2017, ഏപ്രിൽ 27, വ്യാഴാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ മുത്തശ്ശിമാവിന് ആദരം

മുത്തശ്ശിമാവിനെ പൊന്നാട അണിയിച്ചും  വൃക്ഷാസനം ചെയ്തും ആദരിച്ചപ്പോള്‍......

വലിയപള്ളിയങ്കണത്തിലെ മുത്തശ്ശിമാവ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആദരവ് ഏറ്റുവാങ്ങി. ഭൗമദിനാചരണത്തിന്റെ ഭാഗമായാണ് ആദരവ് സംഘടിപ്പിച്ചത്. പള്ളിമുറ്റത്ത് നൂറ്റാണ്ടുകളായി നിറസാന്നിധ്യമായ നാട്ടുമാവുമുത്തശ്ശിയെ ആദരിക്കുന്ന ചടങ്ങ് പള്ളി വികാരി ഫാ. കുര്യന്‍ തോമസ് കരിപ്പാല്‍ ഉദ്ഘാടനം ചെയ്തു.

 ഒ.ബി.വി.എസ്. യൂണിറ്റ് സൂപ്രണ്ട് ജയിംസ് പി.ചാക്കോ അധ്യക്ഷത വഹിച്ചു. കേരള വനം വന്യജീവി ബോര്‍ഡ് അംഗം കെ.ബിനു മാവിനെ പൊന്നാട അണിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനും അധ്യാപകനുമായ ഡോ. രാജേഷ് കടമാന്‍ചിറ കുട്ടികളെക്കൊണ്ട് മരത്തിന് ചുറ്റും നിര്‍ത്തി വൃക്ഷാസനം ചെയ്യിച്ചു.

പള്ളി ട്രസ്റ്റിമാരായ കുര്യന്‍ തോമസ് പോട്ടയ്ക്കാവയലില്‍, ജെയിംസ് കുട്ടി പാലാക്കുന്നേല്‍, എം.ആര്‍.ഗോപാലകൃഷ്ണപിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. ആദരിക്കല്‍ ചടങ്ങിന് പുതുപ്പള്ളി പള്ളിയിലെ ഓര്‍ത്തഡോക്‌സ് വെക്കേഷന്‍ ബൈബിള്‍ സ്‌കൂളാണ് മുന്‍കൈയെടുത്തത്. സംസ്ഥാന വൃക്ഷപരിസ്ഥിതി സംരക്ഷണസമിതിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.