കാലംചെയ്ത മാർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന്റെ ചെങ്ങന്നൂരിലെ പൊതുദർശനം ഉച്ചയ്ക്ക് (25/08/18) ഒരു മണിക്ക് ആരംഭിക്കും. ഇന്നലെ വൈകിട്ട് ഭൗതികശരീരം ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ചു. ഇന്ന് (25/08/18) കുർബാനയ്ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുത്തൻകാവ് കത്തീഡ്രലിൽ പൊതുദർശനത്തിനായി എത്തിക്കും.
നാളെ (26/08/18) കുർബാനയ്ക്കുശേഷം ഒരുമണിയോടെ നഗരികാണിക്കൽ പുത്തൻകാവ് കത്തീഡ്രലിൽനിന്ന് ഓതറ ദയറായിലേക്ക്. മൂന്നിനു നടക്കുന്ന കബറടക്ക ശുശ്രൂഷകൾക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കബറടക്കം ഓതറ ദയറാ ചാപ്പലിൽ മതിയെന്നു മാർ അത്തനാസിയോസ് നേരത്തേതന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
സഭാസമാധാനത്തിനായി നോമ്പനുഷ്ഠിച്ച ആത്മീയ പിതാവ്
ചെങ്ങന്നൂർ ഭദ്രാസനം 1985 മാർച്ച് 10നു രൂപീകൃതമായപ്പോൾ പ്രഥമ മെത്രാപ്പൊലീത്തയായി ചുമതലയേറ്റ തോമസ് മാർ അത്തനാസിയോസ് മലങ്കരസഭയിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ആത്മീയാചാര്യനാണ്. സഭയിൽ സമാധാനവും ഐക്യവും കൈവരുംവരെ നോമ്പ് അനുഷ്ഠിക്കാൻ തീരുമാനിച്ച അദ്ദേഹം അവസാനം വരെയും ആ പ്രതിജ്ഞ നിറവേറ്റി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ സ്ഥാനമേറ്റപ്പോൾ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.
കാലംചെയ്‌ത പുത്തൻകാവ് കൊച്ചുതിരുമേനി എന്ന ഗീവർഗീസ് മാർ പീലക്‌സിനോസിന്റെ സഹോദരൻ കെ.ടി. തോമസിന്റെയും കോഴഞ്ചേരി തേവർവേലിൽ തെള്ളിരേത്ത് ഏലിയാമ്മയുടെയും മകനായി 1938 ഏപ്രിൽ മൂന്നിനായിരുന്നു ജനനം. ചങ്ങനാശേരി എസ്എസ്എസ്, എസ്ബി കോളജുകളിലെ പഠനം കൂടാതെ കൽക്കട്ട സെറാംപുർ സർവകലാശാലയിൽനിന്നു വേദശാസ്ത്രത്തിൽ ബിഡി ബിരുദവും ബറോഡ എംഎസ് സർവകലാശാലയിൽനിന്നു യുജിസി സ്കോളർഷിപ്പോടെ എംഎഡും കരസ്ഥമാക്കി. മികച്ച അധ്യാപകനും വാഗ്മിയുമായി പേരെടുത്തു.
പരിശുദ്ധ ബസേലിയോസ് ഒൗഗേൻ പ്രഥമൻ ബാവായിൽനിന്ന് 1970 മേയ് ഏഴിനു ശെമ്മാശപട്ടവും മേയ് 26നു ദാനിയേൽ മാർ പീലക്സിനോസിൽനിന്നു വൈദികപട്ടവും സ്വീകരിച്ചു. 1983 മേയ് 14നു പരുമല സെമിനാരിയിൽവച്ച് റമ്പാൻസ്ഥാനം സ്വീകരിച്ചു. 1985 മേയ് 15നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി. ഇപ്പോഴത്തെ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായും അദ്ദേഹത്തോടൊപ്പമാണു മേൽപ്പട്ടസ്ഥാനമേറ്റത്. സഭയുടെ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ്, അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡന്റ്, സഭവക സ്കൂളുകളുടെ മാനേജർ, എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി എന്നിങ്ങനെ ഒട്ടേറെ പദവികൾ വഹിച്ചു.
സഭയുടെയും അംഗങ്ങളുടെയും ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കു നൂതന പദ്ധതികൾ നടപ്പാക്കി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പ്രഥമപരിഗണന നൽകി. കേരളത്തിനകത്തും പുറത്തും സ്കൂളുകളും ആരാധനാലയങ്ങളും സ്ഥാപിച്ചു. ഇടവകകളിൽ സേവനം ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഭയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വളർത്തിയ അമരക്കാരനാണ്.
വ്യക്തിബന്ധങ്ങൾ ഏറെ കാത്തു സൂക്ഷിച്ച അദ്ദേഹം മുൻമന്ത്രി അന്തരിച്ച ടി.എം. ജേക്കബിനുവേണ്ടി ഹൈക്കോടതിയിൽ സാക്ഷിമൊഴി നൽകിയ സംഭവമുണ്ടായിട്ടുണ്ട്.
ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മാർത്തോമ്മാ സഭയിലെ ഡോ. യൂയാക്കിം മാർ കൂറിലോസ് എന്നിവരുടെ ബന്ധുകൂടിയാണ് മാർ അത്തനാസിയോസ്.