2015, മേയ് 4, തിങ്കളാഴ്‌ച

സമുദായ മൈത്രിയുടെ ഉത്തമ ഉദാഹരണമാണ് പുതുപ്പള്ളി പള്ളി: ഉമ്മന്‍ ചാണ്ടി


സമുദായ മൈത്രിയുടെയും സമുദായ സൗഹാര്‍ദത്തിന്റെയും ഉത്തമ ഉദാഹരണമാണ് പുതുപ്പള്ളി പള്ളിയെന്ന് സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആ മഹത്വമാണ് പുതുപ്പള്ളി പള്ളിയിലേക്കു നാനാജാതി മതസ്ഥര്‍ എത്താന്‍ കാരണമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
ആസ്വകര്യങ്ങളുണ്ടായിട്ടും അതെല്ലാം മാറ്റിവച്ചു നാടിനോടുള്ള താൽപര്യം പരിഗണിച്ച് എത്തിയ മോഹൻലാലിന്  ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണെന്നു മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. 

ദേവാലയങ്ങള്‍ മതങ്ങളെ മാത്രമല്ല, നല്ല മനസ്സുള്ള മനുഷ്യരെയും വളര്‍ത്തണമെന്ന് ചലച്ചിത്രതാരം മോഹന്‍ലാല്‍. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

നല്ല മനസ്സുള്ളവരുടെ സത്സംഗമമാണ് പുതുപ്പള്ളി പള്ളിയില്‍ കാണാനാകുന്നത്. പെരുന്നാളും പൂരവുമെല്ലാം നാടിന്റെ അലങ്കാരമാണ്. മതങ്ങള്‍ ദേവാലയങ്ങളുടെ ഉള്ളില്‍ മാത്രമാണ്. ആഘോഷങ്ങള്‍ എല്ലാവരുടേയുമാണ്. ആള്‍ക്കൂട്ടവും ആഘോഷവും എപ്പോഴും ഊര്‍ജം പകരുന്നതാണെങ്കിലും ജോലിയുടെ തിരക്കില്‍ പലപ്പോഴും സാധിക്കാറില്ല. പ്രാര്‍ഥനയിലൂടെ വേണം തെളിമയുള്ള ആത്മാവിനെ വളര്‍ത്തിയെടുക്കാനെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

ഫാ. മാത്യു വര്‍ഗീസ് വലിയപീടികയില്‍ അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി പള്ളി നല്‍കുന്ന ജോര്‍ജിയന്‍ അവാര്‍ഡ് ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലനു മുഖ്യമന്ത്രി വിതരണം ചെയ്തു. 

പുതുപ്പള്ളി പള്ളിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അര്‍ഹമായ സഹായങ്ങള്‍ പള്ളിക്കു ചെയ്തു നല്‍കുമെന്നും അവാര്‍ഡ് ഏറ്റുവാങ്ങിയ ഗോകുലം ഗോപാലന്‍ പറഞ്ഞു. ചിത്രരചനാ മല്‍സര വിജയികള്‍ക്കു മോഹന്‍ലാല്‍ സമ്മാനം വിതരണം ചെയ്തു. മോഹന്‍ലാലിനു മംഗളപത്ര സമര്‍പ്പണം സഹവികാരി ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍ നിര്‍വഹിച്ചു. 

മോഹന്‍ലാല്‍, പുതുപ്പള്ളി ബൈപാസ് മികച്ച രീതിയില്‍ പൂര്‍ത്തീകരിച്ച പാലാത്ര കണ്‍സ്ട്രക്ഷന്‍ ഉടമ സോണി പാലാത്ര, കൗണ്‍സിലര്‍ അന്നമ്മ മാത്യു എന്നിവര്‍ക്ക് പള്ളിയുടെ ഉപഹാരം സമര്‍പ്പിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കലക്ടര്‍ യു.വി. ജോസ്, സഹവികാരി ഫാ. മാര്‍ക്കോസ് ജോണ്‍ പാറയില്‍, ജില്ലാ പഞ്ചായത്ത് അംഗം ഫില്‍സണ്‍ മാത്യൂസ്, ട്രസ്റ്റി മാത്യു കൊക്കൂറ എന്നിവര്‍ പ്രസംഗിച്ചു.