2016, മേയ് 6, വെള്ളിയാഴ്‌ച

പൊന്നിൻ കുരിശ് സ്ഥാപിക്കലും, വിറകിടീലും, പ്രദക്ഷിണവും ഇന്ന്


പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓ‍ർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊന്നിൻ കുരിശ് സ്ഥാപിക്കൽ ഇന്ന്. 11നു ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ മുഖ്യകാർമികത്വത്തിൽ പ്രാർഥനാ നിർഭരമായ ചടങ്ങുകളോടെയാണ് വിശ്വാസ പ്രസിദ്ധമായ പൊന്നിൻ കുരിശ് മദ്ബഹായിൽ സ്ഥാപിക്കുക. 401 പവൻ തൂക്കം വരുന്ന കുരിശ് പുതുപ്പള്ളി പള്ളിയിലെ പ്രത്യേകതയാണ്. തീർഥാടകർക്കു കുരിശു വണങ്ങി പ്രാർഥിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞു കരക്കാരുടെ നേതൃത്വത്തിലുള്ള വിറകിടീലും രാത്രി എട്ടിനു പ്രസിദ്ധമായ നിലയ്ക്കൽപള്ളി, പുതുപ്പള്ളിക്കവല വഴിയുള്ള പ്രദക്ഷിണവും നടക്കും.

പ്രധാന പെരുന്നാൾ ദിനമായ നാളെ ഒൻപതിനു ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ‌ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്,– നേർച്ചസദ്യയും കുട്ടികൾക്ക് ആദ്യചോറൂട്ടും നടത്തും. രണ്ടിനു അങ്ങാടി, ഇരവിനെല്ലൂർ ചുറ്റി പ്രദക്ഷിണം പള്ളിയിൽ മടങ്ങി എത്തും. നാലിനു അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.