നവമാധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിലെ പ്രധാന ചടങ്ങായ വെച്ചുട്ടിനുള്ള ഒരുക്കങ്ങൾ നാളെ ആരംഭിക്കും. വെച്ചുട്ടിനുള്ള മാങ്ങാ അരിച്ചിലിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒമ്പതിനു സംസ്ഥാന വനിത കമ്മിഷൻ അംഗം ഡോ. ജെ. പ്രമീള ദേവി നിർവഹിക്കും.
ഭാരതീയ വാസ്തു സങ്കൽപ്പം അനുസരിച്ചു പണികഴിപ്പിച്ച ദേവാലയമാണ് പുതുപ്പള്ളി പള്ളി. ഒൻപതു ത്രോണോസുകളാണ് പള്ളിയുടെ പ്രത്യേകത. മധ്യഭാഗത്തുള്ള വലിയ പള്ളിയുടെ പ്രധാന ത്രോണോസ് വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലാണ്. ഇടത്തും വലത്തുമായി പരിശുദ്ധ മാർത്തോമ്മാശ്ലീഹായുടെയും പരിശുദ്ധ പരുമല തിരുമേനിയുടേയും നാമത്തിലുള്ള ത്രോണോസുകൾ സ്ഥിതി ചെയ്യുന്നു. വലിയപള്ളിയുടെ വടക്കു ഭാഗത്തെ പ്രധാന ത്രോണോസ് വിശുദ്ധ ദൈവമാതാവിന്റെയും ഇടത്തും വലതുമായി മർത്തശ്മൂനിയമ്മ, മോർത്ത യുലീത്ത എന്നിവരുടെയും നാമത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നു. ശുദ്ധിമതികളുടെ നാമത്തിലുള്ള ഏക ദേവാലയം കൂടിയാണിത്.
പ്രധാന പള്ളിയുടെ തെക്കുഭാഗത്ത് വിശുദ്ധബഹനാൻ സഹദായുടെയും ഇടതും വലത്തുമായി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടെയും പരുശുദ്ധ പാമ്പാടി തിരുമേനിയുടെയും നാമത്തിൽ ത്രോണോസുകളുണ്ട്. വട്ടശേരി തിരുമേനിയുടെ നാമത്തിൽ മലങ്കരയിൽ ആദ്യമായി സ്ഥാപിച്ചിരിക്കുന്ന ത്രോണോസും പുതുപ്പള്ളി പള്ളിയിലാണ്.