പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനു നാളെ കൊടിയേറും. രണ്ടിനു കൊടിമരഘോഷയാത്ര ആരംഭിക്കും. അഞ്ചിനു ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റിനു നേതൃത്വം നൽകും. നാളെ മുതൽ മേയ് ഏഴുവരെയാണ് പെരുന്നാൾ.
29നു കുർബാനയ്ക്കുശേഷം പൊതുസമ്മേളനം. മുഖ്യാതിഥി നടൻ ജയറാമാണ്. ഈ വർഷത്തെ ‘ഓർഡർ ഓഫ് സെന്റ് ജോർജ്’ അവാർഡ് ദയാബായിക്ക് സമർപ്പിക്കും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.
30നു വൈകിട്ട് ആറിനു ചേരുന്ന കുടുംബ സംഗമം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. മേയ് ഒന്നു മുതൽ നാലു വരെ നടക്കുന്ന പുതുപ്പള്ളി കൺവൻഷനു ഫാ. ഗീവർഗീസ് വള്ളിക്കാടും കോലഞ്ചേരി സുഖദാ ധ്യാനകേന്ദ്രത്തിലെ അംഗങ്ങളും നേതൃത്വം വഹിക്കും.
മേയ് അഞ്ചിനു തീർഥാടനസംഗമം. വലിയ പെരുന്നാൾ ദിനമായ ഏഴിനു പുലർച്ചെ ഒരുമണിക്കാണ് വെച്ചൂട്ടിനുള്ള അരിയിടൽ. എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ച, കുട്ടികൾക്ക് ആദ്യ ചോറൂണ്. രണ്ടു മണിക്കു പ്രദക്ഷിണം, നാലിനു നേർച്ചയോടെ പെരുന്നാൾ സമാപിക്കും.
മെയ് 20നു കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.