2023, ഏപ്രിൽ 28, വെള്ളിയാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ ഏപ്രിൽ 28 മുതൽ മേയ് 8 വരെ

 


ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പുതുപ്പള്ളി പെരുന്നാളിനു 28ന് കൊടിയേറും. പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ സെന്റ് ജോർജ് ഓ‍ർത്തഡോക്സ് പള്ളിയിൽ മേയ് 8 വരെയാണു പെരുന്നാൾ. പുതുപ്പള്ളി, എറികാട് കരകളിൽനിന്നു കൊടിമര ഘോഷയാത്ര 28ന് ഉച്ചയ്ക്കു 2ന് ആരംഭിക്കും. മൂന്നരയോടെ പുതുപ്പള്ളി കവലയിൽ എത്തിച്ചേരും. തുടർന്നു ഘോഷയാത്രയായി പള്ളിയിലേക്ക്. 5നു ഡോ. സഖറിയ മാർ സേവേറിയോസിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്.


സാംസ്കാരിക സമ്മേളനം

മതമൈത്രിയുടെ കേന്ദ്രം കൂടിയായ പള്ളിയിൽ പെരുന്നാളിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം 30ന് ഉച്ചയ്ക്കു 2നു നടത്തും. ഓർഡർ ഓഫ് സെന്റ് ജോർജ് അവാ‍ർഡ്, നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ച ഇടവകാംഗം കൂടിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമർപ്പിക്കും.ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും.


പുതുപ്പള്ളി  കൺവൻഷൻ

മേയ് ഒന്നു മുതൽ 5 വരെയാണു കൺവൻഷൻ. ദിവസവും വൈകിട്ട് 6.15നു വൈദികശ്രേഷ്ഠർ വചനസന്ദേശം നൽകും.


തീർഥാടക സംഗമം

പള്ളിയുടെ 6 കരകളിൽ നിന്നുള്ള പ്രദക്ഷിണം 6നു വൈകിട്ട് 6നു നടത്തും. കൊച്ചാലുംമൂട്, കൈതമറ്റം, പാറയ്ക്കൽകടവ്, കാ‍ഞ്ഞിരത്തുംമൂട്, വെട്ടത്തുകവല, കൊച്ചക്കാലാ എന്നിവിടങ്ങളിൽ നിന്നാണു പ്രദക്ഷിണങ്ങൾ എത്തുക.


പ്രധാന പെരുന്നാൾ

7നു രാവിലെ 8.30നു പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന. 11.30നു ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് വിശുദ്ധ ത്രോണോസിൽ പ്രതിഷ്ഠിക്കും. 3നു വിറകിടീൽ ചടങ്ങ്. 6നു പൊന്നിൻകുരിശ് എഴുന്നള്ളിക്കൽ, പ്രസിദ്ധമായ പെരുന്നാൾ പ്രദക്ഷിണം. രാത്രി 9ന് ആകാശ വിസ്മയക്കാഴ്ച. രാത്രി ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടും. 8നു രാവിലെ 9ന് മെത്രാപ്പൊലീത്തമാരുടെ കാർമികത്വത്തിൽ ഒൻപതിൻമേൽ കുർബാന. 11.15നു വെച്ചൂട്ട്. വൈകിട്ട് 4നു നേർച്ചവിളമ്പ്.

പെരുന്നാൾ ക്രമീകരണങ്ങൾക്കു വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ. ബ്ലസൺ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റിമാരായ ജേക്കബ് ജോർ‌ജ്, സജി ചാക്കോ, സെക്രട്ടറി റോണി സി.വർഗീസ് എന്നിവർ നേതൃത്വം നൽകും.