പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു കുരിശുപള്ളികളിൽ നിന്നുള്ള പ്രദക്ഷിണം ഇന്ന് നടത്തും. അഞ്ച് കുരിശിൻതൊട്ടികളാണ് പുതുപ്പള്ളി പള്ളിക്കുള്ളത്. ഇവിടെ നിന്നു പെരുന്നാൾ ദിനത്തിൽ നടത്തുന്ന പ്രദക്ഷിണത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുക.
പാറക്കൽകടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല, കാഞ്ഞിരത്തിൻമൂട്, കൈതമറ്റം എന്നിവിടങ്ങളിൽ നിന്നു പ്രദക്ഷിണം വൈകിട്ടു 6.45ന് ആരംഭിക്കും. വാദ്യമേളങ്ങളുടെ അകമ്പടിയിൽ മുത്തുക്കുടകളും കുരിശുകളുമായി ഇടവക ജനങ്ങളും തീർഥാടകരും പ്രദക്ഷിണത്തിൽ പങ്കെടുക്കും. ദീപാലംകൃത വാഹനങ്ങളും പ്രദക്ഷിണത്തിലുണ്ടാകും. പുതുപ്പള്ളി തീർഥാടനമായാണ് നാളത്തെ ദിനം പെരുന്നാളിൽ അറിയപ്പെടുന്നത്. പ്രദക്ഷിണങ്ങൾക്കു ദേവാലയത്തിൽ സ്വീകരണം നൽകും. തുടർന്നു സെമിത്തേരിയിൽ ധൂപപ്രാർഥന, പരിചമുട്ടുകളി, കരിമരുന്നു കലാപ്രകടനം എന്നിവ നടക്കും.
ഇന്നലെ കുർബാനയ്ക് ഫാ. മാത്യു ഏബ്രഹാം കണ്ടത്തിൽ പുത്തൻപുരയിൽ കാർമികത്വം വഹിച്ചു. ഫാ. ബിജു ആൻഡുസ് ഇടുക്കി ധ്യാനം നയിച്ചു. സ്നേഹവിരുന്നിലും വിശ്വാസി സമൂഹം പങ്കെടുത്തു. ഇന്നു രാവിലെ കുർബാന ഹിന്ദിയിൽ നടത്തും. ഫാ. കുര്യൻ തോമസ് കരിപ്പാൽ മുഖ്യകാർമികത്വം വഹിക്കും.
മനോരമ ചിത്ര പ്രദർശനം: തുടക്കമായി
പുതുപ്പള്ളി പെരുനാളി നോടനുബന്ധിച്ചു മലയാള മനോരമ ഫൊട്ടോഗ്രഫർമാർ പകർത്തിയ വൈവിധ്യമാർന്ന ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. വിക്ടർ ജോർജിന്റെ അപൂർവ ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. പ്രദർശനം സൗജന്യമാണ്. ഇതോടനുബന്ധിച്ചു മലയാള മനോരമയുടെ ബുക്ക് സ്റ്റാളും പ്രവർത്തിച്ചു വരുന്നു. മനോരമ പ്രസിദ്ധീകരണങ്ങൾ ഡിസ്കൗണ്ട് നിരക്കിൽ ലഭ്യമാണ്. പ്രസിദ്ധീകരണങ്ങ ളുടെ വാർഷിക വരിസംഖ്യ അടയ്ക്കാനും ക്രമീകരണമുണ്ട്.പുതുപ്പള്ളി പള്ളിയിൽ ഇന്ന്
- പ്രഭാത നമസ്കാരം -7.00 am
- കുർബാന (ഹിന്ദിയിൽ)- ഫാ. കുര്യൻ തോമസ് കരിപ്പാൽ - 7.30
- പള്ളിയിലും കുരിശടികളിലും സന്ധ്യാനമസ്കാരം - 6.00pm
- കുരിശുംതൊട്ടികളിൽ നിന്നു പള്ളിയിലേക്കു പ്രദക്ഷിണം - 6.45 pm
- സെമിത്തേരിയിൽ ധൂപ്രപ്രാർഥന - 7:30
- പരിചമുട്ടുകളി - 8.00
- കരിമരുന്നു കലാപ്രകടനം - 8.30 pm