2017, മേയ് 3, ബുധനാഴ്‌ച

തീർഥാടകരുടെ ഒഴുക്ക് തുടങ്ങി


പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിൽ പങ്കെടുക്കാൻ നാനാ ദേശത്തുനിന്നുമുള്ള തീർഥാടകരുടെ പ്രവാഹമാരംഭിച്ചു. ദേവാലയത്തിലെത്തുന്ന തീർഥാടകർ അനുഭവിച്ചറിയുന്നത് പാശ്ചാത്യ പൗരസ്ത്യ സംസ്കാരങ്ങളുടെ സമന്വയ കാഴ്ചകൾ കൂടിയാണ്. പൂർവികർ രൂപകൽപന ചെയ്ത ശിൽപചാരുതയും തനിമയും നിലനിർത്തിക്കൊണ്ടായിരുന്നു പള്ളിയുടെ പുനരുദ്ധാരണം നടത്തിയത്.

ഒൻപതു ത്രോണോസുകളാണ് പുതുപ്പള്ളി പള്ളിയുടെ സവിശേഷത. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമത്തിലാണ് മധ്യഭാഗത്തുള്ള പ്രധാന ത്രോണോസ്. ഇടതും വലതുമായി വിശുദ്ധ മാർത്തോമ്മാ ശ്ളീഹായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും ത്രോണോസുകളാണ്. പ്രധാന പള്ളിയുടെ തെക്കുഭാഗത്തായി മധ്യത്തിൽ വിശുദ്ധ ബഹനാൻ സഹദായുടെയും ഇടതും വലതുമായി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടേയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും നാമത്തിലുള്ള ത്രോണോസുകളാണ്.

പള്ളിയുടെ വടക്കുഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെയും ഇടതും വലതുമായി മർത്തശ്മുനിയമ്മ, മോർത്ത് യൂലീത്തി എന്നിവരുടേയും നാമത്തിലുള്ള ത്രോണോസുകളാണ്. നവമധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന ദേവാലയത്തെ പരിശുദ്ധ ത്രിത്വത്തിന്റെ സമന്വയഭാവമായാണ് വിശേഷിക്കപ്പെടുന്നത്. ഭാരതീയ വാസ്തുവിദ്യാ സങ്കേതങ്ങൾ ഉൾക്കൊണ്ടാണ് പള്ളിയുടെ മദ്ബഹായും നിർമിച്ചിരിക്കുന്നത്.

∙ പെരുന്നാളിനോടനുബന്ധിച്ചു മർത്തമറിയം സമാജം ഭദ്രാസന സമ്മേളനം നടത്തി. ഫാ. വി.എം.എബ്രഹാം ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽമാരായി നിയമിതരായ ഡോ. ജാൻസി തോമസ്, ഡോ. ഷേർലി കുര്യൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. മർത്തമറിയം സമാജം കേന്ദ്ര ജനറൽ സെക്രട്ടറി പ്രഫ. മേരി മാത്യു മുഖ്യപ്രഭാഷണം നടത്തി. വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരി ഫാ. മർക്കോസ് ജോൺ പാറയിൽ എന്നിവർ പ്രസംഗിച്ചു.

പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മൽസരവും നടത്തി. കുർബാനയ്ക്കു ഫാ. എ.വി.വർഗീസ് ആറ്റുപുറവും, വചനപ്രഘോഷണത്തിനു ഫാ. ടൈറ്റസ് ജോൺ തലവൂരും നേതൃത്വം നൽകി. ഇന്നു 10നു പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മെമ്മോറിയൽ അഖില മലങ്കര സംഗീത മൽസരം നടത്തും. 6.30നു വചനപ്രഘോഷണത്തിനു ജോസഫ് സാമുവൽ കോറെപ്പിസ്കോപ്പ കറുകയിൽ നേതൃത്വം നൽകും.

കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെച്ചൂട്ടിനുള്ള മാങ്ങാ അരിയൽ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഡോ. പി.ആർ.സോന നിർവഹിച്ചു. വെച്ചൂട്ടിനുള്ള ചമ്മന്തിപ്പൊടി തയാറാക്കൽ നാളെയാണ്.