2015, മേയ് 8, വെള്ളിയാഴ്‌ച

ഭക്തസംഗമമായി പുതുപ്പള്ളി വലിയപെരുന്നാള്‍


 നാടൊരുമിച്ച ഭക്തസംഗമമായി പുതുപ്പള്ളി വലിയ പെരുന്നാള്‍. ആഘോഷത്തിന്റെ പരകോടിയിലായിരുന്നു വ്യാഴാഴ്ച പുതുപ്പള്ളി. ഇടവഴികളില്‍ വരെ നിറഞ്ഞ ജനസഞ്ചയത്തിന്റെ യാത്ര പള്ളിയെ ലക്ഷ്യം വെച്ചായിരുന്നു. ചെറുവാഹനങ്ങള്‍ പാതയോരങ്ങളും സമീപ പ്രദേശങ്ങളിലെ വീട്ടുമുറ്റങ്ങളും നേരത്തെ തന്നെ ൈകയടക്കി. ബസ്സുകളില്‍ രാവിലെ മുതല്‍ അനുഭവപ്പെട്ട വന്‍തിരക്കും പള്ളി മുറ്റത്തണഞ്ഞു. 

പതിവിലും ഏറിയ ഭക്തജന സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്തവണത്തെ പെരുന്നാള്‍ ദിനങ്ങള്‍. കാലാവസ്ഥ അനുകൂലമായി നിന്ന പകലില്‍ ഭക്തസഹസ്രങ്ങള്‍ വെച്ചൂട്ടിന്റെ ഭാഗമായി. ഇടവകയുടെ ഏറെക്കാലത്തെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊണ്ട്, ബൈപാസ് റോഡിന്റെ പുതുപ്പള്ളിക്കും അങ്ങാടിക്കുമിടയിലെ വീതികൂട്ടി നവീകരിച്ച റോഡിലൂടെയുള്ള പ്രദക്ഷിണത്തിനും ഈ പെരുന്നാള്‍ സാക്ഷിയായി. റോഡുവീതി വര്‍ധിപ്പിച്ചതോടെ വലിയപെരുന്നാള്‍ ദിനത്തിലെ പതിവ് കാഴ്ചയായ ഏറെ നേരത്തെ ഗതാഗതക്കുരുക്കിനും പരിഹാരമായി.

കൊച്ചി ഭദ്രാസനാധിപന്‍ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു വലിയപെരുന്നാള്‍ ദിവസത്തെ ഒമ്പതിന്മേല്‍ കുര്‍ബാന. രാവിലെ 11ന് നടന്ന ശ്ലൈഹികവാഴ്വിനെ തുടര്‍ന്ന് പ്രസിദ്ധമായ വെച്ചൂട്ട് ആരംഭിച്ചു. പള്ളിക്ക് പടിഞ്ഞാറു ഭാഗത്ത് തയാറാക്കിയ പന്തലിലായിരുന്നു വെച്ചൂട്ട്. വാഴയിലയില്‍ നിലത്തിരുന്ന് നേര്‍ച്ചചോറ് വിതരണം ചെയ്യുന്ന പതിവ് ഭക്തജനത്തിരക്ക് പരിഗണിച്ച് പാളയില്‍ നിര്‍മിച്ച പാത്രത്തില്‍ വരിനിന്ന് വാങ്ങാവുന്ന രീതിയിലാക്കി. ഇതുമൂലം വന്‍തിരക്ക് കുറയ്ക്കാനായി. ചോറും മോരും മാങ്ങാക്കറിയും തേങ്ങാച്ചമ്മന്തിയും അടങ്ങിയവയാണ് നേര്‍ച്ചസദ്യയ്ക്കുണ്ടായിരുന്നത്. ഇതേ സമയം പള്ളിയുടെ വടക്കു ഭാഗത്തെ പന്തലില്‍ വൈദികരുടെ നേതൃത്തില്‍ കുഞ്ഞുങ്ങള്‍ക്കുള്ള ആദ്യ ചോറൂട്ടും നടന്നു. തുടര്‍ന്നായിരുന്നു 2.30ഓടെ അങ്ങാടി ചുറ്റിയുള്ള പ്രദക്ഷിണം.

പ്രദക്ഷിണം പള്ളിയിലെത്തിയ ശേഷം പള്ളിയിലെ പ്രത്യേകതയായ അപ്പവും കോഴിയിറച്ചിയും നേര്‍ച്ച വിളന്പും ഉണ്ടായിരുന്നു. മോരുംവെള്ളം, ചുക്കുകാപ്പി എന്നിവയുമായി ലീഡര്‍ കെ.കരുണാകരന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും മോരുംവെള്ളം വിതരണം ചെയ്ത് വൈ.എം.സി.എ, എസ്.ബി.ടി. പുതുപ്പള്ളി ശാഖയിലെ ഗ്രേസ് സോഷ്യല്‍ സര്‍ക്കിള്‍, മദ്യവിമുക്ത പ്രവര്‍ത്തകര്‍, ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം പ്രവര്‍ത്തകരും സേവന നിരതരായി.