2018, മേയ് 8, ചൊവ്വാഴ്ച

അനുഗ്രഹ പ്രാപ്തിയുടെ നിറവുമായി പുതുപ്പള്ളി വെച്ചൂട്ടിൽ പതിനായിരങ്ങൾ

 ഭക്തിയുടെയും അനുഗ്രഹ വർഷത്തിന്റെയും രുചിയറിഞ്ഞ് പതിനായിരക്കണക്കിനു വിശ്വാസികൾ പുതുപ്പള്ളി വെച്ചൂട്ടിൽ പങ്കെടുത്തു. പെരുന്നാളിന്റെ സമാപന ദിനമായിരുന്ന ഇന്നലെ രാവിലെ മുതൽ വീഥികളെല്ലാം പുതുപ്പള്ളി പുണ്യാളന്റെ മണ്ണിലേക്കു സജീവമായി. സംസ്ഥാനത്തിനു പുറത്തു നിന്നുൾപ്പെടെ തീർഥാടകർ വെച്ചൂട്ട് നേർച്ചയിൽ പങ്കെടുക്കാനെത്തി. വിപുലമായ ക്രമീകരണമാണു വെച്ചൂട്ട് വിളമ്പാൻ ഏർപ്പെടുത്തിയിരുന്നത്. ഭക്തിക്കു മാത്രമല്ല രുചിക്കും വെച്ചൂട്ടിൽ പ്രാധാന്യമുണ്ടെന്ന് ചോറും മാങ്ങാഅച്ചാറും ചമ്മന്തിപ്പൊടിയും തെളിയിച്ചു.



ഒട്ടേറെ കുരുന്നുകൾക്കു വൈദികരുടെ നേതൃത്വത്തിൽ ആദ്യ ചോറൂട്ടും നടത്തി. വർഷങ്ങളായി കുട്ടികളെ ആദ്യ ചോറൂട്ടിനായി വെച്ചൂട്ട് ദിവസമാണു കൊണ്ടുവരുന്നത്. പെരുന്നാൾ‌ സമാപനത്തിന്റെ ഭാഗമായി അങ്ങാടി – ഇരവിനെല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണവും നേർച്ചവിളമ്പും നടത്തി.

പെരുന്നാളിന്റെ ഭാഗമായി പള്ളി മൈതാനത്തു നടന്നു വന്ന പുതുപ്പള്ളി ഫെസ്റ്റ് 12 വരെയുണ്ടാകും. ക്രമീകരണങ്ങൾക്കു വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. സഖറിയ തോമസ് പടിഞ്ഞാറെ വടക്കേക്കര, ഫാ. മർക്കോസ് മർക്കോസ് ഇടക്കര, കൈക്കാരന്മാരായ ലിജോയ് വർഗീസ് കളപ്പുരയ്ക്കൽ, സാം കുരുവിള വായ്പ്പൂക്കര, സെക്രട്ടറി ജോജി പി.ജോർജ് പെരുമ്പുഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.