2016, മേയ് 5, വ്യാഴാഴ്‌ച

കരകളിൽ നിന്നുള്ള പ്രദക്ഷിണം ഇന്ന്


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു കരകളിൽ നിന്നുള്ള പ്രദക്ഷിണം ഇന്ന്. പ്രധാന പെരുന്നാൾ ദിനത്തിനു മുന്നോടിയായുള്ള ഈ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകിട്ട് 5.30നു പ്രദക്ഷിണം പുറപ്പെടുന്ന അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് ഒരേസമയം സന്ധ്യാപ്രാർഥന ആരംഭിക്കും. ആറിനു പ്രദക്ഷിണം ആരംഭിക്കും. കൈതമറ്റത്തുള്ള പുതുപ്പള്ളി പള്ളിയുടെ മാർ ഗ്രിഗോറിയൻ ചാപ്പൽ, വെള്ളുക്കുട്ട പള്ളിയുടെ കാഞ്ഞിരത്തുമൂട്ടിലുള്ള കുരിശിൻതൊട്ടി, നിലക്കൽപള്ളിയുടെ വെട്ടത്തുകവലയിലെ കുരിശിൻതൊട്ടി, പാറക്കൽകടവിലെ പുതുപ്പള്ളി പള്ളിയുടെ കുരിശിൻതൊട്ടി, കൊച്ചാലുംമൂട് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു കരക്കാരുടെ പ്രദക്ഷിണം ആരംഭിക്കുക.

പള്ളിയുടെ പ്രധാന കവാടത്തിൽ വികാരി ഫാ.മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ.മർക്കോസ് ജോൺ പാറയിൽ, ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ കൈക്കാരന്മാരായ പി.ജോർജ് ജോസഫ്, പി.എം.ചാക്കോ, സെക്രട്ടറി ജീവൻ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദക്ഷിണങ്ങളെ സ്വീകരിക്കും. തുടർന്നു സെമിത്തേരിയിൽ ധൂപപ്രാർഥനയും മരിച്ചവരുടെ ഓർമയും ആചരിക്കും. വിവിധ പള്ളികളിൽ നിന്നു തീർഥാടകസംഘങ്ങളായി എത്തുന്നവർക്കും ഇന്നു രാവിലെ പള്ളിയിൽ സ്വീകരണം നൽകും. പാറക്കൽ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര സംഗീത മൽസരം 11നു നടത്തും. പ്രസിദ്ധമായ വെച്ചൂട്ടിനുള്ള വിറകിടീൽ നാളെയാണ്. പുതുപ്പള്ളി പള്ളിയുടെ തനതു സവിശേഷതയാണ് അപൂർവ മാതൃകയിലുള്ള പുതുപ്പള്ളി കുരിശ്.

കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണ് ഈ കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്.പ്രാചീന ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള കൂർമപീഠങ്ങളുള്ളധ്വജസ്തംഭങ്ങളും കുരിശുകളുമുണ്ട്.കൂർമപാദമുള്ള കുരിശ് സാധാരണ കാണാറുള്ളതല്ല. അതുകൊണ്ടാണു പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായി ഈ കുരിശിനെ വിശേഷിപ്പിക്കുന്നത്. കുരിശിന്റെ കൈപ്പിടി ഒരു വാളിന്റെ പിടിയെ അനുസ്മരിപ്പിക്കുന്നു. ഒപ്പം അംശവടിയെയും കിരീടത്തെയും. ക്രൈസ്തവ ജയത്തിന്റെ സ്ളീബ എന്നുമവന്റെ ആയുധമാണെന്നു പുതുപ്പള്ളി കുരിശ് ഉദ്ഘോഷിക്കുന്നു. പീഠത്തിന്റെ ആമക്കാലുകൾ ഭൂമിയെ ഉദ്ധരിക്കുന്നതിനായി കൂർമാവതാരം പൂണ്ട ദേവന്റെ സ്മരണ ഉണർത്തുന്നു. ഇവിടെ രണ്ടു വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയമാണു പ്രതിഫലിക്കുന്നത്. ലോകരക്ഷകനായ ക്രിസ്തുവിന്റെ സ്മരണയെ ആർഷസംസ്കാരവുമായി തികച്ചും പ്രതീകാത്മകമായി ഈ കുരിശിൽ ബന്ധപ്പെടുത്തിയിരിക്കുന്നു.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്


പ്രഭാതനമസ്കാരം – 7.00,
കുർബാന–ഫാ.തോമസ് വർഗീസ് പരക്കുന്നേൽ–7.30
പുതുപ്പള്ളി തീർഥാടനം, തീർഥാടകർക്കു സ്വീകരണം–10.00
അഖില മലങ്കര സംഗീത മൽസരം–11.00
മധ്യസ്ഥപ്രാർഥന–12.00
കുരിശിൻ തൊട്ടികളിൽ നിന്നുള്ള പ്രദക്ഷിണം ആരംഭം–6.00
പ്രദക്ഷിണത്തിനു പള്ളിയിൽ സ്വീകരണം–8.00