2023, ഡിസംബർ 7, വ്യാഴാഴ്‌ച

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

 


സൗജന്യ കേൾവി പരിശോധന ക്യാമ്പ്

ജസ്റ്റ് ഹിയ്റിങ് & പുതുപ്പള്ളി ലയൺസ് ക്ലബ്ബും സംയുക്തമായി നടത്തുന്നു

ഡിസംബർ 9 ശനിയാഴ്ച, 9AM -5PM

AT ജസ്റ്റ് ഹിയ്റിങ് പ്രൈവറ്റ് ലിമിറ്റഡ്,

ഡോക്ടർസ് കോംപ്ലക്സ്, പുതുപ്പള്ളി കോട്ടയം.


രജിസ്റ്റർ ചെയ്യുക

ഒന്നാം വാർഷിക പ്രത്യേക ഓഫർ ലഭ്യമാകുന്ന സേവനങ്ങൾ

PH 8590 310 265

കേൾവി പരിശോധന, കേൾവി സഹായികളുടെ സൗജന്യ ട്രയൽ,എക്സ്ചേഞ്ച് സൗകര്യവും ഏറ്റവും മികച്ച ഡിസ്കൗണ്ട് ആനുകൂല്യവും നൽകുന്നു

കേൾവി സഹായികൾക്ക് പ്രത്യേക ഓഫർ ഒരു ആഴ്ചത്തേക്ക് വിദഗ്ധ ഓഡിയോളജിസ്റ്റ് സേവനം ലഭ്യമാണ്


2023, ഒക്‌ടോബർ 30, തിങ്കളാഴ്‌ച

ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്

 

Oommen Chandy

 പുതുപ്പള്ളിയുടെ ചിറകുകൾ പ്രതീക്ഷയുടെ ആകാശം സമ്മാനിച്ച ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികം 31ന്. ഉമ്മൻ ചാണ്ടീ ഓർമയായത്തിനു ശേഷമുള്ള ആദ്യ പിറന്നാൾ, മരണാനന്തരവും മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന അതുല്യനായ ജനകീയ നേതാവായ ഉമ്മൻ ചാണ്ടിയുടെ 80-ാം ജന്മവാർഷികദിനം സാന്ത്വനദിനമായി സഹപ്രവർത്തകർ ആചരിക്കും.

പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കുർബാന ഉമ്മൻ ചാണ്ടി മുടക്കാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പിറന്നാളിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം പുതുപ്പള്ളിയിൽ എത്തിയത്. പിറന്നാൾ ദിനം ആലുവ ഗവ.ഗെസ്റ്റ് ഹൗസിൽ ചികിത്സയുടെ ഭാഗമായി വിശ്രമത്തിലായിരുന്നു. അന്നു മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മുട്ടിയും അടക്കമുള്ളവർ നേരിട്ടെത്തി ആശംസ അറിയിച്ചിരുന്നു.

പതിവിനു വിപരീതമായി മുടിയൊക്കെ ചീകിയൊതുക്കിയിരുന്ന ഉമ്മൻ ചാണ്ടിയെ കണ്ടപ്പോൾ ചീകാതെ മുന്നിലേക്ക് അലസമായി ഇട്ട മുടിയാണ് നന്നായി ഇണങ്ങുന്നതെന്നും അതാണ് മനസ്സിൽ പതിഞ്ഞ മുഖമെന്നും മമ്മൂട്ടി പറയുകയും ചെയ്തു.

ആലുവയിൽ നിന്നു ആശുപത്രിയിലേക്കു പോകാനായിരുന്നു ഉമ്മൻ ചാണ്ടി തീരുമാനിച്ചിരുന്നത്. അർധരാത്രിയോടെ തീരുമാനം മാറ്റി. ഉമ്മൻ ചാണ്ടി പിറ്റേന്ന് നേരെ പുതുപ്പള്ളിയിലെ വീട്ടിലെത്തി. തുടർന്നു പുതുപ്പള്ളിപള്ളിയിലും പാമ്പാടി ദയറയിലും പ്രാർഥനയിൽ പങ്കു കൊണ്ടു. ഇതിനുശേഷം ചികിത്സയുടെ ദിനങ്ങളയിരുന്നു. എല്ലാവരുടെയും പ്രതീക്ഷകളെ അസ്ഥാനത്താക്കി യാത്രയും പറഞ്ഞു. 

ഉമ്മൻ ചാണ്ടിയുടെ അഭാവത്തിലും പതിവുകൾ തെറ്റിക്കാതെയാണ് കുടുംബാംഗങ്ങൾ പിറന്നാൾ ദിനം ക്രമീകരിച്ചിരിക്കുന്നത്.  പുതുപ്പള്ളി പള്ളിയിൽ രാവിലെ കുർബാനയും വൈകിട്ട് 3.30നു കല്ലറയിൽ പ്രാർഥനയും ഉണ്ടായിരിക്കും.

  പുതുപ്പള്ളി പള്ളി ഓഡിറ്റോറിയത്തിൽ  വൈകിട്ട് 3.30നു 1001 സന്നദ്ധ സേന പ്രവർത്തകർ പുനരർപ്പണ പ്രതിജ്ഞയെടുക്കും. നാലിനു ചേരുന്ന സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രി വയലാർ രവി "ഒസി ചാരിറ്റബിൾ ട്രസ്റ്റ് കർമ സേന" യുടെ ഉദ്ഘാടനം നിർവഹിക്കും.


പരുമല പദയാത്ര നവംബർ ഒന്നാം തിയതി ആരംഭിക്കുന്നതാണ്

 



എല്ലാ വർഷത്തെയും പോലെ ഇത്തവണയും നവംബർ 1- ന് പരുമല പദയാത്ര രാവിലെ 5:00-am ന് പുതുപ്പള്ളി പള്ളിയിൽ നിന്നും ആരംഭിക്കുന്നതാണ്.


• പരുമലയിൽ നിന്ന് തിരിച്ചു വാഹന  സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

2023, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

പുതുപ്പള്ളിയിൽ മെഗാ മെഡിക്കൽ ക്യാംപ്

 


പുതുപ്പള്ളി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ പാറേട്ട്  മാർ ഇവാനിയോസ് ആശുപത്രിയുടെയും ഡയാ കെയർ  ക്ലിനിക്കൽ ലബോറട്ടറിയുടെയും സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. ഞായറാഴ്ച (ഒക്ടോബർ 29) രാവിലെ 10 മണി മുതൽ 1.30 വരെ നിലയ്ക്കൽ ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിലാണ് ക്യാംപ്.  

ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇഎൻറ്റി, ഓർത്തോ, പൾമനോളജി, ദന്തൽ, ഡയബറ്റോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭിക്കും. ഡയബറ്റിക്, ബ്ലഡ്പ്രഷർ, യൂറിക് ആസിഡ്, ബോൺ ഡെൻസിറ്റി, പരിശോധനകളും സൗജന്യമാണ്. രജിസ്ട്രേഷൻ അന്നു രാവിലെ 9..30 മുതൽ ആരംഭിക്കും.



2023, ഒക്‌ടോബർ 25, ബുധനാഴ്‌ച

പി പി മത്തായിയുടെ മരണം കൊലപാതകമെന്ന് CBI കണ്ടെത്തി. കുറ്റപത്രം CBI കോടതിയിൽ ഹാജരാക്കി.

 


         പത്തനംതിട്ട ചിറ്റാറിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ   കസ്റ്റഡിയിലെടുത്തു കൊലപ്പെടുത്തിയ പി പി   മത്തായിയുടെ കേസില്‍ ഏഴു വനം വകുപ്പ് ഉദോഗസ്ഥരും കുറ്റക്കാരാണെന്ന് കണ്ടെത്തി സിബിഐ  റിപ്പോർട്ട്.

അന്യായമായാണ് പി പി മത്തായിയെ ( പൊന്നു)വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ  മത്തായിയെ വീട്ടിൽ നിന്നും കൂട്ടികൊണ്ടുപോയി വനത്തിൽ വച്ച് മർദ്ദിക്കുകയും - കുടപ്പനക്കുളത്തുള്ള കുടുംബവീട്ടിൽ എത്തിച്ച് കിണറ്റിൽ ഇറങ്ങാൻ ഫോറസ്റ്റ് ഉദ്ധ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.

വനംവകുപ്പിന്‍റെ ക്യാമറ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ഉദ്യോഗസ്ഥര്‍ മത്തായി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ അങ്ങനെയൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.അങ്ങനൊരു കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസിന് മാത്രമേ സാധിക്കുവെന്നും , വനവകുപ്പിന് കേസ് എടുക്കാൻ അധികാരമില്ലെന്ന് സിബിഐ കുറ്റപത്രം പറയുന്നു.തെളിവെടുപ്പിനിടെ കിണറ്റിൽ വീണ പി പി മത്തായിയെ ഉദ്യോഗസ്ഥർ രക്ഷിച്ചതുമില്ല. 

     ഡെപ്യൂട്ടി റേഞ്ച്  ഓഫീസർ രാജേഷ്,സ്‌പെഷ്യൽ ഫോറസ്റ്റ്  ഓഫീസർ പ്രദീപ്,ഓഫീസർമാരായ അനിൽകുമാർ,സന്തോഷ്,ലക്ഷ്‌മി,സെക്ഷൻ ഫോറെസ്റ് ഓഫീസർ ജോസ് വിൽ‌സൺ ഡിക്രൂസ് എന്നിവരെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തത്.

2020 ജൂൺ 28 വൈകിട്ട് നാല് മണിക്ക് കൊടപ്പനക്കുളത്തെ പടിഞ്ഞാറെ ചരുവിൽ വീട്ടിൽ യൂണിഫോം ധരിച്ച ഏഴ് വനപാലകരെത്തി പി പി മത്തായിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചര മണിക്കുറിന് ശേഷം വീട്ടുകാരെ തേടിയെത്തിയത് കുടുംബവീട്ടിലെ കിണറ്റിൽ മത്തായിയുടെ മൃതദേഹം കണ്ടെടുത്തെന്ന വാർത്തയായിരുന്നു.

പി പി മത്തായി മരിച്ച ശേഷം മൃതദേഹം ശവസംസ്ക്കരിക്കാതെ 40 ദിവസം ഭാര്യ ഷീബയുടെയും കുടുംബത്തിന്റെയും വെരി റവ ബസലേൽ റമ്പാൻ നേതൃതം നൽകിയ കുടപ്പനക്കുളം  ദേശസമിതിയുടെ നിശ്ചയദാർഢ്യത്തോടെ നടത്തിയ സമരത്തിനൊടുവിലാണ് സർക്കാർ കേസ് സിബിഐക്ക് വിട്ടത്.കുടപ്പനക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗവും,യുവജനപ്രസ്ഥാന സജീവ പ്രവർത്തകനുമായ പി പി മത്തായിക്ക് നീതി ലഭിക്കുന്നതിനായി ഭാഗ്യസ്മരണാർഹരായ പരിശുദ്ധ പൗലോസ് ദ്വിതീയൻ  കാതോലിക്കാ ബാവ തിരുമേനിയുടെ നിർദേശത്തിൽ മലങ്കര സഭയിലെ  അഭിവന്ദ്യ തിരുമേനിമാരും , വൈദികരും , അൽമായരും , മാനേജിങ് കമ്മിറ്റി അംഗങ്ങളും , അസോസിയേഷൻ പ്രതിനിധികളും ,മലങ്കര സഭയുടെ വിവിധ ആത്‌മീയ സംഘടനാ പ്രസ്ഥാനങ്ങളും , മലങ്കര സഭയുടെ സോഷ്യൽ മീഡിയകളും പിന്തുണയുമായി ഭവനത്തിലും, സമരപന്തലിലും എത്തുകയും, പി പി മത്തായിയുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ നൽകുകയും ഭരണ തലത്തിലും അധികാര കേന്ദ്രങ്ങളിലും പരാതികൾ സമർപ്പിക്കുകയും ചെയ്തിരുന്നു.

2023, മേയ് 10, ബുധനാഴ്‌ച

ഭക്തിയുടെ കുടക്കീഴിൽ പുതുപ്പള്ളിയിൽ വെച്ചൂട്ട്

 


രുചിയുടെ പെരുമ തീർത്ത പുതുപ്പള്ളി പെരുന്നാളിന്റെ വെച്ചൂട്ടിൽ പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു.  വെച്ചൂട്ട് നേർച്ചയിലും പ്രധാന നേർച്ചയായ അപ്പവും കോഴിയിറച്ചി നേർച്ചവിളമ്പിലും പങ്കെടുത്താണ് വിശ്വാസി സമൂഹം മടങ്ങിയത്.  23നാണ് കൊടിയിറക്ക്. അന്നുവരെ ദിവസവും രാവിലെ കുർബാന ഉണ്ടായിരിക്കും. 

ആചാര നിറവിലായിരുന്നു ഇന്നലെ വെച്ചൂട്ട് ചടങ്ങുകൾ. കുർബാനയ്ക്കു ജോഷ്വ മാർ നിക്കോദിമോസ്, ഒൻപതിന്മേൽ കുർബാനയ്ക്കു ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് എന്നിവർ മുഖ്യ കാ‍‌ർമികത്വം വഹിച്ചു. വെച്ചൂട്ട് നേർച്ച വിളമ്പുന്നതിനു ചിട്ടയായ ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. വിശ്വാസികൾ അനുഗ്രഹ മുഹൂർത്തം പോലെ ചോറും മാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും മോരും ചേർന്ന വെച്ചൂട്ട് നേർച്ച സദ്യയിൽ പങ്കെടുത്തു.  

കുട്ടികൾക്ക് ആദ്യ ചോറൂട്ടും വൈദികരുടെ നേതൃത്വത്തിൽ നടത്തി.  അങ്ങാടി ഇരവിനല്ലൂർ കവല ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണവും നടത്തി. വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സഹ വികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ.വർഗീസ് പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ, സെക്രട്ടറി റോണി.സി.വർഗീസ് എന്നിവർ നേതൃത്വം നൽകി.



© 2009 Puthuppally Pally Varthakal™

2023, മേയ് 8, തിങ്കളാഴ്‌ച

ഭക്തിനിറവിൽ പുതുപ്പള്ളി; വെച്ചൂട്ട് ഇന്ന്

 



വിശ്വാസിസമൂഹം ഒരേ മനസ്സോടെ പങ്കെടുക്കുന്ന പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ട് ഇന്ന്. പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന വെച്ചൂട്ടിനു വിപുലമായ ക്രമീകരണം ഒരുക്കി. ഇന്ന് 11.15ന് വെച്ചൂട്ട് ആരംഭിക്കും. വൈദികരുടെ നേതൃത്വത്തിൽ നൂറുകണക്കിനു കുട്ടികൾക്കു ആദ്യ ചോറൂട്ടും നടത്തും.

പുതുപ്പള്ളി, എറികാട് കരകളിൽ നിന്നുള്ള വിറകിടീൽ ഘോഷയാത്ര നാടിന്റെ സാംസ്കാരികത്തനിമ വിളിച്ചോതി. വിറകിടീൽ ചടങ്ങിനു ശേഷം പാചകത്തിനുള്ള പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുത്തു. വൈദികരുടെ നേതൃത്വത്തിൽ കെടാവിളക്കിൽ നിന്നു പകർന്നു നൽകിയ അഗ്നി തെളിച്ചാണു പുതുപ്പള്ളി പുണ്യാളന്റെ വെച്ചൂട്ടിനുള്ള ചോറ് തയാറാക്കൽ ഇന്നു പുലർച്ചെ ആരംഭിച്ചത്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവർ പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തുന്ന പുണ്യദിനം കൂടിയാണ് ഇന്ന്. 2നു പെരുന്നാൾ പ്രദക്ഷിണം അങ്ങാടി, ഇരവിനല്ലൂർ കവല ചുറ്റി നടത്തും. 4നു പ്രസിദ്ധമായ അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ്.

പൊന്നിൻകുരിശിന്റെ പ്രഭയിൽ

ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് അനുഗ്രഹപ്രഭ ചൊരിഞ്ഞു. വിശ്വാസിസമൂഹം പ്രാർഥനാനിരതരായി പൊന്നിൻകുരിശിനെ വണങ്ങി. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിലാണ് പൊന്നിൻകുരിശ് മദ്ബഹയിൽ പ്രതിഷ്‌ഠിച്ചത്. ഗീവർഗീസ് സഹദായുടെ ചൈതന്യം നിറയുന്ന 401 പവൻ തൂക്കം വരുന്ന കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണു പുറത്തെടുക്കുന്നത്. നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റി പള്ളിയിലേക്കു പ്രദക്ഷിണം നടന്നു. ആഘോഷത്തിനു മാറ്റുകൂട്ടുന്ന ആകാശ വിസ്മയക്കാഴ്ച നയനമനോഹരമായി. 

പെരുന്നാളിൽ ഇന്ന്

പ്രഭാതനമസ്കാരം – 5.00

കുർബാന – ഡോ.ജോഷ്വ മാർ നിക്കോദിമോസ് – 5.30

പ്രഭാതനമസ്കാരം – 8.00

ഒൻപതിന്മേൽ കുർബാന – ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് – 9.00

ശ്ലൈഹിക വാഴ്‌വ് – 11.00

വെച്ചൂട്ട് നേർച്ച –11.15 (കുട്ടികൾക്ക് ആദ്യ ചോറൂട്ട് വടക്കുവശത്തെ പന്തലിൽ)

പെരുന്നാൾ പ്രദക്ഷിണം – 2.00

നേർച്ചവിളമ്പ്– 4.00.

2023, മേയ് 7, ഞായറാഴ്‌ച

വിറകിടീൽ ഘോഷയാത്ര ഇന്ന് 2ന്

 




ജാതിമത ഭേദമെന്യേ ഒരേ മനസ്സോടെ ഏവരും പങ്കെടുക്കുന്ന വിറകിടീൽ ഘോഷയാത്ര പുതുപ്പള്ളി, എറികാട് കരകളിൽ നിന്നു 2ന് ആരംഭിക്കും. പുതുപ്പള്ളി പുണ്യാളനെ സ്തുതിച്ചു കൊണ്ട് നടത്തുന്ന വിറകിടീൽ ചടങ്ങ് ആഘോഷ നിറവിലാണു നടക്കുക.തുടർന്നു 4.30ന് പന്തിരുനാഴി പുറത്ത് എടുക്കും. 

വൈകിട്ട് 6.30ന് നടത്തുന്ന പ്രദക്ഷിണം പുതുപ്പള്ളിയുടെ വീഥികൾക്കു സുന്ദരകാഴ്ചകൾ സമ്മാനിക്കും. നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല കുരിശടി വഴി ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിനു വാദ്യമേളങ്ങളും, മുത്തുക്കുടകളും, ദീപ കാഴ്ചകളും ഭക്തിയുടെ പ്രഭ ചൊരിയും. 9ന് ആകാശ വിസ്മയ കാഴ്ച.

ഗീവർഗീസ് സഹദായോടുള്ള പ്രാർഥനയുമായി ഇന്ന് രാത്രി 10 മുതൽ തിരുശേഷിപ്പിനു മുന്നിൽ വിശ്വാസി സമൂഹം അഖണ്ഡ പ്രാർഥനയിലും പങ്കെടുക്കും. പതിനായിരക്കണക്കിനു വിശ്വാസികൾക്കു തയാറാക്കുന്ന വെച്ചൂട്ടിനുള്ള അരിയിടൽ നാളെ പുലർച്ചെ ഒരു മണിക്കു ആചാരപൂർവം നടത്തും.

2023, മേയ് 6, ശനിയാഴ്‌ച

തീർഥാടന സംഗമം ഇന്ന്‌

 




പുതുപ്പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു കുരിശടികളിൽ നിന്നുള്ള പ്രദക്ഷിണവും തീർഥാടന സംഗമവും ഇന്ന് നടക്കും. ഇന്ന് വൈകിട്ട് 6നാണ് പ്രസിദ്ധമായ പുതുപ്പള്ളി തീർഥാടനം. കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, കൈതമറ്റം ചാപ്പൽ, പാറയ്ക്കൽ കടവ്, കാഞ്ഞിരത്തുംമൂട്, വെട്ടത്തുകവല, കൊച്ചക്കാല എന്നീ കുരിശടികളിൽ നിന്നാണ് ഇടവക ജനങ്ങളും തീർഥാടകരും പ്രദക്ഷിണത്തിൽ പങ്കെടുക്കുക. 6 കേന്ദ്രങ്ങളിലും 6ന് സന്ധ്യാനമസ്കാരത്തെ തുടർന്നു പ്രദക്ഷിണം പുറപ്പെടും. പ്രദക്ഷിണങ്ങൾ പള്ളിയിൽ എത്തുന്നതോടെ തീർഥാടക സംഗമം ആയി മാറും. പ്രദക്ഷിണങ്ങൾക്ക് പള്ളിയിൽ സ്വീകരണവും നൽകും.


പുതുപ്പള്ളി പള്ളി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മാങ്ങ അരിയിൽ

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി വെച്ചൂട്ടിനുള്ള മാങ്ങ അരിയിൽ ഇടവകയിലെ മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിൽ ആരംഭിച്ചപ്പോൾ.വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.വർഗീസ് .പി.വർഗീസ് ആനിവയലിൽ, ഫാ.ബ്ലസൻ മാത്യു ജോസഫ് വാഴക്കാലായിൽ എന്നിവർ സമീപം.

പുതുപ്പള്ളി പള്ളി ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മാങ്ങ അരിയിൽ പുതുപ്പള്ളി പളളിയുടെ പാരമ്പര്യത്തനിമയുടെ മാറ്റ് കൂട്ടി. വെച്ചൂട്ട് നേർച്ചയ്ക്കുള്ള മാങ്ങ അരിയൽ ഇടവകയിലെ സ്ത്രീ ജനങ്ങൾ ആഘോഷമായി ഏറ്റെടുത്തു. മുതിർന്നവർ ഉൾപ്പെടെ പുതുപ്പള്ളി പെരുന്നാളിന്റെ പഴയകാല അനുഭവങ്ങളും പങ്കുവച്ചാണ് പരിപാടിയിൽ പങ്കെടുത്തത്. പതിനായിരക്കണക്കിനു പേർ പങ്കെടുക്കുന്ന വെച്ചൂട്ട് നേർച്ചയുടെ പ്രധാന വിഭവമാണ് മാങ്ങ അച്ചാറും ചമ്മന്തിപ്പൊടിയും. 


  പതിറ്റാണ്ടുകളായി തുടർന്നു വരുന്ന ഈ രുചിക്കൂട്ടിന്റെ രഹസ്യം ഇടവക ജനങ്ങളുടെ കൂട്ടായ്മയാണ്. പ്രായഭേദമന്യേ ഉള്ളവർ ഇവ തയാറാക്കാൻ മുൻപന്തിയിൽ ഉണ്ട്. ചമ്മന്തിപ്പൊടി തയാറാക്കൽ ചടങ്ങ് ഇന്നലെ ആരംഭിച്ചു. ഇടവകയിലെ പുരുഷന്മാർ നേതൃത്വം നൽകും. വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂരിന്റെ നേതൃത്വത്തിൽ പ്രാ‍ർഥനയോടെയാണ് വിഭവങ്ങൾ തയാറാക്കൽ ചടങ്ങ് തുടങ്ങിയത്. 

സഹവികാരിമാരായ ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, ഫാ.കുര്യാക്കോസ് ഈപ്പൻ ഊളക്കൽ, ഫാ.ബ്ലസൺ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ.വർഗീസ് പി.വർഗീസ് , ട്രസ്റ്റിമാരായ ജേക്കബ് ജോർജ്, സജി ചാക്കോ,സെക്രട്ടറി റോണി.സി.വർഗീസ് എന്നിവർ നേതൃത്വം നൽകി. 

പുതുപ്പള്ളി പള്ളി ജറുസലം ദേവാലയത്തിന് തുല്യം: കാതോലിക്കാ ബാവാ

 




 നാനാജാതി മതസ്ഥർ എത്തുന്ന പുതുപ്പള്ളി പള്ളി ജറുസലം ദേവാലയത്തിനു തുല്യമാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പള്ളിയുടെ പ്രവർത്തനം സമൂഹത്തിനു മാതൃകയാണെന്നും ബാവാ പറഞ്ഞു. ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. 

ഓർഡർ ഓഫ് സെന്റ്‍ ജോർജ് ബഹുമതി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു സമർപ്പിച്ചു. ചാണ്ടി ഉമ്മൻ പുരസ്കാരം ഏറ്റുവാങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വികാരി ഫാ.ഡോ.വർഗീസ് വർഗീസ് കല്ലൂർ, സിഎസ്ഐ മധ്യകേരള ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ, മാർത്തോമ്മാ സഭാ കോട്ടയം അടൂർ ഭദ്രാസനം ബിഷപ് ഏബ്രഹാം മാർ പൗലോസ്, മലങ്കര കത്തോലിക്കാ ചർച്ച് തിരുവല്ല ഭദ്രാസനം ബിഷപ് തോമസ് മാർ കൂറിലോസ്, മലങ്കര സഭാ വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ്, മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ, പഞ്ചായത്ത് അംഗം വൽസമ്മ മാണി, ട്രസ്റ്റി ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.

സഹവികാരിമാരായ ഫാ.കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ.ബ്ലസൻ മാത്യു ജോസഫ്, വാഴക്കാലായിൽ, ഫാ.വർഗീസ്.പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റി സജി ചാക്കോ, സെക്രട്ടറി റോണി സി.വർഗീസ് എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ഉമ്മൻ ചാണ്ടിയുടെ സന്ദേശം മകൻ ചാണ്ടി ഉമ്മൻ വായിച്ചു. ‘പുതുപ്പള്ളി പള്ളിയെ ഇടവക പള്ളി എന്നതിൽ ഉപരി ജീവിതത്തിന്റെ ഒരു ഭാഗമായി കണക്കാക്കുന്നു, ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ബഹുമതിയായി ഈ പുരസ്കാരം കാണുന്നു.

ജീവിതയാത്രയിൽ പുതുപ്പള്ളി പള്ളിയും ഇവിടത്തെ ആത്മീയ ചൈതന്യവും വഹിച്ച പങ്ക് നിർവചനങ്ങൾക്ക് അതീതമാണ്. സത്യത്തിലും ധാർമികതയിലും ദൈവഭയത്തിലും അടിയുറച്ച ജീവിതപ്പാതയിൽ ബാല്യകാലം മുതൽ നടന്നടുക്കാൻ പുതുപ്പള്ളി പള്ളി വഹിച്ച പങ്കു ചെറുതല്ല, ഹൃദയത്തിൽ അലിഞ്ഞു ചേർന്ന വികാരമാണു പുതുപ്പള്ളി പള്ളി എന്നും ഉമ്മൻ ചാണ്ടി സന്ദേശത്തിൽ അറിയിച്ചു.

2023, ഏപ്രിൽ 28, വെള്ളിയാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ ഇന്ന് കൊടിയേറും

 


ദേശത്തിന് ആഘോഷത്തിന്റെ ദിനങ്ങളുമായി പുതുപ്പള്ളി പെരുന്നാളിനു ഇന്ന്  കൊടിയേറും.  ലക്ഷക്കണക്കിനു തീർഥാടകർ പങ്കെടുക്കുന്ന ആഘോഷമാണ് പുതുപ്പള്ളി പെരുന്നാൾ. 

ആചാരാനുഷ്ഠാനങ്ങളുടെ പ്രത്യേകത കൊണ്ടും വിശുദ്ധ ഗീവർഗീസ് സഹദായുടെ അദൃശ്യ  സാന്നിധ്യം കൊണ്ടും വിശ്വാസികൾ അഭയസ്ഥാനമായി കാണുന്ന ദേവാലയമാണ് പുതുപ്പള്ളി പള്ളി. കൊടിമരം ഇടിൽ, വിറകിടീൽ, അരിയിടിൽ, ദീപക്കാഴ്ച,  വെച്ചുട്ട്, പ്രദക്ഷിണം, കോഴിനേർച്ച തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. മേയ് 7 വരെയാണ് പെരുന്നാൾ.

കൊടിമര ഘോഷയാത്ര ഇന്ന് 

പെരുന്നാളിന് ഉയർത്താനുള്ള കൊടിമരം ഘോഷയാത്രയായി ഇന്ന്  എത്തിക്കും,  വാദ്യമേളങ്ങളുടെയും വഞ്ചിപ്പാട്ടിന്റെയും അകമ്പടിയിൽ പുതുപ്പള്ളി, എറികാട് കരകളിൽ നിന്നാണ് കൊടിയേറ്റിനുള്ള കമുകു മരങ്ങൾ കൊണ്ടുവരുന്നത്.  പുതുപ്പള്ളി കവലയിൽ നിന്നു ഘോഷയാത്രകൾ സംഗമിച്ച് പള്ളിയിലേക്ക് എത്തും. പള്ളിക്കു ചുറ്റും പ്രദക്ഷിണം വച്ച ശേഷം ആചാരപൂർവമു ള്ള പെരുന്നാൾ കൊടിയേറ്റ്. വൈകിട്ട് 5ന് അഭി. ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലിത്താ (ഇടുക്കി ഭദ്രാസനം) കൊടിയേറ്റ് നിർവഹിക്കും,

ഇന്നത്തെ പരിപാടി 
ഏപ്രിൽ 28, വെള്ളി
  • 6.45 എ.എം പ്രഭാതനമസ്കാരം
  • 7.15 .എ.എം വി. കുർബ്ബാന - റവ. ഫാ. മാത്യു വർഗീസ് വലിയപീടികയിൽ
  • 10.30 എ.എം. - ധ്വാനം - റവ. ഫാ. റ്റൈറ്റസ് ജോൺ തലവൂർ
  • 01.00 പി.എം - കഞ്ഞിനേർച്ച
  • 02.00 പി.എം - പെരുന്നാൾ കൊടിമര ഘോഷയാത്ര പുതുപ്പള്ളി, എറികാട് കരകളിൽ നിന്ന്
  • 05.00 പി.എം - പെരുന്നാൾ കൊടിയേറ്റ് - അഭി. ഡോ. സഖറിയ മാർ സേവേറിയോസ് മെത്രാപ്പോലിത്താ (ഇടുക്കി ഭദ്രാസനം)
~~ * ~~ 

പുതുപ്പള്ളി പെരുന്നാൾ ഏപ്രിൽ 28 മുതൽ മേയ് 8 വരെ

 


ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പുതുപ്പള്ളി പെരുന്നാളിനു 28ന് കൊടിയേറും. പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ സെന്റ് ജോർജ് ഓ‍ർത്തഡോക്സ് പള്ളിയിൽ മേയ് 8 വരെയാണു പെരുന്നാൾ. പുതുപ്പള്ളി, എറികാട് കരകളിൽനിന്നു കൊടിമര ഘോഷയാത്ര 28ന് ഉച്ചയ്ക്കു 2ന് ആരംഭിക്കും. മൂന്നരയോടെ പുതുപ്പള്ളി കവലയിൽ എത്തിച്ചേരും. തുടർന്നു ഘോഷയാത്രയായി പള്ളിയിലേക്ക്. 5നു ഡോ. സഖറിയ മാർ സേവേറിയോസിന്റെ കാർമികത്വത്തിൽ കൊടിയേറ്റ്.


സാംസ്കാരിക സമ്മേളനം

മതമൈത്രിയുടെ കേന്ദ്രം കൂടിയായ പള്ളിയിൽ പെരുന്നാളിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം 30ന് ഉച്ചയ്ക്കു 2നു നടത്തും. ഓർഡർ ഓഫ് സെന്റ് ജോർജ് അവാ‍ർഡ്, നിയമസഭയിൽ 50 വർഷം പൂർത്തീകരിച്ച ഇടവകാംഗം കൂടിയായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമർപ്പിക്കും.ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും.


പുതുപ്പള്ളി  കൺവൻഷൻ

മേയ് ഒന്നു മുതൽ 5 വരെയാണു കൺവൻഷൻ. ദിവസവും വൈകിട്ട് 6.15നു വൈദികശ്രേഷ്ഠർ വചനസന്ദേശം നൽകും.


തീർഥാടക സംഗമം

പള്ളിയുടെ 6 കരകളിൽ നിന്നുള്ള പ്രദക്ഷിണം 6നു വൈകിട്ട് 6നു നടത്തും. കൊച്ചാലുംമൂട്, കൈതമറ്റം, പാറയ്ക്കൽകടവ്, കാ‍ഞ്ഞിരത്തുംമൂട്, വെട്ടത്തുകവല, കൊച്ചക്കാലാ എന്നിവിടങ്ങളിൽ നിന്നാണു പ്രദക്ഷിണങ്ങൾ എത്തുക.


പ്രധാന പെരുന്നാൾ

7നു രാവിലെ 8.30നു പരിശുദ്ധ കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ അഞ്ചിന്മേൽ കുർബാന. 11.30നു ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് വിശുദ്ധ ത്രോണോസിൽ പ്രതിഷ്ഠിക്കും. 3നു വിറകിടീൽ ചടങ്ങ്. 6നു പൊന്നിൻകുരിശ് എഴുന്നള്ളിക്കൽ, പ്രസിദ്ധമായ പെരുന്നാൾ പ്രദക്ഷിണം. രാത്രി 9ന് ആകാശ വിസ്മയക്കാഴ്ച. രാത്രി ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടും. 8നു രാവിലെ 9ന് മെത്രാപ്പൊലീത്തമാരുടെ കാർമികത്വത്തിൽ ഒൻപതിൻമേൽ കുർബാന. 11.15നു വെച്ചൂട്ട്. വൈകിട്ട് 4നു നേർച്ചവിളമ്പ്.

പെരുന്നാൾ ക്രമീകരണങ്ങൾക്കു വികാരി ഫാ. ഡോ. വർഗീസ് വർഗീസ് കല്ലൂർ, സഹവികാരിമാരായ ഫാ. കുര്യാക്കോസ് ഈപ്പൻ ഊളയ്ക്കൽ, ഫാ. ബ്ലസൺ മാത്യു ജോസഫ് വാഴക്കാലായിൽ, ഫാ. വർഗീസ് പി.വർഗീസ് ആനിവയലിൽ, ട്രസ്റ്റിമാരായ ജേക്കബ് ജോർ‌ജ്, സജി ചാക്കോ, സെക്രട്ടറി റോണി സി.വർഗീസ് എന്നിവർ നേതൃത്വം നൽകും.