2019, ഡിസംബർ 23, തിങ്കളാഴ്‌ച

പുതുപ്പള്ളി പള്ളി മദ്ബഹ കൂദാശ ചെയ്തു


ഭാരതീയ വാസ്തു വിദ്യാ ശൈലിയിൽ നിർമിച്ചിരിക്കുന്ന പുതുപ്പള്ളി പള്ളിയുടെ നവീകരിച്ച മദ്ബഹ കൂദാശ ചെയ്തു.

പ്രകൃതിദത്തമായ തനതു വർണങ്ങളാൽ ആലേഖനം ചെയ്യപ്പെട്ട  ചുമർ ചിത്രങ്ങൾ കാലപ്പഴക്കം കൊണ്ട് പൊട്ടിപ്പൊളിഞ്ഞ് കരി പിടിച്ച നിലയിലായിരുന്നു. പ്രകൃതിദത്തമായ നിറങ്ങൾകൊണ്ടു തന്നെ പുനർ ക്രമീകരണം നടത്തിയാണ് നവീകരിച്ചത്. സജി നെയ്യാറ്റിൻകര, വിജീഷ് തിരൂർ എന്നീ കലാകാരന്മാരാണ് പുനർ - നവീകരണത്തിന് നേതൃത്വം നൽകിയത്. 

 സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് കൂദാശ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


പുതുപ്പള്ളി പള്ളി മൂന്ന് പള്ളികൾ ഒരുമിച്ച് ചേർന്നത് ;ആകെ 9 ത്രോണോസുകൾ .

നടുക്കുള്ള പള്ളിയിൽ വി. ഗീവർഗീസ് സഹദാ പ്രധാന ത്രോണോസ് , ഇടതും വലതും ത്രോണോസുകൾ മാർത്തോമ്മാശ്ലീഹാ , പരുമല തിരുമേനി എന്നിവരുടെ പേരിൽ .

ഇടതുവശത്തെ പള്ളി : പ്രധാന ത്രോണോസ് മാതാവ് , ഇടത് വശത്ത് വി.യുലീത്തിയും കുറിയാക്കോസ് സഹദായും വലതു വശത്ത് മർത്തശ്മുനിയമ്മയും മക്കളും

വലതുഭാഗത്തെ പള്ളി : പ്രധാന ത്രോണോസ് ബഹനാൻ സഹദ, ഇടതും വലതുമായി വട്ടശേശരിൽ തിരുമേനിയും പാമ്പാടി തിരുമേനിയും

 


2019, ഡിസംബർ 18, ബുധനാഴ്‌ച

ഓർമപ്പെരുന്നാൾ കൊടിയേറി


ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ബഹനാൻ സഹദായുടെയും സഹോദരി സാറായുടെയും 40 സഹദേവൻമാരുടെയും ഓർമപ്പെരുന്നാളിന് കൊടിയേറി. 

22, 23 തീയതികളിലാണു പെരുന്നാൾ. 22നു സന്ധ്യാ നമസ്ക്കാരത്തിനുശേഷം ബഹനാൻ സഹദാ അനുസ്മരണ പ്രഭാഷണം ഫാ. വർഗീസ് വർഗീസ് മീനടം നിർവഹിക്കും. തുടർന്നു പ്രദക്ഷിണവും കരിമരുന്നു പ്രയോഗവും. 

23ന് രാവിലെ 9ന് ഡോ. യൂഹാനോൻ മാർ മിലിത്തിയോസിന്റെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ ഒൻപതിന്മേൽ കുർബാന. 10ന് പ്രദക്ഷിണം തുടർന്ന് നേർച്ചവിളമ്പ്.

2019, മേയ് 7, ചൊവ്വാഴ്ച

പുതുപ്പള്ളി വെച്ചൂട്ടിനു പതിനായിരങ്ങൾ



പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ വെച്ചൂട്ട് ഇന്ന് നടന്നു. 11.15 നു നടന്ന വെച്ചൂട്ട് നേർച്ച സദ്യയിൽ പതിനായിരക്കണക്കിനു തീർഥാടകർ പങ്കെടുത്തു. ചോറ്, മാങ്ങാ അച്ചാർ, ചമ്മന്തിപൊടി, മോര് എന്നിവ ചേര്‍ന്നതാണ് പുതുപ്പള്ളി വെച്ചൂട്ട്. വെച്ചൂട്ട് സുഗമമായി നടത്തുന്നതിനായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വിളമ്പുന്നതിനായി കൗണ്ടറുകൾ ക്രമീകരിച്ചിരുന്നു. കുട്ടികളുടെ ആദ്യ ചോറൂട്ടും വൈദികരുടെ സാന്നിധ്യത്തിൽ വടക്കു വശത്തെ പന്തലിൽ നടന്നു. 

2ന് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണവും, 4ന് അപ്പവും കോഴിയിറച്ചിയും നേർച്ച വിളമ്പും നടത്തും.

പുതുപ്പള്ളിയിലേക്ക് ഭക്തപ്രവാഹം


നാടിനെ ആഘോഷത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും നിറവിലാക്കിയ പുതുപ്പള്ളി പെരുന്നാളിന്  ഇന്നു വെച്ചൂട്ട് നേർച്ച സദ്യയോടെയും നേർച്ചവിളമ്പോടെയും സമാപനം. പുതുപ്പള്ളിയുടെ സാംസ്കാരികത്തനിമയും പാരമ്പര്യവും പ്രകടമാക്കുന്ന വെച്ചൂട്ട് നേർച്ചസദ്യയിൽ ജാതിമത ഭേദമന്യേയുള്ളവർ പങ്കെടുക്കും. സംസ്ഥാനത്തിനു പുറത്തു നിന്നു തീർഥാടകർ എത്തും. 601 പറ അരിയാണു വെച്ചൂട്ടിനായി ഉപയോഗിക്കുന്നത്. വിളമ്പുന്നതിനായി 16 കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്.

ഇന്ന് 9നു ഡോ.യൂഹാനോൻ മാർ ദിയസ്കോറോസിന്റെ കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. കെ.വി.ജോസഫ് റമ്പാൻ, ജോസഫ് റമ്പാൻ, ഗീവർഗീസ് റമ്പാൻ, ശെമവൂൻ റമ്പാൻ, സഖറിയ റമ്പാൻ, നഥാനിയേൽ റമ്പാൻ, യൂഹാനോൻ റമ്പാൻ, ബസലേൽ റമ്പാൻ എന്നിവർ സഹ കാർമികരാകും.  11.15ന് വെച്ചൂട്ട് –നേർച്ചസദ്യയും 11.30 ന് കുട്ടികളുടെ ആദ്യ ചോറൂട്ടും ആരംഭിക്കും. വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ് ഇന്നലെ ഇടവക ജനങ്ങൾ ആഘോഷമായി നടത്തി. 

പുതുപ്പളളി, എറികാട് കരകളിൽ നിന്നു വാദ്യമേളങ്ങളുടെയും വള്ളപ്പാട്ടിന്റെയും അകമ്പടിയിൽ നടത്തിയ വിറകിടീൽ ചടങ്ങിൽ കുട്ടികൾ ഉൾപ്പെടെ ഇടവക സമൂഹം പങ്കെടുത്തു. തുടർന്നു പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുത്ത ശേഷം വെച്ചൂട്ടിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.  സന്ധ്യാനമസ്കാരത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ  കാർമികത്വം വഹിച്ചു. ഗീവർഗീസ്  സഹദ അനുസ്മരണ പ്രഭാഷണം   സെമിനാരി പ്രിൻസിപ്പൽ ഫാ.ജോൺസ് ഏബ്രഹാം കോനാട്ട് നിർവഹിച്ചു.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്


  • കുർബാന– ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ– 5.30, 
  • ഒമ്പതിന്മേൽ കുർബാന– ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്–9.00, 
  • വെച്ചൂട്ട് –നേർച്ചസദ്യ – 11.15, 
  • കുട്ടികളുടെ ആദ്യ ചോറൂട്ട് –11.30, 
  • പ്രദക്ഷിണം ഇരവിനല്ലൂർ കവല ചുറ്റി – 2.00,
  • നേർച്ച വിളമ്പ് –അപ്പവും കോഴിയിറച്ചിയും – 4.00.





2019, മേയ് 6, തിങ്കളാഴ്‌ച

സ്നേഹം ഉണ്ടെങ്കിൽ ലോകം കീഴടക്കാം: ശ്രീശ്രീ രവിശങ്കർ


ഹൃദയത്തിൽ സ്നേഹം ഉണ്ടെങ്കിൽ ലോകം കീഴടക്കാൻ സാധിക്കുമെന്നു ജീവനകല സ്ഥാപക ആചാര്യൻ ശ്രീശ്രീ രവിശങ്കർ. എല്ലാ മനുഷ്യരിലും നന്മയുടെ അംശം കിടപ്പുണ്ട്. ആ നന്മയിൽ വിശ്വസിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു ശ്രീശ്രീരവിശങ്കർ.

സ്വാർഥതയും അസൂയയും നേർപ്പിച്ച് സുതാര്യതയുള്ള മനുഷ്യരാകണം. അതുപോലെ പ്രധാനമാണ് പരസ്പര വിശ്വാസം. മറ്റുള്ളവരിൽ നല്ല ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കണം. സമൂഹത്തിന്റെ നന്മ കാണാൻ ശ്രമിച്ചാൽ നമ്മൾ നന്മ ചെയ്തുശീലിക്കും. തീവ്രവാദിക്ക് പോലും നന്മ ചെയ്യാനാവും. അയാൾക്കു  ചെറിയൊരു രോഗമുണ്ടെന്ന് മാത്രം. അതിനാവശ്യം ചികിൽസയാണ്. ഏതു തിന്മയും സ്നേഹചികിത്സകൊണ്ട് മാറും.നന്മകളുടെ ഉറവിടമാണ് പുതുപ്പള്ളി ഓർത്തഡോക്സ് പള്ളി. ഇടവക പാവങ്ങളോടും ദരിദ്രരോടും കാണിക്കുന്ന കരുണ മഹനീയമാണ്. ഇതുപോലൊരു സ്ഥലത്ത് വേരൂന്നിയതിനാലാണ് ഉമ്മൻചാണ്ടി കേരളത്തിൽ മാതൃകാമുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങളുടെ ഐക്യത്തിലൂടെയുള്ള വിശ്വമാനവികതയാണ് ശ്രീശ്രീ രവിശങ്കറുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. തോമസ് മാർ അത്തനാസിയോസ് പറഞ്ഞു. ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്ക്കാരം ഡോ.തോമസ് മാർ അത്താനാസിയോസ് ശ്രീശ്രീ രവിശങ്കറിനു സമർപ്പിച്ചു. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ,  അസിസ്റ്റന്റ് വികാരിമാരായ ഫാ. മർക്കോസ് മർക്കോസ്, ഫാ. സക്കറിയ തോമസ്, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നെബു ജോൺ, ട്രസ്റ്റിമാരായ ലിജോയ് വർഗീസ്, സാം കുരുവിള, സെക്രട്ടറി ജോജി പി.ജോർജ് എന്നിവർ പ്രസംഗിച്ചു.

2019, മേയ് 5, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ വെച്ചൂട്ട്: രുചിക്കൂട്ട് ഒരുക്കൽ തുടങ്ങി


പുതുപ്പള്ളി പെരുന്നാൾ വെച്ചൂട്ടിനുള്ള രുചിക്കൂട്ട് ഒരുക്കലുകൾ പുതുപ്പള്ളി പള്ളിയിൽ ആരംഭിച്ചു. ജാതിമതഭേദമെന്യേ പതിനായിരങ്ങളാണ് പുതുപ്പള്ളി പെരുന്നാളിലെ വെച്ചൂട്ടിൽ പങ്കെടുക്കുന്നത്. പെരുന്നാൾ സമാപനമായ 7ന് നടത്തുന്ന വെച്ചൂട്ടിനുള്ള കറികളാണ് ദിവസങ്ങൾക്കു മുൻപേ പളളിയിൽ തയ്യാറാക്കുന്നത്. അച്ചാറും ചമ്മന്തിപ്പൊടിയും, മോരുമാണ് വെച്ചൂട്ടിന്റെ പ്രധാന വിഭവങ്ങൾ. അച്ചാറിനുള്ള മാങ്ങ അരിയലിന്റെ ഉദ്ഘാടനം ഡോ.യൂഹാനോൻ മാർ ദിയസ്ക്കോറോസിന്റെ നേതൃത്വത്തിൽ പ്രാർഥനയ്ക്കു ശേഷം തുടങ്ങി. 

ലൈല മാത്യു കൊശമറ്റം ഉദ്ഘാടനം നിർവ്വഹിച്ചു. അച്ചാറിനുള്ള മാങ്ങ അരിയുന്നത് ഇടവക കൂട്ടായ്മയിലെ സ്ത്രീകളുടെ നേതൃത്വത്തിലാണ്. ചമ്മന്തിക്കുള്ള തേങ്ങ ചുരണ്ടലും സ്ത്രീകളുടെ നേതൃത്വത്തിലാണ്. ചമ്മന്തി ഇടിക്കലുൾപ്പെടെ പുരുഷന്മാരുടെ നേതൃത്വത്തിൽ നടത്തി. മോരുകൂട്ടാനും കൂട്ടുത്തരവാദിത്തത്തോടെ ഇടവക ജനങ്ങൾ തയാറാക്കി. 

 വെച്ചൂട്ടിനോടനുബന്ധിച്ചു കുട്ടികളുടെ ആദ്യ ചോറൂട്ടും നൂറു കണക്കിനു വിശ്വാസികൾ നടത്തി വരുന്നു. വെച്ചൂട്ടിന്റെ ചോറ് ഔഷധമായി കരുതുന്ന വിശ്വാസികൾ ഏറെയാണ്.  ഇത് ഉണക്കി സൂക്ഷിച്ചു ഔഷധമായി ഉപയോഗിക്കുന്നവരുണ്ട്. 


ആഘോഷനിറവിൽ പുതുപ്പള്ളി കരകൾ


മതസൗഹാർദത്തിന്റെയും മാനവമൈത്രിയുടെയും പ്രതീകമായ പുതുപ്പള്ളി പെരുന്നാൾ ആചരണത്തിൽ പങ്കെടുക്കാൻ തീർഥാടകരുടെ ഒഴുക്കു തുടങ്ങി. പെരുന്നാളിനു കൊടിയേറിയതോടെ പുതുപ്പള്ളി കരകൾ ആഘോഷനിറവിലാണ്.  മേയ് 6, 7 തീയതികളിലാണു പ്രധാന പെരുന്നാൾ. ആചാരാനുഷ്ഠാനങ്ങൾ ഏറെയാണ് പുതുപ്പള്ളി പള്ളിക്ക്. നാട്ടിൽ നിന്നു നേരത്തേ പോയവരും വിദേശത്തുള്ളവരുമെല്ലാം പെരുന്നാളായാൽ പുതുപ്പള്ളിയിൽ തിരിച്ചെത്തും. പാരമ്പര്യത്തനിമ ചോരാതെ നടക്കുന്ന ആഘോഷങ്ങളിൽ കണ്ണിമ ചിമ്മാതെ പങ്കെടുക്കും.

പ്രധാന പെരുന്നാൾ ദിനങ്ങളിൽ പള്ളിയും പരിസരവും ജനസമുദ്രമാകും. ഈ ജനക്കൂട്ടത്തെക്കുറിച്ച് ‘പുതുപ്പള്ളി പെരുന്നാളിന്റെ ആള്’ എന്ന ശൈലി തന്നെ തെക്കൻ കേരളത്തിലുണ്ട്.  പഴയ കാലം മുതൽ മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ഭക്തജനപ്രവാഹമായിരുന്നു പെരുന്നാൾ ദിനങ്ങൾ. യാത്രാസൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് കെട്ടുവള്ളങ്ങളിലും കാളവണ്ടികളിലും കാൽനടയായും തീർഥാടകരെത്തിയിരുന്നു. കൊടൂരാറ്റിൽ നിരനിരയായി വള്ളങ്ങൾ വന്നുകിടന്നതു പഴയ തലമുറയുടെ മനസ്സിൽ ഹരം കൊള്ളിക്കുന്ന ഓർമകളാണിപ്പോഴും. വരുന്നവർക്കെല്ലാം വീടുകളി‍ൽ അന്ന് അഭയം കൊടുത്തിരുന്നു. ചെമ്പിലും വാർപ്പിലും അരി വച്ചാണ് അതിഥികളെ സ്വീകരിച്ചിരുന്നത്.

2019, ഏപ്രിൽ 24, ബുധനാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ ഒരുക്കങ്ങൾ തുടങ്ങി


രാജ്യത്തെ പ്രഥമ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ പെരുന്നാളിന്റെ ഒരുക്കങ്ങൾ തുടങ്ങി. ഗീവറുഗീസ് സഹദായുടെ രക്തസാക്ഷിദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യാനുസ്‌മരണദിനങ്ങളായി ആചരിക്കുന്നു.

ഏപ്രിൽ 28നു കൊടിയേറ്റ്. ഏപ്രിൽ 30 മുതൽ മേയ് 4 വരെ പെരുന്നാൾ കൺവൻഷൻ. ഏപ്രിൽ 30 ന് ചേരുന്ന കുടുംബസംഗമത്തിൽ അബ്‌ദുൽ സമദ് സമദാനി പങ്കെടുക്കും. മേയ് ഒന്നിനു വെച്ചൂട്ടിനുള്ള മാങ്ങ അരിയൽ.  5നു കുർബാനയ്‌ക്കുശേഷം ചേരുന്ന പൊതുസമ്മേളനത്തിൽ ഈ വർഷത്തെ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ശ്രീ ശ്രീ രവിശങ്കറിനു സമർപ്പിക്കും. തുടർന്നു തീർഥാടന സംഗമം, വിവിധ കുരിശടികളിൽ നിന്നു പള്ളിയിലേക്കുള്ള പ്രദക്ഷിണം, പാലാ മരിയ സദനം റിഥം ഓഫ് മൈൻഡ് ഓർക്കസ്‌ട്ര നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ.

മേയ് 6നു വിശുദ്ധ അഞ്ചിന്മേൽ കുർബാനയ്‌ക്കുശേഷം പൊന്നിൻ കുരിശു പ്രധാന ത്രോണോസിൽ സ്ഥാപിക്കും. 2 മണിക്കു വിറകിടീൽ ചടങ്ങ്. 4നു പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർത്ഥനയ്‌ക്കുശേഷം പ്രദക്ഷിണം. പൊന്നിൻ കുരിശും അകമ്പടിയായി 101 വെള്ളി കുരിശും, ആയിരക്കണക്കിന് മുത്തുക്കുടകളും പ്രദക്ഷിണത്തിൽ അണിനിരക്കും. തുടർന്ന് കരിമരുന്ന് കലാപ്രകടനം.

മേയ് 7ന് പുലർച്ചെ ഒരു മണിക്ക് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടീൽ. രാവിലെ 5നു കുർബാന 8ന് ഒമ്പതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂണും. 1001 പറ അരിയുടെ നേർച്ചസദ്യയാണ് ഈ വർഷം ഒരുക്കുന്നത്. 2നു പ്രദക്ഷിണം. 4 മണിക്ക് അപ്പവും കോഴിയിറച്ചിയും നേർച്ചയായി ഭക്തർക്ക് നൽകും. അതോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കുമെങ്കിലും മേയ് 19നു കൊടിയിറങ്ങുന്നതുവരെ പള്ളിയിൽ ഗീവറുഗീസ് സഹദായുടെ സാന്നിധ്യാനുസ്‌മരണദിനങ്ങളായി ആചരിക്കും. പ്രത്യേകം  മധ്യസ്ഥപ്രാർഥനയും നടക്കുമെന്നു വികാരി ഫാ.കുര്യൻ തോമസ് കരിപ്പാൽ അറിയിച്ചു.

2019, മാർച്ച് 11, തിങ്കളാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ ഏപ്രിൽ 28 മുതൽ മേയ് 7 വരെ


ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ 2019 ഏപ്രിൽ 28 മുതൽ മേയ് 7 വരെ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയും സഭയിലെ മെത്രാപ്പൊലീത്തമാരും ചടങ്ങുകൾക്കു നേതൃത്വം നൽകും. കൊടിമരം ഇടീൽ, വിറകിടീൽ, അരിയിടീൽ, ദീപക്കാഴ്ച, വെച്ചൂട്ട്, പ്രദക്ഷിണം, കോഴി നേർച്ച തുടങ്ങി  ഒട്ടേറെ പരമ്പരാഗത ആചാരങ്ങൾ പള്ളിയുമായി ബന്ധപ്പെട്ടുണ്ട്. വിശുദ്ധ ഗീവർഗീസ് സഹദായുടെ രക്തസാക്ഷി ദിനമായ ഏപ്രിൽ 23 മുതൽ സഹദാ സാന്നിധ്യ അനുസ്മരണ ദിനങ്ങളായി ആചരിക്കും. ഏപ്രിൽ 28ന് കൊടിയേറ്റ്. ഏപ്രിൽ 30 മുതൽ മേയ് 5 വരെ പെരുന്നാൾ കൺവൻഷൻ.

മേയ് 5ന് സഭാ മേലധ്യക്ഷന്മാരും സാംസ്കാരിക നായകന്മാരും പങ്കെടുക്കുന്ന പൊതുസമ്മേളനം. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ശ്രീ ശ്രീ രവിശങ്കറിന് സമ്മാനിക്കും. ഏപ്രിൽ 30നാണ് കുടുംബസംഗമം. മേയ് ഒന്നു മുതൽ നാലുവരെ വൈകിട്ട് ആറിന് പുതുപ്പള്ളി കൺവൻഷൻ. മേയ് 5ന് തീർഥാടന സംഗമവും കുരിശടികളിൽ നിന്ന് പള്ളിയിലേക്കുള്ള പ്രദക്ഷിണവും.

മേയ് 6ന് അഞ്ചിന്മേൽ കുർബാന, പൊന്നിൻ കുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കൽ.  

മേയ് രണ്ടിനാണ് വിറകിടീൽ ചടങ്ങ്. നാലിന് പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർഥയ്ക്കു ശേഷം പ്രദക്ഷിണം.  തുടർന്ന് പ്രശസ്തമായ വെടിക്കെട്ട്. 

മേയ് ഏഴിന് പുലർച്ചെ ഒന്നിന് വെച്ചൂട്ട് നേർച്ച സദ്യക്കുള്ള അരിയിടീൽ. അന്ന് ഒമ്പതിന്മേൽ കുർബാന നടക്കും. തുടർന്ന് വെച്ചൂട്ട് നേർച്ചയും കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും. 1001 പറ അരിയുടെ നേർച്ച സദ്യയാണ് ഈ വർഷം ഒരുക്കുന്നത്. 

2ന് പ്രദക്ഷിണം, 4ന് അപ്പവും കോഴിയിറച്ചിയും നേർച്ച. 19ന് കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ ഗീവർഗീസ് സഹദായുടെ സാന്നിധ്യ അനുസ്മരണ ദിനങ്ങളായി ആചരിക്കും. പ്രത്യേകം മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും. 1001 അംഗങ്ങൾ ഉൾപ്പെടുന്ന കമ്മിറ്റികൾ രൂപീകരിച്ചു.