2017, മേയ് 1, തിങ്കളാഴ്‌ച

പുതുപ്പള്ളി പള്ളി: ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം സമ്മാനിച്ചു


നാനാജാതി മതസ്ഥർ ഒത്തുചേരുന്ന പുതുപ്പള്ളി പള്ളിയുടെ പാരമ്പര്യവും സാംസ്കാരികതയും നാടിനു ഹൃദ്യമായ അനുഭവമാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോട്ടയം ഭദ്രാസന സഹായ മെത്രാപ്പൊലീത്ത ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം വികെഎൽ ഹോൾഡിങ് ആൻഡ് അൽ നമാൽ ഗ്രൂപ്പ് ചെയർമാൻ ഡോ. വർഗീസ് കുര്യനു സമർപ്പിച്ചു.

ജോർജിയൻ ചാരിറ്റി അവാർഡ് മാഹേർ സ്നേഹഭവൻ ഡയറക്ടർ സിസ്റ്റർ ലൂസി കുര്യനു നൽകി. ഓർത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ, അൽമായ ട്രസ്റ്റി ഡോ. ജോർജ് പോൾ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

ജോർജിയൻ പബ്ലിക് സ്കൂൾ പ്രോസ്പക്ടസ് പ്രകാശനം, പുതുതായി നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ‌ദാനം എന്നിവ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് നിർവഹിച്ചു.ചലച്ചിത്ര താരം ഫഹദ് ഫാസിൽ ചിത്രരചനാ മൽസര വിജയികൾക്കു സമ്മാനം നൽകി. ഫഹദ് ഫാസിലിനു ട്രസ്റ്റി കുര്യൻ തമ്പി ഉപഹാരം നൽകി.

വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. മർക്കോസ് ജോൺ, ഫാ. മർക്കോസ് മർക്കോസ്‌, പഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ, ട്രസ്റ്റി പി.എം. ചാക്കോ പാലാക്കുന്നേൽ, സെക്രട്ടറി ജേക്കബ് ജോർജ് എന്നിവർ പ്രസംഗിച്ചു.