2015, ഏപ്രിൽ 30, വ്യാഴാഴ്‌ച

പുതുപ്പള്ളി പള്ളി: വെച്ചൂട്ടിനുള്ള ഒരുക്കം നാളെ തുടങ്ങും


 നവമാധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിലെ പ്രധാന ചടങ്ങായ വെച്ചുട്ടിനുള്ള ഒരുക്കങ്ങൾ നാളെ ആരംഭിക്കും. വെച്ചുട്ടിനുള്ള മാങ്ങാ അരിച്ചിലിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിനു സംസ്ഥാന വനിത കമ്മിഷൻ അംഗം ഡോ. ജെ. പ്രമീള ദേവി നിർവഹിക്കും. 

ഭാരതീയ വാസ്തു സങ്കൽപ്പം അനുസരിച്ചു പണികഴിപ്പിച്ച ദേവാലയമാണ് പുതുപ്പള്ളി പള്ളി. ഒൻപതു ത്രോണോസുകളാണ് പള്ളിയുടെ പ്രത്യേകത. മധ്യഭാഗത്തുള്ള വലിയ പള്ളിയുടെ പ്രധാന ത്രോണോസ് വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലാണ്. ഇടത്തും വലത്തുമായി പരിശുദ്ധ മാർത്തോമ്മാശ്ലീഹായുടെയും പരിശുദ്ധ പരുമല തിരുമേനിയുടേയും നാമത്തിലുള്ള ത്രോണോസുകൾ സ്ഥിതി ചെയ്യുന്നു. വലിയപള്ളിയുടെ വടക്കു ഭാഗത്തെ പ്രധാന ത്രോണോസ് വിശുദ്ധ ദൈവമാതാവിന്റെയും ഇടത്തും വലതുമായി മർത്തശ്മൂനിയമ്മ, മോർത്ത യുലീത്ത എന്നിവരുടെയും നാമത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. ശുദ്ധിമതികളുടെ നാമത്തിലുള്ള ഏക ദേവാലയം കൂടിയാണിത്. 

പ്രധാന പള്ളിയുടെ തെക്കുഭാഗത്ത് വിശുദ്ധബഹനാൻ സഹദായുടെയും ഇടതും വലത്തുമായി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെയും പരുശുദ്ധ പാമ്പാടി തിരുമേനിയുടെയും നാമത്തിൽ ത്രോണോസുകളുണ്ട്. വട്ടശേരി തിരുമേനിയുടെ നാമത്തിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിച്ചിരിക്കുന്ന ത്രോണോസും പുതുപ്പള്ളി പള്ളിയിലാണ്.

2015, ഏപ്രിൽ 29, ബുധനാഴ്‌ച

ആചാരത്തനിമയിൽ പുതുപ്പള്ളി പെരുന്നാൾ കൊടിയേറി


 പൗരസ്ത്യജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന് ഭക്തിയുടെ നിറവിൽ കൊടിയേറി.

മഴയിലും പരമ്പരാഗത പാട്ടുകൾ പാടി പുതുപ്പള്ളി എറികാട് കരകളിൽ നിന്ന് ആഘോഷങ്ങളോടെയാണു കൊടിയേറ്റിനുള്ള കമുകുമരങ്ങൾ ഘോഷയാത്രയായി എത്തിച്ചത്. വാദ്യമേളങ്ങൾക്കൊപ്പം ആർപ്പുവിളികളും ആരവങ്ങളുമായി നൂറുകണക്കിനാളുകളാണു കൊടിമരഘോഷയാത്രയിൽ പങ്കെടുത്തത്.

പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തിയ ശേഷമായിരുന്നു പെരുന്നാളിനെ വരവേറ്റു കൊണ്ട് കൊടിമരം ഉയര്ത്തൽ.  അഭിവന്ദ്യ  മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവർ കൊടിയേറ്റിനു മുഖ്യകാർമികത്വം വഹിച്ചു. മേയ് അഞ്ചു മുതൽ ഏഴു വരെയാണു പ്രധാന പെരുന്നാൾ.

ആചാരത്തിനിമകൾ നിറഞ്ഞ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പുതുപ്പള്ളിപള്ളിയിലേക്കു വിവിധ ദേശങ്ങളിൽ നിന്നും തീർഥാടകരുടെ ഒഴുക്ക് ആരംഭിച്ചു.

2015, ഏപ്രിൽ 28, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളിയില്‍ കൊടിയേറ്റ് ഇന്ന്


പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന് ഇന്ന് കൊടിയേറും. ഉച്ചക്ക്  2 മണിക്ക് പള്ളിയിൽ  നിന്നും ആരംഭിക്കുന്ന പുതുപ്പള്ളി, എറികാട് കരക്കാരുടെ നേതൃത്വത്തിലുള്ള കൊടിമരഘോഷയാത്ര കവുങ്ങുകളും ആയീ തിരിച്ചു പള്ളിയിലെത്തിയ ശേഷം വൈകീട്ട് 4.30ഓടെയാണ് കൊടിയേറ്റ്. 

അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ ചേർന്ന് കൊടിയേറ്റും.

2015, ഏപ്രിൽ 27, തിങ്കളാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ നാളെ കൊടിയേറുന്നു


പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ  വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിന് നാളെ കൊടിയേറും. രണ്ടു മണിക്ക് കൊടിമരഘോഷയാത്ര ആരംഭിക്കും.

പുതുപ്പള്ളി - എറികാട് കരക്കാർ കമുക് മുറിച്ച് വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും പുതുപ്പള്ളി പുണ്യാളച്ചനെ സ്തുതിച്ചുകൊണ്ടുള്ള വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ ആഘോഷപൂർവ്വം പള്ളിയിലെത്തിക്കും. തുടർന്ന് പള്ളിക്ക് പ്രദക്ഷിണം. 

കമുക് പള്ളിയുടെ മുന്നിൽ കുരി ശിൻതൊട്ടിയുടെ ഇരുവശത്തും നാട്ടും. 4.30ന് അഭിവന്ദ്യരായ  ഗീവർഗീസ് മാർ കൂറിലോസും ഡോ.യൂലിയോസും ചേർന്ന് കൊടിയേറ്റും. രണ്ടു കൊടിമരങ്ങൾ പുതുപ്പള്ളി പള്ളിയുടെ പ്രതേകതയാണ്.

മേയ് അഞ്ച്, ആറ്, ഏഴ്തീയതികളിലാണു പ്രധാന പെരുന്നാൾ. 

2015, ഏപ്രിൽ 26, ഞായറാഴ്‌ച

പുതുപ്പള്ളി പള്ളി പെരുന്നാളിന് ഒരുക്കമായി; 28നു കൊടിയേറ്റ്



 പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിന് ഒരുക്കമായി. 28ന് ആണ് കൊടിയേറ്റ്. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണു പ്രധാന പെരുന്നാള്‍. മൂന്നിനു പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയാവും. പെരുന്നാളില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് എത്തുക. തീര്‍ഥാടകരെ സ്വീകരിക്കാന്‍ പള്ളിയില്‍ വിപുലമായ ക്രമീകരണമാണ് ഒരുക്കിയതെന്നു ഭാരവാഹികള്‍ പറഞ്ഞു. 

പെരുന്നാളിന്റെ സമാപനം കുറിച്ചു നടക്കുന്ന വെച്ചൂട്ടില്‍ ഇത്തവണ രണ്ടു ലക്ഷം തീര്‍ഥാടകരെയാണു പ്രതീക്ഷിക്കുന്നത്. പള്ളിയിലേക്കുള്ള വഴികള്‍ തോരണങ്ങളാല്‍ അലങ്കരിച്ചു. റാസയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്നതിനു 11,000 മുത്തുക്കുടകള്‍ ഒരുക്കി. പള്ളിയുടെ തെക്കുവശത്തു സ്ഥിരം പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. കൊല്ലത്തുനിന്നുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ ദീപാലങ്കാര ജോലികള്‍ പള്ളിയില്‍ പൂര്‍ത്തിയാക്കി.

പെരുന്നാള്‍ കഴിഞ്ഞ് ഒരാഴ്ചകൂടി ദീപാലങ്കാരപ്രഭയിലാകും പള്ളി. പെരുന്നാള്‍ ദിനങ്ങള്‍ പള്ളിയും പരിസരവും ഉല്‍സവമേഖലയാണ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കും. കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍, പത്തനംതിട്ട, മാവേലിക്കര, കൊട്ടാരക്കര, തിരുവല്ല, കോട്ടയം ഡിപ്പോകളില്‍നിന്നു പ്രത്യേക സര്‍വീസുകള്‍ നടത്തും.

2015, ഏപ്രിൽ 5, ഞായറാഴ്‌ച

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാൾ



പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാൾ 2015 April 5 & 6

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ കനക ജൂബിലി പെരുന്നാൾ 2015 ഏപ്രിൽ മാസം 5,6 തീയതികളിൽ പാമ്പാടി ദയറായിൽ പരിശുദ്ധ കാതോലിക്ക ബാവ തിരുമനസിന്റെ മുഖ്യ കാർമികത്വത്തിൽ ആചരിക്കുന്നതാണ്.


© 2009 Puthuppally Pally Varthakal™