പതിനായിരക്കണക്കിനു വിശ്വാസികൾക്കു ഭക്തിയുടെ വിരുന്നൂട്ടുന്ന പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ട് ഇന്ന്. നാടിന്റെ നാനാദേശത്തു നിന്നും സംസ്ഥാനത്തിന്റെ പുറത്തുനിന്നുമുള്ള തീർഥാടകരുടെ നിറവിലാണ് പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി. വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനു സമാപനം കുറിച്ചുള്ള വെച്ചൂട്ടിൽ പങ്കെടുക്കാൻ സാധിക്കുന്നത് ഭാഗ്യമായാണ് വിശ്വാസികൾ കരുതുന്നത്.
1001 പറ അരിയാണ് വെച്ചൂട്ട് തയാറാക്കാൻ ഉപയോഗിക്കുന്നത്. ചോറും മോരും മാങ്ങാക്കറിയും ചമ്മന്തിപ്പൊടിയും ചേർത്തു വിളമ്പുന്ന വെച്ചൂട്ട് ആചാരാനുഷ്ഠാനങ്ങളുടെയും പാരമ്പര്യത്തിന്റെയും നിറവിലാണ് തയാറാക്കുന്നത്. ഇന്നു പുലർച്ചെ പ്രാർഥനാ നിറവിലായിരുന്നു വെച്ചൂട്ടിനുള്ള അരിയിടീൽ കർമം നടത്തിയത്. വിശ്വാസികൾ നേർച്ചച്ചോറ് ഔഷധമായാണ് കണക്കാക്കുന്നത്. ഇത് ഉണക്കി വീട്ടിൽ സൂക്ഷിച്ചു വയ്ക്കുന്നവരുണ്ട്.
രോഗികൾ വെച്ചൂട്ടിലൂടെ അനുഗ്രഹം പ്രാപിച്ചതിന്റെ അനേകം കഥകൾ പുതുപ്പള്ളി പള്ളിയുടെ അനുഭവസാക്ഷ്യങ്ങളിലുണ്ട്. ജാതിമതഭേദമന്യേ വെച്ചൂട്ടിൽ പങ്കെടുക്കാനെത്തുന്നവരുടെ തിരക്ക് വർഷംതോറും വർധിച്ചു വരികയാണ്. കുട്ടികൾക്ക് ആദ്യ ചോറൂട്ടിനുള്ള മുഹൂർത്തം കൂടിയാണ് വെച്ചൂട്ട്. നൂറുകണക്കിനു കുരുന്നുകളുമായി ആദ്യ ചോറൂട്ട് നൽകാൻ വിശ്വാസികൾ എത്തിച്ചേരും. വൈദികരുടെ നേതൃത്വത്തിൽ കുഞ്ഞുങ്ങൾക്കു ചോറു നൽകിയാണ് ഈ കർമം നിർവഹിക്കുന്നത്.
പെരുന്നാളിന്റെ സമാപനം കുറിച്ച് ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം ഇന്നു രണ്ടുമണിക്കു നടത്തും. തുടർന്ന് അപ്പവും കോഴിയും നേർച്ചവിളമ്പ് നടത്തും. കോഴി ഇറച്ചിയോടൊപ്പം വിളമ്പുന്ന അപ്പം ഇടവകയിലെ കുടുംബങ്ങളിൽനിന്നും തീർഥാടകരിൽനിന്നും നേർച്ചയായി എത്തിക്കുന്നതുൾപ്പെടെയാണ്.
നവമധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന ദേവാലയത്തിൽ ഇന്ന് ഒൻപതിന് ഒൻപതിന്മേൽ കുർബാന നടത്തും. ജോസഫ് മാർ ദിവന്നാസിയോസ് മുഖ്യകാർമികത്വം വഹിക്കും. കെ.വി.ജോസഫ് റമ്പാൻ പരുമല, ജോസഫ് റമ്പാൻ പരുമല, ബർശ്ളീബി റമ്പാൻ, യൂഹാനോൻ റമ്പാൻ, നഥാനിയേൽ റമ്പാൻ, ഗീവർഗീസ് ഇലവുകാട്ട്, സഖറിയ റമ്പാൻ, ജോസഫ് റമ്പാൻ എന്നിവർ സഹകാർമികരാകും.
∙ ആചാരത്തനിമ നിലനിർത്തി വിശ്വാസിസമൂഹം പങ്കെടുത്ത വിറകിടീൽ പുതുപ്പള്ളി പള്ളിയുടെ സാംസ്കാരികത്തനിമ നിലനിർത്തുന്നതായി മാറി. ഇന്നലെ ഉച്ചകഴിഞ്ഞാണ് ഭക്തജനസമൂഹം പങ്കെടുത്ത വിറകിടീൽ ഘോഷയാത്ര നടന്നത്. പുതുപ്പള്ളി, എറികാട് കരകളിൽനിന്നു വാദ്യമേളങ്ങളുടെയും ഗീവർഗീസ് സഹദായെ സ്തുതിച്ചു കൊണ്ടുള്ള പാട്ടുകളുടെയും അകമ്പടിയിലാണ് വെച്ചൂട്ടിനുള്ള വിറകുകൾ എത്തിച്ചത്.
പെരുന്നാൾ ദിനങ്ങളിൽ മദ്ബഹായിൽ സ്ഥാപിക്കുന്ന പൊന്നിൻ കുരിശ് ദർശിച്ചു പ്രാർഥിക്കാനും ഇന്നലെ വൻ തിരക്കാണ് പള്ളിയിൽ അനുഭവപ്പെട്ടത്. സന്ധ്യാനമസ്കാരത്തിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാർമികത്വം വഹിച്ചു.
നിലയ്ക്കൽ പള്ളി, പുതുപ്പള്ളി കവല ചുറ്റിയുള്ള പ്രദക്ഷിണം ദേശത്തിന് ആഘോഷത്തിന്റെ കാഴ്ചകൾകൂടി സമ്മാനിച്ചു. ഇടവക ജനങ്ങളും തീർഥാടകരും ആഘോഷ പൂർവമാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്. വീഥികളിൽ പ്രദക്ഷിണത്തിനു വരവേൽപ് ഒരുക്കി. പാരമ്പര്യ കലാപ്രകടനങ്ങളും പള്ളിയിൽ അരങ്ങേറി.
∙ പെരുന്നാൾ ഇന്ന്
- പ്രഭാത നമസ്കാരം – 8.00
- ഒൻപതിന്മേൽ കുർബാന–ഡോ. ജോസഫ് മാർ ദിവന്നാസിയോസ്– 9.00
- വാഴ്‌വ് – 11.00
- ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്, കുട്ടികൾക്കുള്ള ചോറൂട്ട്–11.30
- ഇരവിനല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം– 2.00
- നേർച്ചവിളമ്പ് (അപ്പവും കോഴിയും)– 4.00.