മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയുടെ അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള സെക്രട്ടറിയായി അഡ്വ. ബിജു ഉമ്മന്‍ വിജയിച്ചു. 108 വോട്ട്. മൂന്നാം വട്ടം സെക്രട്ടറി സ്ഥാനത്തെക്കു മത്സരിച്ച ഡോ. ജോര്‍ജ് ജോസഫിനു 77 വോട്ട് കിട്ടി. ബാബുജി ഈശോക്ക് 14 വോട്ട് കിട്ടി. രണ്ട് വോട്ട് അസാധുവായി. ആകെ 208 വോട്ടിൽ 201 എണ്ണം പോൾ ചെയ്തു.
പുതിയ മാനേജിങ് കമ്മിറ്റിയുടെ പ്രഥമയോഗം കോട്ടയം വൈദീക സെമിനാരി ഓഡിറ്റോറിയത്തിൽ ചേർന്നാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മ്രെതാപ്പൊലീത്ത ധ്യാനം നയിച്ചു. വൈദീകട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ മിനിറ്റ്സ് അവതരിപ്പിച്ചു. പരിശുദ്ധ കാതോലിക്കാ ബാവാ നിയോഗിച്ചതനുസരിച്ച് ഡോ. യൂഹാനോൻ മാർ മിലിത്തോസ് മെത്രാപ്പൊലീത്താ യോഗനടപടികൾ നിയന്ത്രിച്ചു. ഡോ. വർഗീസ് പുന്നൂസ് റിട്ടേണിങ് ആഫീസറായിരുന്നു.
സഭാ മാനേജിങ് കമ്മിറ്റി അംഗമായി 23 വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരണം ഭദ്രാസനത്തിലെ കവിയൂർ സ്ലീബാ പള്ളി ഇടവകാംഗമാണ്. ഇടവക സെക്രട്ടറി, സൺഡേസ്‌ക്കൂൾ ഹെഡ്‌മാസ്റ്റർ, സുവിശേഷ സംഘം ഡിസ്ട്രിക്റ്റ് ഓർഗനൈസർ, നിരണം ഭദ്രാസന കൗൺസിൽ അംഗം, സഭയുടെ റൂൾസ് കമ്മിറ്റി, ലീഗൽ കമ്മീഷൻ, 2008-ൽ എപ്പിസ്‌ക്കോപ്പൽ തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി, കാതോലിക്കേറ്റ് & എം.ഡി സ്‌ക്കൂൾസ് ഗവേണിങ് ബോർഡ് എന്നിവയിൽ അംഗവും വിവാഹസഹായ പദ്ധതി, പരുമലയിൽ നടന്ന മൂന്ന് മലങ്കര അസോസിയേഷൻ യോഗങ്ങളുടെയും പബ്ലിസിറ്റി കമ്മിറ്റി എന്നിവയുടെ കൺവീനർ, പുനർവിവാഹം സംബന്ധിച്ചുള്ള പരിശുദ്ധ ബാവായുടെ നിയമോപദേഷ്ടാവ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
നിരണം സെന്റ് മേരീസ് സ്‌ക്കൂൾ അദ്ധ്യാപിക ആശാ ജേക്കബ് ഭാര്യയും, ക്രിസ്റ്റീന മറിയം മാത്യൂ (പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അദ്ധ്യാപിക) ജേക്കബ് എം. ഉമ്മൻ (തിരുവനന്തപുരം ടെക്നോപാർക്ക് ഉദ്യോഗസ്ഥൻ) എന്നിവർ മക്കളുമാണ്.