പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു നടന്ന കുടുംബസംഗമത്തിൽ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ പ്രസംഗിക്കുന്നു.
ആചാരാനുഷ്ഠാനങ്ങളുടെ ഒട്ടേറെ പ്രത്യേകതകളുള്ള പുതുപ്പള്ളി പള്ളിയിലെ പൊന്നിൻകുരിശും പുതുപ്പള്ളി കുരിശും വിശ്വാസികൾക്കു ദൈവിക സാന്നിധ്യത്തിന്റെ പ്രതീകങ്ങളാണ്. പുതുപ്പള്ളി പള്ളിയിൽ മാത്രമുള്ള പുതുപ്പള്ളി കുരിശ് അപൂർവ മാതൃകയിലുള്ളതാണ്. കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണു കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായാണ് ഈ കുരിശിന്റെ സ്ഥാനം. കുരിശിന്റെ കൈപ്പിടി വാളിന്റെ പിടിയെ അനുസ്മരിക്കുന്ന വിധമാണ്. ഒപ്പം അംശവടിയുടെയും കിരീടത്തിന്റെയും പ്രതീകമായി കാണുന്നു. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഭാഗ്യസ്മരണകൾ ഈ കുരിശ് ദർശിക്കുന്നതിലൂടെ വിശ്വാസികളിൽ ഉണരുന്നു.
പുതുപ്പള്ളി പള്ളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണു പള്ളിയിലെ പൊന്നിൻകുരിശ്. മനോഹാരിത നിറഞ്ഞുനിൽക്കുന്ന ഈ കുരിശ് പെരുന്നാൾദിനങ്ങളിലാണു പുറത്തെടുക്കുന്നത്. കുരിശിനെ വണങ്ങാൻ വൻതിരക്കാണ് പെരുന്നാൾ ദിനങ്ങളിൽ അനുഭവപ്പെടാറുള്ളത്. പൈശാചിക ശക്തികളിൽ നിന്നും കഷ്ടപ്പാടുകളിൽനിന്നും ആശ്വാസം ലഭിക്കുമെന്ന വിശ്വാസികളുടെ സാക്ഷ്യത്തിൽ അനേകായിരങ്ങൾ പൊന്നിൻകുരിശ് ദർശിക്കാൻ പള്ളിയിലെത്തിച്ചേരുന്നു.