2018, മേയ് 6, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ: പ്രദക്ഷിണങ്ങൾക്ക് ഊഷ്മള സ്വീകരണം


വിശ്വാസ വീഥികളിലൂടെ എത്തിയ പ്രദക്ഷിണങ്ങൾ പുതുപ്പള്ളി പള്ളിയെ ഭക്തിസാഗരത്തിലാക്കി. കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, പാറയ്ക്കൽകടവ്, കാഞ്ഞിരത്തുംമൂട്, കൈതമറ്റം, വെട്ടത്തുകവല കുരിശടികളിൽ നിന്ന് ഇന്നലെ സന്ധ്യനമസ്കാരത്തെ തുടർന്നാണു പ്രദക്ഷിണം പുറപ്പെട്ടത്. ആയിരക്കണക്കിനു വിശ്വാസികളാണു പങ്കെടുത്തത്. പ്രദക്ഷിണങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി.

ഇന്നു 11നു ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് മദ്ബഹായിൽ പ്രതിഷ്ഠിക്കൽ, രണ്ടിനു വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ്, ഏഴിനു നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി വഴി നടത്തുന്ന പ്രസിദ്ധമായ പ്രദക്ഷിണം എന്നിവ നടത്തും. പെരുന്നാൾ പ്രധാന ദിനങ്ങളിലേക്കു കടന്നതോടെ തീർഥാടക തിരക്കിലാണു ദേശം. പള്ളി മൈതാനത്തു നടക്കുന്ന പുതുപ്പള്ളി ഫെസ്റ്റ് ഇവിടെയെത്തുന്നവർക്കു വാണിജ്യവിരുന്നാകുന്നു.

ഭക്തിയുടെ രുചിക്കൂട്ടിൽ വിരുന്നൊരുക്കുന്ന വെച്ചൂട്ട് നാളെയാണ്. പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന വെച്ചൂട്ട് –നേർച്ചസദ്യയുടെ ഭാഗമായി കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടത്തും. വെച്ചൂട്ടിന്റെ വിഭവങ്ങളായ മാങ്ങാ അച്ചാർ, ചമ്മന്തിപ്പൊടി എന്നിവയുടെ തയാറാക്കൽ ഭക്തജന കൂട്ടായ്മയകളുടെ നേതൃത്വത്തിൽ നടന്നു. ഇന്ന് അർധരാത്രിയിൽ വെച്ചൂട്ടിനുള്ള അരിയിടീൽ പ്രാർഥനാപൂർവം നടത്തും.

പെരുന്നാൾ സമാപന ദിനമായ നാളെ 11.30 മുതൽ വെച്ചൂട്ട് ആരംഭിക്കും. പുതുപ്പള്ളി പള്ളിയും ഗീവർഗീസ് സഹദായുമായി ബന്ധപ്പെട്ടു പുതുപ്പള്ളി ഊട്ട്–പുതുപ്പള്ളി ചാത്തം എന്നപേരിൽ വിവിധ ദേശത്തെ വീടുകളിലും നടത്തിവരുന്നുണ്ട്. പുതുപ്പള്ളി പെരുന്നാളിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്ന ഭക്തർ പ്രാദേശികമായി നടത്തിവരുന്ന ആചാരമാണിത്. വ്രതശുദ്ധിയോടെ വിവിധ ഭവനങ്ങളിലാണ് ഊട്ട് നടത്താറുള്ളത്.

ബന്ധുക്കളെയും ജാതിമത ഭേദമന്യേയുള്ളവരെയും വിളിച്ചാണ് പുതുപ്പള്ളി ഊട്ട് എന്നപേരിൽ വീടുകളിൽ വഴിപാട് പോലെ ഈ ചടങ്ങ് നടത്തിവരുന്നത്. സഹദായുടെ ‍ചിത്രത്തിനു മുന്നിൽ നിലവിളക്ക് തെളിച്ചശേഷം ആദ്യം ഇലയിട്ടു സഹദായെ സങ്കൽപ്പിച്ച് വിളമ്പിയ ശേഷമാണ് വിരുന്നുകാർക്ക് ഊണു നൽകുക.

പുതുപ്പള്ളിയിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിന്നുള്ള പാരമ്പര്യ ബന്ധത്തിൽ ഇന്നും മുടക്കംകൂടാതെ ഈ ആചാരം വിവിധ ദേശങ്ങളിൽ നടന്നു വരുന്നു. പെരുന്നാളിനോടനുബന്ധിച്ചു ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിങ്കൽ അഖണ്ഡ പ്രാർഥന ഇന്നുരാത്രി 10നു മുതൽ ആരംഭിക്കും. തിരുശേഷിപ്പിനു മുന്നിൽ ഒരു രാത്രി മുഴുവൻ പ്രാർഥനാപൂ‍ർവം കഴിഞ്ഞുകൂടാൻ ആയിരക്കണക്കിനു വിശ്വാസികളെത്തും. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ചത് പുതുപ്പള്ളി പള്ളിയിലാണെന്ന പ്രത്യേകതയുമുണ്ട്.