2023, മേയ് 6, ശനിയാഴ്‌ച

പുതുപ്പള്ളി പള്ളി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മാങ്ങ അരിയിൽ

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി വെച്ചൂട്ടിനുള്ള മാങ്ങ അരിയിൽ ഇടവകയിലെ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ആരംഭിച്ചപ്പോൾ.വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.വർഗീസ് .പി.വർഗീസ് ആനിവയലിൽ, ഫാ.ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ എന്നിവർ സമീപം.

പുതുപ്പള്ളി പള്ളി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മാങ്ങ അരിയിൽ പുതുപ്പള്ളി പളളിയുടെ പാരമ്പര്യത്തനിമയുടെ മാറ്റ് കൂട്ടി. വെച്ചൂട്ട് നേർച്ചയ്ക്കുള്ള മാങ്ങ അരിയൽ ഇടവകയിലെ സ്ത്രീ ജനങ്ങൾ ആഘോഷമായി ഏറ്റെടുത്തു. മുതിർന്നവർ ഉൾപ്പെടെ പുതുപ്പള്ളി പെരുന്നാളിന്റെ പഴയകാല അനുഭവങ്ങളും പങ്കുവച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. പതിനായിരക്കണക്കിനു പേർ പങ്കെടുക്കുന്ന വെച്ചൂട്ട് നേർച്ചയുടെ പ്രധാന വിഭവമാണ് മാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും. 


  പതിറ്റാണ്ടുകളായി തുടർന്നു വരുന്ന ഈ രുചിക്കൂട്ടിന്റെ രഹസ്യം ഇടവക ജനങ്ങളുടെ കൂട്ടായ്മയാണ്. പ്രായഭേദമന്യേ ഉള്ളവർ ഇവ തയാറാക്കാൻ മുൻപന്തിയിൽ ഉണ്ട്. ചമ്മന്തിപ്പൊടി തയാറാക്കൽ ചടങ്ങ് ഇന്നലെ ആരംഭിച്ചു. ഇടവകയിലെ പുരുഷന്മാർ നേതൃത്വം നൽകും. വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂരിന്റെ നേതൃത്വത്തിൽ പ്രാ‍ർഥനയോടെയാണ് വിഭവങ്ങൾ തയാറാക്കൽ ചടങ്ങ് തുടങ്ങിയത്. 

സഹവികാരിമാരായ ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, ഫാ.കുര്യാക്കോസ് ഈപ്പൻ ഊളക്കൽ, ഫാ.ബ്ലസൺ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ.വർഗീസ് പി.വർഗീസ് , ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ,സെക്രട്ടറി റോണി.സി.വർഗീസ് എന്നിവർ നേതൃത്വം നൽകി.