2023, മേയ് 10, ബുധനാഴ്‌ച

ഭക്തിയുടെ കുടക്കീഴിൽ പുതുപ്പള്ളിയിൽ വെച്ചൂട്ട്

 


രുചിയുടെ പെരുമ തീർത്ത പുതുപ്പള്ളി പെരുന്നാളിന്റെ വെച്ചൂട്ടിൽ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.  വെച്ചൂട്ട് നേർച്ചയിലും പ്രധാന നേർച്ചയായ അപ്പവും കോഴിയിറച്ചി നേർച്ചവിളമ്പിലും പങ്കെടുത്താണ് വിശ്വാസി സമൂഹം മടങ്ങിയത്.  23നാണ് കൊടിയിറക്ക്. അന്നുവരെ ദിവസവും രാവിലെ കുർബാന ഉണ്ടായിരിക്കും. 

ആചാര നിറവിലായിരുന്നു ഇന്നലെ വെച്ചൂട്ട് ചടങ്ങുകൾ. കുർബാനയ്ക്കു ജോഷ്വ മാർ നിക്കോദിമോസ്, ഒൻപതിന്മേൽ കുർബാനയ്ക്കു ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവർ മുഖ്യ കാ‍‌ർമികത്വം വഹിച്ചു. വെച്ചൂട്ട് നേർച്ച വിളമ്പുന്നതിനു ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. വിശ്വാസികൾ അനുഗ്രഹ മുഹൂർത്തം പോലെ ചോറും മാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും മോരും ചേർന്ന വെച്ചൂട്ട് നേർച്ച സദ്യയിൽ പങ്കെടുത്തു.  

കുട്ടികൾക്ക് ആദ്യ ചോറൂട്ടും വൈദികരുടെ നേതൃത്വത്തിൽ നടത്തി.  അങ്ങാടി ഇരവിനല്ലൂർ കവല ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണവും നടത്തി. വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സഹ വികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ.വർഗീസ് പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ, സെക്രട്ടറി റോണി.സി.വർഗീസ് എന്നിവർ നേതൃത്വം നൽകി.



© 2009 Puthuppally Pally Varthakal™

2023, മേയ് 8, തിങ്കളാഴ്‌ച

ഭക്തിനിറവിൽ പുതുപ്പള്ളി; വെച്ചൂട്ട് ഇന്ന്

 



വിശ്വാസിസമൂഹം ഒരേ മനസ്സോടെ പങ്കെടുക്കുന്ന പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ട് ഇന്ന്. പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന വെച്ചൂട്ടിനു വിപുലമായ ക്രമീകരണം ഒരുക്കി. ഇന്ന് 11.15ന് വെച്ചൂട്ട് ആരംഭിക്കും. വൈദികരുടെ നേതൃത്വത്തിൽ നൂറുകണക്കിനു കുട്ടികൾക്കു ആദ്യ ചോറൂട്ടും നടത്തും.

പുതുപ്പള്ളി, എറികാട് കരകളിൽ നിന്നുള്ള വിറകിടീൽ ഘോഷയാത്ര നാടിന്റെ സാംസ്കാരികത്തനിമ വിളിച്ചോതി. വിറകിടീൽ ചടങ്ങിനു ശേഷം പാചകത്തിനുള്ള പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുത്തു. വൈദികരുടെ നേതൃത്വത്തിൽ കെടാവിളക്കിൽ നിന്നു പകർന്നു നൽകിയ അഗ്നി തെളിച്ചാണു പുതുപ്പള്ളി പുണ്യാളന്റെ വെച്ചൂട്ടിനുള്ള ചോറ് തയാറാക്കൽ ഇന്നു പുലർച്ചെ ആരംഭിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുന്ന പുണ്യദിനം കൂടിയാണ് ഇന്ന്. 2നു പെരുന്നാൾ പ്രദക്ഷിണം അങ്ങാടി, ഇരവിനല്ലൂർ കവല ചുറ്റി നടത്തും. 4നു പ്രസിദ്ധമായ അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.

പൊന്നിൻകുരിശിന്റെ പ്രഭയിൽ

ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് അനുഗ്രഹപ്രഭ ചൊരിഞ്ഞു. വിശ്വാസിസമൂഹം പ്രാർഥനാനിരതരായി പൊന്നിൻകുരിശിനെ വണങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലാണ് പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്‌ഠിച്ചത്. ഗീവർഗീസ് സഹദായുടെ ചൈതന്യം നിറയുന്ന 401 പവൻ തൂക്കം വരുന്ന കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണു പുറത്തെടുക്കുന്നത്. നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റി പള്ളിയിലേക്കു പ്രദക്ഷിണം നടന്നു. ആഘോഷത്തിനു മാറ്റുകൂട്ടുന്ന ആകാശ വിസ്മയക്കാഴ്ച നയനമനോഹരമായി. 

പെരുന്നാളിൽ ഇന്ന്

പ്രഭാതനമസ്കാരം – 5.00

കുർബാന – ഡോ.ജോഷ്വ മാർ നിക്കോദിമോസ് – 5.30

പ്രഭാതനമസ്കാരം – 8.00

ഒൻപതിന്മേൽ കുർബാന – ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് – 9.00

ശ്ലൈഹിക വാഴ്‌വ് – 11.00

വെച്ചൂട്ട് നേർച്ച –11.15 (കുട്ടികൾക്ക് ആദ്യ ചോറൂട്ട് വടക്കുവശത്തെ പന്തലിൽ)

പെരുന്നാൾ പ്രദക്ഷിണം – 2.00

നേർച്ചവിളമ്പ്– 4.00.

2023, മേയ് 7, ഞായറാഴ്‌ച

വിറകിടീൽ ഘോഷയാത്ര ഇന്ന് 2ന്

 




ജാതിമത ഭേദമെന്യേ ഒരേ മനസ്സോടെ ഏവരും പങ്കെടുക്കുന്ന വിറകിടീൽ ഘോഷയാത്ര പുതുപ്പള്ളി, എറികാട് കരകളിൽ നിന്നു 2ന് ആരംഭിക്കും. പുതുപ്പള്ളി പുണ്യാളനെ സ്തുതിച്ചു കൊണ്ട് നടത്തുന്ന വിറകിടീൽ ചടങ്ങ് ആഘോഷ നിറവിലാണു നടക്കുക.തുടർന്നു 4.30ന് പന്തിരുനാഴി പുറത്ത് എടുക്കും. 

വൈകിട്ട് 6.30ന് നടത്തുന്ന പ്രദക്ഷിണം പുതുപ്പള്ളിയുടെ വീഥികൾക്കു സുന്ദരകാഴ്ചകൾ സമ്മാനിക്കും. നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല കുരിശടി വഴി ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിനു വാദ്യമേളങ്ങളും, മുത്തുക്കുടകളും, ദീപ കാഴ്ചകളും ഭക്തിയുടെ പ്രഭ ചൊരിയും. 9ന് ആകാശ വിസ്മയ കാഴ്ച.

ഗീവർഗീസ് സഹദായോടുള്ള പ്രാർഥനയുമായി ഇന്ന് രാത്രി 10 മുതൽ തിരുശേഷിപ്പിനു മുന്നിൽ വിശ്വാസി സമൂഹം അഖണ്ഡ പ്രാർഥനയിലും പങ്കെടുക്കും. പതിനായിരക്കണക്കിനു വിശ്വാസികൾക്കു തയാറാക്കുന്ന വെച്ചൂട്ടിനുള്ള അരിയിടൽ നാളെ പുലർച്ചെ ഒരു മണിക്കു ആചാരപൂർവം നടത്തും.

2023, മേയ് 6, ശനിയാഴ്‌ച

തീർഥാടന സംഗമം ഇന്ന്‌

 




പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു കുരിശടികളിൽ നിന്നുള്ള പ്രദക്ഷിണവും തീർഥാടന സംഗമവും ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 6നാണ് പ്രസിദ്ധമായ പുതുപ്പള്ളി തീർഥാടനം. കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, കൈതമറ്റം ചാപ്പൽ, പാറയ്ക്കൽ കടവ്, കാഞ്ഞിരത്തുംമൂട്, വെട്ടത്തുകവല, കൊച്ചക്കാല എന്നീ കുരിശടികളിൽ നിന്നാണ് ഇടവക ജനങ്ങളും തീർഥാടകരും പ്രദക്ഷിണത്തിൽ പങ്കെടുക്കുക. 6 കേന്ദ്രങ്ങളിലും 6ന് സന്ധ്യാനമസ്കാരത്തെ തുടർന്നു പ്രദക്ഷിണം പുറപ്പെടും. പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തുന്നതോടെ തീർഥാടക സംഗമം ആയി മാറും. പ്രദക്ഷിണങ്ങൾക്ക് പള്ളിയിൽ സ്വീകരണവും നൽകും.


പുതുപ്പള്ളി പള്ളി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മാങ്ങ അരിയിൽ

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി വെച്ചൂട്ടിനുള്ള മാങ്ങ അരിയിൽ ഇടവകയിലെ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ആരംഭിച്ചപ്പോൾ.വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.വർഗീസ് .പി.വർഗീസ് ആനിവയലിൽ, ഫാ.ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ എന്നിവർ സമീപം.

പുതുപ്പള്ളി പള്ളി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മാങ്ങ അരിയിൽ പുതുപ്പള്ളി പളളിയുടെ പാരമ്പര്യത്തനിമയുടെ മാറ്റ് കൂട്ടി. വെച്ചൂട്ട് നേർച്ചയ്ക്കുള്ള മാങ്ങ അരിയൽ ഇടവകയിലെ സ്ത്രീ ജനങ്ങൾ ആഘോഷമായി ഏറ്റെടുത്തു. മുതിർന്നവർ ഉൾപ്പെടെ പുതുപ്പള്ളി പെരുന്നാളിന്റെ പഴയകാല അനുഭവങ്ങളും പങ്കുവച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. പതിനായിരക്കണക്കിനു പേർ പങ്കെടുക്കുന്ന വെച്ചൂട്ട് നേർച്ചയുടെ പ്രധാന വിഭവമാണ് മാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും. 


  പതിറ്റാണ്ടുകളായി തുടർന്നു വരുന്ന ഈ രുചിക്കൂട്ടിന്റെ രഹസ്യം ഇടവക ജനങ്ങളുടെ കൂട്ടായ്മയാണ്. പ്രായഭേദമന്യേ ഉള്ളവർ ഇവ തയാറാക്കാൻ മുൻപന്തിയിൽ ഉണ്ട്. ചമ്മന്തിപ്പൊടി തയാറാക്കൽ ചടങ്ങ് ഇന്നലെ ആരംഭിച്ചു. ഇടവകയിലെ പുരുഷന്മാർ നേതൃത്വം നൽകും. വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂരിന്റെ നേതൃത്വത്തിൽ പ്രാ‍ർഥനയോടെയാണ് വിഭവങ്ങൾ തയാറാക്കൽ ചടങ്ങ് തുടങ്ങിയത്. 

സഹവികാരിമാരായ ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, ഫാ.കുര്യാക്കോസ് ഈപ്പൻ ഊളക്കൽ, ഫാ.ബ്ലസൺ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ.വർഗീസ് പി.വർഗീസ് , ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ,സെക്രട്ടറി റോണി.സി.വർഗീസ് എന്നിവർ നേതൃത്വം നൽകി. 

പുതുപ്പള്ളി പള്ളി ജറുസലം ദേവാലയത്തിന് തുല്യം: കാതോലിക്കാ ബാവാ

 




 നാനാജാതി മതസ്ഥർ എത്തുന്ന പുതുപ്പള്ളി പള്ളി ജറുസലം ദേവാലയത്തിനു തുല്യമാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പള്ളിയുടെ പ്രവർത്തനം സമൂഹത്തിനു മാതൃകയാണെന്നും ബാവാ പറഞ്ഞു. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. 

ഓർഡർ ഓഫ് സെന്റ്‍ ജോർജ് ബഹുമതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു സമർപ്പിച്ചു. ചാണ്ടി ഉമ്മൻ പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സിഎസ്ഐ മധ്യകേരള ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, മാർത്തോമ്മാ സഭാ കോട്ടയം അടൂർ ഭദ്രാസനം ബിഷപ് ഏബ്രഹാം മാർ പൗലോസ്, മലങ്കര കത്തോലിക്കാ ചർച്ച് തിരുവല്ല ഭദ്രാസനം ബിഷപ് തോമസ് മാർ കൂറിലോസ്, മലങ്കര സഭാ വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ്, മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, പഞ്ചായത്ത് അംഗം വൽസമ്മ മാണി, ട്രസ്റ്റി ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.

സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.ബ്ലസൻ മാത്യു ജോസഫ്, വാഴക്കാലായിൽ, ഫാ.വർഗീസ്.പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റി സജി ചാക്കോ, സെക്രട്ടറി റോണി സി.വർഗീസ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഉമ്മൻ ചാണ്ടിയുടെ സന്ദേശം മകൻ ചാണ്ടി ഉമ്മൻ വായിച്ചു. ‘പുതുപ്പള്ളി പള്ളിയെ ഇടവക പള്ളി എന്നതിൽ ഉപരി ജീവിതത്തിന്റെ ഒരു ഭാഗമായി കണക്കാക്കുന്നു, ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ബഹുമതിയായി ഈ പുരസ്കാരം കാണുന്നു.

ജീവിതയാത്രയിൽ പുതുപ്പള്ളി പള്ളിയും ഇവിടത്തെ ആത്മീയ ചൈതന്യവും വഹിച്ച പങ്ക് നിർവചനങ്ങൾക്ക് അതീതമാണ്. സത്യത്തിലും ധാർമികതയിലും ദൈവഭയത്തിലും അടിയുറച്ച ജീവിതപ്പാതയിൽ ബാല്യകാലം മുതൽ നടന്നടുക്കാൻ പുതുപ്പള്ളി പള്ളി വഹിച്ച പങ്കു ചെറുതല്ല, ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണു പുതുപ്പള്ളി പള്ളി എന്നും ഉമ്മൻ ചാണ്ടി സന്ദേശത്തിൽ അറിയിച്ചു.