2015, ഏപ്രിൽ 29, ബുധനാഴ്‌ച

ആചാരത്തനിമയിൽ പുതുപ്പള്ളി പെരുന്നാൾ കൊടിയേറി


 പൗരസ്ത്യജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിന് ഭക്തിയുടെ നിറവിൽ കൊടിയേറി.

മഴയിലും പരമ്പരാഗത പാട്ടുകൾ പാടി പുതുപ്പള്ളി എറികാട് കരകളിൽ നിന്ന് ആഘോഷങ്ങളോടെയാണു കൊടിയേറ്റിനുള്ള കമുകുമരങ്ങൾ ഘോഷയാത്രയായി എത്തിച്ചത്. വാദ്യമേളങ്ങൾക്കൊപ്പം ആർപ്പുവിളികളും ആരവങ്ങളുമായി നൂറുകണക്കിനാളുകളാണു കൊടിമരഘോഷയാത്രയിൽ പങ്കെടുത്തത്.

പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തിയ ശേഷമായിരുന്നു പെരുന്നാളിനെ വരവേറ്റു കൊണ്ട് കൊടിമരം ഉയര്ത്തൽ.  അഭിവന്ദ്യ  മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവർ കൊടിയേറ്റിനു മുഖ്യകാർമികത്വം വഹിച്ചു. മേയ് അഞ്ചു മുതൽ ഏഴു വരെയാണു പ്രധാന പെരുന്നാൾ.

ആചാരത്തിനിമകൾ നിറഞ്ഞ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പുതുപ്പള്ളിപള്ളിയിലേക്കു വിവിധ ദേശങ്ങളിൽ നിന്നും തീർഥാടകരുടെ ഒഴുക്ക് ആരംഭിച്ചു.