2020, മേയ് 7, വ്യാഴാഴ്‌ച

പ്രാർഥനയുടെ നിറവിൽ പുതുപ്പള്ളി പെരുന്നാൾ



വിശ്വാസി സമൂഹത്തിന് ഇന്നു പുതുപ്പള്ളി പുണ്യാളന്റെ അനുഗ്രഹദിനം.പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാൾ ദിനമാണ് ഇന്ന്.  ‘വിളിച്ചാൽ വിളി കേൾക്കും പുതുപ്പള്ളി പുണ്യവാളന്റെ’ അനുഗ്രഹത്തിനായി വിശ്വാസികൾ വീടുകളിലിരുന്ന് ഇന്നു പ്രാർഥിക്കും.

കോവിഡിന്റെ പശ്ചാത്തലത്തി‍ൽ ദേവാലയത്തിൽ ചടങ്ങുകൾ മാത്രം. പരമ്പരാഗതമായി വെച്ചൂട്ട് ഇന്നായിരുന്നു. കോവിഡ്  മൂലം ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രത്യേക മധ്യസ്ഥ പ്രാർഥനയോടെ ഇന്നു പെരുന്നാൾ ചടങ്ങുകൾ സമാപിക്കും. രാവിലെ എട്ടിന് കുർബാനയ്ക്ക്  സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് കാർമികത്വം വഹിച്ചു.



ഇന്നലെ പൊന്നിൻ കുരിശ് പുറത്തെടുത്ത് സ്ഥാപിക്കുന്ന ചടങ്ങിന് കോട്ടയം ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ് പണ്ടാരക്കുന്നേൽ, വികാരി ഫാ.എ.വി. വർഗീസ് ആറ്റുപുറം എന്നിവർ കാർമികത്വം വഹിച്ചു.വിശ്വാസികൾക്ക് ഓൺലൈനിൽ പെരുന്നാൾ ചടങ്ങുകൾ കാണുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 

വെച്ചൂട്ടിന്റെ ഓർമകളുമായി പുതുപ്പള്ളി ഊട്ട്

ആഘോഷങ്ങൾ ഇല്ലാത്ത പെരുന്നാൾക്കാലത്ത് മുതിർന്നവരുടെ മനസ്സിൽ ഓർമകളുടെ കൊടിയേറ്റാണ്.വാഹനങ്ങൾ കുറവായിരുന്ന കാലത്ത് കെട്ടുവള്ളങ്ങളിൽ കൊടൂരാർ വഴി തീർഥാടകർ എത്തുമായിരുന്ന കാര്യം ഇടവകയിലെ ഏറ്റവും മുതിർന്ന അംഗമായ പറപ്പള്ളിൽ സ്കറിയ തൊമ്മി (101) ഓർമിക്കുന്നു.  ദിവസങ്ങൾക്കു മുൻപേ ബന്ധുക്കളെത്തും. തുടർന്ന് വീടുകളിലും പെരുന്നാൾ ആഘോഷമാണ്.

വലിയ പെരുന്നാൾ ദിനത്തിൽ കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉൾപ്പെടെ പുതുപ്പള്ളി ഊട്ട് എന്ന ചടങ്ങ് വീടുകളിലും നടന്നു വരുന്നു. പള്ളിയിൽ എത്താൻ സാധിക്കാതെ വരുന്ന ഭക്തർ വ്രതശുദ്ധിയിൽ ബന്ധുജനങ്ങളെ പങ്കെടുപ്പിച്ചു നടത്തുന്ന ചടങ്ങാണിത്. ഇത്തവണത്തെ സാഹചര്യത്തിൽ കൂടുതൽ വീടുകളിൽ പുതുപ്പള്ളി ഊട്ട് നടക്കുമെന്നു സ്കറിയ തൊമ്മി പറഞ്ഞു.

വിറകിടീലും പന്തിരുനാഴി പുറത്തെടുത്തുള്ള ആരവങ്ങളും ലക്ഷദീപവും അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണവും കരിമരുന്നു കലാപ്രകടനങ്ങളും വെച്ചൂട്ടും ഇത്തവണ ഓർമകളിൽ മാത്രമാണ്. പുതുപ്പള്ളി വെച്ചൂട്ടിന്റെ ചോറ് ഉണക്കി സൂക്ഷിച്ച് ഔഷധമായി കരുതുന്നവരും ഒട്ടേറെയുണ്ട്.