ദേവാലയങ്ങള്‍ നല്ലമനുഷ്യരെ വളര്‍ത്തുന്ന ഇടംകൂടിയാകണമെന്ന് മോഹന്‍ലാല്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി പെരുന്നാളിന്റെഭാഗമായ സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദുബായില്‍ സിനിമാചിത്രീകരണം നിര്‍ത്തിവച്ച് പുതുപ്പള്ളിപ്പള്ളിയിലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
വലിയൊരു പ്രഭാഷണത്തിന് മുതിരുന്നില്ലെന്ന ആമുഖത്തോടെയാണ്, കരഘോഷങ്ങളുയര്‍ത്തി സ്‌നേഹംപ്രകടിപ്പിച്ച സദസ്സിനെ മോഹന്‍ലാല്‍ അഭിവാദ്യംചെയ്തത്. പെരുന്നാളും പൂരങ്ങളും ആണ്ടുനേര്‍ച്ചകളും കേരളത്തിന്റെ അലങ്കാരങ്ങളാണ്. മതം ദേവലായങ്ങളുടെ ഉള്ളിലാണ്. ആഘോഷങ്ങള്‍ വെളിയിലും. എല്ലാ ജനങ്ങളും ഒന്നുചേരുന്ന കര്‍മമാണ് ആഘോഷങ്ങള്‍. അതിന്റെയൊരു ഊര്‍ജം പുതുപ്പള്ളിയ്ക്കുണ്ടെന്ന് മോഹന്‍ലാല്‍പറഞ്ഞു.
ചിലര്‍ വിളിച്ചാല്‍ വരാതിരിക്കാന്‍ പറ്റില്ല. അത്തരമൊരു ക്ഷണമായിരുന്നു മുഖ്യന്ത്രിയുടേത്. ഐശ്വര്യമുള്ള മനുഷ്യനാണ് പുതുപ്പള്ളിയുടെ ഉമ്മന്‍ ചാണ്ടിയെന്ന പരാമര്‍ശത്തെ സദസ്സ് ഹര്‍ഷാരവത്തോടെ വരവേറ്റു. പരിപാടിയിലേക്കു ക്ഷണിച്ചപ്പോൾ എന്റെ ഹൃദയമാണു പുതുപ്പള്ളി, ആത്മാവാണ് ഇവിടുത്തെ നാട്ടുകാർ എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. വിദേശത്തെ ഷട്ടിങ് നിർത്തിവച്ച ഇവിടേക്കു പോരാൻ പ്രചോദിപ്പിച്ചതും അതാണ്. നാടിന്റെ ഹൃദയമായ ഈ ദേവാലയത്തിന്റെ തണലിൽനിന്നു സംസാരിക്കാൻ സാധിച്ചതു പൂർവജന്മ സുകൃതമായി കരുതുന്നുവെന്നും മോഹൻലാൽ കരഘോഷത്തിനിടെ പറഞ്ഞു.
കോട്ടയം നല്ലമണ്ണും മനുഷ്യരുമുള്ള സ്ഥലമാണെന്നുപറഞ്ഞ മോഹന്‍ലാല്‍ തന്റെ സിനിമാജീവിതത്തിലെ അനുഭവങ്ങളും പങ്കുവച്ചു. കോട്ടയത്തുനിന്ന് നിരവധി നല്ല കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനായി. ഇവിടെ ഒരുപാട് സൗഹൃദങ്ങളുമുണ്ട്.
നല്ല മനുഷ്യരുടെ സത്സംഗമായി ഈ സമ്മേളനത്തെ കാണുന്നു. പ്രാര്‍ഥനയിലൂടെ തെളിമയുള്ള ആത്മാവിനെ വീണ്ടെടുക്കാനാകുമെന്നും അതിന് പുതുപ്പള്ളിപ്പള്ളിക്കാകുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാന്‍ ലഭിച്ച അവസരത്തെ അഭിമാനമായും സ്വകാര്യഅഹങ്കാരമായും കരുതുന്നുവെന്ന് പറഞ്ഞാണ് മോഹന്‍ലാല്‍ പ്രസംഗമവസാനിപ്പിച്ചത്.
ആസ്വകര്യങ്ങളുണ്ടായിട്ടും അതെല്ലാം മാറ്റിവച്ചു നാടിനോടുള്ള താൽപര്യം പരിഗണിച്ച് എത്തിയ മോഹൻലാലിന് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പറഞ്ഞു.
വികാരി ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. പള്ളിയില്‍നിന്നുള്ള 'ജോര്‍ജിയന്‍ പുരസ്‌കാരം' ഗോകുലം ഗോപാലന്, മുഖ്യമന്ത്രി സമ്മാനിച്ചു.