2015, മേയ് 30, ശനിയാഴ്‌ച

ഔഗേന്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ 8-ാം ഓര്‍മ്മപ്പെരുന്നാള്‍ മെയ് 31 മുതല്‍


വാകത്താനം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത തീര്‍ത്ഥാടന കേന്ദ്രമായ വാകത്താനം വള്ളിക്കാട്ട് ദയറായില്‍ കബറടങ്ങിയിരിക്കുന്ന ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത ആയിരുന്ന അഭിവന്ദ്യ ഔഗേന്‍ മാര്‍ ദീവന്നാസിയോസ് തിരുമേനിയുടെ 8-ാം ഓര്‍മ്മപ്പെരുന്നാള്‍ മെയ് 31 മുതല്‍ ജൂണ്‍ 6 വരെ ആചരിക്കുന്നു. 

മെയ് 31ന് രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാനയെ തുടര്‍ന്ന് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ പെരുന്നാള്‍ കൊടിയേറ്റ് നിര്‍വഹിക്കും. 11ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പഠനോപകരണ വിതരണോദ്ഘാടനം നിര്‍വഹിക്കും. 11.15ന് വിദ്യാരംഭ ഒരുക്ക ധ്യാനം. 

ജൂണ്‍ 1 മുതല്‍ 4 വരെ രാവിലെ 6.15ന് പ്രഭാത നമസ്കാരം, 6.45ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന എന്നിവ ഉണ്ടായിരിക്കും. 5ന് രാവിലെ 6.15ന് പ്രഭാത നമസ്കാരം, 6.45ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം, 6.30ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്കാരം, അനുസ്മരണ പ്രസംഗം, ഭക്തിനിര്‍ഭരമായ റാസ എന്നിവ നടക്കും. മെയ് 6ന് രാവിലെ 7.30ന് പ്രഭാത നമസ്കാരം, 8.30ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, അനുസ്മരണ പ്രസംഗം, അവാര്‍ഡ് ദാനം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ച വിളമ്പ്, പ്രഭാത ഭക്ഷണം, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് ദയറാ മാനേജര്‍ വന്ദ്യ സി.എം. ഫിലിപ്പോസ് റമ്പാന്‍ കോര്‍-എപ്പിസ്കോപ്പാ, അസിസ്റന്റ് മാനേജര്‍ ഫാ. ജോയിക്കുട്ടി വര്‍ഗീസ് എന്നിവര്‍ പറഞ്ഞു.

2015, മേയ് 27, ബുധനാഴ്‌ച

പുതുപ്പളളിപളളിയുടെ സമീപത്തു കൂടി കടന്നു പോകുന്ന ബൈപ്പാസ് റോഡ്‌ ഉദ്ഘാടനം ചെയ്തു.


ചരിത്രപ്രസിദ്ധമായ പുതുപ്പളളി പളളിയുടെ മുന്നില്‍ കൂടി കടന്നു പോകുന്ന വാകത്താനം - ഞാലിയാകുഴി - കൊട്ടാരത്തിൽ കടവ് - അങ്ങാടി - പാലൂര്‍ പടി - കോട്ടയം ബൈപ്പാസ് റോഡിന്റെ ഉദ്ഘാടനം മെയ് 24 ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിർവഹിച്ചു.

തദവസരത്തിൽ പൊതു മരാമത്ത് വകുപ്പ് മന്ത്രി  ഇബ്രാഹിം കുഞ്ഞു, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചുർ രാധാകൃഷ്ണൻ, ജോസ് കെ മാണി എംപി, പുതുപ്പളളി പള്ളി വികാരിമാർ, പുതുപ്പളളി ഗ്രാമപന്ചായത്ത് പ്രസിഡന്റ്‌ ശശികലാ ദേവി, മെമ്പർമാരായ  ഏബ്രഹാം ചാക്കോ, വത്സമ്മ മാണി തുടങ്ങി വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ പ്രസംഗിച്ചു.

സമ്മേളനത്തിനു ശേഷം പാലാ ബ്ലൂ മൂൺ അവതരിപ്പിച്ച ഗാനമേള നടന്നു.



2015, മേയ് 14, വ്യാഴാഴ്‌ച

ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അന്തര്‍ദേശീയ സമ്മേളനം പാമ്പാടി ദയറയില്‍


ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 79-ാമത് അന്തര്‍ദേശീയ സമ്മേളനം 14 മുതല്‍ 16 വരെ പാമ്പാടി മാര്‍ കുര്യാക്കോസ് ദയറയില്‍ നടക്കും.

14ന് 4ന് നടക്കുന്ന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യസന്ദേശം നല്‍കും. 15ന് 2ന് 'മതനിരപേക്ഷതയുടെ ഭാരതം' എന്ന വിഷയത്തില്‍ സിംപോസിയം.

16ന് 11ന് നടക്കുന്ന സമാപന സമ്മേളനം എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. യൂഹാനോന്‍ േമാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. 

2015, മേയ് 8, വെള്ളിയാഴ്‌ച

ഭക്തസംഗമമായി പുതുപ്പള്ളി വലിയപെരുന്നാള്‍


 നാടൊരുമിച്ച ഭക്തസംഗമമായി പുതുപ്പള്ളി വലിയ പെരുന്നാള്‍. ആഘോഷത്തിന്റെ പരകോടിയിലായിരുന്നു വ്യാഴാഴ്ച പുതുപ്പള്ളി. ഇടവഴികളില്‍ വരെ നിറഞ്ഞ ജനസഞ്ചയത്തിന്റെ യാത്ര പള്ളിയെ ലക്ഷ്യം വെച്ചായിരുന്നു. ചെറുവാഹനങ്ങള്‍ പാതയോരങ്ങളും സമീപ പ്രദേശങ്ങളിലെ വീട്ടുമുറ്റങ്ങളും നേരത്തെ തന്നെ ൈകയടക്കി. ബസ്സുകളില്‍ രാവിലെ മുതല്‍ അനുഭവപ്പെട്ട വന്‍തിരക്കും പള്ളി മുറ്റത്തണഞ്ഞു. 

പതിവിലും ഏറിയ ഭക്തജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ പെരുന്നാള്‍ ദിനങ്ങള്‍. കാലാവസ്ഥ അനുകൂലമായി നിന്ന പകലില്‍ ഭക്തസഹസ്രങ്ങള്‍ വെച്ചൂട്ടിന്റെ ഭാഗമായി. ഇടവകയുടെ ഏറെക്കാലത്തെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ട്, ബൈപാസ് റോഡിന്റെ പുതുപ്പള്ളിക്കും അങ്ങാടിക്കുമിടയിലെ വീതികൂട്ടി നവീകരിച്ച റോഡിലൂടെയുള്ള പ്രദക്ഷിണത്തിനും ഈ പെരുന്നാള്‍ സാക്ഷിയായി. റോഡുവീതി വര്‍ധിപ്പിച്ചതോടെ വലിയപെരുന്നാള്‍ ദിനത്തിലെ പതിവ് കാഴ്ചയായ ഏറെ നേരത്തെ ഗതാഗതക്കുരുക്കിനും പരിഹാരമായി.

കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വലിയപെരുന്നാള്‍ ദിവസത്തെ ഒമ്പതിന്മേല്‍ കുര്‍ബാന. രാവിലെ 11ന് നടന്ന ശ്ലൈഹികവാഴ്വിനെ തുടര്‍ന്ന് പ്രസിദ്ധമായ വെച്ചൂട്ട് ആരംഭിച്ചു. പള്ളിക്ക് പടിഞ്ഞാറു ഭാഗത്ത് തയാറാക്കിയ പന്തലിലായിരുന്നു വെച്ചൂട്ട്. വാഴയിലയില്‍ നിലത്തിരുന്ന് നേര്‍ച്ചചോറ് വിതരണം ചെയ്യുന്ന പതിവ് ഭക്തജനത്തിരക്ക് പരിഗണിച്ച് പാളയില്‍ നിര്‍മിച്ച പാത്രത്തില്‍ വരിനിന്ന് വാങ്ങാവുന്ന രീതിയിലാക്കി. ഇതുമൂലം വന്‍തിരക്ക് കുറയ്ക്കാനായി. ചോറും മോരും മാങ്ങാക്കറിയും തേങ്ങാച്ചമ്മന്തിയും അടങ്ങിയവയാണ് നേര്‍ച്ചസദ്യയ്ക്കുണ്ടായിരുന്നത്. ഇതേ സമയം പള്ളിയുടെ വടക്കു ഭാഗത്തെ പന്തലില്‍ വൈദികരുടെ നേതൃത്തില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ ചോറൂട്ടും നടന്നു. തുടര്‍ന്നായിരുന്നു 2.30ഓടെ അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം.

പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം പള്ളിയിലെ പ്രത്യേകതയായ അപ്പവും കോഴിയിറച്ചിയും നേര്‍ച്ച വിളന്പും ഉണ്ടായിരുന്നു. മോരുംവെള്ളം, ചുക്കുകാപ്പി എന്നിവയുമായി ലീഡര്‍ കെ.കരുണാകരന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും മോരുംവെള്ളം വിതരണം ചെയ്ത് വൈ.എം.സി.എ, എസ്.ബി.ടി. പുതുപ്പള്ളി ശാഖയിലെ ഗ്രേസ് സോഷ്യല്‍ സര്‍ക്കിള്‍, മദ്യവിമുക്ത പ്രവര്‍ത്തകര്‍, ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം പ്രവര്‍ത്തകരും സേവന നിരതരായി. 


അനുഗ്രഹം തേടി വെച്ചുട്ടിന് ആയിരങ്ങൾ


പുതുപ്പള്ളി പുണ്യാളന്റെ അനുഗ്രഹം തേടി ആയിരങ്ങൾ ഇന്നലെ പുതുപ്പള്ളിയിൽ വെച്ചുട്ടിനെത്തി. പുതുപ്പള്ളി പള്ളിയിലെ വലിയ പെരുന്നാളിനോടനുബന്ധിച്ചാണ് പ്രസിദ്ധമായ വെച്ചുട്ട് നടന്നത്.

നാടിന്റെ നാനാഭാഗത്ത്‌ നിന്നു ജാതിമതഭേദമന്യേയുള്ളവർക്കു പുറമെ അന്യസംസ്ഥാനങ്ങളിൽ നിന്നും തീർഥാടകരെത്തി. മുൻ വർഷങ്ങളേക്കാൾ തിരക്കായിരുന്നു ഇത്തവണ്. തിരക്കു നിയന്ത്രിക്കാൻ പൊലീസും വൊളന്റിയർമാരും മികച്ച പ്രവർത്തനം നടത്തി. പ്രത്യേക കൗണ്ടറുകൾ സ്ഥാപിച്ചായിരുന്നു വെച്ചുട്ട്  വിളമ്പിയത് പതിവു തെറ്റിക്കാതെ ഇടവക പള്ളിയിലെ വെച്ചുട്ടിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെത്തി.

 ഇന്നലെ രാവിലെ മുതൽ എല്ലാ വീഥികളും പുതുപ്പള്ളി പള്ളിയിലേക്കായിരുന്നു. വെച്ചുട്ടിനൊപ്പം രാവിലെ മുതൽ കുരുന്നുകൾക്ക് ആദ്യ ചോറുണ് നടത്താനും ഒട്ടേറെ പേർ ദേവാലയത്തിലെത്തിയിരുന്നു. 

ഒൻപതിന്മേൽ കുർബാനയുടേയും ഗ്ലൈഹിക വാഴ്വിന്റെയും  പുണ്ണ്യമുഹൂര്തത്തിനു ശേഷമാണ് വെച്ചുട്ട്  ആരംഭിച്ചത്. വെച്ചുട്ട തീർഥാടകർ പ്രസാദമായാണ് സ്വീകരിക്കുന്നത്. വെച്ചുട്ട്  സമയത്ത് പുതുപ്പള്ളിക്കു സമീപ ഭാഗങ്ങളിലെല്ലാം തിമിർത്തു മഴ പെയ്തപ്പോൾ പള്ളിയുടെ പരിസരത്ത് മഴയില്ലായിരുന്നു. 

വലിയ പെരുന്നാൾ ഇന്നലെ ആഘോഷിചെങ്കിലും  പെരുന്നാൾ ചടങ്ങുകൾ 17 വരെ നീളും. ഇന്നും നാളെയും 7.30നു കുർബാനയും 10നു ഒന്പത് മണിക്ക് മൂന്നിൽമേൽ കുർബാനയും നടക്കും.  17നു യുഹാനോൻ മാർ സേവേറിയോസിന്റെ ഓർമപെരുന്നാൾ ആചരണത്തെ തുടർന്ന് 12 മണിക്ക് കൊടിയിറങ്ങും. 

2015, മേയ് 7, വ്യാഴാഴ്‌ച

പുതുപ്പള്ളി പെരുന്നാള്‍: വെച്ചൂട്ട് ഇന്ന്



പുതുപ്പളളി സെന്റ് ജോര്‍ജ് ഓത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട്

 പുതുപ്പള്ളി പള്ളിയിലെ പ്രധാന പെരുന്നാളിനോടനുബന്ധിച്ചുള്ള വെച്ചൂട്ട് ഇന്ന്. 11.10ന് ആരംഭിക്കുന്ന വെച്ചൂട്ടില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കും.

കുരുന്നുകള്‍ക്കുള്ള ആദ്യ ചോറൂട്ടും വൈദികരുടെ നേതൃത്വത്തില്‍ നടത്തും. പുലര്‍ച്ചെ ആചാരാനുഷ്ഠാനങ്ങളോടെയാണ്‌വെച്ചൂട്ടിന്റെ അരിയിടീല്‍ ചടങ്ങ് നടത്തിയത്.

രാവിലെ ഒന്‍പതിന് ഒന്‍പതിന്മേല്‍ കുര്‍ബാന യാക്കോബ് മാര്‍ ഐറേനിയസിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. വെച്ചൂട്ടിനു ശേഷം രണ്ടിനു പ്രദക്ഷിണം, നാലിനു നേര്‍ച്ചവിളമ്പ്.  

2015, മേയ് 6, ബുധനാഴ്‌ച

അനുഗ്രഹം ചൊരിഞ്ഞ് പ്രദക്ഷിണം


പുതുപ്പള്ളി - തീർഥാടക മനസ്സുകളിൽ ആഹ്ലാദത്തിന്റെ പൂത്തിരിയും അനുഗ്രഹത്തിന്റെ കുളിർമഴയും ചൊരിഞ്ഞു പുതുപ്പള്ളി തീർഥാടനം ഇന്നലെ നടന്നു. സന്ധ്യനമസ്ക്കാരത്തെ  തുടർന്നായിരുന്നു പള്ളിയിലേക്കു വിവിധയിടങ്ങളിൽ നിന്ന് ഇന്നലെ പ്രദക്ഷിണം ആരംഭിച്ചത്. വാദ്യമേളങ്ങളും മെഴുകുതിരികളും മുത്തുക്കുടകളുമായി ജനസഞ്ചയം പ്രദക്ഷിണത്തിൽ അണിനിരന്നു. 

കൈതമറ്റം മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍, പാറയ്ക്കൽ കടവ് കുരിശിൻതൊട്ടി, കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, നിലയ്ക്കക്കൽ പള്ളിയുടെ വെട്ടത്തുകവല കുരിശിൻതൊട്ടി, വെള്ളക്കുട്ട സെന്റ് തോമസ് പള്ളിയുടെ കാഞ്ഞിരത്തുംമൂട കുരിശിൻതൊട്ടി എന്നീവടങ്ങളിൽ നിന്നാണ് പ്രദക്ഷിണം നടന്നത്. സെമിത്തേരിയിൽ ധൂപ്രപാർത്ഥന, തീർഥാടകർക്ക് ആനന്ദം പകര്ന്നു പരിചമുട്ടുകളി എന്നിവയും നടന്നു. ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്നുള്ള , വിറകിടീല്‍ ഘോഷയാത്ര ഇന്നു ആചാരപൂർവ്വം നടക്കും. ഇടവക സമൂഹം ഒന്നാകെ വിറകിടീല്‍ ഘോഷയാത്രയിൽ അണിനിരക്കും.

പുതുപ്പള്ളി പെരുന്നാള്‍ ഇന്നും നാളെയും (6 & 7)




 തീര്‍ഥാടകസമൂഹം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്ന ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി പെരുന്നാളിന്റെ പ്രധാന ദിനങ്ങള്‍ ഇന്നും നാളെയും. പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ജനസാഗരത്തിലായി.

ആചാരാനുഷ്ഠാനങ്ങളുടെ വൈവിധ്യവും അനുഗ്രഹങ്ങളുടെ കലവറ നിറയുന്നതുമായ ദേവാലയത്തിലെത്തി പ്രാര്‍ഥനാപൂര്‍വം പെരുന്നാള്‍ ആചരണത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമാണു തീര്‍ഥാടകര്‍ ഒഴുകിയെത്തുന്നത്. ഇന്ന് ഒന്‍പതിനു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. പ്രസിദ്ധമായ പൊന്നിന്‍കുരിശ് 11നു ത്രോണോസില്‍ സ്ഥാപിക്കും. 

രണ്ടിനു വിറകിടീല്‍ ഘോഷയാത്ര, പ്രസിദ്ധമായ പന്തിരുനാഴി പുറത്തെടുക്കല്‍ ചടങ്ങ് അഞ്ചിനാണ്. ആറിനു പെരുന്നാള്‍ സന്ധ്യാനമസ്‌കാരത്തില്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് കാര്‍മികത്വം വഹിക്കും. നിലയ്ക്കല്‍ പള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി എന്നിവ വഴി തീര്‍ഥാടകസമൂഹം പങ്കെടുക്കുന്ന ആഘോഷപൂര്‍വമായ പ്രദക്ഷിണം രാത്രി എട്ടിനും കരിമരുന്നു കലാപ്രകടനം 9.30നും നടക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പില്‍ അഖണ്ഡപ്രാര്‍ഥന 10.30ന് ആരംഭിക്കും. 

വലിയ പെരുന്നാള്‍ ദിനമായ നാളെ പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടും. ഒന്‍പതിന് ഒന്‍പതിന്മേല്‍ കുര്‍ബാന, 11.10നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്, കുഞ്ഞുങ്ങള്‍ക്കുള്ള  ആദ്യ ചോറൂട്ടും ഇതോടനുബന്ധിച്ചു നടക്കും. രണ്ടിനു പ്രദക്ഷിണം, തുടര്‍ന്നു നേര്‍ച്ചവിളമ്പ്. പെരുന്നാളിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പള്ളിയിലേക്കു ബസ് സര്‍വീസുകള്‍ ആരംഭിച്ചു. പൊലീസിന്റെയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും സേവനങ്ങള്‍ പള്ളിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.

2015, മേയ് 5, ചൊവ്വാഴ്ച

പുതുപ്പള്ളി തീർത്ഥാടനം: പുതുപള്ളി പെരുന്നാൾ ഇന്ന് (മെയ് 5 ചൊവ്വ)

പുതുപ്പള്ളി പള്ളിയിലേക്ക് റാസ 

 പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ച് കൈതമറ്റം മാര്‍ ഗ്രിഗോറിയോസ് ചാപ്പലില്‍നിന്ന് ഇന്ന് 5.30ന് പുതുപ്പള്ളി പള്ളിയിലേക്ക് റാസ ഉണ്ടായിരിക്കും. വികാരി ഫാ. ജോര്‍ജ് തോമസ് പോത്താനിക്കല്‍ നേതൃത്വം നല്‍കും. റാസയ്ക്ക് 6.30ന് പുമ്മറ്റം സെന്റ് ആന്റണീസ് ഇടവകയില്‍ സ്വീകരണം നല്‍കുമെന്ന് വികാരി ഫാ. ജോസഫ് മണ്ണാംപറമ്പില്‍ അറിയിച്ചു.


മെയ് 5 ചൊവ്വ - പുതുപ്പള്ളി തീർത്ഥാടനം


07.00 എ. എം - പ്രഭാത നമസ്ക്കാരം
07.30 എ. എം - വി.കുർബാന ഫാ. മാത്യ ഏബ്രഹാം, കണ്ടത്തിൽ പുത്തൻപുരയിൽ,
05.30 പി. എം - സന്ധ്യനമസ്കാരവും പുതുപ്പള്ളി പള്ളിയിലേക്ക് പ്രദക്ഷിണവും കൈതമറ്റും മാർ ഗ്രിഗോറിയോസ് ചാപ്പൽ


06.00 പി.എം - സന്ധ്യ നമസ്കാരം (പള്ളിയിലും)

  • പാറയ്ക്കൽ കടവ് കുരിശിൻതൊട്ടി, 
  • കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, 
  • നിലയ്ക്കക്കൽ പള്ളിയുടെ വെട്ടത്തുകവല കുരിശിൻതൊട്ടി, 
  • വെള്ളക്കുട്ട സെന്റ് തോമസ് പള്ളിയുടെ കാഞ്ഞിരത്തുംമൂട കുരിശിൻതൊട്ടി എന്നീ കുരിശടികളിൽ. 

06.45 പി.എം - പ്രദക്ഷിണം പാറയ്ക്കൽ കടവ്, കൊച്ചാലുംമൂട്, വെട്ടത്തുകവല കാഞ്ഞിരത്തുംമൂട എന്നിവിടങ്ങളിൽ നിന്ന് പള്ളിയിലേക്ക് 
08.00 പി.എം - സെമിത്തേരിയിൽ ധൂപ്രപാർത്ഥന
08.30 പി.എം - പരിചമുട്ടുകളി

  • അപ്പവും കോഴി നേർച്ചയും പാഴ്സലായി ലഭിക്കുന്നതിനുള്ള കൂപ്പണ്‍  പള്ളി  ഓഫീസിൽ നിന്ന്  ലഭിക്കുന്നതാണ്. 
  • മെയ് 7-ന് രാവിലെ 7 മണി മുതൽ വൈകുന്നേരം  3 മണി  വരെ  കൂപ്പണ്‍ മുഖേനയുള്ള നേർച്ച ലഭ്യമാണ്. 
  • പെരുന്നാൾ ദിനങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പള്ളിയിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും.


2015, മേയ് 4, തിങ്കളാഴ്‌ച

പുതുപള്ളി പെരുന്നാൾ ഇന്ന് (മെയ് 4 തിങ്കൾ)



മെയ് 4 തിങ്കൾ 


07.00 എ. എം - പ്രഭാത നമസ്ക്കാരം
07.30 എ. എം - വി.കുർബാന ഫാ. എം. സി. ജോർജ്,  
10.00 എ. എം - പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ ക്വിസ് മത്സരം 
02.00 പി. എം - പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഖില മലങ്കര സംഗീത മത്സരം 
06.00 പി.എം - പുതുപ്പള്ളി തിരുവചന സന്ദേശം: റവ. ഫാ. അജി വർഗീസ്, ബത്തേരി 
          മദ്ധ്യസ്ഥ പ്രാർത്ഥന, - കാൻഡിൽ പ്രയർ 


പുതുപ്പള്ളി പെരുന്നാളിനോടനുബന്ധിച്ചുള്ള പുതുപ്പള്ളി കണ്‍വെൻഷൻ  ഇന്നു സമാപിക്കും.

  • എല്ലാ ദിവസവും വൈകുന്നേരം 5.30ന് പള്ളിയിൽ സന്ധ്യ നമസ്കാരം  ഉണ്ടായിരിക്കും. 
  • അപ്പവും കോഴി നേർച്ചയും പാഴ്സലായി ലഭിക്കുന്നതിനുള്ള കൂപ്പണ്‍  പള്ളി  ഓഫീസിൽ നിന്ന്  ലഭിക്കുന്നതാണ്. 
  • മെയ് 7-ന് രാവിലെ 7 മണി മുതൽ വൈകുന്നേരം  3 മണി  വരെ  കൂപ്പണ്‍ മുഖേനയുള്ള നേർച്ച ലഭ്യമാണ്. 
  • പെരുന്നാൾ ദിനങ്ങളിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പള്ളിയിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും.



സമുദായ മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് പുതുപ്പള്ളി പള്ളി: ഉമ്മന്‍ ചാണ്ടി


സമുദായ മൈത്രിയുടെയും സമുദായ സൗഹാര്‍ദത്തിന്റെയും ഉത്തമ ഉദാഹരണമാണ് പുതുപ്പള്ളി പള്ളിയെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആ മഹത്വമാണ് പുതുപ്പള്ളി പള്ളിയിലേക്കു നാനാജാതി മതസ്ഥര്‍ എത്താന്‍ കാരണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ആസ്വകര്യങ്ങളുണ്ടായിട്ടും അതെല്ലാം മാറ്റിവച്ചു നാടിനോടുള്ള താൽപര്യം പരിഗണിച്ച് എത്തിയ മോഹൻലാലിന്  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. 

ദേവാലയങ്ങള്‍ മതങ്ങളെ മാത്രമല്ല, നല്ല മനസ്സുള്ള മനുഷ്യരെയും വളര്‍ത്തണമെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നല്ല മനസ്സുള്ളവരുടെ സത്സംഗമമാണ് പുതുപ്പള്ളി പള്ളിയില്‍ കാണാനാകുന്നത്. പെരുന്നാളും പൂരവുമെല്ലാം നാടിന്റെ അലങ്കാരമാണ്. മതങ്ങള്‍ ദേവാലയങ്ങളുടെ ഉള്ളില്‍ മാത്രമാണ്. ആഘോഷങ്ങള്‍ എല്ലാവരുടേയുമാണ്. ആള്‍ക്കൂട്ടവും ആഘോഷവും എപ്പോഴും ഊര്‍ജം പകരുന്നതാണെങ്കിലും ജോലിയുടെ തിരക്കില്‍ പലപ്പോഴും സാധിക്കാറില്ല. പ്രാര്‍ഥനയിലൂടെ വേണം തെളിമയുള്ള ആത്മാവിനെ വളര്‍ത്തിയെടുക്കാനെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി പള്ളി നല്‍കുന്ന ജോര്‍ജിയന്‍ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനു മുഖ്യമന്ത്രി വിതരണം ചെയ്തു. 

പുതുപ്പള്ളി പള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അര്‍ഹമായ സഹായങ്ങള്‍ പള്ളിക്കു ചെയ്തു നല്‍കുമെന്നും അവാര്‍ഡ് ഏറ്റുവാങ്ങിയ ഗോകുലം ഗോപാലന്‍ പറഞ്ഞു. ചിത്രരചനാ മല്‍സര വിജയികള്‍ക്കു മോഹന്‍ലാല്‍ സമ്മാനം വിതരണം ചെയ്തു. മോഹന്‍ലാലിനു മംഗളപത്ര സമര്‍പ്പണം സഹവികാരി ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍ നിര്‍വഹിച്ചു. 

മോഹന്‍ലാല്‍, പുതുപ്പള്ളി ബൈപാസ് മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ച പാലാത്ര കണ്‍സ്ട്രക്ഷന്‍ ഉടമ സോണി പാലാത്ര, കൗണ്‍സിലര്‍ അന്നമ്മ മാത്യു എന്നിവര്‍ക്ക് പള്ളിയുടെ ഉപഹാരം സമര്‍പ്പിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കലക്ടര്‍ യു.വി. ജോസ്, സഹവികാരി ഫാ. മാര്‍ക്കോസ് ജോണ്‍ പാറയില്‍, ജില്ലാ പഞ്ചായത്ത് അംഗം ഫില്‍സണ്‍ മാത്യൂസ്, ട്രസ്റ്റി മാത്യു കൊക്കൂറ എന്നിവര്‍ പ്രസംഗിച്ചു.





സാംസ്‌കാരിക സമ്മേളനം: ദേവാലയങ്ങള്‍ നല്ല മനസ്സുള്ളവരെ സൃഷ്ടിക്കുന്ന ഇടമാകണം - മോഹന്‍ ലാല്‍


 ദേവാലയങ്ങള്‍ നല്ലമനുഷ്യരെ വളര്‍ത്തുന്ന ഇടംകൂടിയാകണമെന്ന് മോഹന്‍ലാല്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന്റെഭാഗമായ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബായില്‍ സിനിമാചിത്രീകരണം നിര്‍ത്തിവച്ച് പുതുപ്പള്ളിപ്പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

വലിയൊരു പ്രഭാഷണത്തിന് മുതിരുന്നില്ലെന്ന ആമുഖത്തോടെയാണ്, കരഘോഷങ്ങളുയര്‍ത്തി സ്‌നേഹംപ്രകടിപ്പിച്ച സദസ്സിനെ മോഹന്‍ലാല്‍ അഭിവാദ്യംചെയ്തത്. പെരുന്നാളും പൂരങ്ങളും ആണ്ടുനേര്‍ച്ചകളും കേരളത്തിന്റെ അലങ്കാരങ്ങളാണ്. മതം ദേവലായങ്ങളുടെ ഉള്ളിലാണ്. ആഘോഷങ്ങള്‍ വെളിയിലും. എല്ലാ ജനങ്ങളും ഒന്നുചേരുന്ന കര്‍മമാണ് ആഘോഷങ്ങള്‍. അതിന്റെയൊരു ഊര്‍ജം പുതുപ്പള്ളിയ്ക്കുണ്ടെന്ന് മോഹന്‍ലാല്‍പറഞ്ഞു. 

ചിലര്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റില്ല. അത്തരമൊരു ക്ഷണമായിരുന്നു മുഖ്യന്ത്രിയുടേത്. ഐശ്വര്യമുള്ള മനുഷ്യനാണ് പുതുപ്പള്ളിയുടെ ഉമ്മന്‍ ചാണ്ടിയെന്ന പരാമര്‍ശത്തെ സദസ്സ് ഹര്‍ഷാരവത്തോടെ വരവേറ്റു. പരിപാടിയിലേക്കു ക്ഷണിച്ചപ്പോൾ എന്റെ ഹൃദയമാണു പുതുപ്പള്ളി, ആത്മാവാണ് ഇവിടുത്തെ നാട്ടുകാർ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. വിദേശത്തെ ഷട്ടിങ് നിർത്തിവച്ച ഇവിടേക്കു പോരാൻ പ്രചോദിപ്പിച്ചതും അതാണ്. നാടിന്റെ ഹൃദയമായ ഈ ദേവാലയത്തിന്റെ തണലിൽനിന്നു സംസാരിക്കാൻ സാധിച്ചതു പൂർവജന്മ സുകൃതമായി കരുതുന്നുവെന്നും മോഹൻലാൽ കരഘോഷത്തിനിടെ പറഞ്ഞു. 

 കോട്ടയം നല്ലമണ്ണും മനുഷ്യരുമുള്ള സ്ഥലമാണെന്നുപറഞ്ഞ മോഹന്‍ലാല്‍ തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങളും പങ്കുവച്ചു. കോട്ടയത്തുനിന്ന് നിരവധി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനായി. ഇവിടെ ഒരുപാട് സൗഹൃദങ്ങളുമുണ്ട്. 

നല്ല മനുഷ്യരുടെ സത്സംഗമായി ഈ സമ്മേളനത്തെ കാണുന്നു. പ്രാര്‍ഥനയിലൂടെ തെളിമയുള്ള ആത്മാവിനെ വീണ്ടെടുക്കാനാകുമെന്നും അതിന് പുതുപ്പള്ളിപ്പള്ളിക്കാകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരത്തെ അഭിമാനമായും സ്വകാര്യഅഹങ്കാരമായും കരുതുന്നുവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ പ്രസംഗമവസാനിപ്പിച്ചത്. 

ആസ്വകര്യങ്ങളുണ്ടായിട്ടും അതെല്ലാം മാറ്റിവച്ചു നാടിനോടുള്ള താൽപര്യം പരിഗണിച്ച് എത്തിയ മോഹൻലാലിന്  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു.

വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പള്ളിയില്‍നിന്നുള്ള 'ജോര്‍ജിയന്‍ പുരസ്‌കാരം' ഗോകുലം ഗോപാലന്, മുഖ്യമന്ത്രി സമ്മാനിച്ചു. 

2015, മേയ് 3, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാളിനു തീര്‍ഥാടക പ്രവാഹം: സാംസ്‌കാരിക സമ്മേളനം ഇന്ന്


 പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഇന്നു സാംസ്‌കാരിക സമ്മേളനം നടക്കും. 11 നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം മോഹന്‍ലാല്‍ മുഖ്യാതിഥിയാവും.  ജോഷ്വാ മാര്‍  നിക്കോദീമോസ് അധ്യക്ഷത വഹിക്കും. 

വൈകിട്ട് ആറിനു പുതുപ്പള്ളി കണ്‍വന്‍ഷനില്‍ ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസ് തിരുവചനസന്ദേശം നല്‍കും. മദ്യം, ലഹരിപദാര്‍ഥങ്ങള്‍ എന്നിവയില്‍നിന്നു മോചനത്തിനുള്ള പ്രാര്‍ഥന, കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തും.  


പെരുന്നാള്‍ ദിനങ്ങള്‍ അടുത്തതോടെ പുതുപ്പള്ളി പള്ളിയിലേക്കു തീര്‍ഥാടകരുടെ ഒഴുക്കേറി. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ അദ്ഭുത സാക്ഷ്യങ്ങള്‍ക്കു വേദിയാകുന്ന പുതുപ്പള്ളി പള്ളിയില്‍ പെരുന്നാളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങളേറ്റുവാങ്ങാന്‍ ദൂരെ ദേശങ്ങളില്‍ നിന്നുള്‍പ്പെടെയാണ് ദിനവും തീര്‍ഥാടകര്‍ എത്തുന്നത്. അഞ്ചിനു തീര്‍ഥാടക സംഗമം നടക്കും. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന തീര്‍ഥാടകര്‍ക്കു സ്വീകരണം നല്‍കും.


2015, മേയ് 2, ശനിയാഴ്‌ച

നിറച്ചാര്‍ത്ത് -2015 ഇന്നു (രണ്ടാം തീയതി) പുതുപ്പള്ളി പള്ളിയിൽ


ടിറ്റോ സ്മൃതി അഖില കേരള ചിത്രരചന മല്‍സരം നിറച്ചാര്‍ത്ത് -2015നു  ഇന്നു (രണ്ടാം തീയതി) പുതുപ്പള്ളി പള്ളി വേദിയാകും. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 10.30നു മല്‍സരങ്ങള്‍ ആരംഭിക്കും. 


** പുതുപ്പള്ളി പള്ളിയിൽ ഇന്ന് **


  • ഏഴു മണിക്ക് പ്രഭാത നമസ്കാരം 
  • ഏഴു മുപ്പതിന് വി. കുർബാന: റവ. കെ. വി. ജോസഫ്‌ റമ്പാൻ പരുമല സെമിനാരി 
  • പത്തു മുപ്പതിന്  നിറച്ചാര്‍ത്ത് -2015
  •  ആറു മണിക്ക് കണ്‍വന്‍ഷനില്‍ കുടുംബഭദ്രതയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും സമര്‍പ്പണശുശ്രൂഷയും നടക്കും. ഫാ. ഷിബു ടോം വര്‍ഗീസ് നിരണം  വചനസന്ദേശം നല്‍കും. 

2015, മേയ് 1, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളിയില്‍ കണ്‍വന്‍ഷനുകള്‍ മേയ് 1ന് തുടങ്ങുന്നു

പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനുകള്‍ക്ക് ഇന്നു തുടക്കം.  പെരുന്നാള്‍ ദിനങ്ങളെ വരവേറ്റു മനസ്സിനെയും ശരീരത്തെയും വിശുദ്ധിയിലേക്കു നയിക്കുന്നതാണ് കണ്‍വന്‍ഷനുകള്‍. ഒാര്‍ത്തഡോക്സ് സഭയുടെ സഞ്ചാര സുവിശേഷ വിഭാഗമായ സ്നേഹസന്ദേശമാണ് കണ്‍വന്‍ഷനുകള്‍ നയിക്കുന്നത്. നാലാംതീയതിവരെ വൈകിട്ട് ആറിനാണ് കണ്‍വന്‍ഷനുകള്‍. 

ഇന്ന് ആറിനു നാഗ്പൂര്‍ സെന്റ് തോമസ് ഒാര്‍ത്തഡോക്സ് സെമിനാരി പ്രഫസര്‍ ഫാ. ഡോ. കെ. വര്‍ഗീസ് തിരുവചന സന്ദേശം നല്‍കും. യുവതീയുവാക്കള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രാര്‍ഥനയും സമര്‍പ്പണ ശുശ്രൂഷയും നടക്കും. നാളെ കുടുംബഭദ്രതയ്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയും സമര്‍പ്പണശുശ്രൂഷയും നടക്കും. ഫാ. ഷിബു ടോം വര്‍ഗീസ് നിരണം വചനസന്ദേശം നല്‍കും. 

ടിറ്റോ സ്മൃതി അഖില കേരള ചിത്രരചന മല്‍സരം നിറച്ചാര്‍ത്ത് -2015നും നാളെ പുതുപ്പള്ളി പള്ളി വേദിയാകും. യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ 10.30നു മല്‍സരങ്ങള്‍ ആരംഭിക്കും. മൂന്നാം തീയതി കണ്‍വന്‍ഷനില്‍ ഒാര്‍ത്തഡോക്സ് വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഒ. തോമസും നാലാം തീയതി ഫാ. അജി വര്‍ഗീസ് ബത്തേരിയും സന്ദേശം നല്‍കും. മദ്യം, ലഹരിപദാര്‍ഥങ്ങള്‍ എന്നിവയില്‍നിന്നു മോചനത്തിനുള്ള പ്രാര്‍ഥന, കാന്‍ഡില്‍ പ്രയര്‍ എന്നിവ യഥാക്രമം കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തും. 

പെരുന്നാളിനോടനുബന്ധിച്ചു പ്രസിദ്ധമായ അപ്പവും കോഴിനേര്‍ച്ചയും പാഴ്സലായി ലഭിക്കുന്നതിനുള്ള കൂപ്പണ്‍ പള്ളി ഒാഫിസില്‍നിന്നു ലഭിക്കുന്നതാണ്. പ്രധാന പെരുന്നാള്‍ ദിനമായ ഏഴിനു രാവിലെ ഏഴു മുതല്‍ നേര്‍ച്ച ലഭ്യമാണ്.