ആദ്യതിരഞ്ഞെടുപ്പിൽ ഒറ്റത്തെങ്ങിന്റെ പിൻബലത്തിൽ ജനവിധിതേടിയ മുഖ്യമന്ത്രിയുടെ കയ്യിൽ ഇന്നലെ നാലു തെങ്ങിൻ തൈകളുണ്ടായിരുന്നു.
ഒറ്റത്തേങ്ങയിൽ കിളിർത്ത നാലു തെങ്ങിൻതൈ പുതുപ്പള്ളി പള്ളിമുറ്റത്ത് ഉമ്മൻചാണ്ടി നട്ടപ്പോൾ നാട്ടുകാരുടെ ഓർമയിലേക്ക് ഒരുപാടു സംഭവങ്ങൾ തെളിഞ്ഞുവന്നു. നാലു പതിറ്റാണ്ടു മുൻപ് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിൽ ആദ്യമായി മത്സരിക്കുമ്പോൾ തെങ്ങായിരുന്നു ഉമ്മൻചാണ്ടിയുടെ ചിഹ്നം. അൻപതുവർഷം മുൻപ് പുതുപ്പള്ളി പള്ളിയുടെ മുന്നിൽ ഒറ്റത്തേങ്ങയിൽ വിരിഞ്ഞ മൂന്നു തെങ്ങുകളുണ്ടായിരുന്നു. അതിന്റെ ഓർമയ്ക്കു കൂടിയാണ് നാലുതെങ്ങുകൾ നട്ടത്.
കടുത്തുരുത്തിയിലെ ഒരു സ്വകാര്യ നഴ്സറിയിൽ നിന്നാണ് ഇടവകാംഗമായ മൗനം തോമസ് ഈ അപൂർവ തൈ സംഘടിപ്പിച്ചത്. കൊണ്ടുവരുമ്പോൾ മൂന്നുതൈ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ് നാലാമതൊരു തൈകൂടി കിളിർത്തത്. രാവിലത്തെ കുർബാനയ്ക്കു ശേഷമായിരുന്നു തൈനടീൽ. ഫാ. മാർക്കോസ് ജോൺ പാറയിൽ, ഫാ. ജോൺ ഇട്ടി തോമസ്, മാത്യു കൊക്കൂറ, ജേക്കബ് ഫിലിപ്പ് തുടങ്ങിയവർ പങ്കെടുത്തു.
© 2009 Puthuppally Pally Varthakal™