2015, മേയ് 6, ബുധനാഴ്‌ച

പുതുപ്പള്ളി പെരുന്നാള്‍ ഇന്നും നാളെയും (6 & 7)




 തീര്‍ഥാടകസമൂഹം പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്ന ചരിത്രപ്രസിദ്ധമായ പുതുപ്പള്ളി പെരുന്നാളിന്റെ പ്രധാന ദിനങ്ങള്‍ ഇന്നും നാളെയും. പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ജനസാഗരത്തിലായി.

ആചാരാനുഷ്ഠാനങ്ങളുടെ വൈവിധ്യവും അനുഗ്രഹങ്ങളുടെ കലവറ നിറയുന്നതുമായ ദേവാലയത്തിലെത്തി പ്രാര്‍ഥനാപൂര്‍വം പെരുന്നാള്‍ ആചരണത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമാണു തീര്‍ഥാടകര്‍ ഒഴുകിയെത്തുന്നത്. ഇന്ന് ഒന്‍പതിനു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ അഞ്ചിന്മേല്‍ കുര്‍ബാന. പ്രസിദ്ധമായ പൊന്നിന്‍കുരിശ് 11നു ത്രോണോസില്‍ സ്ഥാപിക്കും. 

രണ്ടിനു വിറകിടീല്‍ ഘോഷയാത്ര, പ്രസിദ്ധമായ പന്തിരുനാഴി പുറത്തെടുക്കല്‍ ചടങ്ങ് അഞ്ചിനാണ്. ആറിനു പെരുന്നാള്‍ സന്ധ്യാനമസ്‌കാരത്തില്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് കാര്‍മികത്വം വഹിക്കും. നിലയ്ക്കല്‍ പള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി എന്നിവ വഴി തീര്‍ഥാടകസമൂഹം പങ്കെടുക്കുന്ന ആഘോഷപൂര്‍വമായ പ്രദക്ഷിണം രാത്രി എട്ടിനും കരിമരുന്നു കലാപ്രകടനം 9.30നും നടക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തിരുശേഷിപ്പില്‍ അഖണ്ഡപ്രാര്‍ഥന 10.30ന് ആരംഭിക്കും. 

വലിയ പെരുന്നാള്‍ ദിനമായ നാളെ പുലര്‍ച്ചെ ഒന്നിനു വെച്ചൂട്ടിനുള്ള അരിയിടും. ഒന്‍പതിന് ഒന്‍പതിന്മേല്‍ കുര്‍ബാന, 11.10നു ചരിത്രപ്രസിദ്ധമായ വെച്ചൂട്ട്, കുഞ്ഞുങ്ങള്‍ക്കുള്ള  ആദ്യ ചോറൂട്ടും ഇതോടനുബന്ധിച്ചു നടക്കും. രണ്ടിനു പ്രദക്ഷിണം, തുടര്‍ന്നു നേര്‍ച്ചവിളമ്പ്. പെരുന്നാളിന്റെ ഭാഗമായി കെഎസ്ആര്‍ടിസി പള്ളിയിലേക്കു ബസ് സര്‍വീസുകള്‍ ആരംഭിച്ചു. പൊലീസിന്റെയും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെയും സേവനങ്ങള്‍ പള്ളിയില്‍ ലഭ്യമാക്കിയിട്ടുണ്ട്.