2018, ഏപ്രിൽ 30, തിങ്കളാഴ്‌ച

ഇത് അതിരുകളില്ലാത്ത മനുഷ്യസ്നേഹം കരുതേണ്ട കാലം: ദയാ ബായി

പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

വിശ്വാസങ്ങൾക്കുമപ്പുറം നന്മയുടെ അനുഭവം എല്ലാവർക്കും ലഭിക്കുന്ന ദേവാലയമാണു പുതുപ്പള്ളി പള്ളിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ഭാരതീയ സംസ്കാരം പുതുതലമുറയിലേക്കും പകരാൻ പുതുപ്പള്ളി പള്ളി നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നു മുഖ്യാതിഥിയായ നടൻ ജയറാം പറഞ്ഞു.

പള്ളി നൽകുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി സാമൂഹിക പ്രവർത്തക ദയാബായിക്കു സമ്മാനിച്ചു. മനുഷ്യബന്ധങ്ങൾക്കു മുറിവേൽക്കുന്ന  ഇക്കാലത്തു വിടവുകളും അതിരുകളുമില്ലാത്ത മനുഷ്യ സ്നേഹം കാത്തുസൂക്ഷിക്കണമെന്നു മറുപടി പ്രസംഗത്തിൽ ദയാബായി പറഞ്ഞു.ഉമ്മൻചാണ്ടി, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ ചേർന്നാണു ബഹുമതി സമ്മാനിച്ചത്.


സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി പുതുപ്പള്ളി പള്ളി നൽകുന്ന ഒരു ലക്ഷം രൂപയുടെ സഹായം ദയാബായിക്കു വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ നൽകി.നിറച്ചാർത്ത് പെയിന്റിങ് മൽസര സമ്മാനദാനം ജയറാം നിർവഹിച്ചു.സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ, വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. സഖറിയ തോമസ് പടിഞ്ഞാറെ വടക്കേക്കര, ഫാ. മർക്കോസ് മർക്കോസ്, കൈക്കാരന്മാരായ ലിജോയ് വർഗീസ് കളപ്പുരയ്ക്കൽ, സാം കുരുവിള വായ്പ്പൂക്കര, സെക്രട്ടറി ജോജി പി.ജോർജ് പെരുമ്പുഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.