വെടിക്കെട്ടു ദുരന്തമുണ്ടായ പരവൂർ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും പരുക്കേറ്റവർക്കു തുടർചികിത്സയ്ക്കും പണംനൽകിയ പുതുപ്പള്ളി പള്ളിയുടെ പ്രവർത്തനം മാതൃകാപരമാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികാരി ഫാ.മാത്യു വർഗീസ് വലിയപീടികയിൽ അധ്യക്ഷതവഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി പുതുപ്പാടി ആശ്രമാംഗം കെ.ഐ.ഫിലിപ്പ് റമ്പാനു മുഖ്യമന്ത്രി സമർപ്പിച്ചു. ഒൻപതു സംസ്ഥാനങ്ങളിലായി 30 സ്ഥാപനങ്ങൾ നിർമിച്ച് 83–ാം വയസ്സിലും കർമനിരതനാണു കെ.ഐ.ഫിലിപ്പ് റമ്പാൻ. അനാഥർക്കും രോഗികൾക്കും കുട്ടികൾക്കുമായി സ്ഥാപനങ്ങൾ നിർമിച്ചു; രാജ്യത്തെ വിവിധ ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകി.
സഹവികാരി ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ ആമുഖപ്രസംഗം നടത്തി. രക്തദാന ഗ്രൂപ്പുകളെക്കുറിച്ചും പള്ളിയുടെ വിവരങ്ങളും അറിയുന്നതിനുള്ള പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ടിറ്റോ സ്മൃതി അഖില കേരള ചിത്രരചനാ മത്സരത്തിൽ വിജയിച്ചവർക്കു ജിജി തോംസൺ സമ്മാനം നൽകി. സഹവികാരി ഫാ.മർക്കോസ് ജോൺ പാറയിൽ, ട്രസ്റ്റി പി.ജോർജ് ജോസഫ് കൊച്ചുചക്കാലയിൽ എന്നിവർ പ്രസംഗിച്ചു.