വിശ്വാസിസമൂഹം ഒരേ മനസ്സോടെ പങ്കെടുക്കുന്ന പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ട് ഇന്ന്. പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന വെച്ചൂട്ടിനു വിപുലമായ ക്രമീകരണം ഒരുക്കി. ഇന്ന് 11.15ന് വെച്ചൂട്ട് ആരംഭിക്കും. വൈദികരുടെ നേതൃത്വത്തിൽ നൂറുകണക്കിനു കുട്ടികൾക്കു ആദ്യ ചോറൂട്ടും നടത്തും.
പുതുപ്പള്ളി, എറികാട് കരകളിൽ നിന്നുള്ള വിറകിടീൽ ഘോഷയാത്ര നാടിന്റെ സാംസ്കാരികത്തനിമ വിളിച്ചോതി. വിറകിടീൽ ചടങ്ങിനു ശേഷം പാചകത്തിനുള്ള പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുത്തു. വൈദികരുടെ നേതൃത്വത്തിൽ കെടാവിളക്കിൽ നിന്നു പകർന്നു നൽകിയ അഗ്നി തെളിച്ചാണു പുതുപ്പള്ളി പുണ്യാളന്റെ വെച്ചൂട്ടിനുള്ള ചോറ് തയാറാക്കൽ ഇന്നു പുലർച്ചെ ആരംഭിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുന്ന പുണ്യദിനം കൂടിയാണ് ഇന്ന്. 2നു പെരുന്നാൾ പ്രദക്ഷിണം അങ്ങാടി, ഇരവിനല്ലൂർ കവല ചുറ്റി നടത്തും. 4നു പ്രസിദ്ധമായ അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.
പൊന്നിൻകുരിശിന്റെ പ്രഭയിൽ
ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് അനുഗ്രഹപ്രഭ ചൊരിഞ്ഞു. വിശ്വാസിസമൂഹം പ്രാർഥനാനിരതരായി പൊന്നിൻകുരിശിനെ വണങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലാണ് പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്‌ഠിച്ചത്. ഗീവർഗീസ് സഹദായുടെ ചൈതന്യം നിറയുന്ന 401 പവൻ തൂക്കം വരുന്ന കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണു പുറത്തെടുക്കുന്നത്. നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റി പള്ളിയിലേക്കു പ്രദക്ഷിണം നടന്നു. ആഘോഷത്തിനു മാറ്റുകൂട്ടുന്ന ആകാശ വിസ്മയക്കാഴ്ച നയനമനോഹരമായി.
പെരുന്നാളിൽ ഇന്ന്
പ്രഭാതനമസ്കാരം – 5.00
കുർബാന – ഡോ.ജോഷ്വ മാർ നിക്കോദിമോസ് – 5.30
പ്രഭാതനമസ്കാരം – 8.00
ഒൻപതിന്മേൽ കുർബാന – ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് – 9.00
ശ്ലൈഹിക വാഴ്‌വ് – 11.00
വെച്ചൂട്ട് നേർച്ച –11.15 (കുട്ടികൾക്ക് ആദ്യ ചോറൂട്ട് വടക്കുവശത്തെ പന്തലിൽ)
പെരുന്നാൾ പ്രദക്ഷിണം – 2.00
നേർച്ചവിളമ്പ്– 4.00.