വായിച്ചറിഞ്ഞ രാജാ രവി വർമ്മയുടെ അമൂല്യചിത്രം കാണാൻ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി ദേവലോകത്തെ മലങ്കരസഭാ ആസ്ഥാനത്ത് എത്തി
രാജാ രവി വർമ്മയുടെ മാന്ത്രിക വിരലുകൾ തീർത്ത അമൂല്യചിത്രം കാണാൻ തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായി തമ്പുരാട്ടി മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെത്തി.
രാജാ രവിവർമ്മയെക്കുറിച്ചുള്ള പുസ്തകത്തിൽ നിന്നാണ് അദ്ദേഹം വരച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രം കോട്ടയം പഴയസെമിനാരിയിൽ സൂക്ഷിച്ചിരിക്കുന്നു എന്ന വിവരം തമ്പുരാട്ടി അറിയുന്നത്.
പുതുപ്പള്ളി പള്ളിയിലെ ചടങ്ങിൽ ക്ഷണിക്കാനെത്തിയവരോടും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ചു. ചിത്രം ഇപ്പോൾ മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിലാണെന്ന് അറിഞ്ഞതോടെ സഭാ ആസ്ഥാനത്തേക്ക് ഗൗരി ലക്ഷ്മി ബായി എത്തുകയായിരുന്നു.
തിരുവിതാംകൂർ രാജവംശവും കിളിമാനൂർ കോവിലകവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും രവിവർമ്മ ചിത്രങ്ങളുടെ മൂല്യത്തെപ്പറ്റിയും തമ്പുരാട്ടി വിശദീകരിച്ചു.
1889 -ലെ റോയൽക്കോടതി വിധി സംഗ്രഹം പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമന് വിവരിച്ച് നൽകുന്നതാണ് ചിത്രത്തിന്റെ പശ്ചാത്തലം.
ചിത്രത്തിന്റെ ഉള്ളടക്കത്തെപ്പറ്റി കോട്ടയം പഴയ സെമിനാരി മാനേജർ ഫാ.ജോബിൻ വർഗീസ് വിവരിച്ചു. ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ, ഷാജി ഏബ്രഹാം, ജയ്സൺ ടി. വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു
