2019, മേയ് 6, തിങ്കളാഴ്‌ച

സ്നേഹം ഉണ്ടെങ്കിൽ ലോകം കീഴടക്കാം: ശ്രീശ്രീ രവിശങ്കർ


ഹൃദയത്തിൽ സ്നേഹം ഉണ്ടെങ്കിൽ ലോകം കീഴടക്കാൻ സാധിക്കുമെന്നു ജീവനകല സ്ഥാപക ആചാര്യൻ ശ്രീശ്രീ രവിശങ്കർ. എല്ലാ മനുഷ്യരിലും നന്മയുടെ അംശം കിടപ്പുണ്ട്. ആ നന്മയിൽ വിശ്വസിക്കാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനത്തിൽ ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം ഏറ്റുവാങ്ങുകയായിരുന്നു ശ്രീശ്രീരവിശങ്കർ.

സ്വാർഥതയും അസൂയയും നേർപ്പിച്ച് സുതാര്യതയുള്ള മനുഷ്യരാകണം. അതുപോലെ പ്രധാനമാണ് പരസ്പര വിശ്വാസം. മറ്റുള്ളവരിൽ നല്ല ഗുണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കണം. സമൂഹത്തിന്റെ നന്മ കാണാൻ ശ്രമിച്ചാൽ നമ്മൾ നന്മ ചെയ്തുശീലിക്കും. തീവ്രവാദിക്ക് പോലും നന്മ ചെയ്യാനാവും. അയാൾക്കു  ചെറിയൊരു രോഗമുണ്ടെന്ന് മാത്രം. അതിനാവശ്യം ചികിൽസയാണ്. ഏതു തിന്മയും സ്നേഹചികിത്സകൊണ്ട് മാറും.നന്മകളുടെ ഉറവിടമാണ് പുതുപ്പള്ളി ഓർത്തഡോക്സ് പള്ളി. ഇടവക പാവങ്ങളോടും ദരിദ്രരോടും കാണിക്കുന്ന കരുണ മഹനീയമാണ്. ഇതുപോലൊരു സ്ഥലത്ത് വേരൂന്നിയതിനാലാണ് ഉമ്മൻചാണ്ടി കേരളത്തിൽ മാതൃകാമുഖ്യമന്ത്രിയായതെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങളുടെ ഐക്യത്തിലൂടെയുള്ള വിശ്വമാനവികതയാണ് ശ്രീശ്രീ രവിശങ്കറുടെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡോ. തോമസ് മാർ അത്തനാസിയോസ് പറഞ്ഞു. ഉദ്ഘാടനവും ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിർവഹിച്ചു. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്ക്കാരം ഡോ.തോമസ് മാർ അത്താനാസിയോസ് ശ്രീശ്രീ രവിശങ്കറിനു സമർപ്പിച്ചു. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ,  അസിസ്റ്റന്റ് വികാരിമാരായ ഫാ. മർക്കോസ് മർക്കോസ്, ഫാ. സക്കറിയ തോമസ്, പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് നെബു ജോൺ, ട്രസ്റ്റിമാരായ ലിജോയ് വർഗീസ്, സാം കുരുവിള, സെക്രട്ടറി ജോജി പി.ജോർജ് എന്നിവർ പ്രസംഗിച്ചു.