പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ പെരുന്നാളിന് ഒരുക്കമായി. 28ന് ആണ് കൊടിയേറ്റ്. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണു പ്രധാന പെരുന്നാള്‍. മൂന്നിനു പൊതുസമ്മേളനത്തില്‍ ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയാവും. പെരുന്നാളില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിനു തീര്‍ഥാടകരാണ് എത്തുക. തീര്‍ഥാടകരെ സ്വീകരിക്കാന്‍ പള്ളിയില്‍ വിപുലമായ ക്രമീകരണമാണ് ഒരുക്കിയതെന്നു ഭാരവാഹികള്‍ പറഞ്ഞു.
പെരുന്നാളിന്റെ സമാപനം കുറിച്ചു നടക്കുന്ന വെച്ചൂട്ടില്‍ ഇത്തവണ രണ്ടു ലക്ഷം തീര്‍ഥാടകരെയാണു പ്രതീക്ഷിക്കുന്നത്. പള്ളിയിലേക്കുള്ള വഴികള്‍ തോരണങ്ങളാല്‍ അലങ്കരിച്ചു. റാസയ്ക്കുള്‍പ്പെടെ ഉപയോഗിക്കുന്നതിനു 11,000 മുത്തുക്കുടകള്‍ ഒരുക്കി. പള്ളിയുടെ തെക്കുവശത്തു സ്ഥിരം പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. കൊല്ലത്തുനിന്നുള്ള സംഘത്തിന്റെ നേതൃത്വത്തില്‍ ദീപാലങ്കാര ജോലികള്‍ പള്ളിയില്‍ പൂര്‍ത്തിയാക്കി.
പെരുന്നാള്‍ കഴിഞ്ഞ് ഒരാഴ്ചകൂടി ദീപാലങ്കാരപ്രഭയിലാകും പള്ളി. പെരുന്നാള്‍ ദിനങ്ങള്‍ പള്ളിയും പരിസരവും ഉല്‍സവമേഖലയാണ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ സേവനം ലഭ്യമാക്കും. കെഎസ്ആര്‍ടിസി ചെങ്ങന്നൂര്‍, പത്തനംതിട്ട, മാവേലിക്കര, കൊട്ടാരക്കര, തിരുവല്ല, കോട്ടയം ഡിപ്പോകളില്‍നിന്നു പ്രത്യേക സര്‍വീസുകള്‍ നടത്തും.