2016, ഡിസംബർ 22, വ്യാഴാഴ്‌ച

പുതുപ്പള്ളിപള്ളിയിൽ കൊച്ചു പെരുന്നാൾ ഇന്നും നാളെയും

 

പുതുപ്പള്ളി സെന്റെ ജോർജ് വലിയപള്ളിയിലെ ബഹനാൻ സഹദായുടെ നാമത്തിൽ ആരംഭിച്ച പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രധാന പരിപാടികൾ ഇന്നും വെള്ളിയാഴ്ചയും (ഡിസംബർ 22,23). 

ഇന്ന് ആറിനു സന്ധ്യനമസ്കാരം, റവ. ഡോ. ജേക്കബ് മാത്യ (ഓർത്തഡോക്സ്തിയളോജിക്കൽ സെമിനാരി, കോട്ടയം) നയിക്കുന്ന അനുസ്മരണ പ്രഭാഷണം, കൊച്ചക്കാല കുരിശടിയിലേക്കുള്ള പ്രദക്ഷിണം. 

വെള്ളിയാഴ്ച 7.30നു പ്രഭാതനമസ്കാരം, ഡോ. യൂഹാനോൻ മാർ ദിയ സ്കോറസിന്റെ പ്രധാന കാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന, പ്രദക്ഷിണം, ആശീർവാദം നേർച്ചവിളമ്പ്, ആദ്യഫലലേലം എന്നിവയോടെ സമാപിക്കും. കിസ്മസ് ശുശൂഷ, രാത്രി നമസ്കാരം 3.30ന് ആരംഭിക്കും.

2016, ഡിസംബർ 16, വെള്ളിയാഴ്‌ച

സുവിശേഷ ധ്യാനം ഇന്ന് (16/12/16) 10.30നു


പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ ഇന്ന് 10.30ന് സുവിശേഷ ധ്യാനം നടക്കും. യോഗത്തിൽ വികാരി ഫാ. കുര്യൻ തോമസ് അധ്യക്ഷത വഹിക്കും. ഫാ. കെ.വി. തോമസ് കല്ലൂപ്പാറ പ്രസംഗിക്കും. 

12ന് ഉച്ചനമസ്കാരം, മധ്യസ്ഥപ്രാർഥന, നേർച്ചസദ്യ. 
5.30ന് പള്ളിയിലും ബഹനാൻ സഹദായുടെ നാമത്തിൽ കൊച്ചക്കാല കടവ് കുരിശിങ്കലും സന്ധ്യാനമസ്കാരം. 

ഫാ. മർക്കോസ് ജോൺ, ഫാ. മർക്കോസ് മർക്കോസ് എന്നിവർ കാർമികത്വം വഹിക്കും.

2016, നവംബർ 25, വെള്ളിയാഴ്‌ച

സുവിശേഷ ധ്യാനം ഇന്ന് (25/11/16) 10നു


പുതുപ്പള്ളി സെന്റ് ജോർജ് വലിയ പള്ളിയിൽ ഇന്ന് രാവിലെ 10നു സുവിശേഷ ധ്യാനം നടക്കും. വികാരി ഫാ. കുര്യൻ തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ ഫാ. സഖറിയ ജോർജ് പ്രസംഗിക്കും.

12ന് ഉച്ചനമസ്കാരം, മധ്യസ്ഥ പ്രാർഥന, നേർച്ച സദ്യ.
5.30നു പള്ളിയിലും കവല കുരിശിങ്കലും ഫാ. മർക്കോസ് ജോൺ, ഫാ. മർക്കോസ് മർക്കോസ് എന്നിവരുടെ കാർമികത്വത്തിൽ സന്ധ്യാ നമസ്കാരം.


2016, നവംബർ 21, തിങ്കളാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ സുരക്ഷാ ദിനം ആചരിച്ചു


ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ ഐക്യരാഷ്ട്ര സംഘടനയുടെ ആഹ്വാനപ്രകാരമുള്ള റോഡപകട സുരക്ഷാദിന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റോയി തോമസ്, കുര്യൻ ജോൺ എന്നിവർ ബോധവൽക്കരണ ക്ലാസ് നയിച്ചു. 

വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, ഫാ. മർക്കോസ് ജോൺ പാറയിൽ, ഫാ. മർക്കോസ് മർക്കോസ് ഇടക്കര എന്നിവർ അനുസ്മരണ ശുശ്രൂഷയ്ക്കു നേതൃത്വം നൽകി. ട്രസ്റ്റിമാരായ പി.എം.ചാക്കോ പാലാക്കുന്നേൽ, ഏബ്രഹാം മാമ്മൻ കൊക്കോടിൽ എന്നിവർ പ്രസംഗിച്ചു. 


2016, നവംബർ 18, വെള്ളിയാഴ്‌ച

സുവിശേഷ ധ്യാനം ഇന്ന് (18/11/16)


സെന്റ് ജോർജ് വലിയ പള്ളിയിൽ ഇന്ന് സുവിശേഷ ധ്യാനം നടക്കും. 




  • 10ന് വികാരി ഫാ. കുര്യൻ തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഫാ. തോമസ് പി.നൈനാൻ പ്രസംഗിക്കും. 
  • 12ന് ഉച്ചനമസ്കാരം, മധ്യസ്ഥപ്രാർഥന, നേർച്ചസദ്യ. 
  • 5.30ന് പള്ളിയിലും ബഹനാൻ സഹദായുടെ നാമത്തിൽ കൊച്ചക്കാലകടവിലുള്ള കുരിശിങ്കൽ ഫാ. മർക്കോസ് ജോൺ, ഫാ.മർക്കോസ് മർക്കോസ് എന്നിവരുടെ കാർമികത്വത്തിൽ സന്ധ്യാനമസ്കാരത്തോടെ സമാപിക്കും.

2016, ഒക്‌ടോബർ 4, ചൊവ്വാഴ്ച

സാന്ത്വനഭവനം സന്ദർശിച്ചു


  പുതുപ്പള്ളി വലിയപള്ളിയിൽ വൃദ്ധജനങ്ങളുടെ ആരോഗ്യവും മാനസികോല്ലാസവും ലക്ഷ്യമിട്ടു നടത്തിവരുന്ന സാന്ത്വനഭവനം പകൽവീട്  കോട്ടയം ഭദ്രാസന സഹായമെത്രാൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് സന്ദർശിച്ചു.

2016, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ സ്ലീബാ പെരുന്നാൾ ആഘോഷിച്ചു


പുതുപ്പള്ളി സെന്റ് ജോർജ്സ് വലിയപള്ളിയിൽ സ്ലീബാ പെരുന്നാൾ ആഘോഷിച്ചു. രാവിലെ നമസ്കാരത്തിനു ശേഷം നടന്ന കുർബാനക്ക് ഇടവക മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നേതൃത്വം നൽകി. തുടർന്ന് എംഡി എൽപി സ്കൂളിനു വേണ്ടി പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനകർമം മെത്രാപ്പൊലീത്ത നിർവഹിച്ചു. വികാരി ഫാ. കുര്യൻ തോമസ്, ഫാ. മാർക്കോസ് ജോൺ, ഫാ. മാർക്കോസ് മാർക്കോസ് എന്നിവർ ചടങ്ങുകൾക്കു നേതൃത്വം നൽകി.

2016, ജൂൺ 28, ചൊവ്വാഴ്ച

ഫാ.കുര്യൻ തോമസ് കരിപ്പാല്‍ പുതുപ്പള്ളി പള്ളിയുടെ പുതിയ വികാരി

 ദക്ഷിണേന്ത്യയിലെ പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയുടെ വികാരിയായി ഫാ.കുര്യൻ തോമസ് കരിപ്പാലിനെ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് നിയമിച്ചു. നിയമനകല്പന ജൂലൈ മാസം പത്തു മുതല്‍ പ്രാബലത്തില്‍ വരും. 

ബഹു. അച്ഛൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് പ്രഥമൻ (വട്ടക്കുന്നേൽ) ബാവായുടെ സെക്രട്ടറിയായിരുന്നു. നിലവില്‍  കുറിച്ചി സെന്റ് മേരീസ് ആൻഡ് സെന്റ് ജോൺസ് ഓർത്തഡോക്സ് ചെറിയപള്ളിയുടെ വികാരിയായ ഫാ. കുര്യൻ തോമസ് പരിശുദ്ധ സഭയുടെ സൺഡേ സ്കൂൾ പ്രസ്ഥാനമായ ഓ.വി.ബി.എസിന്റെ ഡയറക്ടർ കൂടിയാണ്. നാഗ്പൂർ സെന്റ് തോമസ് ഓർത്തഡോക്സ് തീയോളോജിക്കൽ സെമിനാരി അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2016, മേയ് 7, ശനിയാഴ്‌ച

വിശ്വാസത്തിന്റെ പൊൻപ്രഭയിൽ പുതുപ്പള്ളി


വിശ്വാസികളുടെ ഹൃദയങ്ങളിൽ അനുഗ്രഹത്തിന്റെ സുവർണ പ്രഭ ചൊരിഞ്ഞു പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു പുറത്തെടുത്ത പൊന്നിൻകുരിശ് സ്ഥാപിച്ചു. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കുന്ന പൊന്നിൻകുരിശ് ദർശിച്ച് അനുഗ്രഹം തേടാൻ ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ. വലിയപെരുന്നാൾ ദിനമായ ഇന്നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട് നേർച്ചസദ്യ നടക്കും. ഡോ. യൂഹാനോൻ മാർ ദിയസ്ക്കോറോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന അഞ്ചിന്മേൽ കുർബാനയ്ക്കു ശേഷം പ്രാർഥനാനിർഭരമായ ചടങ്ങുകളോടെയാണ് പെരുന്നാൾ ദിനങ്ങളിൽ മാത്രം സ്ഥാപിക്കുന്ന പൊന്നിൻകുരിശ് പുറത്തെടുത്തത്.

401 പവൻ തൂക്കം വരുന്ന പൊന്നിൻകുരിശുമായി തുടർന്നു പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി. മദ്ബഹായിൽ കുരിശു സ്ഥാപിച്ചു. പെരുന്നാൾ ആഘോഷത്തിമർപ്പിലായിരുന്നു പുതുപ്പള്ളിയിലെ കാഴ്ചകൾ. ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ് പുതുപ്പള്ളി, ഏറികാട് കരക്കാർ ജാതിമതഭേദമന്യേ ഏറ്റെടുക്കുകയായിരുന്നു. വള്ളപ്പാട്ടിന്റെ ഈരടികളും വാദ്യമേളങ്ങളുമായി വെച്ചൂട്ടിനു വിറക് കരകളിൽനിന്നു പാരമ്പര്യത്തിന്റെ പകിട്ടു വിളിച്ചോതി എത്തിച്ചു. ആർപ്പുവിളിയോടും വാദ്യമേളങ്ങളോടും കൂടി പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുത്തു. പെരുന്നാൾ പ്രദക്ഷിണത്തിൽ നാനാദേശങ്ങളിൽനിന്നുള്ള തീർഥാടക സമൂഹം പങ്കെടുത്തു.

വിശുദ്ധ ഗീവർഗീസ് സഹദായോടുള്ള പ്രാർഥനകളുമായി വിശ്വാസസമൂഹം പ്രദക്ഷിണത്തിൽ നടന്നുനീങ്ങി. പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പുങ്കൽ അഖണ്ഡപ്രാർഥന ആരംഭിച്ചു. വെച്ചൂട്ടിനുള്ള അരിയിടീൽ കർമം പ്രാർഥനാപൂർവമാണ് പുലർച്ചെ നടന്നത്. പള്ളിയിലെ കെടാവിളക്കിൽനിന്നു വൈദികർ പകർന്നുകൊടുത്ത തിരിനാളമാണ് അടുപ്പിൽ ജ്വലിപ്പിച്ചത്. പെരുന്നാൾ സമാപന ദിനമായ ഇന്നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ടിൽ പങ്കെടുക്കാൻ കാത്തിരിക്കുകയാണു പതിനായിരക്കണക്കിനു വിശ്വാസികൾ. 11.30ന് വെച്ചൂട്ട് ആരംഭിക്കും.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്

  • പ്രഭാതനമസ്കാരം – 8.00 
  • ഒൻപതിന്മേൽ കുർബാന–പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ – 9.00 
  • ശ്ലൈഹീക വാഴ്‌വ് – 11.00 
  • വെച്ചൂട്ട്–നേർച്ചസദ്യ – 11.30 
  • പ്രദക്ഷിണം – 2.00 
  • നേർച്ച‌വിളമ്പ് – അപ്പവും കോഴിയിറച്ചിയും – 4.00.




2016, മേയ് 6, വെള്ളിയാഴ്‌ച

പൊന്നിൻ കുരിശ് സ്ഥാപിക്കലും, വിറകിടീലും, പ്രദക്ഷിണവും ഇന്ന്


പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓ‍ർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊന്നിൻ കുരിശ് സ്ഥാപിക്കൽ ഇന്ന്. 11നു ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ മുഖ്യകാർമികത്വത്തിൽ പ്രാർഥനാ നിർഭരമായ ചടങ്ങുകളോടെയാണ് വിശ്വാസ പ്രസിദ്ധമായ പൊന്നിൻ കുരിശ് മദ്ബഹായിൽ സ്ഥാപിക്കുക. 401 പവൻ തൂക്കം വരുന്ന കുരിശ് പുതുപ്പള്ളി പള്ളിയിലെ പ്രത്യേകതയാണ്. തീർഥാടകർക്കു കുരിശു വണങ്ങി പ്രാർഥിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചകഴിഞ്ഞു കരക്കാരുടെ നേതൃത്വത്തിലുള്ള വിറകിടീലും രാത്രി എട്ടിനു പ്രസിദ്ധമായ നിലയ്ക്കൽപള്ളി, പുതുപ്പള്ളിക്കവല വഴിയുള്ള പ്രദക്ഷിണവും നടക്കും.

പ്രധാന പെരുന്നാൾ ദിനമായ നാളെ ഒൻപതിനു ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ‌ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്,– നേർച്ചസദ്യയും കുട്ടികൾക്ക് ആദ്യചോറൂട്ടും നടത്തും. രണ്ടിനു അങ്ങാടി, ഇരവിനെല്ലൂർ ചുറ്റി പ്രദക്ഷിണം പള്ളിയിൽ മടങ്ങി എത്തും. നാലിനു അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.




2016, മേയ് 5, വ്യാഴാഴ്‌ച

കരകളിൽ നിന്നുള്ള പ്രദക്ഷിണം ഇന്ന്


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു കരകളിൽ നിന്നുള്ള പ്രദക്ഷിണം ഇന്ന്. പ്രധാന പെരുന്നാൾ ദിനത്തിനു മുന്നോടിയായുള്ള ഈ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുക്കും. വൈകിട്ട് 5.30നു പ്രദക്ഷിണം പുറപ്പെടുന്ന അഞ്ചു കേന്ദ്രങ്ങളിൽ നിന്ന് ഒരേസമയം സന്ധ്യാപ്രാർഥന ആരംഭിക്കും. ആറിനു പ്രദക്ഷിണം ആരംഭിക്കും. കൈതമറ്റത്തുള്ള പുതുപ്പള്ളി പള്ളിയുടെ മാർ ഗ്രിഗോറിയൻ ചാപ്പൽ, വെള്ളുക്കുട്ട പള്ളിയുടെ കാഞ്ഞിരത്തുമൂട്ടിലുള്ള കുരിശിൻതൊട്ടി, നിലക്കൽപള്ളിയുടെ വെട്ടത്തുകവലയിലെ കുരിശിൻതൊട്ടി, പാറക്കൽകടവിലെ പുതുപ്പള്ളി പള്ളിയുടെ കുരിശിൻതൊട്ടി, കൊച്ചാലുംമൂട് ഓർത്തഡോക്സ് കാതോലിക്കേറ്റ് സെന്റർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണു കരക്കാരുടെ പ്രദക്ഷിണം ആരംഭിക്കുക.

പള്ളിയുടെ പ്രധാന കവാടത്തിൽ വികാരി ഫാ.മാത്യു വർഗീസ് വലിയപീടികയിൽ, സഹവികാരിമാരായ ഫാ.മർക്കോസ് ജോൺ പാറയിൽ, ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ കൈക്കാരന്മാരായ പി.ജോർജ് ജോസഫ്, പി.എം.ചാക്കോ, സെക്രട്ടറി ജീവൻ കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ പ്രദക്ഷിണങ്ങളെ സ്വീകരിക്കും. തുടർന്നു സെമിത്തേരിയിൽ ധൂപപ്രാർഥനയും മരിച്ചവരുടെ ഓർമയും ആചരിക്കും. വിവിധ പള്ളികളിൽ നിന്നു തീർഥാടകസംഘങ്ങളായി എത്തുന്നവർക്കും ഇന്നു രാവിലെ പള്ളിയിൽ സ്വീകരണം നൽകും. പാറക്കൽ കുര്യാക്കോസ് കോർ എപ്പിസ്കോപ്പ മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര സംഗീത മൽസരം 11നു നടത്തും. പ്രസിദ്ധമായ വെച്ചൂട്ടിനുള്ള വിറകിടീൽ നാളെയാണ്. പുതുപ്പള്ളി പള്ളിയുടെ തനതു സവിശേഷതയാണ് അപൂർവ മാതൃകയിലുള്ള പുതുപ്പള്ളി കുരിശ്.

കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണ് ഈ കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്.പ്രാചീന ക്ഷേത്രങ്ങളിലും ഇത്തരത്തിലുള്ള കൂർമപീഠങ്ങളുള്ളധ്വജസ്തംഭങ്ങളും കുരിശുകളുമുണ്ട്.കൂർമപാദമുള്ള കുരിശ് സാധാരണ കാണാറുള്ളതല്ല. അതുകൊണ്ടാണു പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായി ഈ കുരിശിനെ വിശേഷിപ്പിക്കുന്നത്. കുരിശിന്റെ കൈപ്പിടി ഒരു വാളിന്റെ പിടിയെ അനുസ്മരിപ്പിക്കുന്നു. ഒപ്പം അംശവടിയെയും കിരീടത്തെയും. ക്രൈസ്തവ ജയത്തിന്റെ സ്ളീബ എന്നുമവന്റെ ആയുധമാണെന്നു പുതുപ്പള്ളി കുരിശ് ഉദ്ഘോഷിക്കുന്നു. പീഠത്തിന്റെ ആമക്കാലുകൾ ഭൂമിയെ ഉദ്ധരിക്കുന്നതിനായി കൂർമാവതാരം പൂണ്ട ദേവന്റെ സ്മരണ ഉണർത്തുന്നു. ഇവിടെ രണ്ടു വ്യത്യസ്ത സംസ്കാരങ്ങളുടെ സമന്വയമാണു പ്രതിഫലിക്കുന്നത്. ലോകരക്ഷകനായ ക്രിസ്തുവിന്റെ സ്മരണയെ ആർഷസംസ്കാരവുമായി തികച്ചും പ്രതീകാത്മകമായി ഈ കുരിശിൽ ബന്ധപ്പെടുത്തിയിരിക്കുന്നു.

പുതുപ്പള്ളി പെരുന്നാൾ ഇന്ന്


പ്രഭാതനമസ്കാരം – 7.00,
കുർബാന–ഫാ.തോമസ് വർഗീസ് പരക്കുന്നേൽ–7.30
പുതുപ്പള്ളി തീർഥാടനം, തീർഥാടകർക്കു സ്വീകരണം–10.00
അഖില മലങ്കര സംഗീത മൽസരം–11.00
മധ്യസ്ഥപ്രാർഥന–12.00
കുരിശിൻ തൊട്ടികളിൽ നിന്നുള്ള പ്രദക്ഷിണം ആരംഭം–6.00
പ്രദക്ഷിണത്തിനു പള്ളിയിൽ സ്വീകരണം–8.00

2016, മേയ് 3, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളി സമൂഹത്തിന് മാതൃക: മുഖ്യമന്ത്രി ഉമ്മൻചാണ്ടി


വെടിക്കെട്ടു ദുരന്തമുണ്ടായ പരവൂർ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും പരുക്കേറ്റവർക്കു തുടർചികിത്സയ്ക്കും പണംനൽകിയ പുതുപ്പള്ളി പള്ളിയുടെ പ്രവർത്തനം മാതൃകാപരമാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികാരി ഫാ.മാത്യു വർഗീസ് വലിയപീടികയിൽ അധ്യക്ഷതവഹിച്ചു. മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തി. ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി പുതുപ്പാടി ആശ്രമാംഗം കെ.ഐ.ഫിലിപ്പ് റമ്പാനു മുഖ്യമന്ത്രി സമർപ്പിച്ചു. ഒൻപതു സംസ്ഥാനങ്ങളിലായി 30 സ്ഥാപനങ്ങൾ നിർമിച്ച് 83–ാം വയസ്സിലും കർമനിരതനാണു കെ.ഐ.ഫിലിപ്പ് റമ്പാൻ. അനാഥർക്കും രോഗികൾക്കും കുട്ടികൾക്കുമായി സ്ഥാപനങ്ങൾ നിർമിച്ചു; രാജ്യത്തെ വിവിധ ഗ്രാമങ്ങളുടെ പുനരുദ്ധാരണത്തിനു നേതൃത്വം നൽകി.

സഹവികാരി ഫാ.ഇട്ടി തോമസ് കാട്ടാമ്പാക്കൽ ആമുഖപ്രസംഗം നടത്തി. രക്തദാന ഗ്രൂപ്പുകളെക്കുറിച്ചും പള്ളിയുടെ വിവരങ്ങളും അറിയുന്നതിനുള്ള പുതിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. ടിറ്റോ സ്മൃതി അഖില കേരള ചിത്രരചനാ മത്സരത്തിൽ വിജയിച്ചവർക്കു ജിജി തോംസൺ സമ്മാനം നൽകി. സഹവികാരി ഫാ.മർക്കോസ് ജോൺ പാറയിൽ, ട്രസ്റ്റി പി.ജോർജ് ജോസഫ് കൊച്ചുചക്കാലയിൽ എന്നിവർ പ്രസംഗിച്ചു.

2016, ഏപ്രിൽ 28, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാളിന് ഇന്ന് കൊടിയേറും


പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളിന് ഇന്ന് കൊടിയേറും. രണ്ടു മണിക്ക് കൊടിമര ഘോഷയാത്ര. പുതുപ്പള്ളി - ഏറികാട് കരക്കാർ ഓരോ കവുങ്ങ് മുറിച്ചു വാദ്യമേളങ്ങളുടെയും ആർപ്പുവിളികളുടെയും പുതുപ്പള്ളി പുന്ന്യാളച്ചനെ സ്തുതിച്ചു കൊണ്ടുള്ള വള്ളപ്പാട്ടുകളുടെയും അകമ്പടിയോടെ പള്ളിയിൽ എത്തിക്കും.

വൈകുന്നേരം നാലിന് ബാഗ്ലൂർ ഭദ്രാസനാധിപൻ ഡോ.എബ്രഹാം മാർ സെറാഫിം കൊടിയേറ്റും. രണ്ടു കൊടിമരങ്ങൾ പുതുപ്പള്ളി പെരുന്നാളിന്റെ പ്രതേകതയാണ്‌.

മെയ്‌ മൂന്നിന് കുർബാനയ്ക്ക്  ശേഷമാണു വെചൂട്ടു നേർച്ചസദ്യക്കുള്ള മാങ്ങാ അരിയൽ. മെയ്‌ അഞ്ചു, ആറ്, ഏഴ്‌ തീയതികളാണ് പ്രധാന പെരുന്നാൾ ദിനങ്ങൾ.

വിപുലമായ പാർക്കിംഗ് സൌകര്യങ്ങളും ഭക്തജനങൾക്ക്  വിശ്രമിക്കാനുള്ള വലിയ പന്തലും ക്രമികരിച്ചു കഴിഞ്ഞു.  പെരുന്നാൾ ദിനമായ മെയ്‌ ഏഴിനാണ് വെച്ചുട്ടു നേർച്ചസദ്യ.

പെരുന്നാൾ പ്രോഗ്രാം

മെയ്‌ 5,6,7 തീയതികളിലാണ് പ്രധാന പെരുന്നാൾ. 
  • മെയ്‌ 5 ന് പുതുപള്ളി തീർഥാടനം. നാടിന്റെ നാനഭാഗത്ത്‌ നിന്നെത്തുന്ന തീർഥാടകർക്ക് വലിയ പള്ളിയിൽ സ്വീകരണം നൽകും. വൈകുന്നേരം പള്ളിയുടെ വിവധ കുരിശടികൾ ചുറ്റി പ്രദക്ഷിണം. 
  • മെയ്‌ 6 ന് പ്രസിദ്ധമായ പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠിക്കും. രണ്ടു മണിക്ക് വിറകീടൽ ചടങ്ങ്. സന്ധ്യാ നമസകരത്തിന് ശേഷം പ്രദിക്ഷണവും – കലാ പ്രകടനവും . 
  • പ്രധാന പെരുന്നാൾ ദിവസമായ മെയ്‌ 7 ന് ഒൻപതിൻമേൽ കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ച സദ്യ. രണ്ടിന് പ്രദക്ഷിണം, നേർച്ച.



  

2016, ഏപ്രിൽ 27, ബുധനാഴ്‌ച

പുതുപള്ളി പെരുന്നാളിന് ഏപ്രിൽ 28 ന് കൊടിയേറും; ഒരുക്കങ്ങൾ പൂർത്തിയായി


 മലങ്കര സഭയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രമുഖ ദേവാലയം പൗരസ്ത്യ ജോർജ്ജിയൻ തീർഥാടന കേന്ദ്രമായ പുതുപള്ളി സെന്റ്‌.ജോർജ് ഓർത്തഡോക്സ്‌ വലിയപള്ളിയിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 

പെരുന്നാൾ നടത്തിപ്പിനായി ഇടവക പൊതുയോഗം ചേർന്ന് 1001 അംഗ സ്വാഗത സംഘം നേരത്തെ രൂപീകരിച്ചിരുന്നു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്‌ ദ്വിതിയൻ കാതോലിക്ക ബാവായും സഭയിലെ മറ്റു മെത്രാപ്പോലീത്തമാരും പെരുന്നാൾ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

പെരുന്നാൾ പ്രോഗ്രാം

ഏപ്രിൽ 28 ന് പെരുന്നാൾ കൊടിയേറ്റ്. മെയ്‌ 5,6,7 തീയതികളിലാണ് പ്രധാന പെരുന്നാൾ. 5 ന് പുതുപള്ളി തീർഥാടനം. നാടിന്റെ നാനഭാഗത്ത്‌ നിന്നെത്തുന്ന തീർഥാടകർക്ക് വലിയ പള്ളിയിൽ സ്വീകരണം നൽകും. വൈകുന്നേരം പള്ളിയുടെ വിവധ കുരിശടികൾ ചുറ്റി പ്രദക്ഷിണം. 6 ന് പ്രസിദ്ധമായ പൊന്നിൻ കുരിശ് ത്രോണോസിൽ പ്രതിഷ്ഠിക്കും. രണ്ടു മണിക്ക് വിറകീടൽ ചടങ്ങ്. സന്ധ്യാ നമസകരത്തിന് ശേഷം പ്രദിക്ഷണവും – കലാ പ്രകടനവും . പ്രധാന പെരുന്നാൾ ദിവസമായ 7 ന് ഒൻപതിൻമേൽ കുർബാന. തുടർന്ന് വെച്ചൂട്ട് നേർച്ച സദ്യ. രണ്ടിന് പ്രദക്ഷിണം, നേർച്ച.

2016, മാർച്ച് 16, ബുധനാഴ്‌ച

പുതുപ്പള്ളി എംഡിഎൽപി സ്കൂൾ ശതോത്തര രജതജൂബിലിയിലേക്ക്

(സ്കൂളിന്റെ പഴയ ചിത്രം)

പുതുപ്പള്ളി അങ്ങാടി എം.ഡി.എൽ.പി സ്‌കൂൾ ശതോത്തര രജതജൂബിലിയും വാർഷികാഘോഷവും പൂർവവിദ്യാർഥി സമ്മേളനവും ഇന്നു നടക്കും. 


ആഘോഷങ്ങളുടെ ഉദ്ഘാടനം പഞ്ചായത്തു പ്രസിഡന്റ് നിർവഹിക്കും. ഫാ. മാത്യു വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. പി.കെ. കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും.

1891ൽ സ്ഥാപിച്ച സ്‌കൂൾ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ കീഴിലുള്ളതാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പരേതരായ പാറേട്ട് മാത്യൂസ് മാർ ഇവാനിയോസ്, ചരിത്രകാരൻ സെഡ്. എം. പാറേട്ട് എന്നിവർ പൂർവവിദ്യാർഥികളാണ്. 


2016, മാർച്ച് 14, തിങ്കളാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ 2016 ഏപ്രിൽ 28 മുതൽ മേയ് 7 വരെ


ഭാരതത്തിലെ പ്രഥമ ജോർജീയൻ തീർത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വി. ഗീവറുഗീസ് സഹദായുടെ ഓർമപ്പെരുന്നാൾ ഏപ്രിൽ 28 മുതൽ മേയ് 7 വരെ ഭക്തിപൂർവ്വം ആചരിക്കുന്നതാണ്.

പെരുന്നാൾ നടത്തിപ്പിന് ആവശ്യമായ പന്തലുകൾ, ആർച്ചുകൾ, വെടിക്കെട്ട് (ലൈസൻസികൾ മാത്രം) മൈക്ക്, ലൈറ്റ് ഇല്യൂമിനേഷൻ, സി.സി. ടി.വി. വാദ്യമേളങ്ങൾ, പേപ്പർ ബാഗ്, കോഴികളെ സപ്ലെ ചെയ്യുക, പാചകം, പായ്ക്കിംഗ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്ക് ടെൻഡറുകൾ ക്ഷണിക്കുന്നു. ടെൻഡർ ഫോംസ് പള്ളി ഓഫീസിൽനിന്നും 18-03-2016 വരെ ലഭ്യമാണ്. പൂരിപ്പിച്ച   ടെൻഡർ ഫോംസ് 20-03-2016, 5 മണിക്കു മുമ്പ് പള്ളി ഓഫീസിൽ ലഭിക്കേണ്ടതാണ്. പെരുന്നാളിന് താൽക്കാലികമായി കടകൾ കെട്ടാൻ ആവശ്യമായ സ്ഥലത്തിന്റെ ലേലം10-04-2O16, 2 പി.എംന് നടത്തുന്നതാണ്.


2016, ഫെബ്രുവരി 11, വ്യാഴാഴ്‌ച

കാഞ്ഞിരത്തിൻമൂട് കൺവൻഷൻ


പുതുപ്പള്ളി സെന്റ് ജോർജ്സ് ഓർത്തഡോക്സ് വലിയപള്ളിയുടെ കാഞ്ഞിരത്തിൻമൂട് വെള്ളുക്കുട്ട ഭാഗം പ്രാർഥനായോഗത്തിന്റെ ആഭിമുഖ്യത്തിൽ 12 മുതൽ 14 വരെ കൺവൻഷൻ നടത്തും. എം‍ഡി എൽപി സ്കൂൾ മൈതാനിയിൽ നടത്തുന്ന കൺവൻഷനിൽ ദിവസവും ആറിനു സന്ധ്യാനമസ്കാരം, ഗാനശുശ്രൂഷ, വചനപ്രഘോഷണം എന്നിവ ഉണ്ടായിരിക്കും. 

ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ, ഫാ. ഡോ. കുര്യൻ ദാനിയൽ നിരണം, ഫാ. പി. കെ. ഗീവർഗീസ് മാവേലിക്കര എന്നിവർ വിവിധ ദിവസങ്ങളിൽ വചനപ്രഘോഷണം നടത്തും. കാഞ്ഞിരത്തിൻമൂട് സെന്റ് ജോർജ്സ് സൺഡേ സ്കൂൾ വാർഷികവും സമ്മാനദാനവും ‍ഞായർ 1.30ന് നടക്കും. വികാരി ഫാ. മാത്യു വർഗീസ് വലിയപീടികയിൽ, ഫാ. മർക്കോസ് ജോൺ പാറയിൽ, ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കൽ എന്നിവർ നേതൃത്വം നൽകും.

2016, ഫെബ്രുവരി 8, തിങ്കളാഴ്‌ച

പരിശുദ്ധ വലിയ നോമ്പിനു തുടക്കമായീ



















പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളിയിൽ വിശുദ്ധ വലിയ നോമ്പിനു തുടക്കമായീ.  ഇന്നു രാവിലെ 10.30 ന് ശുബ്ക്കോനോ ശുശ്രൂഷയോടെയാണ് തുടക്കമായത്. ഫെബ്രുവരി 8 മുതൽ മാർച്ച്‌ 27 വരെ ആണ് ഇക്കുറി പരിശുദ്ധ വലിയ നോമ്പ്. പരിശുദ്ധ വലിയ നോമ്പിലെ എല്ലാ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ പുതുപ്പള്ളിപ്പള്ളിയിൽ 5.30ന് പ്രഭാത നമസ്കാരം, 12 മണിക്ക് ഉച്ചനമസ്കാരം, 5.30ന് സന്ധ്യാനമസ്കാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. 



© 2009 Puthuppally Pally Varthakal™