2017, മേയ് 9, ചൊവ്വാഴ്ച

പുതുപ്പള്ളി പള്ളിയിൽ ഭക്തിയുടെ വിരുന്നൊരുക്കി വെച്ചൂട്ട്


ജനസാഗരത്തിന്റെ ഹൃദയത്തിൽ ഭക്തിയുടെ വിരുന്നൊരുക്കിയ വെച്ചൂട്ട് പുതുപ്പള്ളി പള്ളിയിലെ പെരുന്നാൾ ആഘോഷത്തിനെ പൂർണതയിലെത്തിച്ചു. പതിനായിരക്കണക്കിനു വിശ്വാസികൾ പാള പാത്രത്തിൽ ചോറും മോരും ചമ്മന്തിപ്പൊടിയും മാങ്ങാഅച്ചാറും വാങ്ങി ഒരേ മനസ്സോടെ കഴിച്ചു. ഇതൊടൊപ്പം കുരുന്നുകൾ ആദ്യ ചോറൂട്ടിന്റെ മാധുര്യവും നുണഞ്ഞു. വൈദികരുടെ നേതൃത്വത്തിലായിരുന്നു കുഞ്ഞുങ്ങൾക്ക് ആദ്യ ചോറൂട്ട് നടന്നത്.നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നും നിലയ്ക്കാത്ത ഭക്തജനപ്രവാഹമായിരുന്നു ഇന്നലെ രാവിലെ മുതൽ പുതുപ്പള്ളി പള്ളിയിലേക്ക്. സംസ്ഥാനത്തിനു പുറത്തു നിന്നും തീർഥാടകർ എത്തി. വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്.

രാവിലെ 11ന് ആരംഭിച്ച വെച്ചൂട്ടു മണിക്കൂറുകൾ നീണ്ടു. 1001 പറ അരിയുടെ ചോറാണ് വെച്ചൂട്ടിനായി തയാറാക്കിയത്. വെച്ചൂട്ടിന്റെ ചോറ് വീടുകളിൽ കൊണ്ടു പോയി ഔഷധത്തിനായി ഉണക്കി സൂക്ഷിക്കുന്ന അനേക ഭക്തരുമുണ്ട്. പെരുന്നാളിന്റെ സമാപന ദിനമായിരുന്ന ഇന്നലെ നടന്ന ഒമ്പതിന്മേൽ കുർബാനയ്ക്കു ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർ‌മികത്വം വഹിച്ചു.


ഇരവിനെല്ലൂർ കവല ചുറ്റി പ്രദക്ഷിണത്തിനു ശേഷം അപ്പവും കോഴിയും നേർച്ചവിളമ്പിലും ആയിരക്കണക്കിനു വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. മർക്കോസ് ജോൺ പാറയിൽ, ഫാ. മർക്കോസ് മർക്കോസ് ഇടക്കര, ട്രസ്റ്റിമാരായ പി.എം.ചാക്കോ പാലാക്കുന്നേൽ, കുര്യൻ തമ്പി പോട്ടക്കാവയലിൽ, സെക്രട്ടറി ജേക്കബ് ജോർജ് പടിഞ്ഞാറെക്കുറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകിയത്.

പ്രധാന പെരുന്നാൾ ദിനങ്ങൾ കഴിഞ്ഞെങ്കിലും പുതുപ്പള്ളി പെരുന്നാളിന്റെ ആഘോഷം കുറച്ചു ദിവസങ്ങൾ കൂടി നിലനിൽക്കും. 12നു രാവിലെ 7.30നു കുർബാനയ്ക്കു ഫാ. ജോർജ് ജോസഫ് കൊച്ചുചക്കാലയിലും 10.30നു ധ്യാനത്തിനു ഫാ. സഖറിയ തോമസ് പുതുപ്പള്ളിയും 13നു 7.30നു കുർബാനയ്ക്കു ഫാ. സി.ജോൺ ചിറത്തലാട്ടും കാർമികത്വം വഹിക്കും.

14ന് ആറിനു കുർബാന–ഫാ. എം.കെ.ഫിലിപ്പ് മാടാംകുന്നേൽ, 8.45നു മൂന്നിന്മേൽ കുർബാന–യൂഹാനോൻ മാർ മിലത്തിയോസ്, 11നു കൊടിയിറക്ക്. 3.30നു സാന്ത്വനം–ഫാ. സന്തോഷ് കെ. ജോഷ്വാ, 15നു കതിരുകൾക്കുവേണ്ടിയുള്ള ദൈവമാതാവിന്റെ പെരുന്നാളും 21നു യൂഹാനോൻ മാർ സേവേറിയോസ് ഓർമദിനാചാരണവും പള്ളിയിൽ നടത്തും.



2017, മേയ് 8, തിങ്കളാഴ്‌ച

പൊൻപ്രഭ തൂകി പുതുപ്പള്ളി പള്ളി


പതിനായിരക്കണക്കിനു വിശ്വാസികൾക്കു ഭക്തിയുടെ വിരുന്നൂട്ടുന്ന പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ട് ഇന്ന്. നാടിന്റെ നാനാദേശത്തു നിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നുമുള്ള തീർഥാടകരുടെ നിറവിലാണ് പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി. വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു സമാപനം കുറിച്ചുള്ള വെച്ചൂട്ടിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഭാഗ്യമായാണ് വിശ്വാസികൾ കരുതുന്നത്.

1001 പറ അരിയാണ് വെച്ചൂട്ട് തയാറാക്കാൻ ഉപയോഗിക്കുന്നത്. ചോറും മോരും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയും ചേർത്തു വിളമ്പുന്ന വെച്ചൂട്ട് ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യത്തിന്റെയും നിറവിലാണ് തയാറാക്കുന്നത്. ഇന്നു പുലർച്ചെ പ്രാർഥനാ നിറവിലായിരുന്നു വെച്ചൂട്ടിനുള്ള അരിയിടീൽ കർമം നടത്തിയത്. വിശ്വാസികൾ നേർച്ചച്ചോറ് ഔഷധമായാണ് കണക്കാക്കുന്നത്. ഇത് ഉണക്കി വീട്ടിൽ സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്.

രോഗികൾ വെച്ചൂട്ടിലൂടെ അനുഗ്രഹം പ്രാപിച്ചതിന്റെ അനേകം കഥകൾ പുതുപ്പള്ളി പള്ളിയുടെ അനുഭവസാക്ഷ്യങ്ങളിലുണ്ട്. ജാതിമതഭേദമന്യേ വെച്ചൂട്ടിൽ പങ്കെടുക്കാനെത്തുന്നവരുടെ തിരക്ക് വർഷംതോറും വർധിച്ചു വരികയാണ്. കുട്ടികൾക്ക് ആദ്യ ചോറൂട്ടിനുള്ള മുഹൂർത്തം കൂടിയാണ് വെച്ചൂട്ട്. നൂറുകണക്കിനു കുരുന്നുകളുമായി ആദ്യ ചോറൂട്ട് നൽകാൻ വിശ്വാസികൾ എത്തിച്ചേരും. വൈദികരുടെ നേതൃത്വത്തിൽ‌ കുഞ്ഞുങ്ങൾക്കു ചോറു നൽകിയാണ് ഈ കർമം നിർവഹിക്കുന്നത്.

പെരുന്നാളിന്റെ സമാപനം കുറിച്ച് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം ഇന്നു രണ്ടുമണിക്കു നടത്തും. തുടർ‌ന്ന് അപ്പവും കോഴിയും നേർച്ചവിളമ്പ് നടത്തും. കോഴി ഇറച്ചിയോടൊപ്പം വിളമ്പുന്ന അപ്പം ഇടവകയിലെ കുടുംബങ്ങളിൽനിന്നും തീർഥാടകരിൽനിന്നും നേർച്ചയായി എത്തിക്കുന്നതുൾപ്പെടെയാണ്.

നവമധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന ദേവാലയത്തിൽ ഇന്ന് ഒൻപതിന് ഒൻപതിന്മേൽ കുർബാന നടത്തും. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിക്കും. കെ.വി.ജോസഫ് റമ്പാൻ പരുമല, ജോസഫ് റമ്പാൻ പരുമല, ബർശ്ളീബി റമ്പാൻ, യൂഹാനോൻ റമ്പാൻ, നഥാനിയേൽ റമ്പാൻ, ഗീവർഗീസ് ഇലവുകാട്ട്, സഖറിയ റമ്പാൻ, ജോസഫ് റമ്പാൻ എന്നിവർ സഹകാർമികരാകും.

∙ ആചാരത്തനിമ നിലനിർത്തി വിശ്വാസിസമൂഹം പങ്കെടുത്ത വിറകിടീൽ പുതുപ്പള്ളി പള്ളിയുടെ സാംസ്കാരികത്തനിമ നിലനിർത്തുന്നതായി മാറി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഭക്തജനസമൂഹം പങ്കെടുത്ത വിറകിടീൽ ഘോഷയാത്ര നടന്നത്. പുതുപ്പള്ളി, എറികാട് കരകളിൽനിന്നു വാദ്യമേളങ്ങളുടെയും ഗീവർഗീസ് സഹദായെ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകളുടെയും അകമ്പടിയിലാണ് വെച്ചൂട്ടിനുള്ള വിറകുകൾ എത്തിച്ചത്.

പെരുന്നാൾ ദിനങ്ങളിൽ മദ്ബഹായിൽ സ്ഥാപിക്കുന്ന പൊന്നിൻ കുരിശ് ദർശിച്ചു പ്രാർഥിക്കാനും ഇന്നലെ വൻ തിരക്കാണ് പള്ളിയിൽ അനുഭവപ്പെട്ടത്. സന്ധ്യാനമസ്കാരത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു.

നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം ദേശത്തിന് ആഘോഷത്തിന്റെ കാഴ്ചകൾകൂടി സമ്മാനിച്ചു. ഇടവക ജനങ്ങളും തീർഥാടകരും ആഘോഷ പൂർവമാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്. വീഥികളിൽ പ്രദക്ഷിണത്തിനു വരവേൽപ് ഒരുക്കി. പാരമ്പര്യ കലാപ്രകടനങ്ങളും പള്ളിയിൽ അരങ്ങേറി.


∙ പെരുന്നാൾ ഇന്ന്


  • പ്രഭാത നമസ്കാരം – 8.00 
  • ഒൻപതിന്മേൽ കുർബാന–ഡോ. ജോസഫ് മാർ ദിവന്നാസിയോസ്– 9.00 
  • വാഴ്‌വ് – 11.00 
  • ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്, കുട്ടികൾക്കുള്ള ചോറൂട്ട്–11.30 
  • ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം– 2.00
  • നേർച്ചവിളമ്പ് (അപ്പവും കോഴിയും)– 4.00.





2017, മേയ് 7, ഞായറാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ ഇന്ന് (7/5/2017)


പുതുപ്പള്ളി പെരുനാൾ ഇന്ന്

  • കുർബാന - ഇ.കെ. ജോർജ ഇഞ്ചക്കാട്ട് കോർ എപ്പിസ്കോ - 600 am 
  • പ്രഭാത നമസ്കാരം-7.00 am
  • അഞ്ചിന്മേൽ കുർബാന - ഡോ. മാത്യുസ് മാർ സേവേറിയോ - 7.15 
  • ചരിത്രപ്രസിദ്ധമായ പൊന്നിൻ കുരിശ് മദ്ബഹായിൽ സ്ഥാപിക്കൽ- 11.00 
  • വിറകിടിൽ ഘോഷയാത്ര-2.00 pm
  • വിറകിടീൽ- 4,00 pm
  • പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുക്കൽ- 4.30 
  • പെരുന്നാൾ സന്ധ്യാനമസ്കാരം- ഡോ. ജോസഫ് മാർ ദിവ നാസിയോസ്-600 
  • ഗീവർഗീസ് സഹദാ അനുസ്മര ണ പ്രഭാഷണം-7.30 
  • നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം 8.00pm
  • ആശീർവാദം-945 
  • പാരമ്പര്യ കലാപ്രകടനം-9,50 
  • പീറ്റർ ചേരാനല്ലൂർ നയിക്കുന്ന ക്രിസ്തീയ ഗാനസന്ധ്യ- 10,00 pm
  • വിശുദ്ധ ഗീവർഗീസ് സഹദാ യുടെ തിരുശേഷിപ്പുങ്കൽ അഖ ണഡ്രപ്രാർഥന - 10.30 pm
  • രാത്രി നമസ്കാരം-12:00 am

പുതുപ്പള്ളി പ്രധാന പെരുന്നാൾ ഇന്നും നാളെയും (മെയ് 7,8)


പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ ചരിത്രപ്രസിദ്ധമായ പെരുന്നാളിനോടനുബന്ധിച്ചു ഇന്ന് 5.30നു സന്ധ്യാനമസ്കാരത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. സൈഡ്മ.എം.പാറേട്ട് രചിച്ച എംഒസി പ്രസിദ്ധീകരിക്കുന്ന പുതുപ്പള്ളി പള്ളി എന്ന പുസ്തകത്തിന്റെ പുനഃപ്രകാശനവും കാതോലിക്കാ ബാവാ നിർവഹിക്കും.

ഇന്നും നാളെയുമാണ് പള്ളിയിലെ പ്രധാന പെരുന്നാൾ. ഇന്ന് 11നു പൊന്നിൻകുരിശ് മദ്ബഹായിൽ സ്കഥാപിക്കൽ, രണ്ടിനു വിറകിടിൽ ഘോഷയാത, നാലിനു വിറകിടീൽ, നാളെ എട്ടിനു രാവിലെ ഒമ്പത്തിന്മേൽ കുർബാന, 11:30നു ചരിത്രപ്രസിദ്ധമായ വെച്ചുട്ട്, കുട്ടികൾക്ക് ആദ്യചോറുണ് തുടങ്ങിയ ചടങ്ങുകളും നടത്തും.

പള്ളിയിലെ ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് മദ്ബഹായിൽ സ്ക്ഥാപിക്കുന്ന ചടങ്ങ് ഇന്നു നടത്തും. 401 പവൻ തൂക്കമുള്ള കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്സതിയും ചൈതന്യവും ആവാഹിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്ന പൊന്നിൻ കുരിശ് പുതുപ്പള്ളി പള്ളിയുടെ സമൃദ്ധിയുടെ പ്രതീകം കുടിയാണ്. ഈ കുരിശ് വണങ്ങി പ്രാർഥിക്കാൻ വർഷം തോറും തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നു ഉച്ചയ്ക്കു് 11നാണ് പൊന്നിൻകുരിശ് മദ്ബഹായിൽ സ്ഥാപിക്കുന്ന ചടങ്ങ്. 
പൈശാചിക ശക്സതികളിൽ നിന്നുള്ള മോചനത്തിനും വേദനകളിൽ നിന്ന് ആശ്വാസം പകരുന്നതിനുമായി പൊന്നിൻകുരിശ് ദർശിച്ചു പാർഥിക്കുന്നത് ജീവിത സൗഭാഗ്യമായി വിശ്വാസികൾ കരുതുന്നു. 

വെച്ചുട്ടിനുള്ള വിറകിടിൽ ഘോഷയാത കരകളിൽ നിന്നു ഇന്നു രണ്ടിന് ആരംഭിക്കും. വൈകിട്ടു നാലിനാണ് വിറകിടീൽ, ഇന്നു വൈകിട്ടു 8 മണിക്ക് പുതുപ്പള്ളി കവല, നിലക്കക്കൽ പള്ളി ചുറ്റിയുള്ള പ്രദക്ഷിണം പുതുപ്പള്ളിയുടെ വീഥികൾക്കു ഭക്സതിയുടെയും ആഘോഷത്തിന്റെയും വിരുന്നൊരുക്കുന്ന കാഴ്ചകൾ സമ്മാനിക്കും. പ്രദക്ഷിണം എത്തിയ ശേഷം പാരമ്പര്യ കലാപ്രകടനവും ക്രിസ്തീയ ഗാനസന്ധ്യ എന്നിവയും നടത്തും.



2017, മേയ് 6, ശനിയാഴ്‌ച

കുരിശുപള്ളികളിൽ നിന്ന് പ്രദക്ഷിണം ഇന്ന് (6/5/2017)


പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു കുരിശുപള്ളികളിൽ നിന്നുള്ള പ്രദക്ഷിണം ഇന്ന് നടത്തും. അഞ്ച് കുരിശിൻതൊട്ടികളാണ് പുതുപ്പള്ളി പള്ളിക്കുള്ളത്. ഇവിടെ നിന്നു പെരുന്നാൾ ദിനത്തിൽ നടത്തുന്ന പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുക.

പാറക്കൽകടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല, കാഞ്ഞിരത്തിൻമൂട്, കൈതമറ്റം എന്നിവിടങ്ങളിൽ നിന്നു പ്രദക്ഷിണം വൈകിട്ടു 6.45ന് ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ മുത്തുക്കുടകളും കുരിശുകളുമായി ഇടവക ജനങ്ങളും തീർഥാടകരും പ്രദക്ഷിണത്തിൽ പങ്കെടുക്കും. ദീപാലംകൃത വാഹനങ്ങളും പ്രദക്ഷിണത്തിലുണ്ടാകും. പുതുപ്പള്ളി തീർഥാടനമായാണ് നാളത്തെ ദിനം പെരുന്നാളിൽ അറിയപ്പെടുന്നത്. പ്രദക്ഷിണങ്ങൾക്കു ദേവാലയത്തിൽ സ്വീകരണം നൽകും. തുടർ‌ന്നു സെമിത്തേരിയിൽ ധൂപപ്രാർഥന, പരിചമുട്ടുകളി, കരിമരുന്നു കലാപ്രകടനം എന്നിവ നടക്കും.

ഇന്നലെ കുർബാനയ്ക് ഫാ. മാത്യു ഏബ്രഹാം കണ്ടത്തിൽ പുത്തൻപുരയിൽ കാർമികത്വം വഹിച്ചു. ഫാ. ബിജു ആൻഡുസ് ഇടുക്കി ധ്യാനം നയിച്ചു. സ്നേഹവിരുന്നിലും വിശ്വാസി സമൂഹം പങ്കെടുത്തു. ഇന്നു രാവിലെ കുർബാന ഹിന്ദിയിൽ നടത്തും. ഫാ. കുര്യൻ തോമസ് കരിപ്പാൽ മുഖ്യകാർമികത്വം വഹിക്കും.

മനോരമ ചിത്ര പ്രദർശനം: തുടക്കമായി

പുതുപ്പള്ളി പെരുനാളി നോടനുബന്ധിച്ചു മലയാള മനോരമ ഫൊട്ടോഗ്രഫർമാർ പകർത്തിയ വൈവിധ്യമാർന്ന ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വിക്ടർ ജോർജിന്റെ അപൂർവ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. പ്രദർശനം സൗജന്യമാണ്. ഇതോടനുബന്ധിച്ചു മലയാള മനോരമയുടെ ബുക്ക് സ്റ്റാളും പ്രവർത്തിച്ചു വരുന്നു. മനോരമ പ്രസിദ്ധീകരണങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്. പ്രസിദ്ധീകരണങ്ങ ളുടെ വാർഷിക വരിസംഖ്യ അടയ്ക്കാനും ക്രമീകരണമുണ്ട്. 

പുതുപ്പള്ളി പള്ളിയിൽ ഇന്ന്

  • പ്രഭാത നമസ്കാരം -7.00 am 
  • കുർബാന (ഹിന്ദിയിൽ)- ഫാ. കുര്യൻ തോമസ് കരിപ്പാൽ - 7.30
  • പള്ളിയിലും കുരിശടികളിലും സന്ധ്യാനമസ്കാരം - 6.00pm
  • കുരിശുംതൊട്ടികളിൽ നിന്നു പള്ളിയിലേക്കു പ്രദക്ഷിണം - 6.45 pm
  • സെമിത്തേരിയിൽ ധൂപ്രപ്രാർഥന - 7:30
  • പരിചമുട്ടുകളി - 8.00 
  • കരിമരുന്നു കലാപ്രകടനം - 8.30 pm






2017, മേയ് 5, വെള്ളിയാഴ്‌ച

പുതുപ്പള്ളി ഊട്ട് ആറിനും ഏഴിനും


പുതുപ്പള്ളി പെരുന്നാളിനോടനുബന്ധിച്ചു കൊല്ലം, പത്തനംതിട്ട ജില്ലകളിൽ പുതുപ്പള്ളി ഊട്ട് ആറ്, ഏഴ് തീയതികളിൽ നടക്കും. പുതുപ്പള്ളിച്ചാത്തം എന്ന പേരിലും ചിലയിടങ്ങളിൽ വിളിച്ചു വരുന്നു. പെരുന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഭവനങ്ങളിൽ ഈ ആചാരം നടത്തുക. പുതുപ്പള്ളി പള്ളിയിലെത്തി ഗീവർഗീസ് സഹദായെ ദർശിക്കുവാൻ കഴിയാത്ത ഭക്തർ പ്രാദേശികമായി നടത്തുന്നതാണ് ഈ ആചാരം.

തെക്കൻകേരളത്തിലെ വിശ്വാസികളുടെ ഭവനത്തിൽ വ്രതശുദ്ധിയോടെയും പ്രാർഥനയോടെയുമാണ് ഈ ചടങ്ങു നടത്തുക. പുണ്യവാളനുവേണ്ടി സമർപ്പിക്കപ്പെടുന്ന നേർച്ചക്കോഴികളെയാണ് പുതുപ്പള്ളി ഊട്ടിനായി പാകം ചെയ്യുന്നത്. സഹദായുടെ ചിത്രത്തിനു മുന്നി‍ൽ നിലവിളക്കു കൊളുത്തി ഭക്ഷണങ്ങൾ സമർപ്പിച്ച ശേഷം അതിഥികൾക്കും കുടുംബാംഗങ്ങൾക്കും ഊണ് വിളമ്പുന്നതാണ് ആചാരം.  



പുതുപ്പള്ളി പെരുനാൾ ഇന്ന് (5/5/2017)

പുതുപ്പള്ളി പെരുനാൾ ഇന്ന്

  • പ്രഭാതനമസ്കാരം - 7.00 am
  • കുർബാന: ഫാ. മാത്യു ഏബഹാം കണ്ടത്തിൽ പുത്തൻപുരക്കൽ -7.30 
  • ധ്യാനം: ഫാ. ബിജു ആൻഡ്രൂസ്, ഇടുക്കി -10,00 
  • കുർബാന - 11.30 
  • സ്നേഹവിരുന്ന് - 1.00 pm

2017, മേയ് 4, വ്യാഴാഴ്‌ച

വെച്ചൂട്ടിന് ഒരുക്കങ്ങൾ ആരംഭിച്ചു


പുതുപ്പള്ളി പള്ളിയിൽ വെച്ചൂട്ടിന് ഒരുക്കങ്ങൾ ആരംഭിച്ചു. പെരുന്നാൾ സമാപന ദിനമായ എട്ടിനാണ് വെച്ചൂട്ട് നടത്തുന്നത്. മാങ്ങാഅച്ചാറും, മോരും, ചമ്മന്തിപ്പൊടിയുമാണ് വെച്ചൂട്ടിലെ പ്രധാന വിഭവങ്ങൾ.

ഇടവകകൂട്ടായ്മ ഇവ തയാറാക്കുന്നത് പ്രാർഥനാപൂർവമാണ്. പതിനായിരക്കണക്കിനു വിശ്വാസികളാണ് എല്ലാ വർഷവും വെച്ചൂട്ടിൽ പങ്കെടുക്കാൻ നാടിന്റെ നാനാഭാഗങ്ങളിൽ നിന്നു ഒഴുകിയെത്തുന്നത്.

വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി തയാറാക്കൽ ഇന്ന് ആരംഭിക്കും. വൈദികരുടെ നേതൃത്വത്തിൽ പ്രാർഥനകൾക്കു ശേഷം ഭക്തിപൂർവമാണ് വിഭവം തയാറാക്കൽ നടത്തുക. വിഭവങ്ങൾ തയാറാക്കൽ എല്ലാ വർഷവും പ്രധാന പെരുന്നാളിനു ദിവസങ്ങൾക്കു മുൻപേ ആരംഭിക്കും.

മാങ്ങാ അരിയുന്നതും ചമ്മന്തിപ്പൊടിക്കുള്ള തേങ്ങ ചുരണ്ടുന്നതും സ്ത്രീകളുടെ നേതൃത്വത്തിലാണ്. ചമ്മന്തി ഇടിക്കുന്നതിനു പുരുഷന്മാരും മുൻനിരയിലുണ്ടാകും.

നേർച്ചയായാണ് ഭക്തജനങ്ങളും ഇടവക ജനങ്ങളും ഈ ചടങ്ങുകളിലും പങ്കെടുക്കുന്നത്. വെച്ചൂട്ടിനുള്ള വിഭവങ്ങളും നേർച്ചയായി പള്ളിയിൽ എത്തിക്കുന്നവരുണ്ട്. വാഴയിലകൾ വരെ ഇടവകയുടെ വിവിധ ഭാഗങ്ങളിൽ നിന്നു നേർച്ചയായി എത്തിച്ചു നൽകും.

വെച്ചൂട്ടിനായി 2500 കിലോ മാങ്ങായ്‌ക്കുള്ള  മാങ്ങാക്കറിയാണ് തയാറാക്കിയത്. കൊശമറ്റം ഫിനാൻസ് മാനേജിങ് ഡയറക്ടർ മാത്യു കെ.ചെറിയാന്റെ പത്നി ലൈല മാത്യുവും കോട്ടയം നഗരസഭാ വൈസ് ചെയർപഴ്‌സൻ ജാൻസി ജേക്കബും ചേർന്നാണു മാങ്ങാ അരിയലിന്റെ ഉദ്‌ഘാടനം നിർവഹിച്ചത്.

പെരുന്നാളിനോടനുബന്ധിച്ചു പാറക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മെമ്മോറിയൽ അഖില മലങ്കര സംഗീത മൽസരം പള്ളിയിൽ ഇന്നലെ നടന്നു.

കുർബാനയ്ക്കു ഫാ. പി.ജെ.ജോസഫ് പാലക്കപ്പറമ്പിലും വചനപ്രഘോഷണത്തിനു ജോസഫ് സാമുവൽ കോറെപ്പിസ്ക്കോപ്പ കറുകയിലും കാർമികത്വം വഹിച്ചു.

ഇന്നു 10.30നു താഴത്തുകുന്നേൽ അഹറോൻ എസ്. ചെറിയാൻ മെമ്മോറിയൽ അഖില മലങ്കര പ്രസംഗ മൽസരം നടത്തും. കെ.വി.ജോൺ കോറെപ്പിസ്കോപ്പ കൊടുവത്ത് ഉദ്ഘാടനം ചെയ്യും. 6.30നു ഫാ. ഫിലിപ് ജി.വർഗീസ് കൊല്ലം വചനപ്രഘോഷണം നടത്തും.

പുതുപ്പള്ളി പെരുനാൾ ഇന്ന് (4/5/2017)


പെരുനാൾ ഇന്ന്


  • പ്രഭാതനമസ്കാരം - 7.00 
  • കുർബാന - ഫാ. ഫിലിപ് വർഗീസ് താഴത്ത് - 7.30 
  • വെച്ചുട്ടിനുള്ള ചമ്മന്തിപ്പൊടി തയാറാക്കൽ - 10.00 
  • അഖില മലങ്കര പ്രസംഗ മൽസരം - 10.30 
  • സന്ധ്യാനമസ്കാരം - 5.30 
  • ഗാനശുശൂഷ - 6.15 
  • വചനപ്രഘോഷണം - ഫാ. ഫിലിപ്പ് ജി.വർഗീസ് കൊല്ലം - 6.30 
  • മധ്യസ്ഥപ്രാർഥന - 7.30.

2017, മേയ് 3, ബുധനാഴ്‌ച

തീർഥാടകരുടെ ഒഴുക്ക് തുടങ്ങി


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിൽ പങ്കെടുക്കാൻ നാനാ ദേശത്തുനിന്നുമുള്ള തീർഥാടകരുടെ പ്രവാഹമാരംഭിച്ചു. ദേവാലയത്തിലെത്തുന്ന തീർഥാടകർ അനുഭവിച്ചറിയുന്നത് പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങളുടെ സമന്വയ കാഴ്ചകൾ കൂടിയാണ്. പൂർവികർ രൂപകൽപന ചെയ്ത ശിൽപചാരുതയും തനിമയും നിലനിർത്തിക്കൊണ്ടായിരുന്നു പള്ളിയുടെ പുനരുദ്ധാരണം നടത്തിയത്.

ഒൻപതു ത്രോണോസുകളാണ് പുതുപ്പള്ളി പള്ളിയുടെ സവിശേഷത. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലാണ് മധ്യഭാഗത്തുള്ള പ്രധാന ത്രോണോസ്. ഇടതും വലതുമായി വിശുദ്ധ മാർത്തോമ്മാ ശ്ളീഹായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും ത്രോണോസുകളാണ്. പ്രധാന പള്ളിയുടെ തെക്കുഭാഗത്തായി മധ്യത്തിൽ വിശുദ്ധ ബഹനാൻ സഹദായുടെയും ഇടതും വലതുമായി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടേയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും നാമത്തിലുള്ള ത്രോണോസുകളാണ്.

പള്ളിയുടെ വടക്കുഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെയും ഇടതും വലതുമായി മർത്തശ്മുനിയമ്മ, മോർത്ത് യൂലീത്തി എന്നിവരുടേയും നാമത്തിലുള്ള ത്രോണോസുകളാണ്. നവമധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന ദേവാലയത്തെ പരിശുദ്ധ ത്രിത്വത്തിന്റെ സമന്വയഭാവമായാണ് വിശേഷിക്കപ്പെടുന്നത്. ഭാരതീയ വാസ്തുവിദ്യാ സങ്കേതങ്ങൾ ഉൾക്കൊണ്ടാണ് പള്ളിയുടെ മദ്ബഹായും നിർമിച്ചിരിക്കുന്നത്.

∙ പെരുന്നാളിനോടനുബന്ധിച്ചു മർത്തമറിയം സമാജം ഭദ്രാസന സമ്മേളനം നടത്തി. ഫാ. വി.എം.എബ്രഹാം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽമാരായി നിയമിതരായ ഡോ. ജാൻസി തോമസ്, ഡോ. ഷേർലി കുര്യൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മർത്തമറിയം സമാജം കേന്ദ്ര ജനറൽ സെക്രട്ടറി പ്രഫ. മേരി മാത്യു മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരി ഫാ. മർക്കോസ് ജോൺ പാറയിൽ എന്നിവർ പ്രസംഗിച്ചു.

പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മൽസരവും നടത്തി. കുർബാനയ്ക്കു ഫാ. എ.വി.വർഗീസ് ആറ്റുപുറവും, വചനപ്രഘോഷണത്തിനു ഫാ. ടൈറ്റസ് ജോൺ തലവൂരും നേതൃത്വം നൽകി. ഇന്നു 10നു പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മെമ്മോറിയൽ അഖില മലങ്കര സംഗീത മൽസരം നടത്തും. 6.30നു വചനപ്രഘോഷണത്തിനു ജോസഫ് സാമുവൽ കോറെപ്പിസ്കോപ്പ കറുകയിൽ നേതൃത്വം നൽകും.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെച്ചൂട്ടിനുള്ള മാങ്ങാ അരിയൽ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഡോ. പി.ആർ.സോന നിർവഹിച്ചു. വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി തയാറാക്കൽ നാളെയാണ്.


പുതുപ്പള്ളി പള്ളിയിൽ ഇന്ന് (3/5/2017)

പുതുപ്പള്ളി പള്ളിയിൽ ഇന്ന്  

  • പ്രഭാതനമസ്കാരം – 7.00 
  • കുർബാന– ഫാ. പി.ജെ.ജോസഫ് പാലക്കപ്പറമ്പിൽ– 7.30 
  • പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്കോപ്പ അഖില മലങ്കര സംഗീത മൽസരം–10.00 
  • സന്ധ്യാനമസ്കാരം– 5.30 
  • ഗാനശുശ്രൂഷ– 6.15 
  • വചനപ്രഘോഷണം– ജോസഫ് സാമുവൽ കോറെപ്പിസ്കോപ്പ കറുകയിൽ– 6.30 
  • മധ്യസ്ഥപ്രാർഥന– 7.30.

2017, മേയ് 2, ചൊവ്വാഴ്ച

പുതുപ്പള്ളി പളളിയിൽ ഇന്ന് (2/5/2017)

പുതുപ്പള്ളി പളളിയിൽ ഇന്ന്

  • പ്രഭാതനമസ്കാരം – 7.00 
  • കുർബാന– ഫാ. എ.വി.വർഗീസ് ആറ്റുപുറം– 7.30 
  • മർത്തമറിയം സമാജം ഭദ്രാസന സമ്മേളനം– 10.00 
  • പാറക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മൽസരം – 2.00 സന്ധ്യാനമസ്ക്കാരം– 5.30 
  • ഗാനശുശ്രൂഷ– 6.15 
  • വചനപ്രഘോഷണം– ഫാ. ടൈറ്റസ് ജോൺ തലവൂർ–6.30 
  • മധ്യസ്ഥപ്രാർഥന– 7.30.





2017, മേയ് 1, തിങ്കളാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ മാങ്ങാ അരിച്ചിൽ ഇന്ന് (1/5/2017)


പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു വെച്ചൂട്ടിനുള്ള മാങ്ങാ അരിച്ചിൽ ഇന്നു നടത്തും. വെച്ചൂട്ട് നേർച്ചയ്ക്കു മാങ്ങാ അച്ചാർ തയാറാക്കൽ ഇടവക ജനങ്ങൾ ഭക്ത്യാദരപൂർവമാണ് നടത്തുക. നഗരസഭ അധ്യക്ഷ ഡോ. പി.ആർ.സോന ഇന്നു രാവിലെ ഒൻപതിനു മാങ്ങാ അരിച്ചിലിന്റെ ഉദ്ഘാടനം നിർവഹിക്കും. നേർച്ചയായി മാങ്ങാ എത്തിച്ചു മാങ്ങാ അരിച്ചിലിൽ പങ്കെടുക്കുന്നവരുമുണ്ട്. ഇന്നു മുതൽ വചനപ്രഘോഷണങ്ങളും ആരംഭിക്കും. ഇന്നു വൈകിട്ടു 6.30നു മത്തായി ഇടയാനാൽ കോറെപ്പിസ്ക്കോപ്പയും നാളെ ഫാ. ടൈറ്റസ് ജോൺ തലവൂരും വചനപ്രഘോഷണം നടത്തും.

പുതുപ്പള്ളി പളളിയിൽ ഇന്ന് 

  • പ്രഭാതനമസ്കാരം – 7.00 
  • കുർബാന– ഫാ. വർഗീസ് ഉമ്മൻ തിരുവല്ല– 7.30 
  • മാങ്ങാ അരിച്ചിൽ– 9.00 
  • സന്ധ്യാനമസ്ക്കാരം – 5.30 
  • ഗാനശുശ്രൂഷ– 6.15 
  • വചനപ്രഘോഷണം– മത്തായി ഇടയാനാൽ കോറെപ്പിസ്കോപ്പ – 6.30 
  • മധ്യസ്ഥപ്രാർഥന– 7.30





പുതുപ്പള്ളി പള്ളി: ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിച്ചു


നാനാജാതി മതസ്ഥർ ഒത്തുചേരുന്ന പുതുപ്പള്ളി പള്ളിയുടെ പാരമ്പര്യവും സാംസ്കാരികതയും നാടിനു ഹൃദ്യമായ അനുഭവമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം വികെഎൽ ഹോൾഡിങ് ആൻഡ് അൽ നമാൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യനു സമർപ്പിച്ചു.

ജോർജിയൻ ചാരിറ്റി അവാർഡ് മാഹേർ സ്നേഹഭവൻ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യനു നൽകി. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അൽമായ ട്രസ്റ്റി ഡോ. ജോർജ് പോൾ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജോർജിയൻ പബ്ലിക് സ്കൂൾ പ്രോസ്പക്ടസ് പ്രകാശനം, പുതുതായി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ‌ദാനം എന്നിവ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിച്ചു.ചലച്ചിത്ര താരം ഫഹദ് ഫാസിൽ ചിത്രരചനാ മൽസര വിജയികൾക്കു സമ്മാനം നൽകി. ഫഹദ് ഫാസിലിനു ട്രസ്റ്റി കുര്യൻ തമ്പി ഉപഹാരം നൽകി.

വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. മർക്കോസ് ജോൺ, ഫാ. മർക്കോസ് മർക്കോസ്‌, പഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ, ട്രസ്റ്റി പി.എം. ചാക്കോ പാലാക്കുന്നേൽ, സെക്രട്ടറി ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.