2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്

 

Oommen Chandy

 പുതുപ്പള്ളിയുടെ ചിറകുകൾ പ്രതീക്ഷയുടെ ആകാശം സമ്മാനിച്ച ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്. ഉമ്മൻ ചാണ്ടീ ഓർമയായത്തിനു ശേഷമുള്ള ആദ്യ പിറന്നാൾ, മരണാനന്തരവും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അതുല്യനായ ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികദിനം സാന്ത്വനദിനമായി സഹപ്രവർത്തകർ ആചരിക്കും.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കുർബാന ഉമ്മൻ ചാണ്ടി മുടക്കാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പിറന്നാളിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്. പിറന്നാൾ ദിനം ആലുവ ഗവ.ഗെസ്റ്റ് ഹൗസിൽ ചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മുട്ടിയും അടക്കമുള്ളവർ നേരിട്ടെത്തി ആശംസ അറിയിച്ചിരുന്നു.

പതിവിനു വിപരീതമായി മുടിയൊക്കെ ചീകിയൊതുക്കിയിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ചീകാതെ മുന്നിലേക്ക് അലസമായി ഇട്ട മുടിയാണ് നന്നായി ഇണങ്ങുന്നതെന്നും അതാണ് മനസ്സിൽ പതിഞ്ഞ മുഖമെന്നും മമ്മൂട്ടി പറയുകയും ചെയ്തു.

ആലുവയിൽ നിന്നു ആശുപത്രിയിലേക്കു പോകാനായിരുന്നു ഉമ്മൻ ചാണ്ടി തീരുമാനിച്ചിരുന്നത്. അർധരാത്രിയോടെ തീരുമാനം മാറ്റി. ഉമ്മൻ ചാണ്ടി പിറ്റേന്ന് നേരെ പുതുപ്പള്ളിയിലെ വീട്ടിലെത്തി. തുടർന്നു പുതുപ്പള്ളിപള്ളിയിലും പാമ്പാടി ദയറയിലും പ്രാർഥനയിൽ പങ്കു കൊണ്ടു. ഇതിനുശേഷം ചികിത്സയുടെ ദിനങ്ങളയിരുന്നു. എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി യാത്രയും പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ അഭാവത്തിലും പതിവുകൾ തെറ്റിക്കാതെയാണ് കുടുംബാംഗങ്ങൾ പിറന്നാൾ ദിനം ക്രമീകരിച്ചിരിക്കുന്നത്.  പുതുപ്പള്ളി പള്ളിയിൽ രാവിലെ കുർബാനയും വൈകിട്ട് 3.30നു കല്ലറയിൽ പ്രാർഥനയും ഉണ്ടായിരിക്കും.

  പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ  വൈകിട്ട് 3.30നു 1001 സന്നദ്ധ സേന പ്രവർത്തകർ പുനരർപ്പണ പ്രതിജ്ഞയെടുക്കും. നാലിനു ചേരുന്ന സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രി വയലാർ രവി "ഒസി ചാരിറ്റബിൾ ട്രസ്റ്റ് കർമ സേന" യുടെ ഉദ്ഘാടനം നിർവഹിക്കും.