2018, മേയ് 8, ചൊവ്വാഴ്ച

അനുഗ്രഹ പ്രാപ്തിയുടെ നിറവുമായി പുതുപ്പള്ളി വെച്ചൂട്ടിൽ പതിനായിരങ്ങൾ

 ഭക്തിയുടെയും അനുഗ്രഹ വർഷത്തിന്റെയും രുചിയറിഞ്ഞ് പതിനായിരക്കണക്കിനു വിശ്വാസികൾ പുതുപ്പള്ളി വെച്ചൂട്ടിൽ പങ്കെടുത്തു. പെരുന്നാളിന്റെ സമാപന ദിനമായിരുന്ന ഇന്നലെ രാവിലെ മുതൽ വീഥികളെല്ലാം പുതുപ്പള്ളി പുണ്യാളന്റെ മണ്ണിലേക്കു സജീവമായി. സംസ്ഥാനത്തിനു പുറത്തു നിന്നുൾപ്പെടെ തീർഥാടകർ വെച്ചൂട്ട് നേർച്ചയിൽ പങ്കെടുക്കാനെത്തി. വിപുലമായ ക്രമീകരണമാണു വെച്ചൂട്ട് വിളമ്പാൻ ഏർപ്പെടുത്തിയിരുന്നത്. ഭക്തിക്കു മാത്രമല്ല രുചിക്കും വെച്ചൂട്ടിൽ പ്രാധാന്യമുണ്ടെന്ന് ചോറും മാങ്ങാഅച്ചാറും ചമ്മന്തിപ്പൊടിയും തെളിയിച്ചു.



ഒട്ടേറെ കുരുന്നുകൾക്കു വൈദികരുടെ നേതൃത്വത്തിൽ ആദ്യ ചോറൂട്ടും നടത്തി. വർഷങ്ങളായി കുട്ടികളെ ആദ്യ ചോറൂട്ടിനായി വെച്ചൂട്ട് ദിവസമാണു കൊണ്ടുവരുന്നത്. പെരുന്നാൾ‌ സമാപനത്തിന്റെ ഭാഗമായി അങ്ങാടി – ഇരവിനെല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണവും നേർച്ചവിളമ്പും നടത്തി.

പെരുന്നാളിന്റെ ഭാഗമായി പള്ളി മൈതാനത്തു നടന്നു വന്ന പുതുപ്പള്ളി ഫെസ്റ്റ് 12 വരെയുണ്ടാകും. ക്രമീകരണങ്ങൾക്കു വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. സഖറിയ തോമസ് പടിഞ്ഞാറെ വടക്കേക്കര, ഫാ. മർക്കോസ് മർക്കോസ് ഇടക്കര, കൈക്കാരന്മാരായ ലിജോയ് വർഗീസ് കളപ്പുരയ്ക്കൽ, സാം കുരുവിള വായ്പ്പൂക്കര, സെക്രട്ടറി ജോജി പി.ജോർജ് പെരുമ്പുഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.



2018, മേയ് 7, തിങ്കളാഴ്‌ച

ആത്മീയ വിരുന്നൊരുക്കുന്ന പുതുപ്പള്ളി വെച്ചൂട്ട് ഇന്ന് (7/5/2018)


ഭക്തജന ലക്ഷങ്ങൾ വിശ്വാസപൂർവം പങ്കെടുക്കുന്ന പുതുപ്പള്ളി പളളിയിലെ വെച്ചൂട്ട് ഇന്ന്. ദേശത്തിന് ആത്മീയ വിരുന്നൊരുക്കുന്ന പെരുന്നാളിന്റെ പ്രധാന ചടങ്ങായ വെച്ചൂട്ടിൽ പങ്കെടുക്കാൻ നാട് ഒഴുകിയെത്തും. വിപുലമായ ക്രമീകരണങ്ങളാണ് വിവിധ കൗണ്ടറുകൾ സ്ഥാപിച്ചു വെച്ചൂട്ട് വിളമ്പുന്നതിന് ഏർപ്പെടുത്തിയത്. ഇന്ന് ഒൻപതിന് ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു വെച്ചൂട്ട് ആരംഭിക്കും. നൂറുകണക്കിനു കുട്ടികൾക്ക് ആദ്യ ചോറൂട്ട് നൽകുന്ന ചടങ്ങും വൈദികരുടെ നേതൃത്വത്തിൽ നടത്തും.

ഇന്നു പുലർച്ചെ പ്രാർ‌ഥനാനിർഭരമായ ചടങ്ങുകളോടെയാണ് വെച്ചൂട്ടിനുള്ള അരിയിടീൽ നടത്തിയത്. വിഭവങ്ങളായ മാങ്ങഅച്ചാറും, ചമ്മന്തിപ്പൊടിയും നേരത്തേ തയാറാക്കി. വെച്ചൂട്ടിന്റെ ചോറ് ദിവ്യ ഔഷധമായാണ് വിശ്വാസികൾ കരുതുന്നത്. ഭവനങ്ങളിൽ കൊണ്ടുപോയി ചോറ് ഉണക്കി സൂക്ഷിച്ചു മരുന്നായി ഉപയോഗിക്കാറുണ്ട്. പെരുന്നാൾ‌ സമാപനത്തോടനുബന്ധിച്ച് അങ്ങാടി –ഇരവിനെല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം രണ്ടിനും, അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ് നാലിനും ആരംഭിക്കും.

വെച്ചൂട്ടിനുള്ള വിറകിടീൽ ഘോഷയാത്ര ഇന്നലെ ദേശത്തിനു ഭക്തിയുടെയും ആചാരത്തിന്റെയും തനിമ ചോരാത്തതായി മാറി. പുതുപ്പള്ളി–എറികാട് കരകളിൽ നിന്നു ഇടവകജനങ്ങൾ ഒരേ മനസ്സോടെ, ഒരേ പ്രാ‍ർഥനയോടെ വിറകുമായി ഘോഷയാത്രയായി പള്ളിയിലെത്തി. വാദ്യമേളങ്ങൾ ഉയർത്തിയും വള്ളപ്പാട്ടുകൾ പാടിയുമാണു വിറകുമായി ഭക്തജനങ്ങൾ എത്തിയത്.

പന്തിരുനാഴി പുറത്തെടുക്കലും ഇടവക ആഘോഷമാക്കി മാറ്റി. പളളിമുറികളിൽ സൂക്ഷിച്ചിരിക്കുന്ന 12 പറ അരി വയ്ക്കാവുന്ന പന്തിരുനാഴി എന്നറിയപ്പെടുന്ന വാർപ്പുകളും, ചെമ്പുകളും പുറത്തിറക്കിയാണു ചടങ്ങുകൾ നടന്നത്. പ്രദക്ഷിണം വച്ചശേഷമായിരുന്നു പാചകത്തിന് ഒരുക്കങ്ങൾ. പള്ളിയിലെ കെടാവിളക്കിൽ നിന്നു പകർന്ന ദീപം കോൽവിളക്കിലേക്കു പകർന്നു കൊണ്ടുവന്നായിരുന്നു അടുപ്പുകത്തിക്കൽ. പ്രദക്ഷിണം ദേശത്തിനു ആഘോഷ സന്ധ്യയുടെ നിറച്ചാർത്തു പകർന്നു. നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി വഴിയായിരുന്നു പള്ളിയിലേക്കു പ്രദക്ഷിണം. പെരുന്നാൾ ആചരണത്തിൽ പങ്കെടുക്കാൻ ഭക്തജനത്തിരക്കേറി. ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് ദർശിച്ചു അനുഗ്രഹം നേടാൻ തീർഥാടകർ എത്തുന്നുണ്ട്. ‌


പുതുപ്പള്ളി പെരുന്നാൾ ഇന്ന് 


  • കുർബാന– ഫാ. പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ– 5.30
  • പ്രഭാതനമസ്ക്കാരം – 8.00
  • ഒൻപതിന്മേൽ കുർബാന– പരിശുദ്ധ കാതോലിക്കാ ബാവാ – 9.00
  • ശ്ലൈഹിക വാഴ്‌വ് – 11.00 
  • വെച്ചൂട്ട് – നേർച്ചസദ്യ– കുട്ടികൾക്കു ആദ്യ ചോറൂട്ട് – 11.30
  • പ്രദക്ഷിണം– 2.00 
  • നേർച്ചവിളമ്പ് – 4.00




ആശ്വാസം തേടി തിരുശേഷിപ്പിന് അരികിൽ വിശ്വാസികൾ

ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിൽ വണങ്ങി പ്രാർഥിക്കുന്ന കുരുന്ന്.

വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ദേവാലയമാണ് പുതുപ്പള്ളി പള്ളി. ദേവാലയത്തിൽ എത്തി പ്രാർഥിക്കാൻ സംസ്ഥാനത്തിനു പുറത്തു നിന്നുൾപ്പെടെ തീർ‌ഥാടകർ പെരുന്നാൾ കാലത്ത് പതിവായി ഇവിടെയെത്തുന്നുണ്ട്. വിശുദ്ധന്റെ രക്തസാക്ഷിദിനമായ 23 മുതൽ മേയ് 20 വരെ ഒരുമാസക്കാലം പുതുപ്പള്ളി ജനസാഗരത്തിലായിരിക്കും. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനു മുന്നിലിരുന്നു പ്രാർഥിച്ച് അനുഗ്രഹം ലഭിച്ചതിന്റെ ആയിരക്കണക്കിനു സാക്ഷ്യങ്ങളാണ് വിശ്വാസികൾക്കു പറയാനുളളത്. തെക്കുംകൂർ രാജാക്കന്മാരുടെ ഭരണകാലത്ത് വ്യാപാര കേന്ദ്രമായിരുന്ന പുതുപ്പള്ളി അങ്ങാടിയുടെ ഓർമ പുതുക്കി പുതുപ്പള്ളി ഫെസ്റ്റും പള്ളി മൈതാനത്ത് നടക്കുന്നു. വിവിധ സ്റ്റാളുകൾ ഉൾപ്പെടെ തയാറാക്കിയിട്ടുണ്ട്. ദേവാലയത്തിന്റെ അഴകിനു കൂടുതൽ ശോഭ പകർന്നു വ്യത്യസ്ത നിറങ്ങളിലുള്ള വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. പാമ്പാടി മാലത്ത് സൗണ്ട്സാണ് ഇത് ഒരുക്കിയിരിക്കുന്നത്.

2018, മേയ് 6, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ: പ്രദക്ഷിണങ്ങൾക്ക് ഊഷ്മള സ്വീകരണം


വിശ്വാസ വീഥികളിലൂടെ എത്തിയ പ്രദക്ഷിണങ്ങൾ പുതുപ്പള്ളി പള്ളിയെ ഭക്തിസാഗരത്തിലാക്കി. കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, പാറയ്ക്കൽകടവ്, കാഞ്ഞിരത്തുംമൂട്, കൈതമറ്റം, വെട്ടത്തുകവല കുരിശടികളിൽ നിന്ന് ഇന്നലെ സന്ധ്യനമസ്കാരത്തെ തുടർന്നാണു പ്രദക്ഷിണം പുറപ്പെട്ടത്. ആയിരക്കണക്കിനു വിശ്വാസികളാണു പങ്കെടുത്തത്. പ്രദക്ഷിണങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി.

ഇന്നു 11നു ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് മദ്ബഹായിൽ പ്രതിഷ്ഠിക്കൽ, രണ്ടിനു വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ്, ഏഴിനു നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി വഴി നടത്തുന്ന പ്രസിദ്ധമായ പ്രദക്ഷിണം എന്നിവ നടത്തും. പെരുന്നാൾ പ്രധാന ദിനങ്ങളിലേക്കു കടന്നതോടെ തീർഥാടക തിരക്കിലാണു ദേശം. പള്ളി മൈതാനത്തു നടക്കുന്ന പുതുപ്പള്ളി ഫെസ്റ്റ് ഇവിടെയെത്തുന്നവർക്കു വാണിജ്യവിരുന്നാകുന്നു.

ഭക്തിയുടെ രുചിക്കൂട്ടിൽ വിരുന്നൊരുക്കുന്ന വെച്ചൂട്ട് നാളെയാണ്. പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന വെച്ചൂട്ട് –നേർച്ചസദ്യയുടെ ഭാഗമായി കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടത്തും. വെച്ചൂട്ടിന്റെ വിഭവങ്ങളായ മാങ്ങാ അച്ചാർ, ചമ്മന്തിപ്പൊടി എന്നിവയുടെ തയാറാക്കൽ ഭക്തജന കൂട്ടായ്മയകളുടെ നേതൃത്വത്തിൽ നടന്നു. ഇന്ന് അർധരാത്രിയിൽ വെച്ചൂട്ടിനുള്ള അരിയിടീൽ പ്രാർഥനാപൂർവം നടത്തും.

പെരുന്നാൾ സമാപന ദിനമായ നാളെ 11.30 മുതൽ വെച്ചൂട്ട് ആരംഭിക്കും. പുതുപ്പള്ളി പള്ളിയും ഗീവർഗീസ് സഹദായുമായി ബന്ധപ്പെട്ടു പുതുപ്പള്ളി ഊട്ട്–പുതുപ്പള്ളി ചാത്തം എന്നപേരിൽ വിവിധ ദേശത്തെ വീടുകളിലും നടത്തിവരുന്നുണ്ട്. പുതുപ്പള്ളി പെരുന്നാളിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്ന ഭക്തർ പ്രാദേശികമായി നടത്തിവരുന്ന ആചാരമാണിത്. വ്രതശുദ്ധിയോടെ വിവിധ ഭവനങ്ങളിലാണ് ഊട്ട് നടത്താറുള്ളത്.

ബന്ധുക്കളെയും ജാതിമത ഭേദമന്യേയുള്ളവരെയും വിളിച്ചാണ് പുതുപ്പള്ളി ഊട്ട് എന്നപേരിൽ വീടുകളിൽ വഴിപാട് പോലെ ഈ ചടങ്ങ് നടത്തിവരുന്നത്. സഹദായുടെ ‍ചിത്രത്തിനു മുന്നിൽ നിലവിളക്ക് തെളിച്ചശേഷം ആദ്യം ഇലയിട്ടു സഹദായെ സങ്കൽപ്പിച്ച് വിളമ്പിയ ശേഷമാണ് വിരുന്നുകാർക്ക് ഊണു നൽകുക.

പുതുപ്പള്ളിയിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിന്നുള്ള പാരമ്പര്യ ബന്ധത്തിൽ ഇന്നും മുടക്കംകൂടാതെ ഈ ആചാരം വിവിധ ദേശങ്ങളിൽ നടന്നു വരുന്നു. പെരുന്നാളിനോടനുബന്ധിച്ചു ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിങ്കൽ അഖണ്ഡ പ്രാർഥന ഇന്നുരാത്രി 10നു മുതൽ ആരംഭിക്കും. തിരുശേഷിപ്പിനു മുന്നിൽ ഒരു രാത്രി മുഴുവൻ പ്രാർഥനാപൂ‍ർവം കഴിഞ്ഞുകൂടാൻ ആയിരക്കണക്കിനു വിശ്വാസികളെത്തും. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ചത് പുതുപ്പള്ളി പള്ളിയിലാണെന്ന പ്രത്യേകതയുമുണ്ട്.



പുതുപ്പള്ളി പെരുന്നാൾ:വിറകിടീൽ ഇന്ന് (6/5/2018)


വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ് ഇന്നാണ്. പഴമയുടെ തനിമ ചോരാതെ വിശ്വാസ സമൂഹം വെച്ചൂട്ടിനുള്ള വിറകുമായി ഘോഷയാത്രയായി എത്തും. ഇടവകയിലെ ജനങ്ങൾ ഒരേ മനസോടെ പങ്കെടുക്കുന്ന ചടങ്ങാണ് വിറകിടീൽ.

പുതുപ്പള്ളി, ഏറികാട് കരക്കാർ മൽസരബുദ്ധിയോടെ വിറക് ശേഖരിച്ചു വാദ്യമേളങ്ങളുടേയും വള്ളപ്പാട്ടുകളുടേയും അകമ്പടിയിലാണ് പള്ളിയിലേക്ക് എത്തുക. പെരുന്നാളിനു വിരുന്നൊരുക്കുന്ന വെച്ചൂട്ടിനുള്ള വിഭവങ്ങൾ തയാറാക്കുന്നത് ഈ വിറക് ഉപയോഗിച്ചാണ്. പെരുനാളിലെ പ്രധാന ചടങ്ങായ ചരിത്ര പ്രസിദ്ധമായ പൊന്നിൻകുരിശ് മദ്ബഹായിൽ പ്രതിഷ്ഠിക്കൽ ഇന്ന്  11നാണ്. 401 പവൻ തൂക്കമുള്ള പൊന്നിൻ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കുന്ന പൊന്നിൻ കുരിശ് പള്ളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമാണ്.

പെരുനാൾ ദിനങ്ങളിൽ പള്ളിയിലെത്തി ഈ കുരിശിനെ വണങ്ങാൻ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.




പുതുപ്പള്ളി പെരുന്നാൾ ഇന്ന് (6/5/2018)

  • കുർബാന –ഫാ. എം.സി.കുര്യാക്കോസ് – 6.00
  • പ്രഭാത നമസ്കാരം – 8.00
  • അഞ്ചിന്മേൽ കുർബാന–ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് – 9.00
  • പൊന്നിൻകുരിശ് വിശുദ്ധ മദ്ബഹായിൽ പ്രതിഷ്ഠിക്കൽ – 11.00
  • വിറകീടിൽ ചടങ്ങ് –2.00
  • പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുക്കൽ–3.30
  • പെരുന്നാൾ സന്ധ്യാനമസ്കാരം – 5.30
  • പ്രദക്ഷിണം, നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലെ കുരിശിൻതൊട്ടി വഴി പള്ളിയിലേക്ക് – 7.00
  • ശ്ലൈഹിക വാഴ്‌വ് – 9.00
  • വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിങ്കൽ അഖണ്ഡ പ്രാർഥന– 10.00
  • രാത്രി നമസ്കാരം– 12.00


2018, മേയ് 5, ശനിയാഴ്‌ച

പുതുപ്പള്ളി തീർഥാടനം ഇന്ന് (5/5/2018)


നവമധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന പുതുപ്പള്ളി പള്ളി പ്രധാന പെരുന്നാൾ ദിനങ്ങളിലേക്കു കടക്കുന്നു. വിവിധ പള്ളികളിൽ നിന്നു പുതുപ്പള്ളിയിലേക്കുള്ള പുതുപ്പള്ളി തീർഥാടനം ഇന്ന് നടത്തും. രാവിലെ 10നു തീർഥാടകർക്കു സ്വീകരണം നൽകും. വൈകിട്ട് ആറിനു കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, പാറയ്ക്കൽകടവ്, കാഞ്ഞിരത്തുംമൂട്, കൈതമറ്റം, വെട്ടത്തുകവല എന്നീ കുരിശടികളിൽ സന്ധ്യാനമസ്കാരവും തുടർന്നു പള്ളിയിലേക്കു പ്രദക്ഷിണവും. രാത്രി എട്ടിനു പള്ളിയിൽ എത്തിച്ചേരുന്ന പ്രദക്ഷിണത്തിനു സ്വീകരണം നൽകും. 

അതിനു ശേഷം സുപ്രസിദ്ധ പിന്നണി ഗായകൻ കെ.ജി. മാർക്കോസ് നയിക്കുന്ന ക്രിസ്തീയ ഗാനമേള 

ഒൻപത് ത്രോണോസുകൾ ഉള്ളതാണ് പുതുപ്പള്ളി പള്ളിയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിലാണ് മധ്യഭാഗത്തെ വലിയ പള്ളിയുടെ പ്രധാന ത്രോണോസ്. ഇടതും വലതുമായി വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടേയും പരിശുദ്ധ പരുമല തിരുമേനിയുടേയും ത്രോണോസുകൾ. തെക്കു ഭാഗത്തെ മധ്യത്തിലുള്ളത് വിശുദ്ധ ബഹനാൻ സഹദായുടെയും ഇടതും വലതുമായി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടേയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും ത്രോണോസുകളാണ്. വടക്കുഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെയും ഇടതും വലതുമായി മർത്തശ്മുനിയമ്മ, മാർ യൂലീത്തി എന്നിവരുടേയും ത്രോണോസുകളാണ്. ശുദ്ധിമതികളുടെ നാമത്തിലുള്ള മലങ്കരയിലെ ഏക ദേവാലയവും ഇതു തന്നെയാണ്.

പെരുന്നാളിന്റെ വെച്ചൂട്ടിനുള്ള വിഭവങ്ങൾ തയാറാക്കൽ പള്ളിയിൽ പുരോഗമിക്കുകയാണ്. ഇന്നലെ ചമ്മന്തിപ്പൊടി തയാറാക്കൽ ആരംഭിച്ചു. അച്ചാറും, ചമ്മന്തിപ്പൊടിയും, മോരുമാണ് വെച്ചൂട്ടിന്റെ പ്രധാന വിഭവങ്ങൾ.



2018, മേയ് 4, വെള്ളിയാഴ്‌ച

പുതുപ്പള്ളി പെരുന്നാളിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പുതുപ്പള്ളി പെരുന്നാളിന്റെ പ്രധാന നേർച്ചയായ വെച്ചൂട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം അച്ചാർ തയാറാക്കുന്നതിനുള്ള മാങ്ങാ അരിയലും  ചമ്മന്തിപ്പൊടി തയാറാക്കലും നടന്നു.

ആചാരാനുഷ്ഠാനങ്ങളുടെ ഒട്ടേറെ പ്രത്യേകതയുളള പുതുപ്പള്ളി പള്ളിയിലെ പൊന്നിൻകുരിശും പുതുപ്പളളി കുരിശും ദൈവിക സാന്നിധ്യത്തിന്റെ പ്രതീകങ്ങളായി വിശ്വസിച്ചു വരുന്നു. പുതുപ്പളളി പളളിയിൽ മാത്രമുള്ള പുതുപ്പള്ളി കുരിശ് അപൂർവ മാതൃകയിലുള്ളതാണ്. കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണ് കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായാണ് ഈ കുരിശിന്റെ സ്ഥാനം.

കുരിശിന്റെ കൈപ്പിടി വാളിന്റെ പിടിയെ അനുസ്മരിക്കുന്ന വിധമാണ്. ഒപ്പം അംശവടിയുടെയും കിരീടത്തിന്റെയും പ്രതീകമായി കാണുന്നു. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഭാഗ്യസ്മരണകൾ ഈ കുരിശ് ദർശിക്കുന്നതിലൂടെ വിശ്വാസികളിൽ ഉണരുന്നു. പുതുപ്പള്ളി പളളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായാണ് പള്ളിയിലെ പൊന്നിൻകുരിശ്. ഈ കുരിശ് പെരുന്നാൾ ദിനങ്ങളിലാണ് പുറത്തെടുക്കുന്നത്. കുരിശിനെ വണങ്ങാൻ വൻതിരക്കാണ് പെരുന്നാൾ ദിനങ്ങളിൽ അനുഭവപ്പെടാറുള്ളത്. അനേകായിരങ്ങൾ പൊന്നിൻകുരിശ് ദർശിക്കാൻ പള്ളിയിലെത്തിച്ചേരുന്നു.

∙പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര സംഗീത മൽസരവും, പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര ക്വിസ് മൽസരവും  നടന്നു . 

പെരുന്നാളിന്റെ ഭാഗമായി കോലഞ്ചേരി സുഖദ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൺവൻഷനും വിശ്വാസികൾക്കു ആധ്യാത്മിക വിരുന്നായി മാറുകയാണ്. പെരുന്നാളിന്റെ ഭാഗമായി നടന്നുവരുന്ന പുതുപ്പളളി കൺവൻഷൻ ഇന്നു സമാപിക്കും.

വിശ്വാസ സാഗരമായി പുതുപ്പള്ളി പള്ളി

പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു നടന്ന കുടുംബസംഗമത്തിൽ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ പ്രസംഗിക്കുന്നു.

ആചാരാനുഷ്ഠാനങ്ങളുടെ ഒട്ടേറെ പ്രത്യേകതകളുള്ള പുതുപ്പള്ളി പള്ളിയിലെ പൊന്നിൻകുരിശും പുതുപ്പള്ളി കുരിശും വിശ്വാസികൾക്കു ദൈവിക സാന്നിധ്യത്തിന്റെ പ്രതീകങ്ങളാണ്. പുതുപ്പള്ളി പള്ളിയിൽ മാത്രമുള്ള പുതുപ്പള്ളി കുരിശ് അപൂർവ മാതൃകയിലുള്ളതാണ്. കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണു കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായാണ് ഈ കുരിശിന്റെ സ്ഥാനം. കുരിശിന്റെ കൈപ്പിടി വാളിന്റെ പിടിയെ അനുസ്മരിക്കുന്ന വിധമാണ്. ഒപ്പം അംശവടിയുടെയും കിരീടത്തിന്റെയും പ്രതീകമായി കാണുന്നു. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഭാഗ്യസ്മരണകൾ ഈ കുരിശ് ദർശിക്കുന്നതിലൂടെ വിശ്വാസികളിൽ ഉണരുന്നു.

പുതുപ്പള്ളി പള്ളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണു പള്ളിയിലെ പൊന്നിൻകുരിശ്. മനോഹാരിത നിറഞ്ഞുനിൽക്കുന്ന ഈ കുരിശ് പെരുന്നാൾദിനങ്ങളിലാണു പുറത്തെടുക്കുന്നത്. കുരിശിനെ വണങ്ങാൻ വൻതിരക്കാണ് പെരുന്നാൾ ദിനങ്ങളിൽ അനുഭവപ്പെടാറുള്ളത്. പൈശാചിക ശക്തികളിൽ നിന്നും കഷ്ടപ്പാടുകളിൽനിന്നും ആശ്വാസം ലഭിക്കുമെന്ന വിശ്വാസികളുടെ സാക്ഷ്യത്തിൽ അനേകായിരങ്ങൾ പൊന്നിൻകുരിശ് ദർശിക്കാൻ പള്ളിയിലെത്തിച്ചേരുന്നു.