2020, മേയ് 6, ബുധനാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ ഇന്നും നാളെയും, ചടങ്ങുകൾ മാത്രം.


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാൾ ദിനങ്ങൾ ഇന്നും നാളെയും. ലക്ഷക്കണക്കിനു വിശ്വാസികൾ പങ്കെടുത്തിരുന്ന പെരുന്നാളിന് ഇത്തവണ ചടങ്ങുകൾ മാത്രം. പെരുന്നാൾ ദിനങ്ങളിലെ പൊതുസമ്മേളനം പ്രൗഢഗംഭീരമായിരുന്നു. ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി ഈ സമ്മേളനത്തിലായിരുന്നു നൽകിയിരുന്നത്.

പള്ളിയും പരിസരങ്ങളും മാത്രമല്ല പുതുപ്പള്ളിയാകെ പെരുന്നാൾ വേളകളിൽ ദീപാലങ്കാരങ്ങളിൽ തിളങ്ങിയിരുന്നതും ഇത്തവണ ഓർമ മാത്രം. പെരുന്നാൾ വേളയിൽ താൽക്കാലിക വ്യാപാര മേളകളും പതിവായിരുന്നു. കുരിശു പള്ളികളിൽ നിന്നുള്ള പ്രദക്ഷിണം തീർഥാടക സംഗമമായാണ്  നടന്നിരുന്നത്. 401 പവൻ  തൂക്കം വരുന്ന ഈ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്.

പുതുപ്പള്ളി വെച്ചൂട്ട് പ്രശസ്തമാണ്. പുതുപ്പള്ളി, എറികാട് കരകളിൽ നിന്നായിരുന്നു വെച്ചൂട്ടിനുള്ള വിറക് കൊണ്ടുവന്നിരുന്നത്.  പെരുന്നാൾ ദിവസം ഉച്ചയോടെയാണ് ചോറും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയും ഉൾപ്പെടെ വിഭവങ്ങൾ വിളമ്പാറുള്ളത്. കുട്ടികളുടെ ആദ്യ ചോറൂട്ടും നടന്നിരുന്നു.

ചടങ്ങുകൾ ഇങ്ങനെ

പുതുപ്പള്ളി പെരുന്നാൾ ചടങ്ങുകൾ മാത്രമായി ഇന്നും നാളെയും  നടത്തുമെന്നും വിശ്വാസികൾ വീടുകളിൽ ഇരുന്നു പ്രാർഥനാപൂർവം പങ്കെടുക്കണമെന്നും വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറം പറഞ്ഞു. 

ഇന്ന് (6/5/2020)

  • രാവിലെ 7ന് കുർബാന, കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ.പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ, 
  • 8.30ന് പൊന്നിൻ കുരിശ് പുറത്തെടുത്തു സ്ഥാപിക്കൽ, 
  • 5.30ന് സന്ധ്യാനമസ്കാരം–  ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്,
  • 6ന് സന്ദേശം നാഗ്പുർ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ.ബിജേഷ് ഫിലിപ്. 

നാളെ (7/5/2020)ന്

  • രാവിലെ 8ന് കുർബാന– ഡോ.യൂഹാനോൻ മാർ ദിയസ്‌കോറസ്, 
  • തുടർന്നു പെരുന്നാൾ വാഴ്‌വ്. 


വിശ്വാസികൾക്കു പെരുന്നാൾ ഓൺലൈനിലൂടെ കാണുന്നതിനു ക്രമീകരണം ഏർപ്പെടുത്തി. നേർച്ചക്കാഴ്ചകൾ ഫെഡറൽ ബാങ്ക് പുതുപ്പള്ളി ബ്രാഞ്ച് അക്കൗണ്ടിൽ അയയ്ക്കാം. 

അക്കൗണ്ട് നമ്പർ 12740100049276. 
ഐഎഫ്എസ് കോഡ്: FDRL 0001274