2018 ഏപ്രിൽ 30, തിങ്കളാഴ്‌ച

ഇത് അതിരുകളില്ലാത്ത മനുഷ്യസ്നേഹം കരുതേണ്ട കാലം: ദയാ ബായി

പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

വിശ്വാസങ്ങൾക്കുമപ്പുറം നന്മയുടെ അനുഭവം എല്ലാവർക്കും ലഭിക്കുന്ന ദേവാലയമാണു പുതുപ്പള്ളി പള്ളിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ഭാരതീയ സംസ്കാരം പുതുതലമുറയിലേക്കും പകരാൻ പുതുപ്പള്ളി പള്ളി നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നു മുഖ്യാതിഥിയായ നടൻ ജയറാം പറഞ്ഞു.

പള്ളി നൽകുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി സാമൂഹിക പ്രവർത്തക ദയാബായിക്കു സമ്മാനിച്ചു. മനുഷ്യബന്ധങ്ങൾക്കു മുറിവേൽക്കുന്ന  ഇക്കാലത്തു വിടവുകളും അതിരുകളുമില്ലാത്ത മനുഷ്യ സ്നേഹം കാത്തുസൂക്ഷിക്കണമെന്നു മറുപടി പ്രസംഗത്തിൽ ദയാബായി പറഞ്ഞു.ഉമ്മൻചാണ്ടി, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ ചേർന്നാണു ബഹുമതി സമ്മാനിച്ചത്.


സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി പുതുപ്പള്ളി പള്ളി നൽകുന്ന ഒരു ലക്ഷം രൂപയുടെ സഹായം ദയാബായിക്കു വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ നൽകി.നിറച്ചാർത്ത് പെയിന്റിങ് മൽസര സമ്മാനദാനം ജയറാം നിർവഹിച്ചു.സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ, വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. സഖറിയ തോമസ് പടിഞ്ഞാറെ വടക്കേക്കര, ഫാ. മർക്കോസ് മർക്കോസ്, കൈക്കാരന്മാരായ ലിജോയ് വർഗീസ് കളപ്പുരയ്ക്കൽ, സാം കുരുവിള വായ്പ്പൂക്കര, സെക്രട്ടറി ജോജി പി.ജോർജ് പെരുമ്പുഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


2018 ഏപ്രിൽ 28, ശനിയാഴ്‌ച

പുതുപ്പള്ളി പള്ളിയുടെ ഓർഡർ ഓഫ് സെന്റ് ജോർജ് ദയാബായിക്ക്


 ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ചു നൽകിവരുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് (ഒരു ലക്ഷം രൂപ) ബഹുമതി സാമൂഹിക പ്രവർത്തക ദയാബായിക്കു നൽകും. പെരുന്നാളിനോടനുബന്ധിച്ച് 29ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബഹുമതി സമ്മാനിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.  നടൻ ജയറാമാണ് മുഖ്യാതിഥി.





2018 ഏപ്രിൽ 27, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ നാളെ കൊടിയേറും (28/4/18)


പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനു നാളെ കൊടിയേറും. രണ്ടിനു കൊടിമരഘോഷയാത്ര ആരംഭിക്കും. അഞ്ചിനു ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റിനു നേതൃത്വം നൽകും. നാളെ മുതൽ മേയ് ഏഴുവരെയാണ് പെരുന്നാൾ.

29നു കുർബാനയ്ക്കുശേഷം പൊതുസമ്മേളനം. മുഖ്യാതിഥി നടൻ ജയറാമാണ്. ഈ വർഷത്തെ ‘ഓർഡർ ഓഫ് സെന്റ് ജോർജ്’ അവാർഡ് ദയാബായിക്ക് സമർപ്പിക്കും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

30നു വൈകിട്ട് ആറിനു ചേരുന്ന കുടുംബ സംഗമം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. മേയ് ഒന്നു മുതൽ നാലു വരെ നടക്കുന്ന പുതുപ്പള്ളി കൺവൻഷനു ഫാ. ഗീവർഗീസ് വള്ളിക്കാടും കോലഞ്ചേരി സുഖദാ ധ്യാനകേന്ദ്രത്തിലെ അംഗങ്ങളും നേതൃത്വം വഹിക്കും. 

മേയ് അഞ്ചിനു തീർഥാടനസംഗമം. വലിയ പെരുന്നാൾ ദിനമായ ഏഴിനു പുലർച്ചെ ഒരുമണിക്കാണ് വെച്ചൂട്ടിനുള്ള അരിയിടൽ. എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ച, കുട്ടികൾക്ക് ആദ്യ ചോറൂണ്. രണ്ടു മണിക്കു പ്രദക്ഷിണം, നാലിനു നേർച്ചയോടെ പെരുന്നാൾ സമാപിക്കും.

മെയ് 20നു കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.




2018 ഏപ്രിൽ 1, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു


രാജ്യത്തെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരുക്കം തുടങ്ങി. പെരുന്നാൾ നടത്തിപ്പിനായി 1001 അംഗങ്ങൾ ഉൾപ്പെടുന്ന വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 29 മുതൽ മേയ് എഴു വരെയാണു പ്രധാന പെരുന്നാൾ.ഏപ്രിൽ 28ന് അഞ്ചിനു കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റും. 29നു കുർബാനയ്ക്കു ശേഷം ചേരുന്ന പൊതുസമ്മേളനത്തിൽ ജോർജിയൻ പുരസ്കാരം വിതരണം ചെയ്യും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

30നു വൈകിട്ട് ആറിനു ചേരുന്ന കുടുംബ സംഗമം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. മേയ് ഒന്നു മുതൽ നാലു വരെ നടക്കുന്ന പുതുപ്പള്ളി കൺവൻഷനു ഫാ. ഗീവർഗീസ് വള്ളിക്കാടും കോലഞ്ചേരി സുഖദാ ധ്യാനകേന്ദ്രത്തിലെ അംഗങ്ങളും നേതൃത്വം വഹിക്കും. അഞ്ചിനു തീർഥാടന സംഗമവും വിവിധ കുരിശടികളിൽ നിന്നു പള്ളിയിലേക്കുള്ള പ്രദക്ഷിണവും നടക്കും.മേയ് ആറിനു നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യകാർമികത്വത്തിൽ അഞ്ചിൻമേൽ കുർബാനയ്ക്കു ശേഷം പൊന്നിൻ കുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. രണ്ടു മണിക്കു വിറകിടീൽ ചടങ്ങ്.

നാലിനു പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർഥനയ്ക്കു ശേഷം പ്രദക്ഷിണം. പൊന്നിൻകുരിശും അകമ്പടിയായി 100 വെള്ളിക്കുരിശും ആയിരക്കണക്കിനു മുത്തുക്കുടകളും അണിനിരത്തും. തുടർന്നു കരിമരുന്ന് കലാപ്രകടനം.മേയ് ഏഴിനു പുലർച്ചെ ഒരു മണിക്കു വെച്ചൂട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ. രാവിലെ അഞ്ചിനു കുർബാന, എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിൻമേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ച, കുട്ടികൾക്ക് ആദ്യ ചോറൂണ്. രണ്ടു മണിക്കു പ്രദക്ഷിണം, നാലിനു നേർച്ചയോടെ പെരുന്നാൾ സമാപിക്കും.മേയ് 20നു കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ പ്രത്യേക മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും.