ഏപ്രില്‍ 28 മുതല്‍ മെയ് ഏഴുവരെ ആഘോഷിക്കും.
നാനാഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് നാനാജാതിമതസ്ഥര്‍ വിശുദ്ധന്റെ അനുഗ്രഹം തേടിയെത്തുന്നതോടെ പെരുന്നാള്‍ നാടിന്റെ മഹോത്സവമാകും. വികാരി ഫാ. മാത്യു വലിയപീടികയിലും കൈക്കാരന്മാരായ ലിജോ വര്‍ഗീസ് കളപ്പുരയ്ക്കല്‍, കെ.ജോര്‍ജ് കൊടുവത്ത്, സെക്രട്ടറി എബി മാത്യു പരവന്‍പറമ്പില്‍ എന്നിവര്‍ തിരുനാള്‍ പരിപാടികള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.
28ന് അഞ്ചുമണിക്ക് നിരണം ഭദ്രാസനാധിപന്‍ യൂഹാനോര്‍ ക്രിസോസ്റ്റമോസ് മെത്രപ്പോലീത്ത തിരുനാളിന് കൊടിയേറ്റും. 29, 30 തിയ്യതികളില്‍ നടക്കുന്ന ബാലസമാജം കോട്ടയം യൂണിറ്റ് ക്യാമ്പ് 29ന് രാവിലെ 10.30ന് മോറോന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ ഉദ്ഘാടനംചെയ്യും.
മെയ് ഒന്നിന് രാവിലെ 9ന് വെച്ചൂട്ട് സദ്യയ്ക്കുള്ള മാങ്ങാ അരിച്ചില്‍ മറിയാമ്മ ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. 10 മണിക്ക് നിറച്ചാര്‍ത്ത്2014 ചിത്രരചനാ മത്സരം. മെയ് ഒന്ന്, രണ്ട്, മൂന്ന് നാല് തിയ്യതികളില്‍ പ്രസിദ്ധമായ പുതുപ്പള്ളി കണ്‍വെന്‍ഷന്‍ നടക്കും. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ജോസഫ് കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ വചനസന്ദേശം നല്‍കും.
മെയ് മൂന്നിന് രാവിലെ 10ന് ക്വിസ്മത്സരം, രണ്ടുമണിക്ക് സംഗീതമത്സരം എന്നിവയുണ്ട്. മെയ് നാലിന് യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കുശേഷം ഇടവകദിനാചരണവും സാംസ്‌കാരിക സമ്മേളനവും നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ചലച്ചിത്രതാരം ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും. നോര്‍ക്ക റൂട്ട്‌സ് വൈസ്‌ചെയര്‍മാനും പ്രമുഖ വ്യവസായിയുമായ സി.കെ.മേനോന് പുതുപ്പള്ളി പള്ളിയുടെ ‘ഓര്‍ഡര്‍ ഓഫ് സെന്റ് ജോര്‍ജ്’ ബഹുമതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമര്‍പ്പിക്കും. തുടര്‍ന്ന് ഇടവകാംഗങ്ങളുടെ അവയവദാന സമ്മതപത്ര സമര്‍പ്പണം.
മെയ് അഞ്ചിനാണ് തീര്‍ഥാടകസംഗമം. വൈകീട്ട് 5.30ന് സന്ധ്യാനമസ്‌കാരത്തിനുശേഷം പള്ളിയിലേക്ക് പ്രദക്ഷിണം. മെയ് ആറിന് രാവിലെ വിശുദ്ധ അഞ്ചിന്മേല്‍ കുര്‍ബാനയ്ക്കുശേഷം പ്രസിദ്ധമായ പൊന്നിന്‍കുരിശ് വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി ത്രോണോസില്‍ വയ്ക്കും. രണ്ടുമണിക്കാണ് വിറകിടീല്‍ ചടങ്ങ്. നാലുമണിക്ക് ആഘോഷപൂര്‍വം പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാര്‍ഥനയ്ക്കുശേഷം ഗീവര്‍ഗീസ് സഹദാ അനുസ്മരണ പ്രഭാഷണം, രാത്രി എട്ടിന് പുതുപ്പള്ളി കവലചുറ്റിയുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം.
വലിയപെരുന്നാള്‍ ദിവസമായ മെയ് ഏഴിന് പുലര്‍ച്ചെ ഒരുമണിക്ക് വെച്ചൂട്ടിനുള്ള അരിയിടീല്‍ ചടങ്ങ്. എട്ടുമണിക്ക് വിശുദ്ധ ഒന്‍പതിന്മേല്‍ കുര്‍ബാന, 11 മണിക്ക് വെച്ചൂട്ട് നേര്‍ച്ചസദ്യയും, കുട്ടികള്‍ക്കായുള്ള ആദ്യ ചോറൂട്ടും തുടങ്ങും. രണ്ടുമണിക്ക് ഇരവിനെല്ലൂര്‍ കവലചുറ്റിയുള്ള വര്‍ണാഭമായ പ്രദക്ഷിണം, നാലുമണിക്ക് നേര്‍ച്ച വിതരണത്തോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും.