നവമധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന പുതുപ്പള്ളി പള്ളി പ്രധാന പെരുന്നാൾ ദിനങ്ങളിലേക്കു കടക്കുന്നു. വിവിധ പള്ളികളിൽ നിന്നു പുതുപ്പള്ളിയിലേക്കുള്ള പുതുപ്പള്ളി തീർഥാടനം ഇന്ന് നടത്തും. രാവിലെ 10നു തീർഥാടകർക്കു സ്വീകരണം നൽകും. വൈകിട്ട് ആറിനു കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, പാറയ്ക്കൽകടവ്, കാഞ്ഞിരത്തുംമൂട്, കൈതമറ്റം, വെട്ടത്തുകവല എന്നീ കുരിശടികളിൽ സന്ധ്യാനമസ്കാരവും തുടർന്നു പള്ളിയിലേക്കു പ്രദക്ഷിണവും. രാത്രി എട്ടിനു പള്ളിയിൽ എത്തിച്ചേരുന്ന പ്രദക്ഷിണത്തിനു സ്വീകരണം നൽകും.
അതിനു ശേഷം സുപ്രസിദ്ധ പിന്നണി ഗായകൻ കെ.ജി. മാർക്കോസ് നയിക്കുന്ന ക്രിസ്തീയ ഗാനമേള
ഒൻപത് ത്രോണോസുകൾ ഉള്ളതാണ് പുതുപ്പള്ളി പള്ളിയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിലാണ് മധ്യഭാഗത്തെ വലിയ പള്ളിയുടെ പ്രധാന ത്രോണോസ്. ഇടതും വലതുമായി വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടേയും പരിശുദ്ധ പരുമല തിരുമേനിയുടേയും ത്രോണോസുകൾ. തെക്കു ഭാഗത്തെ മധ്യത്തിലുള്ളത് വിശുദ്ധ ബഹനാൻ സഹദായുടെയും ഇടതും വലതുമായി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടേയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും ത്രോണോസുകളാണ്. വടക്കുഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെയും ഇടതും വലതുമായി മർത്തശ്മുനിയമ്മ, മാർ യൂലീത്തി എന്നിവരുടേയും ത്രോണോസുകളാണ്. ശുദ്ധിമതികളുടെ നാമത്തിലുള്ള മലങ്കരയിലെ ഏക ദേവാലയവും ഇതു തന്നെയാണ്.
പെരുന്നാളിന്റെ വെച്ചൂട്ടിനുള്ള വിഭവങ്ങൾ തയാറാക്കൽ പള്ളിയിൽ പുരോഗമിക്കുകയാണ്. ഇന്നലെ ചമ്മന്തിപ്പൊടി തയാറാക്കൽ ആരംഭിച്ചു. അച്ചാറും, ചമ്മന്തിപ്പൊടിയും, മോരുമാണ് വെച്ചൂട്ടിന്റെ പ്രധാന വിഭവങ്ങൾ.