2020, മേയ് 10, ഞായറാഴ്‌ച

പുതുപ്പള്ളി വലിയ പെരുന്നാളിന് സമാപനം


പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചു പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പെരുന്നാൾ വാഴ്‌വ് നൽകുന്നു. വികാരി ഫാ. എ.വി.വർഗീസ് ആറ്റുപുറം, ഫാ.അലക്സി മാത്യൂസ് മുണ്ടുകുഴി, ഫാ. ജിബി കെ.പോൾ എന്നിവർ സമീപം.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാളിനു പ്രാർഥനാ നിറവിൽ സമാപനം. പതിനായിരക്കണക്കിനു വിശ്വാസികൾ ഓൺലൈനിലൂടെ  ചടങ്ങുകൾ വീക്ഷിച്ചു.കോവിഡ്  മൂലം ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി പ്രത്യേക  മധ്യസ്ഥ പ്രാർഥന നടത്തി. കുർബാനയ്ക്ക്  സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് കാർമികത്വം വഹിച്ചു.


തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്നിടത്തു ധൂപ പ്രാർഥന നടത്തി.സർക്കാർ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചായിരുന്നു ചടങ്ങുകൾ. വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറം, സഹ വികാരിമാരായ ഫാ.അലക്സി മാത്യൂസ് മുണ്ടുകുഴി, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറ, ട്രസ്റ്റിമാരായ സാം കുരുവിള, ജോജി പി.ജോർജ്, സെക്രട്ടറി പി.ടി.വർഗീസ് എന്നിവർ നേതൃത്വം നൽകി.
(7/5/2020)

2020, മേയ് 8, വെള്ളിയാഴ്‌ച

നൂറായിരം ഓർമകളാണ് ഓരോ പുതുപ്പള്ളിക്കാരനും; ഉമ്മൻചാണ്ടി



 പുതുപ്പള്ളി പെരുന്നാൾ ദിനങ്ങൾ...

ഓർമ വച്ച നാൾ മുതൽ പുതുപ്പള്ളി പെരുന്നാളിൽ പങ്കെടുക്കാതിരുന്നിട്ടില്ല. മതമൈത്രിയുടെ കൂടി ആഘോഷമാണ് പുതുപ്പള്ളി പെരുന്നാൾ. ദേശത്തെ ബന്ധുമിത്രാദികളെല്ലാം ഈ ദിവസങ്ങളിൽ പുതുപ്പള്ളിയിൽ എത്തുമെന്നതു തന്നെ എത്ര മനോഹരമായ കാര്യമാണ്. പഴയ ആളുകളെയെല്ലാം കാണാൻ പറ്റുന്നത് പെരുന്നാളിനാണ്. കുട്ടിക്കാലത്ത് സ്കൂൾ അവധി കൂടി ആയതിനാൽ പെരുന്നാൾ കാലത്ത് മുഴുവൻ സമയവും ഞങ്ങൾ പള്ളിപ്പറമ്പിൽ ഉണ്ടാകുമായിരുന്നു. താൽക്കാലിക കടകൾ കെട്ടിയ കച്ചവടക്കാരും കാർഷിക ഉൽപന്നങ്ങളുടെ വ്യാപാരികളും ഒക്കെ അന്നത്തെ കാഴ്ച ആയിരുന്നു.  

പെരുന്നാൾക്കാലത്തെ സൈക്കിൾ ചവിട്ടൽ പ്രധാന വിനോദമായിരുന്നു. ബന്ധുക്കളായ കുട്ടികളെല്ലാം വീട്ടിലെത്തും. എന്റെ വീട്ടിലും ഒരു സൈക്കിൾ ഉണ്ടായിരുന്നു.  ഈ സൈക്കിളിൽ ഞങ്ങളെല്ലാം പള്ളിപ്പറമ്പിൽ ചുറ്റിക്കറങ്ങും. ഒരു തവണ ഉച്ചയ്ക്ക് കൂട്ടുകാരെയും കൂട്ടി സൈക്കിളിൽ കയറാൻ എത്തുമ്പോൾ ടയറിൽ കാറ്റില്ല. വീട്ടിലുള്ള പമ്പ് ഉപയോഗിച്ചു കാറ്റു നിറയ്ക്കാൻ ശ്രമം തുടങ്ങി.

ശക്തമായി വലിച്ചപ്പോൾ സൈക്കിൾ പമ്പിന്റെ മുകൾ ഭാഗം ഊരിപ്പോയി. ഇതു ശ്രദ്ധിക്കാതെ ധൃതിയിൽ വീണ്ടും പമ്പ് പ്രവർത്തിക്കാൻ ശ്രമിച്ചതോടെ ഒരു വിരലിലെ നഖം സഹിതം പമ്പിന്റെ അകത്തായി. അന്നത്തെ എന്റെ കരച്ചിൽ കേട്ടു ബന്ധുക്കളെല്ലാം ഓടിയെത്തി. ആശുപത്രിയിൽ പോയി മുറിവു തുന്നിക്കെട്ടി.  അന്നു മുതൽ ആ വിരലിലെ നഖം ചതഞ്ഞ് പ്രത്യേക രീതിയിലാണ് ഇപ്പോഴും വളരുന്നത്. 

ഇതൊക്കെ എന്റെ ഓർമകൾ. ഇതുപോലെ നൂറായിരം ഓർമകളാണ് ഓരോ പുതുപ്പള്ളിക്കാരനും പുതുപ്പള്ളി പെരുന്നാളിനെക്കുറിച്ച് ഉണ്ടാവുക.പുതുപ്പള്ളി പെരുന്നാൾ എന്നാൽ കാത്തിരിപ്പിന്റെ ഒരു പ്രത്യേക സുഖം കൂടിയാണ്. ലോകനന്മയ്ക്കായി പ്രാർഥിച്ച് അടുത്ത പെരുന്നാൾ കാലത്തിനായി കാത്തിരിക്കാം.

2020, മേയ് 7, വ്യാഴാഴ്‌ച

പ്രാർഥനയുടെ നിറവിൽ പുതുപ്പള്ളി പെരുന്നാൾ



വിശ്വാസി സമൂഹത്തിന് ഇന്നു പുതുപ്പള്ളി പുണ്യാളന്റെ അനുഗ്രഹദിനം.പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാൾ ദിനമാണ് ഇന്ന്.  ‘വിളിച്ചാൽ വിളി കേൾക്കും പുതുപ്പള്ളി പുണ്യവാളന്റെ’ അനുഗ്രഹത്തിനായി വിശ്വാസികൾ വീടുകളിലിരുന്ന് ഇന്നു പ്രാർഥിക്കും.

കോവിഡിന്റെ പശ്ചാത്തലത്തി‍ൽ ദേവാലയത്തിൽ ചടങ്ങുകൾ മാത്രം. പരമ്പരാഗതമായി വെച്ചൂട്ട് ഇന്നായിരുന്നു. കോവിഡ്  മൂലം ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രത്യേക മധ്യസ്ഥ പ്രാർഥനയോടെ ഇന്നു പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. രാവിലെ എട്ടിന് കുർബാനയ്ക്ക്  സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് കാർമികത്വം വഹിച്ചു.



ഇന്നലെ പൊന്നിൻ കുരിശ് പുറത്തെടുത്ത് സ്ഥാപിക്കുന്ന ചടങ്ങിന് കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് പണ്ടാരക്കുന്നേൽ, വികാരി ഫാ.എ.വി. വർഗീസ് ആറ്റുപുറം എന്നിവർ കാർമികത്വം വഹിച്ചു.വിശ്വാസികൾക്ക് ഓൺലൈനിൽ പെരുന്നാൾ ചടങ്ങുകൾ കാണുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

വെച്ചൂട്ടിന്റെ ഓർമകളുമായി പുതുപ്പള്ളി ഊട്ട്

ആഘോഷങ്ങൾ ഇല്ലാത്ത പെരുന്നാൾക്കാലത്ത് മുതിർന്നവരുടെ മനസ്സിൽ ഓർമകളുടെ കൊടിയേറ്റാണ്.വാഹനങ്ങൾ കുറവായിരുന്ന കാലത്ത് കെട്ടുവള്ളങ്ങളിൽ കൊടൂരാർ വഴി തീർഥാടകർ എത്തുമായിരുന്ന കാര്യം ഇടവകയിലെ ഏറ്റവും മുതിർന്ന അംഗമായ പറപ്പള്ളിൽ സ്കറിയ തൊമ്മി (101) ഓർമിക്കുന്നു.  ദിവസങ്ങൾക്കു മുൻപേ ബന്ധുക്കളെത്തും. തുടർന്ന് വീടുകളിലും പെരുന്നാൾ ആഘോഷമാണ്.

വലിയ പെരുന്നാൾ ദിനത്തിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉൾപ്പെടെ പുതുപ്പള്ളി ഊട്ട് എന്ന ചടങ്ങ് വീടുകളിലും നടന്നു വരുന്നു. പള്ളിയിൽ എത്താൻ സാധിക്കാതെ വരുന്ന ഭക്തർ വ്രതശുദ്ധിയിൽ ബന്ധുജനങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ചടങ്ങാണിത്. ഇത്തവണത്തെ സാഹചര്യത്തിൽ കൂടുതൽ വീടുകളിൽ പുതുപ്പള്ളി ഊട്ട് നടക്കുമെന്നു സ്കറിയ തൊമ്മി പറഞ്ഞു.

വിറകിടീലും പന്തിരുനാഴി പുറത്തെടുത്തുള്ള ആരവങ്ങളും ലക്ഷദീപവും അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും കരിമരുന്നു കലാപ്രകടനങ്ങളും വെച്ചൂട്ടും ഇത്തവണ ഓർമകളിൽ മാത്രമാണ്. പുതുപ്പള്ളി വെച്ചൂട്ടിന്റെ ചോറ് ഉണക്കി സൂക്ഷിച്ച് ഔഷധമായി കരുതുന്നവരും ഒട്ടേറെയുണ്ട്. 

പുതുപ്പള്ളി പെരുന്നാൾ: പൊന്നിൻകുരിശ് സ്ഥാപിച്ചു


പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായ പൊന്നിൻകുരിശു സ്ഥാപിച്ചു. ഇന്നലെ രാവിലെ 8.30നാണു പൊന്നിൻകുരിശു പുറത്തെടുത്തത്. 401 പവൻ തൂക്കമുളള ഈ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണു പുറത്തെടുക്കാറുള്ളത്. രാവിലെ കുർബാനക്ക്  – ഭദ്രാസന സെക്രട്ടറി ഫാ. പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ നേതൃത്വം നൽകി. സന്ധ്യാനമസ്കാരം– ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്, തുടർന്ന് നടന്ന ഗീവർഗീസ് സഹദ അനുസ്മരണ പ്രഭാഷണം ഫാ.ഡോ. ബിജേഷ് ഫിലിപ്പ് നിർവഹിച്ചു. 

വലിയ പെരുന്നാൾ ദിനമായ ഇന്ന് (7/5/2020) 8നു കുർബാന– ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ്, തുടർന്നു പെരുന്നാൾ വാഴ്‌വ്. ആരോഗ്യ പ്രവർത്തകർക്കും സന്നദ്ധസംഘങ്ങൾക്കും വേണ്ടി പ്രത്യേക മധ്യസ്ഥപ്രാർഥന നടത്തും. ചടങ്ങുകളിൽ വിശ്വാസികൾക്കു പങ്കെടുക്കാനാവില്ല. വിശ്വാസികൾ അവരവരുടെ വീടുകളിലിരുന്നു പ്രാർഥിക്കണം. 


ചടങ്ങുകൾ ഓൺലൈനിലൂടെ കാണുന്നതിനു ക്രമീകരണം ഉണ്ടെന്നു വികാരി ഫാ. എ.വി.വർഗീസ് ആറ്റുപുറം അറിയിച്ചു. പെരുന്നാളിന്റെ ചടങ്ങുകൾ എസിവി ന്യൂസ് പ്ലസ് (NO 111) ചാനലിലും ഇന്ത്യൻ ഓർത്തഡോക്സ് സഭ ഫെയ്സ്ബുക് പേജിലും, യുട്യൂബ് ചാനലിലും, പുതുപ്പള്ളി പള്ളി ഫെയ്സ്ബുക് പേജിലും,  പുതുപ്പള്ളി പള്ളി വാർത്തകളുടെ വെബ്സൈറ്റിലും (http://www.puthuppallypally.net.in/p/live_1.html),  www.puthuppallylive.com, പുതുപ്പള്ളി പള്ളി ആൻഡ്രോയ്ഡ് ആപ്ലിക്കേഷനിലും തത്സമയ സംപ്രേഷണം ഉണ്ടാകും.

2020, മേയ് 6, ബുധനാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ ഇന്നും നാളെയും, ചടങ്ങുകൾ മാത്രം.


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാൾ ദിനങ്ങൾ ഇന്നും നാളെയും. ലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുത്തിരുന്ന പെരുന്നാളിന് ഇത്തവണ ചടങ്ങുകൾ മാത്രം. പെരുന്നാൾ ദിനങ്ങളിലെ പൊതുസമ്മേളനം പ്രൗഢഗംഭീരമായിരുന്നു. ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി ഈ സമ്മേളനത്തിലായിരുന്നു നൽകിയിരുന്നത്.

പള്ളിയും പരിസരങ്ങളും മാത്രമല്ല പുതുപ്പള്ളിയാകെ പെരുന്നാൾ വേളകളിൽ ദീപാലങ്കാരങ്ങളിൽ തിളങ്ങിയിരുന്നതും ഇത്തവണ ഓർമ മാത്രം. പെരുന്നാൾ വേളയിൽ താൽക്കാലിക വ്യാപാര മേളകളും പതിവായിരുന്നു. കുരിശു പള്ളികളിൽ നിന്നുള്ള പ്രദക്ഷിണം തീർഥാടക സംഗമമായാണ്  നടന്നിരുന്നത്. 401 പവൻ  തൂക്കം വരുന്ന ഈ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്.

പുതുപ്പള്ളി വെച്ചൂട്ട് പ്രശസ്തമാണ്. പുതുപ്പള്ളി, എറികാട് കരകളിൽ നിന്നായിരുന്നു വെച്ചൂട്ടിനുള്ള വിറക് കൊണ്ടുവന്നിരുന്നത്.  പെരുന്നാൾ ദിവസം ഉച്ചയോടെയാണ് ചോറും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയും ഉൾപ്പെടെ വിഭവങ്ങൾ വിളമ്പാറുള്ളത്. കുട്ടികളുടെ ആദ്യ ചോറൂട്ടും നടന്നിരുന്നു.

ചടങ്ങുകൾ ഇങ്ങനെ

പുതുപ്പള്ളി പെരുന്നാൾ ചടങ്ങുകൾ മാത്രമായി ഇന്നും നാളെയും  നടത്തുമെന്നും വിശ്വാസികൾ വീടുകളിൽ ഇരുന്നു പ്രാർഥനാപൂർവം പങ്കെടുക്കണമെന്നും വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറം പറഞ്ഞു. 

ഇന്ന് (6/5/2020)

  • രാവിലെ 7ന് കുർബാന, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ, 
  • 8.30ന് പൊന്നിൻ കുരിശ് പുറത്തെടുത്തു സ്ഥാപിക്കൽ, 
  • 5.30ന് സന്ധ്യാനമസ്കാരം–  ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്,
  • 6ന് സന്ദേശം നാഗ്പുർ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ബിജേഷ് ഫിലിപ്. 

നാളെ (7/5/2020)ന്

  • രാവിലെ 8ന് കുർബാന– ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, 
  • തുടർന്നു പെരുന്നാൾ വാഴ്‌വ്. 


വിശ്വാസികൾക്കു പെരുന്നാൾ ഓൺലൈനിലൂടെ കാണുന്നതിനു ക്രമീകരണം ഏർപ്പെടുത്തി. നേർച്ചക്കാഴ്ചകൾ ഫെഡറൽ ബാങ്ക് പുതുപ്പള്ളി ബ്രാഞ്ച് അക്കൗണ്ടിൽ അയയ്ക്കാം. 

അക്കൗണ്ട് നമ്പർ 12740100049276. 
ഐഎഫ്എസ് കോഡ്: FDRL 0001274

2020, മേയ് 1, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളി പെരുന്നാൾ കൊടിയേറി


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പെരുന്നാളിനു കൊടിയേറി. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ ആഘോഷങ്ങളും ഒഴിവാക്കി ചടങ്ങുകൾ മാത്രമായി ആണ് കൊടിയേറ്റ് നടന്നത്. വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറം കൊടിയേറ്റിനു മുഖ്യ കാർമികത്വം വഹിച്ചു. സഹ വികാരി ഫാ.ഏബ്രഹാം ജോൺ, ട്രസ്റ്റിമാർ ആയ സാം കുരുവിള, ജോജി പി.ജോർജ്,സെക്രട്ടറി പി.ടി.വർഗീസ് എന്നിവർ പങ്കെടുത്തു. പെരുന്നാളിന്റെ ഭാഗമായി എല്ലാ ദിനവും ചടങ്ങുകൾ മാത്രമായി കുർബാന നടത്തും. മേയ് 6, 7 തീയതികളിലാണ് പ്രധാന പെരുന്നാൾ.