പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ സമാപനത്തോട് അനുബന്ധിച്ചു പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പെരുന്നാൾ വാഴ്‌വ് നൽകുന്നു. വികാരി ഫാ. എ.വി.വർഗീസ് ആറ്റുപുറം, ഫാ.അലക്സി മാത്യൂസ് മുണ്ടുകുഴി, ഫാ. ജിബി കെ.പോൾ എന്നിവർ സമീപം.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ വലിയ പെരുന്നാളിനു പ്രാർഥനാ നിറവിൽ സമാപനം. പതിനായിരക്കണക്കിനു വിശ്വാസികൾ ഓൺലൈനിലൂടെ ചടങ്ങുകൾ വീക്ഷിച്ചു.കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവർക്കു വേണ്ടി പ്രത്യേക മധ്യസ്ഥ പ്രാർഥന നടത്തി. കുർബാനയ്ക്ക് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് കാർമികത്വം വഹിച്ചു.
തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്നിടത്തു ധൂപ പ്രാർഥന നടത്തി.സർക്കാർ നിയന്ത്രണങ്ങൾ പൂർണമായി പാലിച്ചായിരുന്നു ചടങ്ങുകൾ. വികാരി ഫാ.എ.വി.വർഗീസ് ആറ്റുപുറം, സഹ വികാരിമാരായ ഫാ.അലക്സി മാത്യൂസ് മുണ്ടുകുഴി, ഫാ.ഏബ്രഹാം ജോൺ തെക്കേത്തറ, ട്രസ്റ്റിമാരായ സാം കുരുവിള, ജോജി പി.ജോർജ്, സെക്രട്ടറി പി.ടി.വർഗീസ് എന്നിവർ നേതൃത്വം നൽകി.
(7/5/2020)