2018, ഡിസംബർ 28, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളി വെച്ചൂട്ടിന് സ്വന്തം പാടത്തെ നെല്ല്


പുതുപ്പള്ളി പള്ളിയിലെ വെച്ചൂട്ടിന് പള്ളിയുടെ സ്വന്തം സ്ഥലത്ത് വിളഞ്ഞ അരി. മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതിയുടെ ഭാഗമായി മുണ്ടകപ്പാടം-മൂവാറ്റുമുക്ക് തോട് കഴിഞ്ഞ വര്‍ഷം തെളിച്ചതോടെയാണ് മാങ്ങാനം പഴയകഴി പാടത്ത് തരിശുനില കൃഷിക്ക് വഴിയൊരുങ്ങിയത്. 

പുതുപ്പള്ളി പള്ളി വക 43 ഏക്കര്‍ വരുന്ന പാടം കൃഷിയോഗ്യമാക്കുന്നതിന് നിയമബിരുദധാരി കൂടിയായ ജോര്‍ജി തോമസ് ആണ് മുന്നിട്ടിറങ്ങിയത്. പുതുപ്പള്ളി പള്ളി വകയായ പഴയകേരി പാടശേഖരത്തിലെ വിതയുത്സവം കോട്ടയം ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് സണ്ണി പാമ്പാടി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ജെസിമോള്‍ മനോജ് അദ്ധ്യക്ഷത വഹിച്ചു.മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി കോര്‍ഡിനേറ്റര്‍ അഡ്വ.കെ. അനില്‍ കുമാര്‍, പി.ടി. ബിജു,പുതുപ്പള്ളി പള്ളി വകാരി ഫാ. കുര്യന്‍ തോമസ്, ജോജി പി ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

2018, ഡിസംബർ 23, ഞായറാഴ്‌ച

പുതുപ്പള്ളിപള്ളിയിൽ കാരൾ ഗാനമത്സരം ഡിസംബർ 23 ന്


പുതുപ്പള്ളി പള്ളി യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  ഡിസംബർ  23 ന് വൈകിട്ട് 6 മുതൽ കാരൾ ഗാനമത്സരം നടക്കും....

ഒന്നാം സമ്മാനം 10001 രൂപയും രണ്ടാം സമ്മാനം 7001 രൂപയും മൂന്നാം സമ്മാനം 5001 രൂപയും മികച്ച സ്റ്റേജ് പെർഫോമൻസിന് 1001 രൂപയും ലഭിക്കും....


2018, ഓഗസ്റ്റ് 25, ശനിയാഴ്‌ച

ആത്മീയാചാര്യന് സ്നേഹാഞ്ജലി; മാർ അത്തനാസിയോസിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങൾ



 കാലംചെയ്ത മാർ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സീനിയർ മെത്രാപ്പൊലീത്തയും ചെങ്ങന്നൂർ ഭദ്രാസനാധിപനുമായ തോമസ് മാർ അത്തനാസിയോസിന്റെ ചെങ്ങന്നൂരിലെ പൊതുദർശനം ഉച്ചയ്ക്ക് (25/08/18) ഒരു മണിക്ക് ആരംഭിക്കും. ഇന്നലെ വൈകിട്ട് ഭൗതികശരീരം ഭദ്രാസന ആസ്ഥാനമായ ചെങ്ങന്നൂർ ബഥേൽ അരമനയിൽ എത്തിച്ചു. ഇന്ന് (25/08/18) കുർബാനയ്ക്കുശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ പുത്തൻകാവ് കത്തീഡ്രലിൽ പൊതുദർശനത്തിനായി എത്തിക്കും.

നാളെ (26/08/18) കുർബാനയ്ക്കുശേഷം ഒരുമണിയോടെ നഗരികാണിക്കൽ പുത്തൻകാവ് കത്തീഡ്രലിൽനിന്ന് ഓതറ ദയറായിലേക്ക്. മൂന്നിനു നടക്കുന്ന കബറടക്ക ശുശ്രൂഷകൾക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. കബറടക്കം ഓതറ ദയറാ ചാപ്പലിൽ മതിയെന്നു മാർ അത്തനാസിയോസ് നേരത്തേതന്നെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

സഭാസമാധാനത്തിനായി നോമ്പനുഷ്ഠിച്ച ആത്മീയ പിതാവ്

ചെങ്ങന്നൂർ ഭദ്രാസനം 1985 മാർച്ച് 10നു രൂപീകൃതമായപ്പോൾ പ്രഥമ മെത്രാപ്പൊലീത്തയായി ചുമതലയേറ്റ തോമസ് മാർ അത്തനാസിയോസ് മലങ്കരസഭയിൽ സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ആത്മീയാചാര്യനാണ്. സഭയിൽ സമാധാനവും ഐക്യവും കൈവരുംവരെ നോമ്പ് അനുഷ്ഠിക്കാൻ തീരുമാനിച്ച അദ്ദേഹം അവസാനം വരെയും ആ പ്രതിജ്ഞ നിറവേറ്റി. പരിശുദ്ധ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവാ സ്ഥാനമേറ്റപ്പോൾ അദ്ദേഹത്തെ ഫോണിൽ വിളിച്ചു സംസാരിക്കുകയും ചെയ്തിരുന്നു.

കാലംചെയ്‌ത പുത്തൻകാവ് കൊച്ചുതിരുമേനി എന്ന ഗീവർഗീസ് മാർ പീലക്‌സിനോസിന്റെ സഹോദരൻ കെ.ടി. തോമസിന്റെയും കോഴഞ്ചേരി തേവർവേലിൽ തെള്ളിരേത്ത് ഏലിയാമ്മയുടെയും മകനായി 1938 ഏപ്രിൽ മൂന്നിനായിരുന്നു ജനനം. ചങ്ങനാശേരി എസ്എസ്എസ്, എസ്ബി കോളജുകളിലെ പഠനം കൂടാതെ കൽക്കട്ട സെറാംപുർ സർവകലാശാലയിൽനിന്നു വേദശാസ്ത്രത്തിൽ ബിഡി ബിരുദവും ബറോഡ എംഎസ് സർവകലാശാലയിൽനിന്നു യുജിസി സ്കോളർഷിപ്പോടെ എംഎഡും കരസ്ഥമാക്കി. മികച്ച അധ്യാപകനും വാഗ്മിയുമായി പേരെടുത്തു.

പരിശുദ്ധ ബസേലിയോസ് ഒൗഗേൻ പ്രഥമൻ ബാവായിൽനിന്ന് 1970 മേയ് ഏഴിനു ശെമ്മാശപട്ടവും മേയ് 26നു ദാനിയേൽ മാർ പീലക്സിനോസിൽനിന്നു വൈദികപട്ടവും സ്വീകരിച്ചു. 1983 മേയ് 14നു പരുമല സെമിനാരിയിൽവച്ച് റമ്പാൻസ്ഥാനം സ്വീകരിച്ചു. 1985 മേയ് 15നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ ബാവാ മേൽപ്പട്ടസ്ഥാനത്തേക്ക് ഉയർത്തി. ഇപ്പോഴത്തെ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായും അദ്ദേഹത്തോടൊപ്പമാണു മേൽപ്പട്ടസ്ഥാനമേറ്റത്. സഭയുടെ ഫിനാൻസ് കമ്മിറ്റി പ്രസിഡന്റ്, അക്കൗണ്ട്സ് കമ്മിറ്റി പ്രസിഡന്റ്, സഭവക സ്കൂളുകളുടെ മാനേജർ, എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി എന്നിങ്ങനെ ഒട്ടേറെ പദവികൾ വഹിച്ചു.

സഭയുടെയും അംഗങ്ങളുടെയും ആത്മീയവും സാമൂഹികവുമായ വളർച്ചയ്ക്കു നൂതന പദ്ധതികൾ നടപ്പാക്കി. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പ്രഥമപരിഗണന നൽകി. കേരളത്തിനകത്തും പുറത്തും സ്കൂളുകളും ആരാധനാലയങ്ങളും സ്ഥാപിച്ചു. ഇടവകകളിൽ സേവനം ചെയ്തു. ഗുജറാത്ത്, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സഭയെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വളർത്തിയ അമരക്കാരനാണ്.

വ്യക്തിബന്ധങ്ങൾ ഏറെ കാത്തു സൂക്ഷിച്ച അദ്ദേഹം മുൻമന്ത്രി അന്തരിച്ച ടി.എം. ജേക്കബിനുവേണ്ടി ഹൈക്കോടതിയിൽ സാക്ഷിമൊഴി നൽകിയ സംഭവമുണ്ടായിട്ടുണ്ട്.

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത, മാർത്തോമ്മാ സഭയിലെ ഡോ. യൂയാക്കിം മാർ കൂറിലോസ് എന്നിവരുടെ ബന്ധുകൂടിയാണ് മാർ അത്തനാസിയോസ്.

2018, മേയ് 8, ചൊവ്വാഴ്ച

അനുഗ്രഹ പ്രാപ്തിയുടെ നിറവുമായി പുതുപ്പള്ളി വെച്ചൂട്ടിൽ പതിനായിരങ്ങൾ

 ഭക്തിയുടെയും അനുഗ്രഹ വർഷത്തിന്റെയും രുചിയറിഞ്ഞ് പതിനായിരക്കണക്കിനു വിശ്വാസികൾ പുതുപ്പള്ളി വെച്ചൂട്ടിൽ പങ്കെടുത്തു. പെരുന്നാളിന്റെ സമാപന ദിനമായിരുന്ന ഇന്നലെ രാവിലെ മുതൽ വീഥികളെല്ലാം പുതുപ്പള്ളി പുണ്യാളന്റെ മണ്ണിലേക്കു സജീവമായി. സംസ്ഥാനത്തിനു പുറത്തു നിന്നുൾപ്പെടെ തീർഥാടകർ വെച്ചൂട്ട് നേർച്ചയിൽ പങ്കെടുക്കാനെത്തി. വിപുലമായ ക്രമീകരണമാണു വെച്ചൂട്ട് വിളമ്പാൻ ഏർപ്പെടുത്തിയിരുന്നത്. ഭക്തിക്കു മാത്രമല്ല രുചിക്കും വെച്ചൂട്ടിൽ പ്രാധാന്യമുണ്ടെന്ന് ചോറും മാങ്ങാഅച്ചാറും ചമ്മന്തിപ്പൊടിയും തെളിയിച്ചു.



ഒട്ടേറെ കുരുന്നുകൾക്കു വൈദികരുടെ നേതൃത്വത്തിൽ ആദ്യ ചോറൂട്ടും നടത്തി. വർഷങ്ങളായി കുട്ടികളെ ആദ്യ ചോറൂട്ടിനായി വെച്ചൂട്ട് ദിവസമാണു കൊണ്ടുവരുന്നത്. പെരുന്നാൾ‌ സമാപനത്തിന്റെ ഭാഗമായി അങ്ങാടി – ഇരവിനെല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണവും നേർച്ചവിളമ്പും നടത്തി.

പെരുന്നാളിന്റെ ഭാഗമായി പള്ളി മൈതാനത്തു നടന്നു വന്ന പുതുപ്പള്ളി ഫെസ്റ്റ് 12 വരെയുണ്ടാകും. ക്രമീകരണങ്ങൾക്കു വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. സഖറിയ തോമസ് പടിഞ്ഞാറെ വടക്കേക്കര, ഫാ. മർക്കോസ് മർക്കോസ് ഇടക്കര, കൈക്കാരന്മാരായ ലിജോയ് വർഗീസ് കളപ്പുരയ്ക്കൽ, സാം കുരുവിള വായ്പ്പൂക്കര, സെക്രട്ടറി ജോജി പി.ജോർജ് പെരുമ്പുഴയിൽ തുടങ്ങിയവർ നേതൃത്വം നൽകി.



2018, മേയ് 7, തിങ്കളാഴ്‌ച

ആത്മീയ വിരുന്നൊരുക്കുന്ന പുതുപ്പള്ളി വെച്ചൂട്ട് ഇന്ന് (7/5/2018)


ഭക്തജന ലക്ഷങ്ങൾ വിശ്വാസപൂർവം പങ്കെടുക്കുന്ന പുതുപ്പള്ളി പളളിയിലെ വെച്ചൂട്ട് ഇന്ന്. ദേശത്തിന് ആത്മീയ വിരുന്നൊരുക്കുന്ന പെരുന്നാളിന്റെ പ്രധാന ചടങ്ങായ വെച്ചൂട്ടിൽ പങ്കെടുക്കാൻ നാട് ഒഴുകിയെത്തും. വിപുലമായ ക്രമീകരണങ്ങളാണ് വിവിധ കൗണ്ടറുകൾ സ്ഥാപിച്ചു വെച്ചൂട്ട് വിളമ്പുന്നതിന് ഏർപ്പെടുത്തിയത്. ഇന്ന് ഒൻപതിന് ഒൻപതിന്മേൽ കുർബാനയ്ക്കു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും. 11.30നു വെച്ചൂട്ട് ആരംഭിക്കും. നൂറുകണക്കിനു കുട്ടികൾക്ക് ആദ്യ ചോറൂട്ട് നൽകുന്ന ചടങ്ങും വൈദികരുടെ നേതൃത്വത്തിൽ നടത്തും.

ഇന്നു പുലർച്ചെ പ്രാർ‌ഥനാനിർഭരമായ ചടങ്ങുകളോടെയാണ് വെച്ചൂട്ടിനുള്ള അരിയിടീൽ നടത്തിയത്. വിഭവങ്ങളായ മാങ്ങഅച്ചാറും, ചമ്മന്തിപ്പൊടിയും നേരത്തേ തയാറാക്കി. വെച്ചൂട്ടിന്റെ ചോറ് ദിവ്യ ഔഷധമായാണ് വിശ്വാസികൾ കരുതുന്നത്. ഭവനങ്ങളിൽ കൊണ്ടുപോയി ചോറ് ഉണക്കി സൂക്ഷിച്ചു മരുന്നായി ഉപയോഗിക്കാറുണ്ട്. പെരുന്നാൾ‌ സമാപനത്തോടനുബന്ധിച്ച് അങ്ങാടി –ഇരവിനെല്ലൂർ കവല ചുറ്റിയുള്ള പ്രദക്ഷിണം രണ്ടിനും, അപ്പവും കോഴിയിറച്ചിയും നേർച്ചവിളമ്പ് നാലിനും ആരംഭിക്കും.

വെച്ചൂട്ടിനുള്ള വിറകിടീൽ ഘോഷയാത്ര ഇന്നലെ ദേശത്തിനു ഭക്തിയുടെയും ആചാരത്തിന്റെയും തനിമ ചോരാത്തതായി മാറി. പുതുപ്പള്ളി–എറികാട് കരകളിൽ നിന്നു ഇടവകജനങ്ങൾ ഒരേ മനസ്സോടെ, ഒരേ പ്രാ‍ർഥനയോടെ വിറകുമായി ഘോഷയാത്രയായി പള്ളിയിലെത്തി. വാദ്യമേളങ്ങൾ ഉയർത്തിയും വള്ളപ്പാട്ടുകൾ പാടിയുമാണു വിറകുമായി ഭക്തജനങ്ങൾ എത്തിയത്.

പന്തിരുനാഴി പുറത്തെടുക്കലും ഇടവക ആഘോഷമാക്കി മാറ്റി. പളളിമുറികളിൽ സൂക്ഷിച്ചിരിക്കുന്ന 12 പറ അരി വയ്ക്കാവുന്ന പന്തിരുനാഴി എന്നറിയപ്പെടുന്ന വാർപ്പുകളും, ചെമ്പുകളും പുറത്തിറക്കിയാണു ചടങ്ങുകൾ നടന്നത്. പ്രദക്ഷിണം വച്ചശേഷമായിരുന്നു പാചകത്തിന് ഒരുക്കങ്ങൾ. പള്ളിയിലെ കെടാവിളക്കിൽ നിന്നു പകർന്ന ദീപം കോൽവിളക്കിലേക്കു പകർന്നു കൊണ്ടുവന്നായിരുന്നു അടുപ്പുകത്തിക്കൽ. പ്രദക്ഷിണം ദേശത്തിനു ആഘോഷ സന്ധ്യയുടെ നിറച്ചാർത്തു പകർന്നു. നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി വഴിയായിരുന്നു പള്ളിയിലേക്കു പ്രദക്ഷിണം. പെരുന്നാൾ ആചരണത്തിൽ പങ്കെടുക്കാൻ ഭക്തജനത്തിരക്കേറി. ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് ദർശിച്ചു അനുഗ്രഹം നേടാൻ തീർഥാടകർ എത്തുന്നുണ്ട്. ‌


പുതുപ്പള്ളി പെരുന്നാൾ ഇന്ന് 


  • കുർബാന– ഫാ. പി.കെ.കുര്യാക്കോസ് പണ്ടാരക്കുന്നേൽ– 5.30
  • പ്രഭാതനമസ്ക്കാരം – 8.00
  • ഒൻപതിന്മേൽ കുർബാന– പരിശുദ്ധ കാതോലിക്കാ ബാവാ – 9.00
  • ശ്ലൈഹിക വാഴ്‌വ് – 11.00 
  • വെച്ചൂട്ട് – നേർച്ചസദ്യ– കുട്ടികൾക്കു ആദ്യ ചോറൂട്ട് – 11.30
  • പ്രദക്ഷിണം– 2.00 
  • നേർച്ചവിളമ്പ് – 4.00




ആശ്വാസം തേടി തിരുശേഷിപ്പിന് അരികിൽ വിശ്വാസികൾ

ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിൽ വണങ്ങി പ്രാർഥിക്കുന്ന കുരുന്ന്.

വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ദേവാലയമാണ് പുതുപ്പള്ളി പള്ളി. ദേവാലയത്തിൽ എത്തി പ്രാർഥിക്കാൻ സംസ്ഥാനത്തിനു പുറത്തു നിന്നുൾപ്പെടെ തീർ‌ഥാടകർ പെരുന്നാൾ കാലത്ത് പതിവായി ഇവിടെയെത്തുന്നുണ്ട്. വിശുദ്ധന്റെ രക്തസാക്ഷിദിനമായ 23 മുതൽ മേയ് 20 വരെ ഒരുമാസക്കാലം പുതുപ്പള്ളി ജനസാഗരത്തിലായിരിക്കും. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിനു മുന്നിലിരുന്നു പ്രാർഥിച്ച് അനുഗ്രഹം ലഭിച്ചതിന്റെ ആയിരക്കണക്കിനു സാക്ഷ്യങ്ങളാണ് വിശ്വാസികൾക്കു പറയാനുളളത്. തെക്കുംകൂർ രാജാക്കന്മാരുടെ ഭരണകാലത്ത് വ്യാപാര കേന്ദ്രമായിരുന്ന പുതുപ്പള്ളി അങ്ങാടിയുടെ ഓർമ പുതുക്കി പുതുപ്പള്ളി ഫെസ്റ്റും പള്ളി മൈതാനത്ത് നടക്കുന്നു. വിവിധ സ്റ്റാളുകൾ ഉൾപ്പെടെ തയാറാക്കിയിട്ടുണ്ട്. ദേവാലയത്തിന്റെ അഴകിനു കൂടുതൽ ശോഭ പകർന്നു വ്യത്യസ്ത നിറങ്ങളിലുള്ള വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്. പാമ്പാടി മാലത്ത് സൗണ്ട്സാണ് ഇത് ഒരുക്കിയിരിക്കുന്നത്.

2018, മേയ് 6, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാൾ: പ്രദക്ഷിണങ്ങൾക്ക് ഊഷ്മള സ്വീകരണം


വിശ്വാസ വീഥികളിലൂടെ എത്തിയ പ്രദക്ഷിണങ്ങൾ പുതുപ്പള്ളി പള്ളിയെ ഭക്തിസാഗരത്തിലാക്കി. കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, പാറയ്ക്കൽകടവ്, കാഞ്ഞിരത്തുംമൂട്, കൈതമറ്റം, വെട്ടത്തുകവല കുരിശടികളിൽ നിന്ന് ഇന്നലെ സന്ധ്യനമസ്കാരത്തെ തുടർന്നാണു പ്രദക്ഷിണം പുറപ്പെട്ടത്. ആയിരക്കണക്കിനു വിശ്വാസികളാണു പങ്കെടുത്തത്. പ്രദക്ഷിണങ്ങൾക്ക് ഊഷ്മള സ്വീകരണം നൽകി.

ഇന്നു 11നു ചരിത്രപ്രസിദ്ധമായ പൊന്നിൻകുരിശ് മദ്ബഹായിൽ പ്രതിഷ്ഠിക്കൽ, രണ്ടിനു വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ്, ഏഴിനു നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലുള്ള കുരിശുംതൊട്ടി വഴി നടത്തുന്ന പ്രസിദ്ധമായ പ്രദക്ഷിണം എന്നിവ നടത്തും. പെരുന്നാൾ പ്രധാന ദിനങ്ങളിലേക്കു കടന്നതോടെ തീർഥാടക തിരക്കിലാണു ദേശം. പള്ളി മൈതാനത്തു നടക്കുന്ന പുതുപ്പള്ളി ഫെസ്റ്റ് ഇവിടെയെത്തുന്നവർക്കു വാണിജ്യവിരുന്നാകുന്നു.

ഭക്തിയുടെ രുചിക്കൂട്ടിൽ വിരുന്നൊരുക്കുന്ന വെച്ചൂട്ട് നാളെയാണ്. പതിനായിരക്കണക്കിനു വിശ്വാസികൾ പങ്കെടുക്കുന്ന വെച്ചൂട്ട് –നേർച്ചസദ്യയുടെ ഭാഗമായി കുട്ടികൾക്കുള്ള ആദ്യ ചോറൂട്ടും നടത്തും. വെച്ചൂട്ടിന്റെ വിഭവങ്ങളായ മാങ്ങാ അച്ചാർ, ചമ്മന്തിപ്പൊടി എന്നിവയുടെ തയാറാക്കൽ ഭക്തജന കൂട്ടായ്മയകളുടെ നേതൃത്വത്തിൽ നടന്നു. ഇന്ന് അർധരാത്രിയിൽ വെച്ചൂട്ടിനുള്ള അരിയിടീൽ പ്രാർഥനാപൂർവം നടത്തും.

പെരുന്നാൾ സമാപന ദിനമായ നാളെ 11.30 മുതൽ വെച്ചൂട്ട് ആരംഭിക്കും. പുതുപ്പള്ളി പള്ളിയും ഗീവർഗീസ് സഹദായുമായി ബന്ധപ്പെട്ടു പുതുപ്പള്ളി ഊട്ട്–പുതുപ്പള്ളി ചാത്തം എന്നപേരിൽ വിവിധ ദേശത്തെ വീടുകളിലും നടത്തിവരുന്നുണ്ട്. പുതുപ്പള്ളി പെരുന്നാളിൽ പങ്കെടുക്കാൻ സാധിക്കാതെ വരുന്ന ഭക്തർ പ്രാദേശികമായി നടത്തിവരുന്ന ആചാരമാണിത്. വ്രതശുദ്ധിയോടെ വിവിധ ഭവനങ്ങളിലാണ് ഊട്ട് നടത്താറുള്ളത്.

ബന്ധുക്കളെയും ജാതിമത ഭേദമന്യേയുള്ളവരെയും വിളിച്ചാണ് പുതുപ്പള്ളി ഊട്ട് എന്നപേരിൽ വീടുകളിൽ വഴിപാട് പോലെ ഈ ചടങ്ങ് നടത്തിവരുന്നത്. സഹദായുടെ ‍ചിത്രത്തിനു മുന്നിൽ നിലവിളക്ക് തെളിച്ചശേഷം ആദ്യം ഇലയിട്ടു സഹദായെ സങ്കൽപ്പിച്ച് വിളമ്പിയ ശേഷമാണ് വിരുന്നുകാർക്ക് ഊണു നൽകുക.

പുതുപ്പള്ളിയിലെ ക്രൈസ്തവ കുടുംബങ്ങളിൽ നിന്നുള്ള പാരമ്പര്യ ബന്ധത്തിൽ ഇന്നും മുടക്കംകൂടാതെ ഈ ആചാരം വിവിധ ദേശങ്ങളിൽ നടന്നു വരുന്നു. പെരുന്നാളിനോടനുബന്ധിച്ചു ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിങ്കൽ അഖണ്ഡ പ്രാർഥന ഇന്നുരാത്രി 10നു മുതൽ ആരംഭിക്കും. തിരുശേഷിപ്പിനു മുന്നിൽ ഒരു രാത്രി മുഴുവൻ പ്രാർഥനാപൂ‍ർവം കഴിഞ്ഞുകൂടാൻ ആയിരക്കണക്കിനു വിശ്വാസികളെത്തും. ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പ് ഇന്ത്യയിൽ ആദ്യമായി സ്ഥാപിച്ചത് പുതുപ്പള്ളി പള്ളിയിലാണെന്ന പ്രത്യേകതയുമുണ്ട്.



പുതുപ്പള്ളി പെരുന്നാൾ:വിറകിടീൽ ഇന്ന് (6/5/2018)


വെച്ചൂട്ടിനുള്ള വിറകിടീൽ ചടങ്ങ് ഇന്നാണ്. പഴമയുടെ തനിമ ചോരാതെ വിശ്വാസ സമൂഹം വെച്ചൂട്ടിനുള്ള വിറകുമായി ഘോഷയാത്രയായി എത്തും. ഇടവകയിലെ ജനങ്ങൾ ഒരേ മനസോടെ പങ്കെടുക്കുന്ന ചടങ്ങാണ് വിറകിടീൽ.

പുതുപ്പള്ളി, ഏറികാട് കരക്കാർ മൽസരബുദ്ധിയോടെ വിറക് ശേഖരിച്ചു വാദ്യമേളങ്ങളുടേയും വള്ളപ്പാട്ടുകളുടേയും അകമ്പടിയിലാണ് പള്ളിയിലേക്ക് എത്തുക. പെരുന്നാളിനു വിരുന്നൊരുക്കുന്ന വെച്ചൂട്ടിനുള്ള വിഭവങ്ങൾ തയാറാക്കുന്നത് ഈ വിറക് ഉപയോഗിച്ചാണ്. പെരുനാളിലെ പ്രധാന ചടങ്ങായ ചരിത്ര പ്രസിദ്ധമായ പൊന്നിൻകുരിശ് മദ്ബഹായിൽ പ്രതിഷ്ഠിക്കൽ ഇന്ന്  11നാണ്. 401 പവൻ തൂക്കമുള്ള പൊന്നിൻ കുരിശ് പെരുന്നാൾ ദിനങ്ങളിൽ മാത്രമാണ് പുറത്തെടുക്കുന്നത്. വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്നു വിശ്വസിക്കുന്ന പൊന്നിൻ കുരിശ് പള്ളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമാണ്.

പെരുനാൾ ദിനങ്ങളിൽ പള്ളിയിലെത്തി ഈ കുരിശിനെ വണങ്ങാൻ തീർഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്.




പുതുപ്പള്ളി പെരുന്നാൾ ഇന്ന് (6/5/2018)

  • കുർബാന –ഫാ. എം.സി.കുര്യാക്കോസ് – 6.00
  • പ്രഭാത നമസ്കാരം – 8.00
  • അഞ്ചിന്മേൽ കുർബാന–ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് – 9.00
  • പൊന്നിൻകുരിശ് വിശുദ്ധ മദ്ബഹായിൽ പ്രതിഷ്ഠിക്കൽ – 11.00
  • വിറകീടിൽ ചടങ്ങ് –2.00
  • പന്തിരുനാഴി ആഘോഷപൂർവം പുറത്തെടുക്കൽ–3.30
  • പെരുന്നാൾ സന്ധ്യാനമസ്കാരം – 5.30
  • പ്രദക്ഷിണം, നിലയ്ക്കൽപള്ളി, പുതുപ്പള്ളി കവലയിലെ കുരിശിൻതൊട്ടി വഴി പള്ളിയിലേക്ക് – 7.00
  • ശ്ലൈഹിക വാഴ്‌വ് – 9.00
  • വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുശേഷിപ്പിങ്കൽ അഖണ്ഡ പ്രാർഥന– 10.00
  • രാത്രി നമസ്കാരം– 12.00


2018, മേയ് 5, ശനിയാഴ്‌ച

പുതുപ്പള്ളി തീർഥാടനം ഇന്ന് (5/5/2018)


നവമധ്യസ്ഥർ അനുഗ്രഹം ചൊരിയുന്ന പുതുപ്പള്ളി പള്ളി പ്രധാന പെരുന്നാൾ ദിനങ്ങളിലേക്കു കടക്കുന്നു. വിവിധ പള്ളികളിൽ നിന്നു പുതുപ്പള്ളിയിലേക്കുള്ള പുതുപ്പള്ളി തീർഥാടനം ഇന്ന് നടത്തും. രാവിലെ 10നു തീർഥാടകർക്കു സ്വീകരണം നൽകും. വൈകിട്ട് ആറിനു കൊച്ചാലുംമൂട് ഓർത്തഡോക്സ് സെന്റർ, പാറയ്ക്കൽകടവ്, കാഞ്ഞിരത്തുംമൂട്, കൈതമറ്റം, വെട്ടത്തുകവല എന്നീ കുരിശടികളിൽ സന്ധ്യാനമസ്കാരവും തുടർന്നു പള്ളിയിലേക്കു പ്രദക്ഷിണവും. രാത്രി എട്ടിനു പള്ളിയിൽ എത്തിച്ചേരുന്ന പ്രദക്ഷിണത്തിനു സ്വീകരണം നൽകും. 

അതിനു ശേഷം സുപ്രസിദ്ധ പിന്നണി ഗായകൻ കെ.ജി. മാർക്കോസ് നയിക്കുന്ന ക്രിസ്തീയ ഗാനമേള 

ഒൻപത് ത്രോണോസുകൾ ഉള്ളതാണ് പുതുപ്പള്ളി പള്ളിയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന്. വിശുദ്ധ ഗീവർഗീസ് സഹദായുടെ നാമധേയത്തിലാണ് മധ്യഭാഗത്തെ വലിയ പള്ളിയുടെ പ്രധാന ത്രോണോസ്. ഇടതും വലതുമായി വിശുദ്ധ മാർത്തോമ്മാ ശ്ലീഹായുടേയും പരിശുദ്ധ പരുമല തിരുമേനിയുടേയും ത്രോണോസുകൾ. തെക്കു ഭാഗത്തെ മധ്യത്തിലുള്ളത് വിശുദ്ധ ബഹനാൻ സഹദായുടെയും ഇടതും വലതുമായി പരിശുദ്ധ വട്ടശേരിൽ തിരുമേനിയുടേയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും ത്രോണോസുകളാണ്. വടക്കുഭാഗത്ത് വിശുദ്ധ ദൈവമാതാവിന്റെയും ഇടതും വലതുമായി മർത്തശ്മുനിയമ്മ, മാർ യൂലീത്തി എന്നിവരുടേയും ത്രോണോസുകളാണ്. ശുദ്ധിമതികളുടെ നാമത്തിലുള്ള മലങ്കരയിലെ ഏക ദേവാലയവും ഇതു തന്നെയാണ്.

പെരുന്നാളിന്റെ വെച്ചൂട്ടിനുള്ള വിഭവങ്ങൾ തയാറാക്കൽ പള്ളിയിൽ പുരോഗമിക്കുകയാണ്. ഇന്നലെ ചമ്മന്തിപ്പൊടി തയാറാക്കൽ ആരംഭിച്ചു. അച്ചാറും, ചമ്മന്തിപ്പൊടിയും, മോരുമാണ് വെച്ചൂട്ടിന്റെ പ്രധാന വിഭവങ്ങൾ.



2018, മേയ് 4, വെള്ളിയാഴ്‌ച

പുതുപ്പള്ളി പെരുന്നാളിന്റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പുതുപ്പള്ളി പെരുന്നാളിന്റെ പ്രധാന നേർച്ചയായ വെച്ചൂട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം അച്ചാർ തയാറാക്കുന്നതിനുള്ള മാങ്ങാ അരിയലും  ചമ്മന്തിപ്പൊടി തയാറാക്കലും നടന്നു.

ആചാരാനുഷ്ഠാനങ്ങളുടെ ഒട്ടേറെ പ്രത്യേകതയുളള പുതുപ്പള്ളി പള്ളിയിലെ പൊന്നിൻകുരിശും പുതുപ്പളളി കുരിശും ദൈവിക സാന്നിധ്യത്തിന്റെ പ്രതീകങ്ങളായി വിശ്വസിച്ചു വരുന്നു. പുതുപ്പളളി പളളിയിൽ മാത്രമുള്ള പുതുപ്പള്ളി കുരിശ് അപൂർവ മാതൃകയിലുള്ളതാണ്. കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണ് കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായാണ് ഈ കുരിശിന്റെ സ്ഥാനം.

കുരിശിന്റെ കൈപ്പിടി വാളിന്റെ പിടിയെ അനുസ്മരിക്കുന്ന വിധമാണ്. ഒപ്പം അംശവടിയുടെയും കിരീടത്തിന്റെയും പ്രതീകമായി കാണുന്നു. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഭാഗ്യസ്മരണകൾ ഈ കുരിശ് ദർശിക്കുന്നതിലൂടെ വിശ്വാസികളിൽ ഉണരുന്നു. പുതുപ്പള്ളി പളളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടേയും പ്രതീകമായാണ് പള്ളിയിലെ പൊന്നിൻകുരിശ്. ഈ കുരിശ് പെരുന്നാൾ ദിനങ്ങളിലാണ് പുറത്തെടുക്കുന്നത്. കുരിശിനെ വണങ്ങാൻ വൻതിരക്കാണ് പെരുന്നാൾ ദിനങ്ങളിൽ അനുഭവപ്പെടാറുള്ളത്. അനേകായിരങ്ങൾ പൊന്നിൻകുരിശ് ദർശിക്കാൻ പള്ളിയിലെത്തിച്ചേരുന്നു.

∙പാറയ്ക്കൽ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പ മെമ്മോറിയൽ എവർ റോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര സംഗീത മൽസരവും, പാറയ്ക്കൽ അന്നമ്മ കുര്യാക്കോസ് മെമ്മോറിയൽ എവർറോളിങ് ട്രോഫിക്കു വേണ്ടിയുള്ള അഖില മലങ്കര ക്വിസ് മൽസരവും  നടന്നു . 

പെരുന്നാളിന്റെ ഭാഗമായി കോലഞ്ചേരി സുഖദ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന കൺവൻഷനും വിശ്വാസികൾക്കു ആധ്യാത്മിക വിരുന്നായി മാറുകയാണ്. പെരുന്നാളിന്റെ ഭാഗമായി നടന്നുവരുന്ന പുതുപ്പളളി കൺവൻഷൻ ഇന്നു സമാപിക്കും.

വിശ്വാസ സാഗരമായി പുതുപ്പള്ളി പള്ളി

പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ പെരുന്നാളിനോടനുബന്ധിച്ചു നടന്ന കുടുംബസംഗമത്തിൽ ഫാ.ജോസഫ് പുത്തൻപുരയ്ക്കൽ പ്രസംഗിക്കുന്നു.

ആചാരാനുഷ്ഠാനങ്ങളുടെ ഒട്ടേറെ പ്രത്യേകതകളുള്ള പുതുപ്പള്ളി പള്ളിയിലെ പൊന്നിൻകുരിശും പുതുപ്പള്ളി കുരിശും വിശ്വാസികൾക്കു ദൈവിക സാന്നിധ്യത്തിന്റെ പ്രതീകങ്ങളാണ്. പുതുപ്പള്ളി പള്ളിയിൽ മാത്രമുള്ള പുതുപ്പള്ളി കുരിശ് അപൂർവ മാതൃകയിലുള്ളതാണ്. കൂർമാകൃതിയിലുള്ള ശിൽപഭംഗി കലർന്ന പീഠത്തിലാണു കുരിശ് പ്രതിഷ്ഠിച്ചിരിക്കുന്നത്. പുതുപ്പള്ളിയുടെ തനതു സവിശേഷതകളിലൊന്നായാണ് ഈ കുരിശിന്റെ സ്ഥാനം. കുരിശിന്റെ കൈപ്പിടി വാളിന്റെ പിടിയെ അനുസ്മരിക്കുന്ന വിധമാണ്. ഒപ്പം അംശവടിയുടെയും കിരീടത്തിന്റെയും പ്രതീകമായി കാണുന്നു. ക്രിസ്തുവിന്റെ ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും ഭാഗ്യസ്മരണകൾ ഈ കുരിശ് ദർശിക്കുന്നതിലൂടെ വിശ്വാസികളിൽ ഉണരുന്നു.

പുതുപ്പള്ളി പള്ളിയുടെ ഗതകാല മഹത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമാണു പള്ളിയിലെ പൊന്നിൻകുരിശ്. മനോഹാരിത നിറഞ്ഞുനിൽക്കുന്ന ഈ കുരിശ് പെരുന്നാൾദിനങ്ങളിലാണു പുറത്തെടുക്കുന്നത്. കുരിശിനെ വണങ്ങാൻ വൻതിരക്കാണ് പെരുന്നാൾ ദിനങ്ങളിൽ അനുഭവപ്പെടാറുള്ളത്. പൈശാചിക ശക്തികളിൽ നിന്നും കഷ്ടപ്പാടുകളിൽനിന്നും ആശ്വാസം ലഭിക്കുമെന്ന വിശ്വാസികളുടെ സാക്ഷ്യത്തിൽ അനേകായിരങ്ങൾ പൊന്നിൻകുരിശ് ദർശിക്കാൻ പള്ളിയിലെത്തിച്ചേരുന്നു.


2018, ഏപ്രിൽ 30, തിങ്കളാഴ്‌ച

ഇത് അതിരുകളില്ലാത്ത മനുഷ്യസ്നേഹം കരുതേണ്ട കാലം: ദയാ ബായി

പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു പൊതുസമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.

വിശ്വാസങ്ങൾക്കുമപ്പുറം നന്മയുടെ അനുഭവം എല്ലാവർക്കും ലഭിക്കുന്ന ദേവാലയമാണു പുതുപ്പള്ളി പള്ളിയെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.  പൗരസ്ത്യ ജോർജിയൻ തീർഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ചു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. ഭാരതീയ സംസ്കാരം പുതുതലമുറയിലേക്കും പകരാൻ പുതുപ്പള്ളി പള്ളി നടത്തുന്ന പ്രവർത്തനങ്ങൾ മഹത്തരമാണെന്നു മുഖ്യാതിഥിയായ നടൻ ജയറാം പറഞ്ഞു.

പള്ളി നൽകുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് ബഹുമതി സാമൂഹിക പ്രവർത്തക ദയാബായിക്കു സമ്മാനിച്ചു. മനുഷ്യബന്ധങ്ങൾക്കു മുറിവേൽക്കുന്ന  ഇക്കാലത്തു വിടവുകളും അതിരുകളുമില്ലാത്ത മനുഷ്യ സ്നേഹം കാത്തുസൂക്ഷിക്കണമെന്നു മറുപടി പ്രസംഗത്തിൽ ദയാബായി പറഞ്ഞു.ഉമ്മൻചാണ്ടി, ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് എന്നിവർ ചേർന്നാണു ബഹുമതി സമ്മാനിച്ചത്.


സാമൂഹിക സേവന പ്രവർത്തനങ്ങൾക്കായി പുതുപ്പള്ളി പള്ളി നൽകുന്ന ഒരു ലക്ഷം രൂപയുടെ സഹായം ദയാബായിക്കു വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ നൽകി.നിറച്ചാർത്ത് പെയിന്റിങ് മൽസര സമ്മാനദാനം ജയറാം നിർവഹിച്ചു.സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ, വികാരി ഫാ. കുര്യൻ തോമസ് കരിപ്പാൽ, സഹവികാരിമാരായ ഫാ. സഖറിയ തോമസ് പടിഞ്ഞാറെ വടക്കേക്കര, ഫാ. മർക്കോസ് മർക്കോസ്, കൈക്കാരന്മാരായ ലിജോയ് വർഗീസ് കളപ്പുരയ്ക്കൽ, സാം കുരുവിള വായ്പ്പൂക്കര, സെക്രട്ടറി ജോജി പി.ജോർജ് പെരുമ്പുഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.


2018, ഏപ്രിൽ 28, ശനിയാഴ്‌ച

പുതുപ്പള്ളി പള്ളിയുടെ ഓർഡർ ഓഫ് സെന്റ് ജോർജ് ദയാബായിക്ക്


 ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോടനുബന്ധിച്ചു നൽകിവരുന്ന ഓർഡർ ഓഫ് സെന്റ് ജോർജ് (ഒരു ലക്ഷം രൂപ) ബഹുമതി സാമൂഹിക പ്രവർത്തക ദയാബായിക്കു നൽകും. പെരുന്നാളിനോടനുബന്ധിച്ച് 29ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറസിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ബഹുമതി സമ്മാനിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.  നടൻ ജയറാമാണ് മുഖ്യാതിഥി.





2018, ഏപ്രിൽ 27, വെള്ളിയാഴ്‌ച

പുതുപ്പള്ളി പള്ളിയിൽ നാളെ കൊടിയേറും (28/4/18)


പൗരസ്ത്യ ജോർജിയൻ തീർഥാടനകേന്ദ്രമായ പുതുപ്പള്ളി പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമപ്പെരുന്നാളിനു നാളെ കൊടിയേറും. രണ്ടിനു കൊടിമരഘോഷയാത്ര ആരംഭിക്കും. അഞ്ചിനു ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റിനു നേതൃത്വം നൽകും. നാളെ മുതൽ മേയ് ഏഴുവരെയാണ് പെരുന്നാൾ.

29നു കുർബാനയ്ക്കുശേഷം പൊതുസമ്മേളനം. മുഖ്യാതിഥി നടൻ ജയറാമാണ്. ഈ വർഷത്തെ ‘ഓർഡർ ഓഫ് സെന്റ് ജോർജ്’ അവാർഡ് ദയാബായിക്ക് സമർപ്പിക്കും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

30നു വൈകിട്ട് ആറിനു ചേരുന്ന കുടുംബ സംഗമം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. മേയ് ഒന്നു മുതൽ നാലു വരെ നടക്കുന്ന പുതുപ്പള്ളി കൺവൻഷനു ഫാ. ഗീവർഗീസ് വള്ളിക്കാടും കോലഞ്ചേരി സുഖദാ ധ്യാനകേന്ദ്രത്തിലെ അംഗങ്ങളും നേതൃത്വം വഹിക്കും. 

മേയ് അഞ്ചിനു തീർഥാടനസംഗമം. വലിയ പെരുന്നാൾ ദിനമായ ഏഴിനു പുലർച്ചെ ഒരുമണിക്കാണ് വെച്ചൂട്ടിനുള്ള അരിയിടൽ. എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിന്മേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ച, കുട്ടികൾക്ക് ആദ്യ ചോറൂണ്. രണ്ടു മണിക്കു പ്രദക്ഷിണം, നാലിനു നേർച്ചയോടെ പെരുന്നാൾ സമാപിക്കും.

മെയ് 20നു കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.




2018, ഏപ്രിൽ 1, ഞായറാഴ്‌ച

പുതുപ്പള്ളി പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു


രാജ്യത്തെ പ്രഥമ ജോർജിയൻ തീർഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരുക്കം തുടങ്ങി. പെരുന്നാൾ നടത്തിപ്പിനായി 1001 അംഗങ്ങൾ ഉൾപ്പെടുന്ന വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 29 മുതൽ മേയ് എഴു വരെയാണു പ്രധാന പെരുന്നാൾ.ഏപ്രിൽ 28ന് അഞ്ചിനു കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസ് കൊടിയേറ്റും. 29നു കുർബാനയ്ക്കു ശേഷം ചേരുന്ന പൊതുസമ്മേളനത്തിൽ ജോർജിയൻ പുരസ്കാരം വിതരണം ചെയ്യും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും.

30നു വൈകിട്ട് ആറിനു ചേരുന്ന കുടുംബ സംഗമം ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നയിക്കും. മേയ് ഒന്നു മുതൽ നാലു വരെ നടക്കുന്ന പുതുപ്പള്ളി കൺവൻഷനു ഫാ. ഗീവർഗീസ് വള്ളിക്കാടും കോലഞ്ചേരി സുഖദാ ധ്യാനകേന്ദ്രത്തിലെ അംഗങ്ങളും നേതൃത്വം വഹിക്കും. അഞ്ചിനു തീർഥാടന സംഗമവും വിവിധ കുരിശടികളിൽ നിന്നു പള്ളിയിലേക്കുള്ള പ്രദക്ഷിണവും നടക്കും.മേയ് ആറിനു നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസിന്റെ മുഖ്യകാർമികത്വത്തിൽ അഞ്ചിൻമേൽ കുർബാനയ്ക്കു ശേഷം പൊന്നിൻ കുരിശ് പ്രധാന ത്രോണോസിൽ സ്ഥാപിക്കും. രണ്ടു മണിക്കു വിറകിടീൽ ചടങ്ങ്.

നാലിനു പന്തിരുനാഴി പുറത്തെടുക്കും. സന്ധ്യാപ്രാർഥനയ്ക്കു ശേഷം പ്രദക്ഷിണം. പൊന്നിൻകുരിശും അകമ്പടിയായി 100 വെള്ളിക്കുരിശും ആയിരക്കണക്കിനു മുത്തുക്കുടകളും അണിനിരത്തും. തുടർന്നു കരിമരുന്ന് കലാപ്രകടനം.മേയ് ഏഴിനു പുലർച്ചെ ഒരു മണിക്കു വെച്ചൂട്ട് നേർച്ചസദ്യയ്ക്കുള്ള അരിയിടീൽ. രാവിലെ അഞ്ചിനു കുർബാന, എട്ടിനു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ ഒൻപതിൻമേൽ കുർബാന. തുടർന്നു വെച്ചൂട്ട് നേർച്ച, കുട്ടികൾക്ക് ആദ്യ ചോറൂണ്. രണ്ടു മണിക്കു പ്രദക്ഷിണം, നാലിനു നേർച്ചയോടെ പെരുന്നാൾ സമാപിക്കും.മേയ് 20നു കൊടിയിറങ്ങുന്നതു വരെ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ സാന്നിധ്യാനുസ്മരണ ദിനങ്ങളായി ആചരിക്കും. ഈ ദിവസങ്ങളിൽ പ്രത്യേക മധ്യസ്ഥ പ്രാർഥനയും ഉണ്ടായിരിക്കും.




2018, മാർച്ച് 16, വെള്ളിയാഴ്‌ച

പുതുപള്ളി പള്ളിയിൽ, കാതോലിക്ക ദിനാഘോഷവും, കുടുംബ സംഗമവും



”സ്വാതന്ത്രിയത്തിനായിട് ക്രിസ്തു നമ്മെ സ്വാതന്ത്ര്യരാക്കി; ആകയാൽ അതിൽ ഉറച്ചു നില്പിൻ;അടിമ നുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്.”
ഗലാത്യർ 5:1

പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢൻ ആയിരിക്കുന്ന പരിശുദ്ധ കാതോലിക്ക ബാവായോടും, സഭയുടെ എപ്പിസ്കോപ്പൽ സിനഡ്നോടും ഭക്തിയും ആദരവും അർപ്പിച്ചുകൊണ്ട്...

മാന്യ മഹാജനങ്ങളെ, കേരളത്തിന്റെ അക്ഷര നഗരി ആയ കോട്ടയത്ത്‌ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭയുടെ തിലകകുറിയായ പുതുപള്ളി പള്ളിയിൽ, കാതോലിക്ക ദിനാഘോഷവും, കുടുംബ സംഗമം 18/3/2018ൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.

നമ്മുടെ സഭയുടെ മഹാരഥന്മാർ അന്തിഉറങ്ങുന്ന കോട്ടയം നഗരിയിൽ സഭയുടെ സ്വയം ശീർഷകത്തിന്റെ മൂലകല്ലായ് കാതോലിക്ക ദിനാഘോഷത്തിൽ പൌരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയും ആയ മോറാൻ മോർ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ സമ്മേളനത്തിന് തിരി തെളിയിക്കുന്നു.

സഭയിലെ എല്ലാ തിരുമേനിമാരും പങ്കെടുക്കുന്ന ഇ സമ്മേളനം ഒരു മഹാസമ്മേളനം ആക്കി സഭയുടെ യെശസ്സ്‌ ഉയർത്തുവാൻ ഭദ്രാസന മെത്രാപോലിത്ത അഭി. ദിയസ്കോറോസ് തിരുമേനിയോട് ഒപ്പം പങ്കുചേർന്ന് അദ്ദേഹത്തിന് വേണ്ട പിന്തുണ നൽകി സമ്മേളനം വിജയിപ്പിക്കേണ്ടത് നമ്മുടെ കടമ ആണ്.

വലിയ നൊയമ്പിന്റെ പ്രാധാന്യം മനസിലാക്കി, എല്ലാ വിശ്വാസികളും അച്ചടക്കത്തോടെ പങ്കെടുക്കണം. നമ്മൾ ആരേയയും കൂക്കി വിളിക്കുകയോ, സഭയുടെ മാനം നഷ്ടമാകുന്ന തരത്തിൽയാതൊരു പ്രകോപനത്തിനു പോകുകയും ചെയ്യരുത്. 


"തിന്മ ചെയ്യുന്നവർ അനുഭവിക്കുന്നത് നമ്മൾ കാണുന്നുണ്ടെല്ലോ "

മുഖ്യ പ്രഭാഷണം നയിക്കുന്നത് സഭയുടെ സീനിയർ വൈദീകനും, പ്രശസ്ത പ്രാസംഗികനും ആയ റെവ. ഫാ.മത്തായി ഇടയനാൽ അച്ചൻ ആണ്.

എല്ലാവരും നിലക്കൽ പള്ളിയിൽ എത്തിച്ചേർന്നു വാഹനം പാർക്ക് ചെയ്തു തുടർന്ന് പുതുപ്പള്ളി പള്ളിയിലേക്ക് റാലി ആയി പോകുന്നതാണ്.

കാതോലിക്കദിന ആഘോഷം വൻവിജയം ആകുവാൻ വിശ്വാസികൾ എല്ലാവരും കൃത്യമായി എത്തിച്ചേരുവാൻ ശ്രദ്ധിക്കുമെല്ലോ.

ജയ് ജയ് കാതോലിക്കോസ്.

2018, ജനുവരി 22, തിങ്കളാഴ്‌ച

പുതുപ്പള്ളി പള്ളിയുടെ 2018-2019 ഭരണസമിതിയെ തെരഞ്ഞെടുത്തു





കൈക്കാന്മാർ 


ലിജോയി വർഗീസ്, കളപ്പുരയ്ക്കൽ സാം കുരുവിള, വായ്പ്പുക്കര.

സെക്രട്ടറി


ജോജി പി ജോർജ്, പെരുമ്പുഴയിൽ


ഓഡിറ്റേഴ്സ്


പി.ജോർജ്ജുക്കുട്ടി, പടിഞ്ഞാറെക്കുറ്റ് , ജോൺ ബേബി മംഗലപ്പള്ളിയിൽ


വാർഡ് അംഗങ്ങൾ

1.കുര്യൻ തമ്പി, പോട്ടയ്ക്കാവേലിൽ 2. റജിമോൻ എം. എബ്രാഹം (വർഗീസ് എബ്രാഹം) വന്ന ല മുട്ടത്തുതറ 3. മാണി വർഗീസ് (ഷൈജു),കൊണ്ടോടിക്കൽ . 4. നോബി ചാക്കോ, കാലായിൽ. 5. പി കെ ജേക്കബ്(ഷാംജി) മുല്ലോത്ത് . 6. എ.റ്റി.തോമസ് , എഴുമാവിൽ . 7. സാം ജി വർഗീസ് കരോട്ട് . 8. ജോൺ കുര്യൻ, കുറുംപ്പഞ്ചേരിൽ 9. ജോണി ഈപ്പൻ,വായ്പ്പുക്കര 10. അജി കെ വർഗീസ് ,കൊച്ചക്കാലക്കുന്നേൽ 11.കെ.റ്റി.സണ്ണി, കളപ്പുരയ്ക്കൽ 12. തോമസ് ബാബു, ചുരം മ്പള്ളിൽ 13.എം.ഐ മാണി ,മംഗലപ്പള്ളിൽ 14. കെ.റ്റി തോമസ് ,വലിയ കാരാപ്പുഴ 15. മാത്യു ഫിലിപ്പ്, മറ്റത്തിൽ 16. നൈനാൻ ഫിലിപ്പ് (ബാബു) കൊച്ചു ചാഴിവലത്ത് 17. കെ.ജെ.സ്ക്കറിയാ, കുന്നേൽ 18.എം സി സോബി ,മoത്തിൽ 19. എം എ മാത്യു (സണ്ണി), മടത്തിൽ 20. പി. എം ചാക്കോ, പാലാക്കുന്നേൽ 21.ജിജോ പുന്നൻ, പടിഞ്ഞാറേക്കുറ്റ് 22. തോമസ് പി ചാക്കോ , പാലക്കൽ പറമ്പിൽ